ഗുരുവിന്റെ സാരള്യം:പൂവിൽ കാറ്റു വന്നു തലോടുന്ന പോലെ
ഒരു വേദപഠന ക്ലാസ് നടത്തി പിൻവാങ്ങുകയായിരുന്നില്ല ഗുരു; തന്റെ ചിന്തകൾ ഒരു മുറിയിലിരുന്ന് മറ്റുള്ളവരെ വെറുതെ കേൾപ്പിക്കുന്നതിൽ ഒതുങ്ങുകയായിരുന്നില്ല ഗുരു. ഗുരു കേവലം മതപണ്ഡിതനോ, ഉപനിഷത് വ്യാഖ്യാതാവോ ആയിരിക്കുന്നതുകൊണ്ടല്ല മലയാളികൾ പതിറ്റാണ്ടുകളായി പിന്തുടരുന്നത്.ഗുരുവിന്റെ അലൗകിക ശക്തി എന്നു പറയുന്നത് ബ്രഹ്മലീനമായ സഹവർത്തിത്വമാണ്. മറ്റുള്ളവരോടൊപ്പം സഞ്ചരിക്കുന്നതിലുള്ള സുഖം അവിടെ പ്രധാനമാണ്.

ഗുരുവിനെ ഒരു വേദാന്തിയായി മാത്രം കാണുന്നവരുണ്ട് .അവർ പറയുന്നത് സാമൂഹ്യ നവോത്ഥാന പ്രവർത്തനത്തിലുള്ള ഗുരുവിന്റെ പങ്കിനെക്കുറിച്ച് അധികമൊന്നും പറയേണ്ടന്നാണ്. അവരുടെ ഏറ്റവും വലിയ വേദന മറ്റു സമുദായങ്ങളിൽപ്പെട്ട വേദാന്തികളല്ലാത്ത നവോത്ഥാന നേതാക്കളുടെ പേരിനൊപ്പം ഗുരുവിന്റെ പേര് ചേർക്കുന്നതാണ്. അവർ സ്ഥാപിക്കാൻ ശ്രമിക്കുന്നത് , ജീവിതകാലമത്രയും ഗുരു ആത്മീയ, വൈദിക കൃതികൾ എഴുതുകയും അതിനെക്കുറിച്ച് മാത്രം ചർച്ചകളിലേർപ്പെടുകയും ചെയ്തു കഴിഞ്ഞു പോന്നു എന്നാണ്. ‘ആത്മോപദേശശതകം’,’ദർശനമാല’ തുടങ്ങിയ കൃതികൾ എഴുതാനും അത് പ്രചരിപ്പിക്കാനും ഗുരു അമിതമായി യത്നിച്ചു എന്ന തെറ്റായ ഒരു സമീപനം അവർ പുലർത്തുന്നുണ്ടോ എന്ന് സംശയമുണ്ട്.
ഗുരുവിന്റെ കൃതികൾ വായിച്ചാൽ മതി ,അതിനെക്കുറിച്ച് വ്യാഖ്യാനമെഴുതിയാൽ മതി ,മറ്റൊന്നും അന്വേഷിക്കേണ്ട എന്ന ചിന്താരീതി ഒരു ന്യൂനപക്ഷം കൊണ്ടുനടക്കുന്നുണ്ട്. നിത്യചൈതന്യയതിയും മറ്റും ഗുരുവിനെ വേദാന്തിയായി കാണുന്നതിൽ മാത്രമാണ് ശ്രദ്ധിച്ചത്. ഇത് സമഗ്രമായ വീക്ഷണമല്ല. എന്നാൽ കുമാരനാശാൻ ഗുരുവിനെ വേദാന്തിയുടെ വ്യവഹാരത്തിൽ തളച്ചിടുന്നതിനു പകരം പതിതരുടെ സർവതലസ്പർശിയായ ക്ഷേമത്തിനുവേണ്ടി സർവ്വവും ത്യജിച്ച മഹാമനീഷി – അപൂർവസന്യാസിയായാണ് വിലയിരുത്തുന്നത്. ആശാന്റെ ‘ഗുരുസ്തവ’ത്തിലെ വരികൾ ഇത് സൂചിപ്പിക്കുന്നുണ്ട്.
