ഹോമമന്ത്രത്തിന് 100 വയസ് മന്ത്ര ദൃഷ്ടാവായ മഹര്‍ഷി നാരായണഗുരു

ക്ഷേത്രങ്ങളിലും ആരാധനകളിലും വിശ്വസിച്ച് ജീവിക്കുന്ന ഒരു ജനസമൂഹത്തെ ഉല്‍കൃഷ്ടമായ അറിവിലേക്ക് ഉയര്‍ത്തുവാന്‍ അതേ ക്ഷേത്രങ്ങളെയും ആരാധനാസമ്പ്രദായത്തെയും എങ്ങനെ ഒരു ഉപാധിയായി സ്വീകരിക്കാം എന്ന് ശ്രീനാരായണഗുരു കാണിച്ചുതരുന്നു . ഇതേ തരത്തിലുള്ള തിരുത്തല്‍ അഥവാ മൂല്യ നവീകരണം ആണ് വൈദിക സംസ്‌കാരത്തിന്റെ ഹൃദയസ്ഥാനത്ത് ഇരിക്കുന്ന അഗ്‌നിഹോത്രത്തെ ഉപാധിയാക്കിക്കൊണ്ട് ഹോമമന്ത്രത്തിലൂടെ നാരായണഗുരു വ്യക്തമാക്കി തരുന്നത്.

