പേടിപ്പിക്കാന്‍ നോക്കേണ്ട,തമ്പുരാന്‍ സ്വഭാവത്തിന് മുന്നില്‍ അടിയറവ് പറയില്ല

കൊട്ടാരക്കര: താന്‍ ഈഴവനാണെന്ന് തന്റേടത്തോടെ വിളിച്ചു പറയാന്‍ സമുദായ അംഗങ്ങളെ പരുവപ്പെടുത്തുന്നതാണ് തന്റെ ദൗത്യമെന്നും ഈഴവര്‍ സ്വത്വബോധം വിട്ടുപോകരുതെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.നേതൃയോഗങ്ങളില്‍ യോഗത്തിന്റെ നിലപാടുകളാണ് വിശദീകരിക്കുന്നത്. അത് കേട്ടിട്ട് ശരിയെന്ന് തോന്നുന്നത് ഉള്‍ക്കൊള്ളണം. എതിര്‍ത്ത് പറയേണ്ടത് പറയാനും കൂടിയാണ് ജനകീയ അവസരമൊരുക്കുന്നത്-കൊട്ടാരക്കരയില്‍ കൊട്ടാരക്കര യൂണിയനും കടയ്ക്കല്‍ യൂണിയനും സംയുക്തമായി സംഘടിപ്പിച്ച ശാഖാ നേതൃത്വ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായത്തെ ഒറ്റുകൊടുത്തുകൊണ്ട് ഒരു സ്ഥാനവും ഒരു നേട്ടവും ഇന്നേവരെ താന്‍ സ്വീകരിച്ചിട്ടില്ല
ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 30 വര്‍ഷം തുടര്‍ന്നപ്പോള്‍ ഓഫറുകള്‍ പലതും വന്നു. സമുദായ അംഗങ്ങള്‍ക്ക് വേണ്ടെങ്കില്‍ ഈ സ്ഥാനത്തു നിന്നിറങ്ങി വീട്ടില്‍ പോയിരിക്കും. മറ്റൊരു കസേരയിലും ഇരിക്കാന്‍ താത്പര്യമില്ല.
ഗുരുധര്‍മ്മം പറയാനും പ്രചരിപ്പിക്കാനും മാത്രമുള്ളതല്ല എസ്.എന്‍.ഡി.പി യോഗം. ഇതൊരു സമരസംഘടന കൂടിയാണ്. നമ്മുടെ ചിന്താഗതി മതേതരത്വമായിരുന്നു. നമ്മുടെ പൊതുവേദികളില്‍ മറ്റ് സമുദായക്കാര്‍ക്ക് കൂടി അവസരങ്ങള്‍ നല്‍കി. മതേതരത്വം പറഞ്ഞ നമ്മള്‍ എവിടെയെത്തി? മറ്റേതെങ്കിലും സമുദായ മതസംഘടനകളുടെ യോഗത്തിലേക്ക് നമ്മളെ വിളിക്കാറുമില്ല.

വലിയ പ്രതാപമുള്ള വീട്ടിലാണ് ഞാന്‍ ജനിച്ചത്. എന്നാല്‍ സമൂഹത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്കൊപ്പാണ് ചെറുപ്പം മുതല്‍ പ്രവര്‍ത്തിച്ചു വരുന്നത്. പാവപ്പെട്ടവന്റെ വേദനകളെ ഉള്‍ക്കൊള്ളാനാകും. അതിന് ആശ്വാസം കണ്ടെത്താനാണ് ശ്രമിച്ചിട്ടുള്ളത്.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമായിരുന്നു അന്നും മുഖ്യലക്ഷ്യം. പൊതുരംഗത്ത് അന്ന് ഇറങ്ങിയപ്പോള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് പൊതുസമൂഹമാണ്. ഇപ്പോഴും നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. ഇത് രണ്ടാം ജന്മമാണ്. പ്ലാസ്റ്റിക് സര്‍ജറി നടത്തിയാണ് ജീവിതം തിരികെപ്പിടിച്ച് മുന്നോട്ട് പോകുന്നത്.
തീയില്‍ കുരുത്തുവന്‍ വെയിലത്ത് വാടില്ലെന്ന് പലരും ഓര്‍ക്കണം. അതുകൊണ്ട് പേടിപ്പിക്കാന്‍ നോക്കേണ്ട. തമ്പുരാന്‍ സ്വഭാവത്തിന് മുന്നില്‍ അടിയറവ് പറയില്ല. . – വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കുതികാല്‍വെട്ടി പണം മാത്രം മോഹിച്ച് നടക്കുന്ന രാഷ്ട്രീയ കോമരമാണ് മന്ത്രി കെ.ബി. ഗണേശ് കുമാറെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഗണേശനെന്ന് വിളിച്ചാല്‍ പുണ്യം കിട്ടുമെന്നാണ് വിശ്വാസം. അഭിനവ ഗണേശനെ വിളിച്ചാല്‍ ദൈവം ശിക്ഷിക്കുമെന്നുറപ്പാണ്. പാവം പിടിച്ച ഉമ്മന്‍ചാണ്ടിക്കെതിരെ സരിതയെ ഇറക്കി കളിച്ചതിന്റെ കൂലിയല്ലേ കിട്ടിയ സൗഭാഗ്യങ്ങള്‍. അതിന്റെ ദൈവ ശിക്ഷ എവിടെ ചെന്നവസാനിക്കും? എത്ര ഭാര്യമാരാണ് അയാള്‍ക്ക്. നമ്മുടെ സംസ്‌കാരമാണോ അത്. കണ്ടവന്റെ സ്വത്തുക്കളിലാണ് അയാളുടെ കണ്ണ്. സിനിമാ നടിയുടെ സ്വത്തുക്കള്‍ മുഴുവന്‍ മുക്കി. സമ്പത്തിനുവേണ്ടി പെങ്ങളെയായാലും അളിയനെയായാലും തള്ളിപ്പറയുന്നു. അയാള്‍ ഉറഞ്ഞു തുള്ളുമ്പോള്‍ നമ്മള്‍ മിണ്ടാപ്രാണികളായി ഇരിക്കണോ? നമ്മുടെ വായ് മൂടിക്കെട്ടാന്‍ ശ്രമിച്ചാല്‍ നടക്കില്ല. അച്ഛനും മകനും മാത്രമുണ്ടായിരുന്ന ഒറ്റപ്പാര്‍ട്ടിയുടെ നേതാവാണ്. ആര്‍. ശങ്കറെ വേട്ടയാടിയത് ഗണേശന്റെ അച്ഛനെപ്പോലെയുള്ള ജാതിക്കോമരങ്ങളാണ്.
ഈഴവ വിഭാഗം വെറും തറകളാണെന്നാണ് ചില തമ്പ്രാന്‍മാരുടെ വിചാരം. ചെണ്ട കൊട്ടുകാരനെ ഉടുക്കു കൊട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട. അധികാരവും അവകാശങ്ങളും ഈഴവനും അര്‍ഹതപ്പെട്ടതാണ്, അത് ചോദിച്ചു വാങ്ങുക തന്നെ ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ സന്ദേശവും ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും അവതരിപ്പിച്ചു






