സാമൂഹ്യനീതിക്ക് വേണ്ടി ഒരു നിവര്‍ത്തനപ്രക്ഷോഭം കൂടി വേണ്ടി വരും

തിരുവനന്തപുരം: ഈഴവന്‍ ഏതു രംഗത്ത് ഉയര്‍ന്ന് വന്നാലും അവനെ ചവിട്ടിത്താഴ്ത്താനും നശിപ്പിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും, അതിനെ പ്രതിരോധിക്കാന്‍ സംഘടിത വോട്ടുബാങ്കായി മാറണമെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം നെയ്യാറ്റിന്‍കര, നേമം, പാറശാല, കുഴിത്തുറ യൂണിയനുകളിലെ ശാഖാ നേതൃത്വ സംഗമത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറിനെ തകര്‍ത്തതും വലിച്ചു താഴെയിറക്കിയതും സ്വന്തം പ്രസ്ഥാനമായ കോണ്‍ഗ്രസിലുള്ളവരായിരുന്നു. സി. കേശവനെ ജാതി പറഞ്ഞാണ് ആക്ഷേപിച്ചത്. ഗൗരി അമ്മയെയും വി.എസ്. അച്യുതാനന്ദനെയും എന്തെല്ലാം പറഞ്ഞു .പിണറായി വിജയനെ ചെത്തുകാരന്റെ മകനെന്ന് വിളിച്ചാണ് അധിക്ഷേപിച്ചത്. ഇപ്പോള്‍ ജനകീയ മന്ത്രിയായ വാസവന്‍ രാജിവയ്ക്കണമെന്നാണ് വി.ഡി. സതീശന്‍ ആവശ്യപ്പെടുന്നത്.
ഇടതുപക്ഷം അധികാരത്തില്‍ നിന്ന് മാറിയാല്‍ കേരളം ഭരിക്കുന്നത് മുസ്ലീം ലീഗായിരിക്കും. ഈഴവനെന്നു അഭിമാനത്തോടെ പറയണം. സംഘടിത വോട്ടുബാങ്കുകള്‍ രാഷ്ട്രീയാധികാരം നേടിയപ്പോള്‍ സംഘടിക്കാത്ത ഈഴവ സമുദായം അവിടെത്തന്നെ നില്‍ക്കുകയാണ്.
മലപ്പുറത്ത് ഒരു കുടിപ്പള്ളിക്കൂടം പോലും ഈഴവനില്ല. കോടിക്കണക്കിന് രൂപ വിദ്യാഭ്യാസത്തിന് വേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുമ്പോള്‍ ഭൂരിപക്ഷവും മുസ്ലീം സമുദായത്തിനാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് 4,800 സ്‌കൂളുകള്‍ മുസ്ലീം സമുദായത്തിന് ലഭിച്ചപ്പോള്‍ ആ സമുദായത്തിലെ 63,000 പേര്‍ക്ക് ജോലി ലഭിക്കാനുള്ള അവസരമുണ്ടായി. ക്രിസ്ത്യന്‍ വിഭാഗത്തിന് 7972 സ്‌കൂളുകളാണുള്ളത്. അതിലൂടെ 1,19,000 ജോലിക്ക് അവസരമുണ്ട്. എന്നാല്‍ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന ഈഴവ സമുദായത്തിന് 380 സ്‌കൂളുകള്‍ മാത്രമാണുള്ളത്. ഇതിലൂടെ കേവലം 5550 പേര്‍ക്ക് മാത്രമാണ് ജോലി ലഭിക്കുന്നത്. ഇത്തരം അസമത്വം ചൂണ്ടിക്കാണിക്കുമ്പോള്‍ ജാതി പറയുന്നുവെന്നാണ് ചിലര്‍ ആക്ഷേപിക്കുന്നത്.
യു.ഡി.എഫിന് അധികാരം കിട്ടിയാല്‍ ഒന്‍പതര വര്‍ഷം കിട്ടാതിരുന്നതെല്ലാം നേടണമെന്ന് പരസ്യമായി പറയുന്ന കെ.എം. ഷാജി, പാകിസ്ഥാന്‍കാരന്റെ മനസുമായി ഇവിടെ ജീവിക്കുന്നയാളാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുസ്ലീം എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ സെക്രട്ടറി ഗഫൂറിനും അതേ മനസാണ്. കേരളത്തില്‍ സംസാരിക്കുമ്പോള്‍ പറയുന്നതല്ല വിദേശത്ത് പറയുന്നത്. ഇരട്ടമുഖമാണ്. ഇവിടെ മതേതരത്വം പറയുന്നവര്‍ എപ്പോഴെങ്കിലും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ മുസ്ലീമല്ലാത്തവരെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ? സാമൂഹ്യനീതിക്ക് വേണ്ടി ഒരു നിവര്‍ത്തന പ്രക്ഷോഭം കൂടി വേണ്ടി വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നല്‍കി. കോ-ഓര്‍ഡിനേറ്ററും പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റുമായ കെ.പത്മകുമാര്‍, നെയ്യാറ്റിന്‍കര യൂണിയന്‍ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠന്‍, നേമം യൂണിയന്‍ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രന്‍, സെക്രട്ടറി മേലാംകോട് വി. സുധാകന്‍, പാറശാല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജയന്‍ എസ്. ഊരമ്പ് എന്നിവര്‍ സംസാരിച്ചു. നെയ്യാറ്റിന്‍കര യൂണിയന്‍ പ്രസിഡന്റ് കെ.വി. സൂരജ് കുമാര്‍ സ്വാഗതവും കുഴിത്തുറ യൂണിയന്‍ കണ്‍വീനര്‍ ഹിന്ദുസ്ഥാന്‍ ബി. മണികണ്ഠന്‍ നന്ദിയും പറഞ്ഞു.