ബാദരായണമഹര്‍ഷിക്കു ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് സൂത്രം രചിക്കുന്നത് നാരായണഗുരുവാണ്(വേദാന്തസൂത്രം). ഗുരു,സൂത്രകാരന്‍ മാത്രമല്ല മന്ത്രദൃഷ്ടാവ് കൂടിയായിരുന്നു (ഹോമമന്ത്രം). മന്ത്രം എന്ന വാക്ക് മനസ്സ് എന്ന സംസ്‌കൃത വാക്കില്‍ നിന്നും ത്രായതേ( രക്ഷിക്കുന്നത് /സംരക്ഷിക്കുന്നത്) എന്ന വാക്കില്‍ നിന്നുമാണ് ഉണ്ടായിരിക്കുന്നത്. മന്ത്രങ്ങള്‍ മനസ്സിനെ കേന്ദ്രീകരിക്കുന്നതിനും സമാധാനം നല്‍കുന്നതിനും ഉപകരിക്കുന്നു. ‘മനനാത് ത്രായതേ ഇതി മന്ത്ര’ അതായത് മനസ്സിനെ സംരക്ഷിക്കുന്നത് അഥവാ രക്ഷിക്കുന്നത് അത് മന്ത്രം. മന്ത്രങ്ങള്‍ ഉയര്‍ന്ന ബോധാവസ്ഥയില്‍ എത്തുന്നതിനും മനസ്സിനെ ശുദ്ധീകരിക്കുന്നതിനും സഹായിക്കും.
നമ്മുടെ അന്തഃക്കരണവൃത്തികളില്‍ മനസ്സിന്റെ വൃത്തിയാണ് നിയന്ത്രിക്കുവാന്‍ ഏറ്റവും പ്രയാസം. അതിന് സഹായിക്കുവാന്‍ കഴിയുന്ന ഒരു മന്ത്രമാണ് നാരായണഗുരു രചിച്ചു നല്‍കിയിരിക്കുന്ന ഹോമ മന്ത്രം.
യജ്ഞം എന്ന കര്‍മ്മത്തെ ജ്ഞാനത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന്, ജ്ഞാനകര്‍മ്മ സമന്വയത്തിലൂടെ അറിവാകുന്ന മഹാസമുദ്രത്തില്‍ സകലതും അലിഞ്ഞുചേര്‍ന്നു പോകുന്നു ഹോമമന്ത്രാവസാനം. ഏറ്റവും കുറഞ്ഞ ചെലവില്‍ ശുദ്ധിയും വൃത്തിയും ഉള്ള ആര്‍ക്കും എവിടെയിരുന്നും ചെയ്യാവുന്നതാണ് ഗുരു നമുക്ക് നല്‍കിയിട്ടുള്ള ഹോമമന്ത്രം. ഹോമമന്ത്രരചനയിലൂടെ ഗുരു, ആദ്ധ്യാത്മിക സ്വാതന്ത്ര്യത്തിന്റെ വിശാലമായ വാതില്‍, ജാതി -മത ഭേദമെന്യേ ,എല്ലാവര്‍ക്കും വേണ്ടി തുറന്നിടുകയായിരുന്നു. നമ്മുടെ സുഖകരമായ ജീവിതത്തിന് ശ്രേയസ്സും പ്രേയസ്സും ഒരുപോലെ പ്രാധാന്യമുള്ളതാണെന്നും ഈ മന്ത്രത്തിലൂടെ ഗുരു നമ്മെ പഠിപ്പിക്കുന്നു. കാല-ദേശ പരിമിതികളൊന്നുമില്ലാത്ത ഈ ഹോമമന്ത്രം രചിച്ചിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും ഇതിനെ നമ്മുടെ ജീവിതചര്യയുടെ ഭാഗമാക്കാന്‍ നമുക്ക് കഴിയണം. അത് നമ്മെ ശ്രേയസ്സിലേക്കും പ്രേയസ്സിലേക്കും നയിക്കും എന്ന കാര്യം നിസ്തര്‍ക്കമാണ്.
വേദങ്ങളില്‍ ഏറ്റവും പ്രധാനമായി സ്വീകരിച്ചിട്ടുള്ള ഒരു പ്രതീകമാണ് അഗ്‌നിഹോത്രം. അഗ്‌നിഹോത്രം ഭാരതീയര്‍ക്ക് മാത്രം സ്വീകാര്യമായിരുന്ന ഒരു പ്രതീകമാണെന്ന് പറയാന്‍ നിവൃത്തിയില്ല. ലോകത്തിലെ മിക്കവാറും എല്ലാ മതങ്ങളിലും ഈ പ്രതീകത്തെ ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ സ്വീകരിച്ചിരുന്നത് കാണാം. ക്രിസ്തുമതത്തിനും യഹൂദ മതത്തിനും ഒരുപോലെ പ്രമാണ മായിരിക്കുന്ന ബൈബിള്‍ പഴയ നിയമത്തില്‍ അബ്രഹാമും മോശയും ഒക്കെ യാഗം ചെയ്തിരുന്നതായി കാണാം. ഈ യജ്ഞങ്ങളെ വൈദിക കര്‍മ്മങ്ങള്‍ എന്നു വിളിച്ചു പോരുന്നു. ജീവിതത്തില്‍ സംഗതമായി വരുന്ന കര്‍മ്മങ്ങളെ ലൗകികം എന്നും വൈദികം എന്നും രണ്ടായി തരം തിരിക്കാം. നമ്മുടെ നിലനില്‍പ്പ് സാധ്യമാകത്തക്കവണ്ണം ബോധപൂര്‍വ്വം നാം ചെയ്യുന്ന പ്രവൃത്തികളെയാണ് ലൗകികകര്‍മ്മങ്ങള്‍ എന്നു വിളിക്കുന്നത്. ഇത്തരം കര്‍മ്മത്തിനു പിന്നില്‍ ‘ഞാന്‍ കര്‍ത്താവാണ്’ എന്ന വിചാരം കൂടി ഉണ്ട്. ആ വിചാരത്തെ കര്‍തൃത്വബോധം എന്ന് വിളിക്കുന്നു. എന്നാല്‍ വൈദികകര്‍മ്മമാകട്ടെ കര്‍തൃത്വബോധത്തോടുകൂടിയും ഫലേഛയോടുകൂടിയും ചെയ്യുന്നതാണെങ്കിലും അതിന് പ്രതീകാത്മകമായ ഒരു സ്ഥാനമേ ഉള്ളൂ. നേരിട്ടുണ്ടാകുന്ന ഫലമല്ല ആ കര്‍മ്മംകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ആ പ്രതീകം കൊണ്ട് എന്തര്‍ത്ഥമാക്കുന്നു ആ അര്‍ത്ഥത്തിന്റെ സാക്ഷാത്കാരമാണ് ഫലമായി ഉദ്ദേശിക്കപ്പെടാറുള്ളത്. വൈദികകര്‍മ്മങ്ങളുടെ ഫലപ്രാപ്തി അവയെ സംബന്ധിക്കുന്ന അറിവിന്റെ പൂര്‍ണ്ണതയെ ആശ്രയിച്ചിരിക്കുന്നു എന്നര്‍ത്ഥം. വൈദികം എന്ന വാക്കില്‍ നിന്നുതന്നെ ആ അര്‍ത്ഥം വരുന്നുണ്ട്. വേദം എന്നാല്‍ അറിവ് എന്നാണ് അര്‍ത്ഥം. വൈദികം എന്നാല്‍ അറിവിനോട് ബന്ധപ്പെട്ടത്. അഗ്‌നിഹോത്രം എന്ന പ്രതീകം കൊണ്ട് അര്‍ത്ഥമാക്കുന്ന ആ അറിവ് ഏത്?
മനുഷ്യന്‍ മാത്രമാണ് ഫലപ്രാപ്തി മുന്നില്‍ കണ്ടുകൊണ്ട് ആസൂത്രിതമായ കര്‍മ്മങ്ങള്‍ ബോധത്തോടുകൂടി ചെയ്യുന്ന ഒരേ ഒരു ജീവി. ഓരോ കര്‍മ്മം ചെയ്യുമ്പോഴും അത് ഉദ്ദേശിച്ച ഫലപ്രാപ്തി ഉണ്ടാകുവാന്‍ അദൃഷ്ടത്തിനോട് പ്രാര്‍ത്ഥിക്കാറുണ്ടെങ്കിലും അതും ഫലേച്ഛയേ യെ പൂര്‍ണ്ണമായി ശമിപ്പിക്കുന്നില്ല.
ഈ ഫലേച്ഛ പൂര്‍ണ്ണമായി ശമിക്കുന്നത് നാം നമ്മുടെ കര്‍ത്യത്വത്തെ ആകവേയുള്ള വിശ്വവ്യവസ്ഥയില്‍ ആഹുതി ചെയ്യുമ്പോഴാണ്. കര്‍മ്മം ഒരു വ്യക്തിയിലുള്ള ചോദനാശക്തിയുടെ പ്രകടഭാവമാണെങ്കില്‍, സമഷ്ടിയായ ഈ വിശ്വത്തില്‍ മുഴുവന്‍ നിരന്തരം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു ഗതീയമായ ചൈതന്യമുണ്ട്. ആ ചൈതന്യത്തിന്റെ ഒരംശം മാത്രമാണ് നമ്മില്‍ ഓരോരുത്തരിലും ഇരിക്കുന്ന ഇച്ഛാശക്തിയും ക്രിയാശക്തിയും ജ്ഞാന ശക്തിയും. നമ്മിലെ ഈ ശക്തികളെ സമഷ്ടിയായിരിക്കുന്ന ചൈതന്യത്തില്‍ നിന്നും അഭേദമായി കാണത്തക്കവണ്ണം വ്യഷ്ടിഗതമായതിനെയെല്ലാം സമഷ്ടിയില്‍ അര്‍പ്പിക്കുന്നതിന്റെ പ്രതീകമായി അഗ്‌നിഹോത്രത്തെ കണക്കാക്കാം.

