സ്വാമി ആനന്ദതീർത്ഥർ ജാതിക്കോമരങ്ങളെ മുഖാമുഖം നേരിട്ട ഗുരുശിഷ്യൻ
ശ്രീനാരായണ വിദ്യാലയത്തിൽ താൻ കൊണ്ടുവന്ന് ചേർത്ത വിദ്യാർത്ഥികളുടെ പേരുകൾ ചക്കൻ, പക്കൻ, ചക്കി, മത്തി എന്നും മറ്റുമായിരുന്നു. തന്റെ ആശ്രമത്തിൽ അന്തേവാസികളായി അവരെ ചേർക്കുമ്പോൾ സ്വാമി ആദ്യം ചെയ്തത് അവർക്ക് ഉയർന്ന ജാതിക്കാരുടെതെന്ന് പറയപ്പെടുന്ന പേരുകൾ നൽകുകയായിരുന്നു.തമ്പുരാൻ, റഹീം, മോഹനചന്ദ്രഗുപ്തൻ എന്നൊക്കെയുള്ള പേരുകളിലൂടെ അവരുടെ സ്വത്വങ്ങളെ ആനന്ദതീർത്ഥർ തിരുത്തിയെഴുതി. ജാതി ശരീരങ്ങളിൽ നിന്ന് ആദ്യം കഴുകിക്കളയേണ്ടത് അവരിൽ ഉറച്ചുപോയ അധമ ബോധമായിരുന്നു.

കേരള നവോത്ഥാനചരിത്രത്തിൽ ആവർത്തിച്ചുവരുന്ന പേരുകളിൽ ദുർലഭമായി മാത്രമേ സ്വാമി ആനന്ദതീർത്ഥരുടെ പേര് കേൾക്കാറുള്ളു. ഉത്തരകേരളത്തിലെ കുഗ്രാമങ്ങളിൽ അയിത്തത്തിനെതിരെ അദ്ദേഹം നയിച്ച ഒറ്റയാൾ പോരാട്ടം ഐതിഹാസികമാനങ്ങളുള്ളതാണ്. നാരായണഗുരുവിൽ നിന്ന് ദീക്ഷ സ്വീകരിച്ച അദ്ദേഹത്തിന്റെ അവസാനശിഷ്യനെന്ന നിലയിൽ ഗുരുവിന്റെ ഉപദേശത്തിൽ നിന്നൊരിക്കലും അദ്ദേഹം വ്യതിചലിച്ചില്ല. സബർമതി ആശ്രമം വരെ നടന്നു പോയി ഗാന്ധിജിയെ നേരിട്ട് കണ്ട് ആശീർവാദം വാങ്ങിയാണ് തന്റെ കർമ്മരംഗം അദ്ദേഹം തിരഞ്ഞെടുക്കുന്നത്. ജാതിവ്യവസ്ഥ ഉണ്ടാക്കിയ വിവേചനം മാറാതെ സാമൂഹ്യ സ്വാതന്ത്ര്യം സാധ്യമല്ല എന്നദ്ദേഹം തിരിച്ചറിഞ്ഞു. അംബേദ്കർക്ക് ആനന്ദതീർത്ഥർ നടത്തുന്ന ജാതി നിർമ്മാർജ്ജനയത്നങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. ആനന്ദതീർത്ഥരിൽ നാരായണഗുരുവിന്റെയും, ഗാന്ധിജിയുടെയും അംബേദ്കറുടെയും മഹത്തായ ആദർശങ്ങൾ ഒന്നിക്കുന്നു. അവയിലൂടെ അദ്ദേഹം അടിത്തറയിട്ടത് സാമുഹ്യസമത്വത്തിൽ അധിഷ്ഠിതമായ പുതിയൊരു കേരള സമൂഹത്തിനാണ്.