“അന്യർക്ക് ഗുണം ചെയ് വതിനായുസ്സുവപുസ്സും
ധന്യത്വമോടങ്ങാത്മതപസ്സും ബലി ചെയ് വുസന്യാസികളില്ലിങ്ങനെയില്ലില്ലിമയന്നോർ
വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂർത്തേ “
ഗുരുവിനെ അടുത്തുനിന്ന് കണ്ട ആശാൻ പറയുന്നതാണിതെന്നോർക്കണം. ആശാനു ബോധ്യപ്പെട്ടതാണിത്. ഇങ്ങനെയൊരു സന്യാസി വേറെയില്ല എന്ന് സ്പഷ്ടമായി പറഞ്ഞിരിക്കുന്നു.വേദാന്തപ്രഭാഷണവും വ്യാഖ്യാനവും ചെയ്തു സൃഷ്ടിച്ചതല്ല ഗുരുദേവന്റെ ലോകം .അത് ഒരു മഹാവിജയമാണ്. അത് കേരളക്കരയുടെ ,മലയാളിജീവിതത്തിന്റെ വിജയമാണ്. അത് ഒരു ഉണർത്താണ്. സ്വയം ഉണർത്തുക മാത്രമല്ല ,അന്യരെ ഉണർത്തുകയുമായിരുന്നു. അന്യർക്ക് ഗുണം ചെയ്ത ഗുരുവിനെ ഓർക്കണം. അതിനായി ആയുസ്സ് നീക്കിവെച്ചു; ആത്മതപസ്സ് ബലി ചെയ്തു. ഒരു സാധാരണ സന്യാസിയെ പോലെ വ്യക്തിപരമായ മോക്ഷം തേടാൻ പോയില്ല. താൻ അറിഞ്ഞത് മറ്റുള്ളവർക്ക് പ്രയോജനപ്പെടാൻ വേണ്ടി എല്ലാം ത്യജിച്ച് അലയുകയും പരോപകാരപ്രദമായ കർമ്മങ്ങളെ വിവിധ കോണുകളിൽ നിന്ന് സംയോജിപ്പിക്കുകയുമാണ് ഗുരു ചെയ്തത്.

ബ്രഹ്മലീനമായ സഹവർത്തിത്വം
ആത്മീയപ്രഭാവത്തോടെ അന്യരെ സേവിക്കുകയും സ്വയം ത്യജിക്കുകയും അതിൽ ധന്യത നേടുകയുമായിരുന്നു. ഈ അതുല്യതയാണ് ഗുരുവിലേക്ക് എല്ലാവരെയും ആകർഷിക്കുന്നത് .ഒരു വേദപഠന ക്ലാസ് നടത്തി പിൻവാങ്ങുകയായിരുന്നില്ല ഗുരു; തന്റെ ചിന്തകൾ ഒരു മുറിയിലിരുന്ന് മറ്റുള്ളവരെ വെറുതെ കേൾപ്പിക്കുന്നതിൽ ഒതുങ്ങുകയായിരുന്നില്ല ഗുരു. ഗുരു കേവലം മതപണ്ഡിതനോ, ഉപനിഷത് വ്യാഖ്യാതാവോ ആയിരിക്കുന്നതുകൊണ്ടല്ല മലയാളികൾ പതിറ്റാണ്ടുകളായി പിന്തുടരുന്നത്.ഗുരുവിന്റെ അലൗകിക ശക്തി എന്നു പറയുന്നത് ബ്രഹ്മലീനമായ സഹവർത്തിത്വമാണ്. മറ്റുള്ളവരോടൊപ്പം സഞ്ചരിക്കുന്നതിലുള്ള സുഖം അവിടെ പ്രധാനമാണ്. ഏകാന്തധ്യാനത്തിന്റെ സുഖം വ്യക്തിപരമാണെങ്കിൽ ,ബ്രഹ്മലീനമായ സഹവർത്തിത്വം ലൗകികാതീതമായ പ്രശാന്തിയാണ് നല്കുന്നത്. ആ കൂടിച്ചേരൽ അപാരമായ ഏതോ നിയോഗമാണ് .സാത്വികമായി , സാരപ്രധാനമായ തലങ്ങളിൽ മനുഷ്യർക്ക് തമ്മിൽ ചേരാം എന്ന ദർശനമാണ് ഗുരു നൽകുന്നത്. ഈ ബ്രഹ്മലീനമായ സഹവർത്തിത്വത്തിന്റെ സ്വാധീനശക്തി കൊണ്ടാണ് മഹാനായ കവി കുമാരനാശാൻ ഉള്ളുലഞ്ഞ് ,സ്വയം മറന്ന് പാടുന്നത്.
