യോഗത്തെ ശിഥിലമാക്കാന്‍ ആരെയും അനുവദിക്കില്ല

വൈക്കം: ലോകത്ത് എവിടെയെല്ലാം ഈഴവനും തീയ്യനുമുണ്ടോ അവിടെല്ലാം ഇന്ന് എസ്.എന്‍.ഡി.പി യോഗത്തിന്റെ ശക്തമായ പ്രവര്‍ത്തനമുണ്ടെന്ന് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വൈക്കം, തലയോലപ്പറമ്പ് യൂണിയനുകളുടെ ശാഖാ നേതൃസംഗമത്തില്‍ സംഘടനാ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ട് മുന്‍പ് യോഗത്തിന്റെ ഇപ്പോഴത്തെ നേതൃത്വം ചുമതലയേല്‍ക്കുമ്പോള്‍ നിര്‍ജീവമായിരുന്നു ഭൂരിപക്ഷം യൂണിയനുകളും ശാഖകളും.
പുതിയ യോഗനേതൃത്വം പ്രഥമപരിഗണന നല്‍കിയത് യോഗത്തെ സജീവമാക്കുക എന്നതിനായിരുന്നു. ആദ്യ പത്ത് വര്‍ഷത്തിനുള്ളില്‍ തന്നെ അത് യാഥാര്‍ത്ഥ്യമായി. പിന്നീടങ്ങോട്ട് സമുദായത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കാണ് നാട് സാക്ഷ്യം വഹിച്ചത്. ഇന്നും തുടരുന്ന ആ വളര്‍ച്ചയുടെ ഗ്രാഫ് ഇവിടെ പലരുടെയും ഉറക്കം കെടുത്തുന്നു. അതാണ് യോഗം ജനറല്‍ സെക്രട്ടറിയെ വളഞ്ഞിട്ടാക്രമിക്കുന്നതിന് പിന്നിലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

പ്രസ്ഥാനത്തിനുള്ളിലെ ചില കുലംകുത്തികളെ യോഗത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ അത്തരക്കാര്‍ ആയുധമാക്കി. മജിസ്‌ട്രേട്ട് കോടതി മുതല്‍ സുപ്രീംകോടതി വരെ ആയിരത്തിലധികം കേസുകളാണ് യോഗനേതൃത്വത്തിനെതിരെ ഇവര്‍ കൊടുത്തത്.
എസ്.എന്‍.ഡി.പി യോഗത്തെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പോലും സുപ്രീംകോടതി വരെ കേസുകള്‍ എത്തി. പക്ഷേ ഒന്നില്‍ പോലും യോഗനേതൃത്വത്തിന് എതിരായ ഒരു വിധിയോ പരാമര്‍ശമോ ഉണ്ടായില്ല. ഇത്തരം കേസുകളിലും അന്വേഷണങ്ങളിലുമൊന്നും യോഗനേതൃത്വം പതറിയിട്ടില്ല. യോഗത്തിന്റെ ശക്തി ക്ഷയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ജനറല്‍ സെക്രട്ടറി മുതല്‍ ശാഖാ പ്രവര്‍ത്തകര്‍ വരെ ഒറ്റക്കെട്ടായി നേരിട്ടെന്നും, യോഗം എന്ന മഹാപ്രസ്ഥാനത്തെ ശിഥിലമാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Author

54 Views
Scroll to top
Close
Browse Categories