വേദവും വേദാന്തവും
ആദ്യകാലത്ത് അറിവുകൊണ്ട് സാക്ഷാത്കരിക്കാവുന്ന പരമമായ ആനന്ദത്തെ ആണ് സ്വര്‍ഗ്ഗമായി കണക്കാക്കിയിരുന്നത്. പില്‍ക്കാലത്ത് എല്ലാ സുഖസമൃദ്ധിയും നിറഞ്ഞ പരലോകമായി അതിനെ കരുതുവാനും ആ സ്വര്‍ഗം പ്രാപിക്കുവാനുള്ള ശ്രമം നിരന്തരം ഇഹലോകത്ത് ചെയ്യേണ്ടതാണെന്ന് വിശ്വസിക്കുവാനും തുടങ്ങി. ഇഹത്തിലും സുഖസമൃദ്ധി ഉണ്ടാകുന്നതിനു സ്വര്‍ഗവാസികളായ ദേവന്മാരുടെ പ്രീതിക്കുവേണ്ടി അവരെ സ്തുതിക്കുവാനും അഗ്‌നി മുഖാന്തരം അവര്‍ക്ക് ഹവിസുകള്‍ അര്‍പ്പിക്കുവാനും തുടങ്ങി.’ സ്വര്‍ഗ്ഗകാമീ ബ്രാഹ്മണോ യജതേ’ (സ്വര്‍ഗ്ഗത്തെ കാമിക്കുന്ന ബ്രാഹ്മണന്‍ യജ്ഞം ചെയ്യട്ടെ) എന്ന് ജൈമിനി മഹര്‍ഷി മീമാംസാസൂത്രത്തില്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ വേദങ്ങളില്‍ നിരവധി സന്ദര്‍ഭങ്ങളില്‍, ഇഹലോകത്തില്‍ കണക്കറ്റ സമ്പത്തോടുകൂടി സന്താനങ്ങളെ തന്ന് അനുഗ്രഹിക്കണേ എന്ന് ഇന്ദ്രനോടും വരുണനോടും മിത്രനോടുമൊക്കെ പ്രാര്‍ത്ഥിക്കുന്നതും കാണാം. ഇങ്ങനെ സുഖലോലുപതയില്‍ താല്‍പര്യം വന്ന് വൈദികസംസ്‌കാരം ക്ഷയിച്ചു പോയതിന്റെ ഒരു ചിത്രം ഭഗവദ്ഗീതയില്‍ നമുക്ക് കാണാം.(ഭഗവദ്ഗീത രണ്ടാം അധ്യായം 42, 43, 44 കാണുക.) അതിന്റെ സാരം ഇപ്രകാരമാണ്.’ അര്‍ജുനാ, വേദങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവരും അതിനപ്പുറം ഇനി വേറൊന്നില്ല എന്നു വാദിക്കുന്നവരും കാമങ്ങള്‍ നിറഞ്ഞിരിക്കുന്നവരും സ്വര്‍ഗം പ്രാപിക്കുന്നത് തന്നെയാണ് ഏറ്റവും ശ്രേഷ്ഠമായ ലക്ഷ്യം എന്നു കരുതുന്നവരും ആയ അറിവില്ലാത്തവര്‍ ഭോഗൈശ്വര്യപ്രാപ്തിയെ ഉദ്ദേശിച്ച് നാനാതരം കര്‍മ്മങ്ങള്‍ ചെയ്തുവരുന്നു. ജനന മരണങ്ങള്‍, കര്‍മ്മം എന്നീ ഫലങ്ങളോടുകൂടിയ അതിനെ സംബന്ധിച്ച് പുഷ്പിതമായ വാക്കുകള്‍ അവര്‍ പറഞ്ഞു കൊണ്ടിരിക്കും. അങ്ങനെ അപഹൃദചേതസ്സുകളായിട്ടുള്ളവരും, ഭോഗൈശ്വര്യങ്ങളില്‍ ആസക്തിയോടുകൂടിയവരുമായ അവര്‍ക്ക് വ്യവസായാത്മികമായ ബുദ്ധി ഒരിക്കലും ഉണ്ടാവുകയില്ല. സമാധി അനുഭവവും അവര്‍ക്ക് ഒരിക്കലും കൈവരുകയില്ല.’
ഇവയൊക്കെ സൂചിപ്പിക്കുന്നത് വൈദികകര്‍മ്മങ്ങളുടെ സങ്കുചിതത്വത്തില്‍ നിന്ന് മുക്തരായിത്തീരേണ്ടതിന്റെ ആവശ്യകതയാണ് . സങ്കുചിതമായതിലെ തെറ്റിനെ തിരുത്താന്‍ മറ്റൊരു സങ്കുചിതമനോഭാവത്തിന് കഴിയുകയില്ല . മനുഷ്യനെ വിശാലതയുടെ പരമാവധിയില്‍ എത്തിക്കുന്നത് ജ്ഞാനമാണ്. ജ്ഞാനത്തിന്റെ സര്‍വ്വ വിശാലതയില്‍ കര്‍മ്മത്തിന്റെ വിശേഷിച്ചും വൈദിക കര്‍മ്മത്തിന്റെ സങ്കുചിതത്വത്തെ വിലയിപ്പിച്ചു കളയുക എന്നതാണ് ഈ തെറ്റ് തിരുത്തുവാനുള്ള ഏക പോംവഴി. വേദാന്ത സമ്മതമായ ജ്ഞാനത്തിന്റെ വ്യാപകതയില്‍ വേദങ്ങളുടെ സങ്കുചിതത്വത്തെ ഇല്ലാതാക്കി കളയുന്നതിന്റെ ഒരു ചിത്രം ഭഗവദ്ഗീതയിലെ രണ്ടാം അധ്യായത്തിലെ 46-മത്തെ ശ്ലോകം വെളിവാക്കുന്നുണ്ട് . അതില്‍ പറയുന്നു, ‘എങ്ങും പരന്നൊഴുകുന്ന ജലപ്പരപ്പിനടിയില്‍ പെട്ടുപോയ ഒരു പൊട്ടക്കുളത്തിലെ വെള്ളത്തിന് തുല്യമായി മാത്രമേ ജ്ഞാനിയായ ബ്രാഹ്മണന്‍ വേദങ്ങളെ കരുതുന്നുള്ളൂ എന്ന്.’
ഇങ്ങനെ വേദങ്ങളെ നിഷേധിക്കുന്നതിനു പകരം ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അവയെ അസ്തപ്രഭമാക്കി കളയുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഇത് അനാദികാലം മുതല്‍ ജ്ഞാനികളായ ഗുരുക്കന്മാര്‍ സ്വീകരിച്ചിട്ടുള്ള ഒരു മാര്‍ഗമാണ്. പൂര്‍വ്വാര്‍ജിതവും ജനങ്ങളുടെ സംസ്‌കാരത്തില്‍ വേരോടി ഉറച്ചിരിക്കുന്നതുമായ ഒന്നിനെ തെറ്റ് എന്നു പറഞ്ഞ് തള്ളിക്കളയുന്നതിന് പകരം അതിനെക്കാള്‍ ബൃഹത്തായ അര്‍ത്ഥ വ്യാപ്തിയുള്ള അറിവില്‍ അതിനെ മറച്ചു കളയുക അഥവാ അതിനെക്കാള്‍ ഉല്‍കൃഷ്ടമായ മൂല്യമുള്ള അറിവിന്റെ പ്രകാശത്തില്‍ അതിന്റെ തുച്ഛമായ മൂല്യത്തെ നിഷ്പ്രഭമാക്കി കളയുക. ഈ രീതി സ്വീകരിക്കുന്നതുകൊണ്ട് ജനങ്ങള്‍ക്ക് അതുവരെ സ്വീകാര്യമായിരുന്നത് തള്ളിക്കളയാതെ തന്നെ അതിനപ്പുറത്തുള്ള അറിവിന്റെ ഔന്നിത്യത്തിലേക്ക് ഉയരുവാന്‍ സാധിക്കും.
ക്ഷേത്രങ്ങളിലും ആരാധനകളിലും വിശ്വസിച്ച് ജീവിക്കുന്ന ഒരു ജനസമൂഹത്തെ ഉല്‍കൃഷ്ടമായ അറിവിലേക്ക് ഉയര്‍ത്തുവാന്‍ അതേ ക്ഷേത്രങ്ങളെയും ആരാധനാസമ്പ്രദായത്തെയും എങ്ങനെ ഒരു ഉപാധിയായി സ്വീകരിക്കാം എന്ന് നാരായണഗുരുവും കാണിച്ചുതരുന്നു . ഇതേ തരത്തിലുള്ള തിരുത്തല്‍ അഥവാ മൂല്യ നവീകരണം ആണ് വൈദികസംസ്‌കാരത്തിന്റെ ഹൃദയസ്ഥാനത്ത് ഇരിക്കുന്ന അഗ്‌നിഹോത്രത്തെ ഉപാധിയാക്കിക്കൊണ്ട് ഹോമമന്ത്രത്തിലൂടെ നാരായണഗുരു വ്യക്തമാക്കിത്തരുന്നത്.
ഹോമമന്ത്രം ഇങ്ങനെയാണ്:

ഓം അഗ്നേ തവ യത്തേജസ്തദ് ബ്രാഹ്മം
അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസി
ത്വദീയാ ഇന്ദ്രിയാണി മനോബുദ്ധിരീതി
സപ്തജിഹ്വാഃ
ത്വയി വിഷയാ ഇതി സമിധോ ജുഹോമി.
അഹമിത്യാജ്യം ജുഹോമി.
ത്വം നഃ പ്രസീദ പ്രസീദ.
ശ്രേയശ്ച പ്രേയശ്ച പ്രയച്ഛ സ്വാഹാ.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ഓരോ വരികളായി നമുക്ക് പരിശോധിക്കാം,

അഗ്‌നേ തവ യത് തേജഃ തത് ബ്രാഹ്മം
( അല്ലയോ അഗ്‌നീ, നിനക്കു യാതൊരു തേജസ് ഉണ്ടോ അതു ബ്രഹ്മത്തെ സംബന്ധിക്കുന്നത് ആകുന്നു)

അഗ്‌നി ജ്വലിപ്പിച്ചുകൊണ്ട് ആ അഗ്‌നിയെ സംബോധന ചെയ്തു കൊണ്ടാണ് മന്ത്രം ആരംഭിക്കുന്നത്. വൈദികസങ്കല്പ പ്രകാരം എല്ലാ മന്ത്രങ്ങള്‍ക്കും ഓരോ ദേവത വേണമെന്നുണ്ട്. ആ അര്‍ത്ഥത്തില്‍ അഗ്‌നിയെയാണ് ഇവിടെ ദേവതയായി സങ്കല്‍പ്പിച്ചിരിക്കുന്നത്. ഹവിസുകളെയൊക്കെ ദേവന്മാര്‍ക്ക് എത്തിച്ചു കൊടുക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ഹുതവാഹനന്‍ എന്ന് അഗ്‌നിക്കു പേരുണ്ട്. എന്നാല്‍ ഇവിടെ ഈ അഗ്‌നിയുടെ പ്രകാശം ബ്രഹ്മത്തെ സംബന്ധിക്കുന്നത് ആകുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