ആനന്ദതീർത്ഥരുടെ സംഭവബഹുലമായ ജീവിതത്തെ ആസ്പദമാക്കി ആർ.ഉണ്ണിമാധവൻ എഴുതിയ ‘ചേയാ’ എന്ന നോവൽ ഒരു മഹദ് വ്യക്തിയുടെ സംഭവ ബഹുലമായ ജീവിതം മാത്രമല്ല, നാം മറന്നു തുടങ്ങിയ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടി വീണ്ടെടുക്കുന്നുണ്ട്. ‘ചേയാ’ എന്ന വാക്ക് തന്നെ ആ കാലഘട്ടത്തിന്റെ സൂചകമാണ്. ഉയർന്ന ജാതിക്കാരിൽ നിന്ന് അകലം പാലിക്കേണ്ട താഴ്ന്നജാതിക്കാരെന്ന് മുദ്രകുത്തപ്പെട്ടവർ തങ്ങളെ തിരിച്ചറിയാൻ വിളിച്ചു പറയേണ്ട വാക്കാണ് ‘ചേയാ’ എന്ന് നോവലിസ്റ്റ് വിശദീകരിക്കുന്നു. അതിന് മറുപടിയായി പറയേണ്ട അടയാളവാക്കാണ് ‘ഹോയ്’. ഈ വാക്കുകൾ നമ്മുടെ ഇടയിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ടെങ്കിൽ അതിന് കാരണം ആനന്ദതീർത്ഥരെ പോലുള്ളവരുടെ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളാണ്. അയിത്താചരണമെന്നത് ക്രിമിനൽ കുറ്റമാണെന്ന ബോധം അതിന്റെ ഇരകളിൽ ഉണർത്തുക അക്കാലത്തെ സാഹചര്യങ്ങളിൽ ക്ഷിപ്രസാധ്യമായിരുന്നില്ല. അതിനായി ആനന്ദതീർത്ഥർ ചെയ്തത് നിഷേധിക്കപ്പെട്ട അവകാശം പിടിച്ചെടുക്കാനായുള്ള സമാധാനപരമായ സമരമാണ്. ഉയർന്ന ജാതിക്കോട്ടകൾ തകർക്കാൻ അവരെ മുഖാമുഖം നേരിടേണ്ടത് ആവശ്യമാണെന്ന് സ്വാമി ആനന്ദതീർത്ഥർ തിരിച്ചറിഞ്ഞു. അവരുമായിട്ടുള്ള വാഗ്വാദങ്ങൾ എപ്പോഴും കഠിനമായ മർദ്ദനങ്ങളിലാണ് അവസാനിച്ചത്. തന്റെ ശരീരത്തെ സമരഭൂമിയാക്കി മാറ്റുകയാണ് അദ്ദേഹം ചെയ്തത്. ആൾക്കൂട്ടത്തിന്റെ കൊടിയ പ്രഹരങ്ങളേറ്റുവാങ്ങുന്ന ആനന്ദതീർത്ഥരുടെ ചിത്രം ജാതി മേധാവിത്തത്തിന്റെ ഉന്മാദാവസ്ഥയുടെ ചിഹ്നമാണ്.
ഇത് ഒരു ആശയസമരമാണെന്നും താൻ മാറുന്ന കാലത്തിന്റെ വക്താവാണെന്നുമുള്ള ബോധ്യമാണ് അദ്ദേഹത്തെ നയിച്ചത്. അത്തരം സംഭവങ്ങളൊക്കെ നീതിന്യായക്കോടതികളിൽ, അല്ലെങ്കിൽ ഉന്നതാധികാരികൾക്ക് മുന്നിൽ എത്തിക്കാൻ നിരന്തരം ശ്രമിച്ചതിലൂടെ ഭരണകൂടനീതികളെ അദ്ദേഹം പ്രതിക്കൂട്ടിലാക്കി. ധാർമ്മികതയുടെ അടിത്തറയിൽ പടുത്തുയർത്തിയതായിരുന്നു ആനന്ദതീർത്ഥരുടെ പ്രതിരോധം. ഗുരുവിന്റെയും ഗാന്ധിജിയുടെയും ദർശനങ്ങൾക്ക് ബഹിഷ്കൃത സമൂഹത്തിന്റെ നിത്യജീവിത സന്ദർഭങ്ങളിൽ ഭാഷ്യം രചിക്കുന്നതിലൂടെ അവർക്ക് വിധ്വംസകമായ ചാലകശക്തി കൈവന്നു. ആശയങ്ങൾ പ്രവർത്തനമാവുമ്പോഴാണ് അവ ചരിത്രത്തിൽ ഇടപെടുന്നതെന്ന് ഉണ്ണിമാധവന്റെ ഈ നോവൽ സാക്ഷ്യപ്പെടുത്തുന്നു.

