തുറന്നു പറയുന്നത് സാമൂഹ്യ സത്യങ്ങൾ

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗത്തിന് വര്‍ഗീയതയില്ലെന്നും, താന്‍ സാമൂഹിക സത്യങ്ങളാണ് തുറന്നു പറയുന്നതെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഒരിക്കലും മതവികാരം ഇളക്കിവിട്ട് മുതലാക്കുന്ന സ്വഭാവം യാേഗത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു
എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്‍ നടത്തിയ മെറിറ്റ് ഈവനിംഗും പ്രതിഭകളെ ആദരിക്കലും ചടങ്ങ് തുമ്പോളി എസ്.എന്‍. ഗുരുമന്ദിര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ആദ്യം രംഗത്തിറങ്ങിയത് യാേഗമാണ്. നിലക്കലില്‍ ക്രിസ്ത്യന്‍ പള്ളി വേണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ അനുകൂല പ്രമേയം പാസാക്കിയത് എസ്.എന്‍.ഡി.പി യോഗം മാത്രമാണ്. എല്ലാവര്‍ക്കും വേണ്ടി ശബ്ദിച്ചിട്ടും, ഈഴവ സമുദായത്തിന് ഒന്നും ലഭിക്കാതെ വരുമ്പോഴാണ് പലതും തുറന്നു പറയുന്നത്. അതോടെ തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

അമ്പലപ്പുഴ യൂണിയന്‍ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗിൽ മന്ത്രി സജി ചെറിയാന്‍ സംസാരിക്കുന്നു

അധികാരസ്ഥാനത്ത് അധ:സ്ഥിതരും വരണ്ടേ? താന്‍ സാമൂഹിക നീതിയാണ് ചോദിക്കുന്നത്. ഇരിക്കുന്ന കസേരയോട് നീതി പുലര്‍ത്തി സമുദായത്തിന് വേണ്ടി സംസാരിക്കുകയാണ് ചെയ്തത്. കേരളത്തിലെ സര്‍വകലാശാലകളില്‍ ഒന്നില്‍ പോലും അധികാരസ്ഥാനത്ത് ഈഴവരില്ല. സംസ്ഥാനത്തെ രാജ്യസഭാ എം.പി.മാരില്‍ ഒറ്റ പിന്നാക്ക പട്ടികജാതി വിഭാഗക്കാരില്ല. അത്തരക്കാരെ നോമിനേറ്റ് പോലും ചെയ്തില്ല. മുസ്ലീം ലീഗ് വിഷം തുപ്പുന്ന വര്‍ഗീയവാദികളാണെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.
വിവിധ മേഖലകളിലുള്ള പ്രതിഭകളെമന്ത്രി സജി ചെറിയാന്‍ ആദരിച്ചു. വര്‍ഗീയ സംഘര്‍ഷങ്ങളില്ലാതെ കേരളം മതനിരപേക്ഷതയോടെ മുന്നേറാന്‍ ഒന്നാമത്തെ കാരണം എസ്.എന്‍.ഡി.പി യോഗമാണെന്ന് സജി ചെറിയാന്‍ പറഞ്ഞു.

അമ്പലപ്പുഴ യൂണിയന്‍ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗിലെ സദസ്

യൂണിയന്‍ പ്രസിഡന്റ് പി. ഹരിദാസ് അദ്ധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ സ്വാഗതവും യൂണിയന്‍ വൈസ്പ്രസിഡന്റ് ബി. രഘുനാഥ് നന്ദിയും പറഞ്ഞു. യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ പി.വി. സാനു, എ.കെ. രംഗരാജന്‍, കെ.പി. പരീക്ഷിത്ത്, എന്‍.കെ. നാരായണന്‍ വിദ്യാഭ്യാസ കമ്മറ്റി ചെയര്‍മാന്‍ കെ. ഭാസി, കണ്‍വീനര്‍ വി.ആര്‍. വിദ്യാധരന്‍, ജോയിന്റ് കണ്‍വീനര്‍ ജി. രാജേഷ്, യൂണിയന്‍ കൗണ്‍സിലര്‍ എം. രാജേഷ്, യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി അംഗം എല്‍. ഷാജി, വനിതാസംഘം യൂണിയന്‍ സെക്രട്ടറി ജി. ജെമിനി, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി വിഷ്ണുസുരേന്ദ്രന്‍, എംപ്ലോയീസ് ഫോറം സെക്രട്ടറി എ. അഭിലാഷ്, വൈദികയോഗം സെക്രട്ടറി കെ.എം. മനോജ്, പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

75 Views
Scroll to top
Close
Browse Categories