ഗുരു സ്വാനുഭവങ്ങളുടെ വഴിയിലല്ല ജീവിച്ചത് .അന്യർക്ക് ഗുണം ചെയ്യുവാൻ ആയുസ്സും ശരീരവും നീക്കിവെച്ച ഏറ്റവും അപൂർവ സന്യാസിയാണെന്ന് നാം കണ്ടു; മറ്റൊന്നു കൂടിയുണ്ട് .അപരജീവിതങ്ങളെ സേവിച്ചുകൊണ്ട് ആശ്ളേഷിക്കുക. ഈ വരികളിൽ ആ ആശ്ളേഷം അനുഭവിക്കാം:
“മോഹാകുലരാം ഞങ്ങളെ അങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം പാശമതിൽ കെട്ടിയിഴപ്പൂ.”
ലൗകികജീവികളായ നമുക്ക് ദുഃഖങ്ങളിൽ നിന്നൊഴിഞ്ഞ നേരമില്ല. നമ്മുടെ ശരീരം എപ്പോഴും നശിക്കുകയാണ്; രോഗങ്ങളാണ് അവിടെ തിങ്ങിപ്പാർക്കുന്നത്. വൈകാരികമായ സന്തോഷമേയുള്ളൂ. അതാകട്ടെ നൈമിഷികമാണ്. അതുകൊണ്ട് നമ്മൾ മോഹാകുലരാണ്. മോഹങ്ങൾ കൊണ്ട് മുറിവേൽക്കുന്നവരാണ് മനുഷ്യർ. മോഹത്തിൽ ദുഃഖിതരായ മനുഷ്യർ ഗുരുവിനെ ആരാധിക്കുന്നു. എന്തുകൊണ്ട് ?ആരെങ്കിലും പറഞ്ഞിട്ടോ പ്രേരിപ്പിച്ചിട്ടോ അല്ല. സ്വാഭാവികമായ ഒരു ബന്ധം ഉണ്ടായിരിക്കുന്നു. സ്നേഹാത്മകമായ പാശത്തെക്കുറിച്ച് അറിയണം. അത് മാനുഷികമായി സത്യത്തെ പ്രസരിപ്പിക്കുന്ന ബന്ധമാണ്. സ്നേഹം നമ്മെയെല്ലാം ബന്ധിക്കുന്ന ഒരു ചരടാണ് .അതറിയണമെങ്കിൽ സ്നേഹിക്കണം. സ്വാർത്ഥരായവർക്ക് സ്നേഹിക്കാനാകില്ല. എന്നാൽ ഗുരുവിന്റെ നിറഞ്ഞ സ്നേഹത്തിന്റെ ചരട് സഹജീവികളെയെല്ലാം ബന്ധിച്ചിരിക്കുകയാണ്.അതിൽ നിന്ന് നമുക്ക് മോചനമില്ല. സ്വാനുഭവത്തിലാണ് കുമാരനാശാൻ ഇത് പറയുന്നത് .ദൂരെയിരുന്ന് പ്രഭാഷണം ചെയ്യുകയോ സൂക്തങ്ങൾ ഉരുവിട്ട് അർത്ഥം പറയുകയോ ചെയ്യുന്നവരുടെ ഗണത്തിലല്ല ഗുരു.