നോവലിന്റെ ഘടനയിലേക്ക് ഇത്തരമൊരു ചരിത്രത്തെ മാറ്റിയെടുക്കുക വെല്ലുവിളികൾ നിറഞ്ഞ യത്നമാണ്. വ്യക്തി ജീവിതത്തിനും സാമൂഹ്യചരിത്രത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ നടന്ന് സൂക്ഷമമായി തന്റെ ആഖ്യാനം നിർവഹിക്കുന്ന നോവലിസ്റ്റിനെ ഇവിടെ കാണാം. ആനന്ദതീർത്ഥരെ അദ്ദേഹത്തിന്റെ കർമ്മങ്ങളിൽ നിന്നോ, അവ രൂപപ്പെടുത്തിയ സാമൂഹ്യമാറ്റങ്ങളിൽ നിന്നോ വേർപെടുത്തുവാൻ സാധ്യമല്ല.നാരായണ വിദ്യാലയത്തിൽ താൻ കൊണ്ടുവന്ന് ചേർത്ത വിദ്യാർത്ഥികളുടെ പേരുകൾ ചക്കൻ, പക്കൻ, ചക്കി, മത്തി എന്നും മറ്റുമായിരുന്നു. തന്റെ ആശ്രമത്തിൽ അന്തേവാസികളായി അവരെ ചേർക്കുമ്പോൾ സ്വാമി ആദ്യം ചെയ്തത് അവർക്ക് ഉയർന്ന ജാതിക്കാരുടെതെന്ന് പറയപ്പെടുന്ന പേരുകൾ നൽകുകയായിരുന്നു.തമ്പുരാൻ, റഹീം, മോഹനചന്ദ്രഗുപ്തൻ എന്നൊക്കെയുള്ള പേരുകളിലൂടെ അവരുടെ സ്വത്വങ്ങളെ ആനന്ദതീർത്ഥർ തിരുത്തിയെഴുതി. ജാതി ശരീരങ്ങളിൽ നിന്ന് ആദ്യം കഴുകിക്കളയേണ്ടത് അവരിൽ ഉറച്ചുപോയ അധമ ബോധമായിരുന്നു.
നിയമം അനുശാസിക്കുന്ന സമത്വവും അന്തസ്സും പ്രാപ്യമാകാൻ കീഴ് ജാതിക്കാർ എന്ന പേരുറച്ചുപോയവർ സ്വയം സംഘടിച്ച് സംഘർഷത്തിലേർപ്പെടേണ്ടതുണ്ടെന്ന പാഠം കേരള സമൂഹം പഠിച്ചത് ആനന്ദതീർത്ഥരെ പോലുള്ള ആക്ടിവിസ്റ്റുകളുടെ കർമ്മപദ്ധതികളിലൂടെയാണ് .