അഗ്‌നിയും
അറിവും
ബ്രഹ്മം എന്ന പേരില്‍ വേദാന്തികള്‍ പറഞ്ഞുപോരുന്ന പരമമായ പൊരുള്‍ സത്യമായിരിക്കുന്നത് അറിവായിട്ടാണ്. അഗ്‌നിയുടെ പ്രധാനപ്പെട്ട ഗുണം അതു സ്വയം പ്രകാശിക്കുകയും മറ്റുള്ളവയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. അതുപോലെ അറിവും പ്രകാശാത്മകമാണ് . അതു സ്വയം പ്രകാശമായിരിക്കുകയും മറ്റെല്ലാറ്റിനെയും ഉള്ളതായി അനുഭവപ്പെടുത്തുകയും ചെയ്യുന്നു. ഈ കാര്യത്തില്‍ അഗ്‌നിയും അറിവും തമ്മില്‍ സമാനതയുണ്ട്. മാത്രമല്ല അഗ്‌നി ജ്വലിക്കുന്നത് എപ്പോഴും മുകളിലേക്കാണ്. അറിവും മനുഷ്യനെ നയിക്കുന്നത് ഉദ്ഗതി യിലേക്കാണ്. അഗ്‌നി സര്‍വ്വവ്യാപിയാണ്.എങ്ങിനെയെന്നാല്‍ ഒരു വിറകു കഷ്ണത്തില്‍ തീയുടെ സ്പര്‍ശമുണ്ടായാല്‍ അതു കത്തിയെരിയുന്നു. ആ വിറകില്‍ തന്നെ ഉള്ളടങ്ങിയിരിക്കുന്ന അഗ്‌നിയെ ദര്‍ശനീയം ആക്കുക മാത്രമാണ് അവിടെ തീപ്പൊരി ചെയ്തത്. ഇത്തരത്തില്‍ ഭൂതഭൗതികമായ എല്ലാറ്റിലും അദൃശ്യമായി നിറഞ്ഞിരിക്കുന്ന ഒന്നാണ് അഗ്‌നി . വെള്ളത്തില്‍ പോലും അഗ്‌നി നിറഞ്ഞിരിക്കുന്നുണ്ട്. ഭൂമണ്ഡലത്തില്‍ വീഴുന്ന എല്ലാ വെള്ളവും കടലിലേക്ക് ഒഴുകി ചെന്നിട്ടും കടല്‍ കരകവിഞ്ഞ് ഒഴുകി പോകാതിരിക്കുന്നത് കടലിനുള്ളില്‍ തന്നെ ഇരുന്നുകൊണ്ട് അതിനെ എപ്പോഴും വറ്റിച്ചു കൊണ്ടിരിക്കുന്ന ഒരു അഗ്‌നി ഉള്ളതുകൊണ്ടാണെന്ന് കവികള്‍ സങ്കല്‍പ്പിച്ചിരിക്കുന്നു. ഇങ്ങനെ അറിവും അഗ്‌നിയും തമ്മില്‍ ധാരാളം സമാനതകള്‍ ഉണ്ട്. എന്നാല്‍ സമാനത ഇല്ലാത്ത ഒരംശം അഗ്‌നി പ്രത്യക്ഷത്തില്‍ കാണാവുന്നതാണ്. അറിവ് അപരോക്ഷമായി അനുഭവിക്കാവുന്നതാണ്. അതുകൊണ്ട് അദൃഷ്ടവും വ്യവഹാര്യവുമായ ബ്രഹ്മസത്യത്തെ അറിയുന്നതിനുള്ള കരണമായി അറിവിനോട് സാദൃശ്യമുള്ളതും എന്നാല്‍ ദൃഷ്ടവും വ്യവഹാര്യവുമായ അഗ്‌നിയെ സ്വീകരിച്ചിരിക്കുന്നു.

അത: ത്വം പ്രത്യക്ഷം ബ്രഹ്മ അസി
(അതുകൊണ്ട് നീ പ്രത്യക്ഷത്തിലുള്ള ബ്രഹ്മമാകുന്നു)
ഇവിടെ ബ്രഹ്മസത്യത്തെ ഒരു സാധനപാഠം ആക്കിയിരിക്കുന്നത് ബ്രഹ്മസത്യം അറിയുവാന്‍ ആഗ്രഹിക്കുന്ന ജിജ്ഞാസുവാണ്. ബ്രഹ്മ സത്യത്തെ അഥവാ അറിവിനെ അറിയുന്നതിന് ഒരു സഹായം എന്നവണ്ണം ജ്വലിക്കുന്ന അഗ്‌നിയെ പ്രത്യക്ഷത്തിലുള്ള ബ്രഹ്മമായി കണക്കാക്കിയിരിക്കുന്നു. ബ്രഹ്മസത്യം വെളിപ്പെടുത്തിക്കഴിഞ്ഞാല്‍ അഗ്‌നി പ്രത്യക്ഷത്തിലുള്ള ബ്രഹ്മമാണ് എന്ന സങ്കല്പം തള്ളിക്കളയേണ്ടതാണ്.

ത്വദീയ: ഇന്ദ്രിയാണി മന: ബുദ്ധി: ഇതി സപ്തജിഹ്വാ :
( നിനക്കു പഞ്ചേന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിങ്ങനെ ഏഴു നാക്കുകള്‍ ഉണ്ട്)

ഇവിടെ അഗ്‌നിയെ സംബന്ധിച്ചുള്ള ‘സപ്തജിഹ്വാ :’ എന്ന സങ്കല്പമാണ് ഉപയോഗിച്ചിരിക്കുന്നത് . കാളി, കരാളി, മനോജവ, സുലോഹിതാ, സുധൂമ്രവര്‍ണ്ണ , സ്ഫുലിംഗിനി, വിശ്വരുചി എന്നിങ്ങനെ ഏഴു നാക്കുകള്‍ അഗ്‌നിക്ക് ഉള്ളതായിട്ടാണ് കരുതിപ്പോരുന്നത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് മുണ്ടകോപനിഷത്തില്‍ ഒരു മന്ത്രവും ഉണ്ട്.

കാളീ കരാളീച മനോജവാ ച
സുലോഹിതായാ ച സുധൂമ്രവര്‍ണ്ണാ
സ്ഫുലിംഗിനീ വിശ്വരൂചീ ച ദേവീ
ലേലായമാനാ ഇതി സപ്തജിഹ്വാഃ

അഗ്‌നി കത്തിജ്വലിക്കുന്നതിന്റെ ഓരോ ഭാവമാണ് ഓരോ പേരുകൊണ്ടും സൂചിപ്പിക്കുന്നത്. ഏതു ഭാവത്തില്‍ അഗ്‌നി എരിയുമ്പോഴും അതിലെല്ലാം ഇരുന്നു കത്തുന്നത് ഒരേ തീ തന്നെയാണ്. ഭാവവ്യത്യാസങ്ങള്‍ ഏത് ഇന്ധനത്തെ ആശ്രയിച്ചാണോ തീ കത്തുന്നത് എന്നതനുസരിച്ചിരിക്കും. അതുപോലെ നമ്മിലുള്ള കാത് , മൂക്ക് ,കണ്ണ് ,നാക്ക്, ത്വക്ക് എന്നീ ഇന്ദ്രിയങ്ങളിലൂടെയും മനസ്സ്, ബുദ്ധി എന്നീ അന്തകരണങ്ങളിലൂടെയും അറിവ് ഓരോ തരത്തില്‍ പ്രകാശിക്കുന്നുണ്ടെങ്കിലും അതിന്റെ പിന്നില്‍ സത്യമായിരിക്കുന്നത് ഒരേ ബോധം മാത്രമാണ്. ഇവിടെയും അഗ്‌നിയും അറിവും തമ്മിലുള്ള മറ്റൊരു സാദൃശ്യം കാണാം. അഗ്‌നിയുടെ ഏഴു നാക്കുകള്‍ അറിവിന്റെ മേല്‍പ്പറഞ്ഞ ഏഴുതരം വൃത്തികള്‍ക്ക് തുല്യമാണെന്നു പറയാം. അതുകൊണ്ട് ഇവിടെ അഗ്‌നിയോട് പറയുന്നു,’ അല്ലയോ അഗ്‌നി, പ്രത്യക്ഷത്തിലുള്ള ബ്രഹ്മമായ നിനക്ക് പഞ്ചേന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിങ്ങനെ ഏഴു നാക്കുകള്‍ ഉണ്ട്. ഇപ്രകാരം ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളും തമ്മിലുള്ള സന്നിഹര്‍ഷത നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത് നമ്മില്‍ ഓരോരുത്തരിലും അനുഭവമായിത്തീരുമ്പോള്‍ അത് പ്രപഞ്ചമായി.ഇങ്ങനെ നമ്മില്‍ നിന്ന് പ്രകൃതിയിലേക്കും പ്രകൃതിയില്‍ നിന്ന് നമ്മിലേക്കും മുറിയാതെ നില്‍ക്കുന്ന ഒരു നൈര്യന്തര്യതയുടെ ചിത്രം ഹോമമന്ത്രത്തില്‍ കാണാം.