ഗുരുവിന്റെ
സാമൂഹികജീവിതത്തെ തമസ്കരിക്കരുത്
ഗുരു ഒരു ആശയസ്പന്ദമാണ്. അവിടെച്ചെന്നാൽ സ്നേഹത്തിന്റെ പരമമായ പ്രപഞ്ചം സ്പന്ദിക്കുന്നതറിയാം .ഗുരുവിൽ അറിവുകളും അനുഭൂതികളും വിലയും പ്രാപിക്കുന്നു. ഇതാണ് ബ്രഹ്മലീനമായ സഹവർത്തിത്വം. പ്രാപഞ്ചികമായ പൊരുളായി സ്നേഹത്തെ അറിഞ്ഞ ഗുരു അത് എല്ലാ മനുഷ്യരിലും ഇതര ജീവികളിലും കണ്ടെത്തി തന്നിലേക്ക് അടുപ്പിക്കുന്നു.സ്വന്തം ശരീരത്തെ ഗൗനിക്കാതെ നന്മകളിലേക്ക് കുതിച്ചിറങ്ങുന്ന മനസ്സായിരുന്നു അത്.
അതുകൊണ്ട് ഗുരുവിനെ വേദാന്തിയുടെ വ്യാഖ്യാതാവും ബ്രഹ്മവിദ്യയുടെ ആചാര്യനുമാക്കുന്നവർ ഈ മാനം കാണുന്നില്ല. ഗുരു ഒറ്റയ്ക്ക് നടക്കുകയായിരുന്നില്ല. ഗുരുവിനൊപ്പം സമൂഹവും സഞ്ചരിച്ചു. ഇതുപോലെ എത്ര സന്യാസികളുണ്ട്! ഇല്ല ,വേറൊരു സന്യാസിയില്ല. ആശാൻ അത് കണ്ടറിഞ്ഞതാണ്. അവനവനെ വേണ്ടെന്നുവച്ചയാൾക്ക് മാത്രമേ ഇതുപോലെ ബ്രഹ്മലീനമായ സഹവർത്തിത്വത്തിലെത്തിച്ചേരാവുകയുള്ളൂ .വേദവിദ്യ പഠിക്കുന്നവർക്ക് വേണ്ടിയല്ല ഗുരുവിന്റെ പദ്ധതികൾ. മനുഷ്യർക്കിടയിൽ ഭേദമില്ല എന്ന ശാശ്വതമായ അറിവ് പ്രത്യക്ഷത്തിൽ കാണുന്നതിനാണ് ശ്രമിച്ചത് .നാം തമ്മിൽ അകലുന്നത് അവിവേകമാണ് ;അത് അന്ധതമസ്സാണ്.അറിവില്ലാത്തതുകൊണ്ടാണ് വ്യത്യസ്ത ജാതികളും മതങ്ങളും മനുഷ്യരെ ഭിന്നിപ്പിക്കാനുള്ളതാണെന്നു വിചാരിക്കുന്നത്. ഈ അവിദ്യ നശിക്കണം. അതിനു പ്രസംഗിച്ചാൽ മാത്രം പോരാ, പ്രവർത്തിക്കണം. ആളുകളെ ബോധ്യപ്പെടുത്തണം. ഒരു സന്യാസിയും പറയാത്ത രീതിയിൽ ഗുരു അത് പറഞ്ഞത് ഇങ്ങനെയാണ്:
” ഇപ്പോൾ കാണുന്ന മനുഷ്യനിർമ്മിതമായ ജാതി വിഭാഗങ്ങൾക്ക് യാതൊരു അർത്ഥവുമില്ല ;അനർത്ഥകമാണത്. അത് നശിക്കുക തന്നെ വേണം. മേൽജാതിയെന്നും കീഴ്ജാതിയെന്നുമുള്ള വിചാരം തന്നെ ഇല്ലാതാകണം. നമ്മിൽ നിന്നും ഈ വിചാരം വിട്ടു പോയിട്ട് വളരെക്കാലമായി. സമുദായസംഗതികൾ മതത്തിനോ മതം സാമുദായികസംഗതികൾക്കോ കീഴടങ്ങിയിരിക്കുന്നത് തെറ്റാണ്.