ഉത്തര മലബാറിൽ മാത്രമല്ല, ദക്ഷിണ കാനറയിലും, തമിഴ്നാട്ടിലെ മധുരക്കടുത്തുള്ള ഗ്രാമങ്ങളിലും വയനാട്ടിലും ആനന്ദതീർത്ഥർ അയിത്തത്തിനെതിരെയുള്ള വലിയ സമരങ്ങൾ നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തെ അതിന്റെ സമഗ്രതയിൽ മനസ്സിലാക്കാനുള്ള രേഖകളോ വിവരണങ്ങളോ നമുക്ക് പൂർണ്ണമായി ലഭ്യമല്ല. എന്നാലും ഉണ്ണിമാധവൻ അദ്ദേഹത്തിന്റെ സഞ്ചാരപഥങ്ങളിലൂടെ യാത്ര ചെയ്ത് കിട്ടാവുന്നിടത്തോളം വസ്തുതകൾ ശേഖരിച്ച് ആഖ്യാന ശില്പത്തിൽ വിശ്വസീനമായി ഉൾച്ചേർത്തിട്ടുണ്ട്. ആനന്ദതീർത്ഥരുടെ ഊഷ്മളമായ കുടുംബബന്ധങ്ങൾ, നിരാധാര ജനതയ്ക്ക് സാമൂഹ്യനീതി ഉറപ്പ് വരുത്താൻ ഏതറ്റം വരെയും പോവാനുള്ള ആത്മധൈര്യം, അപായകരമായി ജീവിച്ചുകൊണ്ടു മാത്രം ജീവിതത്തിൽ സ്വാംശീകരിക്കാവുന്ന നൈതികത, പ്രാകൃതമായ ജാതി വ്യവസ്ഥയിൽ നിന്നുള്ള വിമോചനമില്ലാതെ ഇന്ത്യ ഒരിക്കലും പൂർണ്ണമായ അർത്ഥത്തിൽ സ്വാതന്ത്ര്യമാവില്ലെന്ന അചഞ്ചലവിശ്വാസം – ഇത്തരം ആശയങ്ങളെ സംഭവങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും വാചാലതയില്ലാതെ നോവലിസ്റ്റ് ഈ കൃതിയിൽ പ്രത്യക്ഷവൽക്കരിക്കുന്നു.
ഈ നോവലിൽ ആവർത്തിച്ചു വരുന്ന ദണ്ഡനങ്ങളും പീഡനങ്ങളും അമേരിക്കയിൽ കറുത്തവർഗക്കാരുടെ നേരെ നടന്ന ശാരീരിക ഹിംസ (lynching) യെ ഓർമ്മപ്പെടുത്തുന്നു. ഏഴോത്തും തമിഴ് നാട്ടിലെ മാങ്കുളത്തും ഗുരുവായൂരിലും സ്വാമി നേരിട്ടത് സമാനതകളില്ലാത്ത ആക്രമണങ്ങളാണ്. അവയെ അദ്ദേഹം അതിജീവിച്ചത് ഇച്ഛാശക്തിക്കപ്പുറം താൻ ആർക്കായി പൊരുതുന്നുവോ അവരുമായുള്ള തന്മയീഭാവം കൊണ്ട് കൂടിയാണ്. ഭരണകൂടം പലപ്പോഴും ഉന്നത ജാതിക്കാരുടെ ഒപ്പമായിരുന്നു. തമിഴ് നാട്ടിൽ താൻ നടത്തിയ സമരങ്ങളുടെ ഫലമായുള്ള കേസുകൾ പലതും തള്ളിപ്പോയി. എന്നിട്ടും എന്തുകൊണ്ട് പിന്മാറിയില്ല എന്ന ചോദ്യത്തിന് ഉത്തരമായി സ്വാമി പറയുന്നു: ‘എനിക്ക് അങ്ങനെ പിൻവാങ്ങാനാവില്ലല്ലോ. ചായക്കടയിൽ നിന്ന് ചിരട്ടയിൽ ചായ കൊടുത്തപ്പോൾ എതിർത്ത ഹരിജൻ യുവാവിനെ അടിച്ച കേസ്, കിണറ്റിൽ നിന്ന് വെള്ളം എടുത്തതിന്റെ പേരിൽ മേൽജാതിക്കാരൻ ഗർഭിണിയായ ഹരിജൻ യുവതിയെ കൈയേറ്റം ചെയ്ത കേസ്, പൊതുനിരത്തിലൂടെ ഹരിജനങ്ങളുടെ ശവം കൊണ്ടുപോകാൻ വിലക്കിയതിലുള്ള കേസ്, അങ്ങനെ അനവധി കേസുകളും സമരങ്ങളുമായി ഞാൻ മുന്നോട്ട് പോയി. പക്ഷെ മിക്കവാറും ന്യായാധിപന്മാർ ഹരിജനങ്ങൾക്കെതിരായാണ് വിധി പ്രഖ്യാപിച്ചത്. ‘ സമൂഹത്തിൽ പ്രവർത്തിക്കുന്ന മുൻവിധികൾ എത്ര രൂഢമൂലമാണെന്ന് ജാതിവിവേചനത്തിന്റെ ദുർഭൂതം വേഷം മാറി സമൂഹത്തിൽ പല രീതികളിൽ പ്രത്യക്ഷപ്പെടുന്നതിന്റെ വാർത്തകൾ ഇന്നും കാണുമ്പോൾ നാം തിരിച്ചറിയുന്നു. അമ്പത് കൊല്ലം മുമ്പ് ഫ്യൂഡൽ വ്യവസ്ഥയുടെ ശാസനക്രമം സമൂഹത്തെയാകമാനം നിയന്ത്രിച്ചിരുന്ന കാലത്ത്, ആനന്ദതീർത്ഥർക്ക് അതിൽ വിള്ളലുകൾ വീഴ്ത്താനായി എന്നത് ചെറിയൊരു കാര്യമല്ല.