ത്വയി വിഷയ: ഇതി സമിധ: ജുഹോമി
അഗ്‌നി എവിടെയും വ്യാപിച്ചിരിക്കുന്നുണ്ടെങ്കിലും അതിന്റെ അനുഭവം നേരിട്ടുണ്ടാകുന്നത് അത് കത്തിയെരിയുമ്പോഴാണ് . ഭാവരഹിതമായ അഗ്‌നി ഏതെങ്കിലും ഭാവത്തില്‍ ജ്വലിക്കണം എന്നുണ്ടെങ്കില്‍ ഇന്ധനവും അഗ്‌നിയും തമ്മിലുള്ള സംയോഗം ഉണ്ടാവണം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇന്ധനത്തെ അഗ്‌നിയില്‍ ഹോമിക്കുമ്പോഴാണ് അഗ്‌നി പ്രകടമായിത്തീരുന്നത്. ഇതിനെ ഒരു ഉപമാനമാക്കിക്കൊണ്ടാണ് അറിവിന്റെ രഹസ്യം ഈ മന്ത്രത്തില്‍ അവതരിപ്പിക്കുന്നത്. നാം കാണുമ്പോഴും കേള്‍ക്കുമ്പോഴും മണക്കുമ്പോഴും തൊട്ടറിയുമ്പോഴും രസം അനുഭവിക്കുമ്പോഴും സങ്കല്‍പ്പിക്കുമ്പോഴും ചിന്തിക്കുമ്പോഴും ഒക്കെ ഓരോ തരത്തിലുള്ള അനുഭവങ്ങള്‍ ആയി ഉരുത്തിരിഞ്ഞു വരുന്നത് ഒരേ ബോധം തന്നെയാണ്. ആ ബോധത്തിന് അതിന്റേതായ ഒരു രൂപവും ഇല്ല. അതേസമയം രൂപം എന്ന വിഷയത്തെ നേത്രം എന്ന ഇന്ദ്രിയത്തില്‍ അര്‍പ്പിക്കുമ്പോള്‍ കാഴ്ചയെന്ന അനുഭവമായി അറിവ് രൂപപ്പെടുന്നു. ശബ്ദത്തെ ശ്രവണേന്ദ്രിയത്തില്‍ അര്‍പ്പിക്കുമ്പോള്‍ ശബ്ദം, ശ്രവണം എന്ന അനുഭവമായി അതേ അറിവ് തന്നെ രൂപം മാറുന്നു. ഇങ്ങനെ ഭാവാന്തരങ്ങളില്‍ എല്ലാം കാരണസത്തയായി നിറഞ്ഞിരിക്കുന്ന പൊരുളായിട്ട് അറിവിനെ സാക്ഷാത്കരിക്കാവുന്നതാണ്. ഈ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ അഗ്‌നിയില്‍ ഇന്ധനത്തെ അഥവാ സമിത്തിനെ ഹോമിച്ച്, ജ്വലിപ്പിച്ച് അതിനെ യാഥാര്‍ത്ഥ്യമാക്കുന്നതിന് തുല്യമാണ് വിഷയങ്ങളെ അറിവില്‍ ഹോമിച്ച് അറിവിന്റെ സ്വരൂപം അതിന്റെ നാനാഭാവങ്ങളില്‍ അന്തര്‍ഭവിച്ചിരിക്കുന്നതായി സാക്ഷാത്കരിക്കുന്നത് എന്ന് പറയാം. ഈ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളും തമ്മിലുള്ള സന്നികര്‍ഷത വിഷയജ്ഞാനത്തെ ഉളവാക്കുന്നു എന്ന അനുഭവത്തേക്കാള്‍ ഉപരി ഏകമായ അറിവില്‍ നിഹിതമായിരിക്കുന്ന അനന്തസാധ്യതകളെ വെളിപ്പെടുത്തി ആ അറിവിന്റെ മഹിമയെ ദര്‍ശിക്കാനുള്ള അവസരമായി മാറുന്നു. ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളും തമ്മിലുള്ള സന്നികര്‍ഷം മൂലം ഉണ്ടാകുന്ന അനുഭവത്തെ ഒരു വിഷയജ്ഞാനം ആയി കണക്കിലെടുക്കുകയാണെങ്കില്‍ ആ വിഷയത്തോട് ഇഷ്ടമോ അനിഷ്ടമോ ഉദാസീനതയോ തോന്നി നമ്മുടെ പ്രിയ ഭാവങ്ങളില്‍ ഇളക്കവും കുലുക്കവും ഉണ്ടാകുവാന്‍ ഇടയാകും. ഇങ്ങനെ വിഷയങ്ങളോടു തോന്നുന്ന പ്രിയാപ്രിയങ്ങള്‍ നമ്മെ വിനാശത്തില്‍ കൊണ്ടെത്തിക്കുമെന്ന് ഭഗവദ്ഗീതയിലെ ഈ വരികള്‍ വ്യക്തമാക്കുന്നു.