സാമുദായികസംഗതികൾക്കും മതത്തിനും തമ്മിൽ ബന്ധമൊന്നും പാടില്ല. മതം മനസ്സിന്റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്. പലതരക്കാരായ മനുഷ്യരുണ്ടല്ലോ. അവരിൽ ഓരോരുത്തരുടെയും മനസ്സിന്റെ ഗതിക്കും വളർച്ചയ്ക്കും അനുസരിച്ച് ഭിന്നമതങ്ങൾ കൂടിയേതീരൂ. എല്ലാവർക്കും സ്വീകാര്യമായ ഒരൊറ്റ മതം ഉണ്ടാകാൻ പ്രയാസമാണ്. എന്റെ മതം സത്യം മറ്റുള്ളതെല്ലാം അസത്യം എന്നാരും പറയരുത് .സകല മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും സദുദ്ദേശത്തോടുകൂടിയാണ്. ഇപ്പോൾ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്ക് പ്രത്യേകമായി യാതൊരു ബന്ധവുമില്ല. നാമായിട്ട് ഒരു പ്രത്യേക മതം സ്ഥാപിച്ചിട്ടില്ല.എല്ലാ മതങ്ങളും നമുക്ക് സമ്മതവുമാണ്. ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള മതം ആചരിച്ചാൽ മതി. നാം ചില ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളിൽ ചിലരുടെ ആഗ്രഹമനുസരിച്ചാണ് .ഇതുപോലെ ക്രിസ്ത്യാനികൾ ,മുഹമ്മദീയൻ മുതലായ മറ്റു മതക്കാരും ആഗ്രഹിക്കുന്ന പക്ഷം അവർക്കായും വേണ്ടത് ചെയ്യുവാൻ നമുക്ക് എപ്പോഴും സന്തോഷമാണുള്ളത്. ഞാൻ ജാതി മതങ്ങൾ വിട്ടിരിക്കുന്നു എന്ന് പറയുന്നതിന് യാതൊരു ജാതിയോടും മതത്തിനോടും നമുക്ക് പ്രത്യേക മമത ഇല്ലെന്ന് മാത്രമേ അർത്ഥമുള്ളൂ.”
ഗുരു പ്രവർത്തിച്ചു
കാണിച്ചു തന്നു
ഗുരുവിന്റെ ഈ വാക്കുകളിൽ മതങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് വളരെ സ്പഷ്ടമാണ് .ഗുരുവിന് മതങ്ങളോട് എതിർപ്പില്ല. ആളുകൾക്ക് അവരവരുടെ മതം തുടരാം. ജാതിയാണ് ദോഷകരം .സമുദായ സംഘടനകൾ മതത്തിൽ നിന്ന് വിട്ടു പ്രവർത്തിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത് .മതം മനസ്സമാധാനത്തിനു ഉതകുന്നതാകയാൽ അതിൽ അപാകതയില്ല. മനുഷ്യന്റെ മനസ്സിനനുസരിച്ച് അവനു വിശ്വാസം ആവശ്യമായിവരും .അതിനെ അടിച്ചമർത്തേണ്ടതില്ല. മതങ്ങൾ നല്ലതിനു വേണ്ടിയാണ് ഉണ്ടായത്. എന്നാൽ ഗുരു ലോകസാരം ഗ്രഹിച്ചതുകൊണ്ട് ഒരു മതവുമായും പ്രത്യേക ബന്ധമില്ല. ഗുരുവിനു മതമില്ല. അതിന്റെയർത്ഥം ഒരു സംഘടിത വിശ്വാസരീതിയിലോ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കൂട്ടം ചേരലിലോ താല്പര്യമില്ല എന്നാണ്. ഈ സത്യം ഗുരു ജീവിതത്തിലുടനീളം പറയുകയും അത് പ്രവർത്തിച്ചു കാണിക്കുകയും ചെയ്തു .വേറെ ഏത് സന്യാസിയാണ് ഇങ്ങനെ ചെയ്തത് ?