നോവൽ തുടങ്ങുന്നത് തന്റെ ജീവിത സായാഹ്നത്തിൽ ആരോഗ്യം ക്ഷയിച്ച് ബോധാബോധങ്ങളുടെ ഇടയിൽ ചാഞ്ചാടിക്കൊണ്ട് അവശനായി കിടക്കുന്ന ആനന്ദതീർത്ഥരിൽ നിന്നാണ്. തന്റെ ആശ്രമത്തിൽ അഭയം തേടിയ അധ:കൃതനായ വിദ്യാർത്ഥിക്ക് പ്രഭാകരശർമ്മ എന്ന പേര് നൽകി മിഷൻ സ്കൂളിൽ പ്രവേശനത്തിനായി കൊണ്ടുപോയപ്പോൾ അധികാരികളുടെ നിലപാട് അനുകൂലമായിരുന്നില്ല.
ആനന്ദതീർത്ഥർ തലശ്ശേരിയിൽ എത്തി സബ്ബ് കലക്ടറായ കാൾസ്റ്റോണെ കണ്ട് പരാതി ബോധിപ്പിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ അവർണ്ണജാതിയിലെ വിദ്യാർത്ഥികൾക്ക് മിഷൻ സ്കൂളിൽ പഠിക്കാനുള്ള കല്പന ഇറങ്ങുന്നു. ഇതേ കാൾസ്റ്റോൺ തന്നെയാണ് പാലക്കാടിന് അടുത്ത് മേൽജാതിക്കാരുടെ ദൃഷ്ടിപഥത്തിൽ പോലും വരാൻ വിലക്കുണ്ടായിരുന്ന നായാടികൾക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തിക്കൊണ്ട് പോലീസുകാരെയും കൂട്ടി അവർക്ക് അകമ്പടി പോയത്. നവോത്ഥാനചരിത്രം ഇത്തരം അപ്രതീക്ഷിത മുഹൂർത്തങ്ങളിലൂടെയാണ് സമത്വമെന്ന ആദർശത്തെ സാക്ഷാത്കരിച്ചത്. അതിൽ കൊളോണിയൽ അധികാരികളിൽ ചിലരും സഹകരിച്ചു. ആനന്ദതീർത്ഥരുടെ വിഘടിതമായ ഓർമ്മകൾ ലിഖിതചരിത്രത്തിന്റെ വിമർശനവും ഉൾക്കൊള്ളുന്നു.
