യോഗത്തെ തകര്‍ക്കാന്‍ ശ്രമം: തുഷാര്‍ വെള്ളാപ്പള്ളി

കരുനാഗപ്പള്ളി: എസ്.എന്‍.ഡി.പി യോഗത്തെ എങ്ങനെയെങ്കിലും തകര്‍ക്കുക എന്നതാണ് ചിലരുടെ ലക്ഷ്യമെന്ന് വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യോഗം കരുനാഗപ്പള്ളി, ചവറ യൂണിയനുകള്‍ സംയുക്തമായി ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ശാഖാ നേതൃത്വ സംഗമത്തില്‍ സംഘടനാ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് കേസുകളാണ് ചിലര്‍ കീഴ്‌കോടതി മുതല്‍ സുപ്രീംകോടതി വരെ കൊടുത്തിട്ടുള്ളത്.
പക്ഷേ ഇന്നേവരെ ഒരു കോടതിയിലും യോഗത്തിനോ നേതാക്കള്‍ക്കോ എതിരായി ഏതെങ്കിലുമൊരു ഉത്തരവ് എന്നല്ല, ഒരു നെഗറ്റീവ് പരാമര്‍ശം പോലും ഉണ്ടായിട്ടില്ല. ക്രൈംബ്രാഞ്ച്, ഇ.ഡി. തുടങ്ങി സി.ബി.ഐ. വരെ രാജ്യത്തെ അന്വേഷണ ഏജന്‍സികളെല്ലാം ഈ പരാതികളെക്കുറിച്ച് അന്വേഷിച്ചു. ഒന്നുമുണ്ടായില്ല. ഇത്തരക്കാരുടെ ഉദ്ദേശം വേറെയാണ്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആക്ഷേപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആരെക്കുറിച്ചും എന്തും വിളിച്ചു പറയാം എന്ന നിലയിലേക്ക് നവമാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ എത്തിക്കഴിഞ്ഞു.
സംഘടനാ ഛിന്നഭിന്നമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെയും രാഷ്ടീയ പ്രസ്ഥാനങ്ങളുടെയും ശ്രമം.
മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് ഒരൊറ്റ കേസുപോലും എസ്.എന്‍.ഡിപി യോഗത്തിനെതിരെയില്ല. ചുരുക്കം ചിലയിടങ്ങളില്‍ അപാകതകള്‍ ഉണ്ടായിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ സംഘടനാതല നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കേരളത്തിന്റെ മൊത്തം സമ്പദ്‌വ്യവസ്ഥയില്‍ വലിയ മാറ്റം ഉണ്ടാക്കാനുള്ള വിപ്ലവകരമായ തീരുമാനമായിരുന്നു മൈക്രോഫിനാന്‍സ്. 15,000 ഓളം കോടി രൂപ മൈക്രോഫിനാന്‍സ് വഴി അംഗങ്ങളിലെത്തിച്ചു. ഇപ്പോഴത്തെ യോഗം ഭരണനേതൃത്വം അധികാരത്തിലേറുമ്പോള്‍ കേവലം അമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ മുപ്പത് വര്‍ഷം കൊണ്ട് സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങി നൂറ്റിമുപ്പതില്‍പ്പരം പുതിയ സ്ഥാപനങ്ങള്‍ പണിതുയര്‍ത്താനായി, വിദേശരാജ്യങ്ങളില്‍ നിന്ന് പണം വരുന്ന സംഘടനയല്ല എസ്.എന്‍.ഡി.പി യോഗം. ലഭിച്ച സംഭാവനകള്‍ കൃത്യമായി ഉപയോഗിച്ചു കൊണ്ടാണ് ഇത്രയധികം സ്ഥാപനങ്ങള്‍ സൃഷ്ടിക്കാനായത്. മുഴുവന്‍ ശാഖായോഗങ്ങളും വനിതാസംഘങ്ങളും യൂത്ത്മൂവ്‌മെന്റും അതേപോലെ യൂണിയനുകളും യോഗവും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഇത്രയും വലിയ വളര്‍ച്ച ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.