ധ്യായതോ വിഷയാന്‍ പുംസഃ
സംഗസ്‌തേഷൂപജായതേ
സാംഗാത് സംജായതേ കാമഃ
കാമാത്‌ക്രോധോ ഽ ഭിജായതേ
ക്രോധാദ് ഭവതി സമ്മോഹഃ
സമ്മോഹാത് സ്മൃതിവിഭ്രമഃ
സ്മൃതിഭ്രംശാത് ബുദ്ധിനാശോ
ബുദ്ധിനാശാത് പ്രണശ്യതി (11, 62, 63)

(സുഖവിഷയങ്ങളെ ധ്യാനിക്കുന്ന പുരുഷന് അവയില്‍ അഭിരുചി ജനിക്കുന്നു. അഭിരുചിയില്‍ നിന്ന് ആഗ്രഹം ഉണ്ടാകുന്നു. ആഗ്രഹത്തില്‍ നിന്ന് കോപം ഉളവാകുന്നു. കോപം കൊണ്ട് വ്യാമോഹം ഉണ്ടാകുന്നു. വ്യാമോഹത്തില്‍ നിന്ന് ഓര്‍മ്മപ്പിശകുണ്ടാകുന്നു. ഓര്‍മ്മപ്പിശകില്‍ നിന്ന് ബുദ്ധിനാശം ഉണ്ടാകുന്നു. ബുദ്ധിനാശം കൊണ്ട് അവന്‍ നാശമടയുന്നു).
ഇക്കാരണത്താലാണ് വിഷയങ്ങളില്‍ വൈരാഗ്യം ഉണ്ടായിരിക്കേണ്ടത് ആത്മലാഭത്തിന് അനിവാര്യമായ ഒരടിത്തറയായി പൂര്‍വ്വാചാര്യന്മാര്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ഗുരുവും ഇക്കാര്യത്തിന് പ്രാധാന്യം നല്‍കുന്നുണ്ട്.

അഹം ഇതി ആജ്യം ജുഹോമി
( ഞാന്‍ എന്ന നെയ്യും ഹോമിക്കുന്നു)
ഇങ്ങനെ എല്ലാ വിഷയങ്ങളും ഹോമിച്ചു കഴിഞ്ഞാല്‍ ബാക്കി ശേഷിക്കുന്നത് ഹോമിക്കുന്ന ഞാന്‍ മാത്രമാണ്. അതായത് വിഷയി. ആ വിഷയിയെയും അഥവാ ഞാനാണ് ഹോമിക്കുന്നത് എന്ന ഭാവത്തെയും ഹോമിക്കുന്നു

ത്വം നഃ പ്രസീദ പ്രസീദ
(നീ ഞങ്ങളില്‍ പ്രസാദിച്ചാലും, പ്രസാദിച്ചാലും)

അനുഭവഗോചരമായി ഇരിക്കുന്ന എല്ലാ പ്രപഞ്ച വിഷയങ്ങളെയും ആ വിഷയങ്ങളെയെല്ലാം അനുഭവിക്കുന്ന വിഷയിയായ ഞാന്‍ എന്നതിനെയും കേവലമായ അറിവില്‍ നിന്ന് അന്യമല്ലാതെ ദര്‍ശിക്കുന്നതിന്റെ പ്രതീകമായി സമിത്തുകളും നെയ്യും അഗ്‌നിയില്‍ ഹോമിച്ചു കഴിഞ്ഞു. ഇനി സത്യമായി അവശേഷിക്കുന്നത് ഏകമായ അറിവ് മാത്രമാണ്. ഈ സ്ഥിതിയെ’ എല്ലാ ഉലകവുമായുയര്‍ന്നറിവായി മാറിടുന്നു ‘ എന്ന് ആത്മോപദേശശതകത്തില്‍ ഗുരു രേഖപ്പെടുത്തിയിട്ടുണ്ട്.
സത്യം അറിവ് മാത്രമാണെന്ന കാര്യം സാക്ഷാത്കൃതമാകുമ്പോള്‍ ഈ ലോകമില്ല എന്നല്ല തോന്നുന്നത്, ഈ ലോകവും അറിവിന്റെ ഭാനമല്ലാതെ മറ്റൊന്നല്ല എന്നു മാത്രമാണ് . ഏകമായ അറിവില്‍ നിന്ന് അന്യമല്ലാതെ ഉണ്ടായിരിക്കുന്ന നമ്മളെല്ലാം നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന സുഖദുഃഖങ്ങള്‍ അറിവിന്റെ തന്നെ പ്രസാദം ചൊരിയലാണെന്ന് പറയാം. അതുകൊണ്ട് ഇവിടെ പറയുന്നു’ നീ ഞങ്ങളില്‍ പ്രസാദിക്കുക പ്രസാദിക്കുക’ എന്ന്. ഇവിടെ പ്രസാദിക്കുക എന്ന പ്രാര്‍ത്ഥന നടത്തുമ്പോള്‍ ഒരു അര്‍ദ്ധന എന്നതിനേക്കാള്‍ അതിന് പ്രസക്തിയുള്ളത് നിന്റെ പ്രസാദമായി ജീവിതത്തിലെ സുഖദുഃഖങ്ങളെ ഞങ്ങള്‍ മനസ്സിലാക്കുന്നു എന്നുള്ളതിനാണ്.