കേരളത്തിന്റെ നവോത്ഥാന ചരിത്രം തിരുവിതാംകൂറിലെ ജാതിവിരുദ്ധപ്രസ്ഥാനങ്ങളെയാണ് എന്നും പ്രാമുഖ്യത്തോടെ അടയാളപ്പെടുത്തിയിട്ടുള്ളത്. വടക്കെ മലബാറിൽ വാഗ്ഭടാനന്ദന് സിദ്ധിച്ച പ്രസിദ്ധിക്ക് പിറകിൽ ആത്മവിദ്യാസംഘമെന്ന സംഘടനയുടെ പ്രവർത്തനമുണ്ടായിരുന്നു. ആനന്ദതീർത്ഥർ സംഘടനകൾക്ക് നേതൃത്വം നൽകിയില്ല. അദ്ദേഹത്തിന്റെ പ്രവർത്തനരീതി ഒറ്റയാന്റേതായിരുന്നു. പയ്യന്നൂരിൽ താൻ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയം കേന്ദ്രീകരിച്ചുകൊണ്ടുമാത്രമാണ് അദ്ദേഹം പ്രവർത്തിച്ചത്. നോവലിലെ സംഭവവിവരണങ്ങളിൽ അദ്ദേഹത്തിന്റെ മേധാശക്തിയും ദൃഢനിശ്ചയവും പ്രതിഫലിക്കുന്നു. തന്റെ ഉൾപ്രേരണകളിൽ നിന്ന് ഊർജ്ജം നേടിയിട്ടാണ് അദ്ദേഹം തീരുമാനങ്ങൾ എടുത്തത്. ശബരി ആശ്രമത്തിൽ കഴിയുമ്പോൾ ഒരു ദിവസം അവിടെ നിന്ന് ഇറങ്ങി തലശ്ശേരിയിലെ വീട്ടിൽ വരുന്നു. സബർമതി വരെ കാൽനടയായി യാത്ര ചെയ്ത് ഗാന്ധിയെ നേരിൽ കാണാനുള്ള തീരുമാനം അദ്ദേഹം എടുത്തുകഴിഞ്ഞിരുന്നു. ഇത്തരം യാത്രകൾ തന്റെ ചോദ്യങ്ങൾക്ക് സ്വയം ഉത്തരം തേടാനുള്ളതാണെന്ന് അദ്ദേഹം വിശ്വസിച്ചു. അത് അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ വിശാലമാക്കുന്നുണ്ട്. ബ്രിട്ടീഷ് വാഴ്ചക്കെതിരെ നടക്കുന്ന സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ അയിത്തോച്ചാടന പ്രത്യയശാസ്ത്രത്തിന്റെ പങ്കിനെപ്പറ്റി അദ്ദേഹത്തിനുള്ളത് പോലെ മറ്റുള്ള സമൂഹപരിഷ്ക്കർത്താക്കൾക്ക് ദൃഢവിശ്വാസമുണ്ടായിരുന്നില്ല. രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ച് എഴുപത് കൊല്ലങ്ങൾക്ക് ശേഷവും നമ്മുടെ സമൂഹത്തിൽ ജാതിപ്പിശാചിന്റെ സാന്നിധ്യം തുടരുന്നു എന്നതിൽ നിന്ന് ആനന്ദതീർത്ഥരുടെ ജാതിവിരുദ്ധ പ്രക്ഷോഭത്തിന്റെ പിറകിലെ ദീർഘദൃഷ്ടി നമുക്ക് തിരിച്ചറിയാം. ഈ കൃതിയിലൂടെ കടന്നുപോകുമ്പോൾ കലാപകലുഷിതമായ ഒരു കാലഘട്ടത്തിന്റെ നെഞ്ചിടിപ്പുകൾ നാം കേൾക്കുന്നു. കാലത്തിന് മുന്നേ നടന്ന ആനന്ദതീർത്ഥരെ ശിഷ്യനായി സ്വീകരിച്ച് യാത്രയാക്കുമ്പോൾ നാരായണ ഗുരു പറഞ്ഞ വാക്കുകൾ സ്വാമിയുടെ ജീവിതത്തെ എങ്ങനെ നിർവ്വചിച്ചു എന്ന് നാം തിരിച്ചറിയുന്നു: ‘ധാരാളം ജോലി ചെയ്ത് തീർക്കാനുണ്ടല്ലോ. ധീരമായ് പോയ്ക്കോളൂ’. ആനന്ദതീർത്ഥർ കേരള സമൂഹത്തിന്റെ നവോത്ഥാന ചരിത്രത്തിലെ പ്രകാശഗോപുരമാണ്. ഇനിയും പൂർത്തീകരിക്കാത്ത സാമൂഹ്യവിപ്ലവത്തിന്റെ പാതയിലൂടെ മുന്നേറുന്നവർക്ക് ഈ നോവൽ ഒരു പാഠപുസ്തകമാവട്ടെയെന്ന് ആശംസിക്കുന്നു.
ഡോ. ഇ.വി. രാമകൃഷ്ണൻ
9427519004






