യോഗം മുന്നോട്ട് വയ്ക്കുന്നത് സാമൂഹ്യനീതിയെന്ന വലിയ മുദ്രാവാക്യം: തുഷാര്‍ വെള്ളാപ്പള്ളി

കുട്ടനാട്, കുട്ടനാട് സൗത്ത്, മാന്നാര്‍ യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടന്ന എസ്.എന്‍.ഡി.പി യോഗം ശാഖാ നേതൃത്വ സംഗമത്തില്‍ പങ്കെടുക്കുവാനെത്തിയവര്‍.

കുട്ടനാട്: എസ്.എന്‍.ഡി.പി യോഗം ഒരു സമുദായത്തിനും രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ലെന്നും സാമൂഹ്യനീതിയെന്ന വലിയ മുദ്രാവാക്യമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എടത്വാ സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന കുട്ടനാട്, കുട്ടുനാട് സൗത്ത്, മാന്നാര്‍ യൂണിയനുകളുടെ കീഴിലുള്ള ശാഖാ നേതൃസംഗമ സമ്മേളനത്തില്‍ സംഘടനാ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടിത സമുദായങ്ങളുടെ കൈകളിലാണ്. അതിന്റെ നാലിലൊരു ശതമാനം സ്ഥാപനങ്ങള്‍ പോലും യോഗത്തിനില്ല. ഇനിയും നാം സംഘടിച്ചില്ലെങ്കില്‍ ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ പത്തിരട്ടിയായിരിക്കും വരാന്‍ പോകുന്ന തലമുറ അനുഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി യോഗത്തെ പോലെ ജനാധിപത്യ രൂപത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്ന മറ്റൊരു സംഘടനയും കേരളത്തിലോ ഇന്ത്യയിലോ ഇല്ല. പ്രാതിനിധ്യ വോട്ടവകാശം ഇന്നലെ ജനറല്‍ സെക്രട്ടറി ഉണ്ടാക്കിയതല്ല. ശാഖകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന നേതാക്കളെയാണ് യൂണിയനിലേക്കും യോഗത്തിലേക്കും തിരഞ്ഞെടുക്കുക. ഗുരുവും അദ്ദേഹത്തിന്റെ ശിഷ്യന്മാരായ സന്യാസികളും നടത്തിയിട്ടുള്ള എല്ലാ ക്ഷേത്രപ്രതിഷ്ഠകളും ഹിന്ദുആചാരപ്രകാരം തന്നെയാണ്. ഗുരുവിനെ പലരും സാമൂഹ്യ പരിഷ്‌കര്‍ത്താവ്, വിപ്ലവകാരി എന്നൊക്കെയാണ് വിശേഷിപ്പിക്കുക. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള പുസ്തകങ്ങളില്‍ എഴുതിവെച്ചിട്ടുള്ള ക്രിസ്തുവിനേയും നബിയേയും ദൈവമായി ആരാധിക്കാമെങ്കില്‍ നമ്മുടെയൊക്കെ കണ്‍മുന്നില്‍ കണ്ട ഗുരുവിനെ ദൈവമായി ആരാധിക്കുവാന്‍ എന്തുകൊണ്ട് സാധിച്ചുകൂടെന്നും അദ്ദേഹം ചോദിച്ചു.

മുന്‍കാലങ്ങളില്‍ എസ്.എന്‍.ഡി.പി യോഗം ത്രീടയര്‍ മാതൃകയിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്നത് ഫൈവ് ടയര്‍ മാതൃകയിലാണ്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് 3000ത്തോളം ശാഖകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് 7000ത്തോളമായി. യോഗം അതിന്റെ വളര്‍ച്ചയുടെ ഏറ്റവും വലിയ ഘട്ടത്തിലൂടെയാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Author

154 Views
Scroll to top
Close
Browse Categories