ഈ പ്രവർത്തനത്തിൽ അടങ്ങിയിരിക്കുന്നത് മനുഷ്യസേവയാണ്. ലോകം സമാധാനത്തോടെയിരിക്കാൻ വേണ്ടിയുള്ള മന:ശാസ്ത്രപരമായ ഒരു നീക്കമാണിത്. മതം കലഹിക്കാനുള്ളതാണെന്ന ചിന്ത തെറ്റാണെന്നു പറഞ്ഞതുകൊണ്ടാണ് ഗുരു സ്വീകാര്യനാകുന്നത്. മതമുള്ളവർക്ക് അവരുടെ മതം തുടരാം. എന്നാൽ മറ്റു മതത്തിൽപ്പെട്ടവരെ ദുഷിക്കാൻ പാടില്ല. അത് മതങ്ങളിലെ സത്യത്തെ അപകീർത്തിപ്പെടുത്തും. ഇവിടെ തെളിഞ്ഞുവരുന്നത് ,അന്തർലീനമായിരിക്കുന്നത് സ്നേഹാനുഭൂതിയാണ്. തന്നിൽതന്നെ ഒതുങ്ങാൻ വിസമ്മതിക്കുന്ന, ലോകാനുരാഗത്തോടെയിരിക്കാൻ താല്പര്യമുള്ള ഒരു സന്യാസിയുടെ സ്നേഹമന്ത്രമാണിത് .എല്ലാവരും ഒത്തുചേർന്ന്, ഒരു ലളിതമായ സമവാക്യത്തിലൂടെ ലോകത്തെ നന്നാക്കാൻ ശ്രമിക്കുമ്പോഴാണ് സ്നേഹം സരളമായ മരുന്നായി മാറുന്നത് .ഗുരുവിന്റെ അതുല്യമായ സ്നേഹത്തിന്റെ വേദാന്തമാണിത്. ഇതിനിടയിൽ വേദാന്തമുണ്ട് ,നിശ്ചയമായും .എന്നാൽ അത് കേവലം യുക്തിയോ ബുദ്ധിയോ കൊണ്ട് മാത്രം സമീപിക്കാവുന്ന ചിന്തയല്ല. മനുഷ്യഹൃദയങ്ങളുടെ ഇഴയടുപ്പത്തിലൂടെ ലോകത്തെ മാറ്റുവാൻ കഴിയണമെന്ന ഉറച്ച ബോധ്യത്തിലൂടെ, പ്രപഞ്ചസത്യത്തെ സേവനതത്പരരായ മനുഷ്യർക്ക് ബോധോദയം ഉണ്ടാകുന്നതിനു വേണ്ടി പരിചയപ്പെടുത്തുകയാണ് ഗുരു.
വെള്ളം കുടിച്ചാൽ ദാഹം മാറുമെന്നു പ്രസ്താവിച്ചാൽ ദാഹം മാറില്ല; വെള്ളം ആവശ്യക്കാർക്ക് കൊടുക്കാൻ തയ്യാറാകണം. അതാണ് ഇവിടെ കാണുന്നത്. ഇതുകൊണ്ടാണ് ഗുരുവിന്റെ പ്രസക്തി വർദ്ധിക്കുന്നത്. ഗുരുവിന്റെ ഈ വശം ശ്രദ്ധിക്കേണ്ടതില്ലെന്നും വേദാന്തകൃതികൾ വ്യാഖ്യാനിച്ചുകൊണ്ടിരുന്നാൽ മതിയെന്നുമുള്ള നിലപാട് ഈ കാലത്തിനു നിരക്കുന്നതല്ലെന്നു മാത്രമല്ല ,ഗുരുവിനോടുള്ള നിന്ദയുമാണ്
(തുടരും)






