അനീതിക്കെതിരെ രണ്ടാം സര്‍വമത സമ്മേളനം വിളിച്ചുകൂട്ടേണ്ട അവസ്ഥ

ചേര്‍ത്തല : മതശക്തികളുടെ അനീതിക്കെതിരെ രണ്ടാം മഹാസര്‍വമത സമ്മേളനം വിളിച്ചുകൂട്ടി സത്യാവസ്ഥ ജനങ്ങളെ തുറന്നുകാണിക്കേണ്ട അവസ്ഥാ വിശേഷം നിലനില്‍ക്കുന്നതായി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.
എസ്.എന്‍. കോളേജ് ഓഡിറ്റോറിയത്തില്‍ എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ, കണിച്ചുകുളങ്ങര യൂണിയനുകളിലെ ശാഖാ നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കന്യാസ്ത്രീ വിഷയത്തില്‍ നാടാകെ സര്‍വമത സമ്മേളനങ്ങള്‍ നടക്കുകയാണ്. ഗുരുവാണ് ആദ്യം ആലുവ അദ്വൈതാശ്രമത്തില്‍ മഹാസര്‍വമത സമ്മേളനം സംഘടിപ്പിച്ചത്. ആലുവയില്‍ ഗുരു എന്തിനാണ് സര്‍വമത സമ്മേളനം വിളിച്ചു ചേര്‍ത്തതെന്ന് എത്ര പേര്‍ക്ക് അറിയാം. അതിന് ചരിത്രം പഠിക്കേണ്ട. മാപ്പിള ലഹളക്കാലത്ത് അവിടെ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്ത് നടത്തിയ ക്രൂരമായ പീഡനത്തിന്റെ, ദുരന്തത്തിന്റെ കഥയറിഞ്ഞുകൊണ്ട് അതിന്റെ സത്യാവസ്ഥ അറിയാന്‍ മഹാകവി കുമാരനാശാനെ ഗുരു അവിടേക്ക് പറഞ്ഞയച്ചു. അവിടെ പോയി കാണാനിടയായ സത്യങ്ങളെല്ലാം കുമാരനാശാന്‍ തിരികെ വന്ന് ഗുരുവിനോട് പറഞ്ഞു. ആ സത്യങ്ങളെല്ലാം കുമാരനാശാന്‍ ദുരവസ്ഥയിലെഴുതി വച്ചിട്ടുണ്ട്. ‘ദുഷ്ടമുഹമ്മദ രാക്ഷസന്‍മാരെന്ന്’ ദുരവസ്ഥയില്‍ കുമാരനാശാന്‍ എഴുതിയ വരികള്‍ വായിക്കണം. ദുരവസ്ഥയെഴുതാന്‍ പ്രേരകശക്തിയായത് മതപരിവര്‍ത്തനമല്ലേ. പീഡനം, കൊല എല്ലാം മാപ്പിള ലഹളയിലുണ്ടായില്ലേ. ഞാന്‍ പഠിക്കുന്ന കാലത്ത് ടിപ്പുവിന്റെ പടയോട്ടമെന്ന് പറഞ്ഞാല്‍ ക്ഷേത്രങ്ങള്‍ കയറി കൊള്ള ചെയ്യുന്നതും തകര്‍ക്കുന്നതുമായിരുന്നു. ഇപ്പോള്‍ ടിപ്പുവാരാണ്, സ്വാതന്ത്ര്യസമര സേനാനി. അങ്ങനെ ചരിത്രത്തെപ്പോലും മാറ്റിയെഴുതി. അവര്‍ക്കെന്തുമാകാം. അവര്‍ വോട്ടുബാങ്കാണ്. അവര്‍ ചെയ്യുന്ന കൊള്ളരുതായ്മകള്‍ പറയാനാരുമില്ല. സത്യത്തില്‍ ആലുവയില്‍ ഗുരുദേവന്‍ നടത്തിയതുപോലെ ഒരു രണ്ടാം സര്‍വമത സമ്മേളനം നടത്തേണ്ട കാലഘട്ടമാണ്.
മസില്‍ പവറും മണിപവറുമുപയോഗിച്ച് അന്ന് ഇവിടുത്തെ പിന്നാക്കക്കാരനെയും സവര്‍ണനെയും അടിച്ചമര്‍ത്തുകയായിരുന്നെങ്കില്‍ ഇന്ന് ജനാധിപത്യത്തിന്റെയും ഭരണാധിപത്യത്തിന്റെയും സര്‍വസന്നാഹങ്ങളുമുപയോഗിച്ച് എന്തും ചെയ്യാന്‍ മടിയില്ലാത്തവരായി മാറിക്കഴിഞ്ഞു. പിന്നാക്ക അധസ്ഥിത വര്‍ഗങ്ങളെ അടിച്ചമര്‍ത്തക്കൊണ്ട് രാജ്യഭരണത്തെ ഹൈജാക്ക് ചെയ്യുവാനാണ് ശ്രമിക്കുന്നത്. ഭരണത്തിന്റെ എല്ലാസൗകര്യങ്ങളും ഉപയോഗപ്പെടുത്തി മതാധിപത്യത്തിലേക്ക് കാര്യങ്ങള്‍ പോകുമ്പോള്‍ അതിനെപ്പറ്റി ചിന്തിക്കാനും പറയാനും സംഘടനാപരമായി നേരിടാനും രണ്ടാമതായി ഒരു സര്‍വമത സമ്മേളനം നടത്തിയേ മതിയാകൂ. കണ്ടാലും കൊണ്ടാലും മനസ്സിലാക്കാത്തവരാകരുത് നമ്മള്‍. തൊഴുന്തോറും തൊഴിക്കുകയും തൊഴിക്കുന്തോറും തൊഴുകയും ചെയ്യുന്നവരായി നമ്മള്‍ മാറരുത്. വിദ്യാഭ്യാസ രംഗത്തും സാമ്പത്തിക രംഗത്തും തൊഴില്‍ മേഖലയിലുമെല്ലാം നമുക്ക് സാമൂഹ്യനീതി ലഭിക്കണം. അതിന് സംഘടിത ശക്തിയായി നാം മാറണം-വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാവിശദീകരണം നടത്തി. യോഗം കൗണ്‍സിലറും കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ഇന്‍ചാര്‍ജുമായ പി.എസ്.എന്‍. ബാബു സ്വാഗതം പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ പ്രസിഡന്റ് വി.എം. പുരുഷോത്തമന്‍, അമ്പലപ്പുഴ യൂണിയന്‍ പ്രസിഡന്റ് പി. ഹരിദാസ്, സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍, വൈസ്പ്രസിഡന്റ് പി. രഘുനാഥ്, ഡയറക്ടര്‍ ബോര്‍ഡംഗം എം.കെ. രംഗരാജന്‍, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ കെ.കെ. പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.