ശ്രേയ : ച പ്രേയ : ച പ്രയച്ഛ
(ശ്രേയസ്സും പ്രേയസ്സും തന്നാലും)

മനുഷ്യജീവിതത്തില്‍ അഭികാമ്യമായ മൂല്യങ്ങളെ ശ്രേയസ് എന്നും പ്രേയസെന്നും രണ്ടായി കഠോപനിഷത്തില്‍ തിരിച്ചിരിക്കുന്നു. പ്രേയസ്സ് നമ്മുടെ നിലനില്‍പ്പിനെ എളുപ്പവും സുഖകരവുമാക്കിത്തീര്‍ക്കുന്നവയാണെങ്കില്‍, ശ്രേയസ് മര്‍ത്യന്‍ എന്നും എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന അമൃതത്വം പ്രാപിക്കുക എന്നതുമാണ്. ഇങ്ങനെ ജീവിത മൂല്യങ്ങളെ രണ്ടു ശ്രേണിയിലായി തരം തിരിക്കാം എന്നുണ്ടെങ്കിലും രണ്ടും അറിവിന്റെ വ്യാപ്തിക്കു പുറത്തല്ല. ശ്രേയസിനെയും പ്രേയസിനെയും ജീവിതത്തില്‍ വേണ്ടവണ്ണം യാഥാര്‍ത്ഥ്യമാക്കി തീര്‍ക്കുന്നത് അറിവ് തന്നെയാണ്. അതിനാല്‍ അറിവിനോട് തന്നെയുള്ള പ്രാര്‍ത്ഥനയായി ഇവിടെ പറയുന്നു,’ ഞങ്ങള്‍ക്ക് ശ്രേയസും പ്രേയസ്സും തന്ന് അനുഗ്രഹിച്ചാലും’

സ്വാഹ
വൈദികവിധിപ്രകാരം അഗ്‌നിഹോത്രം നടത്തുമ്പോള്‍ ഋതിക്കുകള്‍ ചൊല്ലേണ്ടതായ എല്ലാ മന്ത്രങ്ങളും അവസാനിക്കേണ്ടത് സ്വാഹ എന്ന ശബ്ദത്തോടുകൂടിയാണ്. കൂടാതെ പുരാണകഥകളില്‍ സ്വാഹയേ അഗ്‌നിദേവന്റെ ഭാര്യയായി പല സന്ദര്‍ഭങ്ങളിലും സങ്കല്‍പ്പിച്ചിട്ടുണ്ട്.

ഹോമ മന്ത്രം ജ്ഞാനകര്‍മ്മ സമന്വയം
ബാഹ്യരൂപത്തില്‍ അഗ്‌നിഹോത്രത്തിന്റെ എല്ലാ ചിട്ടവട്ടങ്ങളും സ്വീകരിച്ചുകൊണ്ട് നടത്തുന്ന ഈ ഹോമം വേദങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ അഗ്‌നിഹോത്രങ്ങളില്‍ നിന്നും വിഭിന്നമാണ്. പ്രത്യക്ഷത്തില്‍ ഇതൊരു കര്‍മ്മം ആണെങ്കിലും അര്‍ത്ഥത്തില്‍ ഇതൊരു ജ്ഞാനസാധനയാണ്. അതുകൊണ്ട് ഇത് ശുദ്ധകര്‍മ്മം ആണെന്നോ ശുദ്ധ ജ്ഞാനം ആണെന്നോ പറയാനാവുകയില്ല. കര്‍മ്മം ജ്ഞാനത്തിനു സാധനയായിരിക്കുകയും ജ്ഞാനം കര്‍മ്മത്തിലൂടെ സാധ്യമാവുകയും ചെയ്യുന്നു. അതുകൊണ്ട് ജ്ഞാന – കര്‍മ്മസമന്വയമാണ് ഹോമമന്ത്രത്തിന്റെ ആന്തരിക രഹസ്യം. കര്‍മ്മത്തെയും ജ്ഞാനത്തെയും കൂട്ടിക്കുഴച്ചാല്‍ ‘ജ്ഞാന കര്‍മ്മ സമുച്ചയ ദോഷം’ ഉണ്ടാകുമെന്ന് ശങ്കരാചാര്യര്‍ പറഞ്ഞിട്ടുണ്ട്. കര്‍മ്മത്തിന്റെ ഫലം അനിത്യവും ജ്ഞാനത്തിന്റേത് നിത്യവും ആണ്. അതിനാല്‍ നിത്യസുഖം കണ്ടെത്താന്‍ ആഗ്രഹിക്കുന്ന സത്യാന്വേഷി ജ്ഞാനത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കണമെന്ന് ആചാര്യര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ശരീരത്തോട് കൂടി ഇവിടെ ജീവിക്കുന്ന നമുക്ക് ഒരു കര്‍മ്മവും ചെയ്യാതിരിക്കുവാന്‍ സാധിക്കില്ല. ശരീരം ഉണ്ടെങ്കില്‍ എന്തെങ്കിലും കര്‍മ്മവും ചെയ്യേണ്ടിവരും.’ ശരീര യാത്രാപി ച തേ ന പ്രസിദ്ധ്യോദകര്‍മ്മണഃ ‘(ഭഗവദ്ഗീത 3, 8 )
( കര്‍മ്മം ചെയ്യാതിരുന്നാല്‍ നിനക്ക് ശാരീരികമായ നിലനില്‍പ്പു പോലും സാധ്യമാവുകയില്ല.) കര്‍മ്മങ്ങള്‍ നടക്കുന്നത് ആകവേയുള്ള ഒരു വ്യവസ്ഥയുടെ ഭാഗമായിട്ടാണെന്ന് അറിയുമ്പോള്‍ വ്യക്തികള്‍ അവരുടെ കര്‍മ്മത്തെയും കര്‍മ്മഫലത്തെയും ആകവേയുള്ള സത്യത്തില്‍ അര്‍പ്പിച്ചു കഴിഞ്ഞു. അവിടെ കര്‍മ്മം ജ്ഞാനത്തിന് എതിരായി നില്‍ക്കുന്നതിനു പകരം ജ്ഞാനസാധനയായിത്തീരുന്നു. ഈ ജ്ഞാനകര്‍മ്മ സമന്വയതത്വം നാം ജീവിതത്തില്‍ അനുവര്‍ത്തിച്ചാല്‍ നമ്മുടെ ജീവിതം സമാധാനപൂര്‍ണ്ണവും സന്തോഷകരവുമായി തീരും (ഭഗവദ്ഗീത , ഗുരുദേവകൃതികള്‍ , ഹോമമന്ത്രത്തിന് ഗുരു മുനിനാരായണപ്രസാദ് എഴുതിയ വ്യഖ്യാനം എന്നിവയാണ് ഈ പഠനത്തിന് ആധാരം)

Author

177 Views
Scroll to top
Close
Browse Categories