ഗുരുവിന്റെ പ്രപഞ്ചലയപ്പൊരുളുകള്
മനുഷ്യ ജീവിതത്തിന്റെയും പ്രപഞ്ച വിസ്തൃതിയുടെയും അഗാധമായ പൊരുള്‍ തേടിയുള്ള അനന്തമായ യാത്രയാണ് ഗുരുവര്യന്റേത്. അഹന്തയും വേര്‍തിരിവുമൊക്കെ അഴിഞ്ഞകലുന്ന കാലികമായ ദര്‍ശനത്തിന്റെ അപൂര്‍വ സൗരഭ്യം. കായിക്കരയിലെ നിലയ്ക്കാത്ത കടലലകള്‍ പോലും അതില്‍ ധ്യാനപ്പെട്ടിട്ടുണ്ടാകാം. ആ മഹാഋഷിയുടെ മഹാതീര്‍ത്ഥാടനവും ദര്ശനഗീതികളുമൊക്കെ കണ്ണില്‍ നനവു പടര്‍ത്തുന്നതല്ലേ

ശ്രീനാരായണഗുരുവിനെക്കുറിച്ച് എന്താണ് ഇത്രയേറെ എഴുതി പ്രകീര്ത്തിക്കാനുള്ളത്? ഈ അതിസാങ്കേതിക കാലത്തിനൊക്കെ എത്രയോ അപ്പുറത്തായിരുന്നല്ലോ ഗുരുവിന്റെ കാലം… ? മനുഷ്യരല്ലേ, ഇങ്ങനെയൊക്കെ ചോദിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
ദൈവമഹിമയെക്കുറിച്ച് എന്തുകേട്ടാലും വ്യാകുലപ്പെടുന്നതും അസ്വസ്ഥപ്പെടുന്നതും ചില മനുഷ്യരുടെ പ്രകൃതമാണെന്ന് നമുക്ക് കരുതുകയേ നിവൃത്തിയുള്ളൂ. മുപ്പത്തിമുക്കോടി ഈശ്വരസങ്കല്പങ്ങളില് പോലും സന്ദേഹം ഉന്നയിക്കുന്നവരുടെ നാട്ടില്‍ തന്നെയാണല്ലോ ഗുരുവിന്റെ പിറവിയും….
ഗുരുവിന് മുന്‍പും പിന്‍പും ഒപ്പവും എത്രയോ ആചാര്യൻമാരും ഗുരുക്കൻമാരും ഈ ആര്‍ഷഭൂവില്‍ അവതരിച്ചിട്ടുണ്ടല്ലോ, നാരായണ ഗുരുവിനെ മാത്രം ഇങ്ങനെ വാഴ്ത്തുന്നതെന്തിന്… ? ഇത്തരം അര്ദ്ധോക്തിജ്വരത്തിനും ചികിത്സയില്ല എന്നറിയുക.
ഈ കാണായ പ്രപഞ്ചത്തിനും അതിനപ്പുറവും ഏതൊരു ഉണ്മയാണോ നിറഞ്ഞു വിളങ്ങി തെളിഞ്ഞു നില്‍ക്കുന്നത് അതു തന്നെയാണ് ശ്രീനാരായണ ഗുരു. ആരും തര്‍ക്കിക്കേണ്ട, നെറ്റി ചുളിക്കുകയും വേണ്ട… തര്‍ക്കമറ്റ പരം പൊരുളാണത്. ‘അകവും പുറവും തിങ്ങും മഹിമാ വാര്‍ന്ന നിന് പദം… ‘ എന്ന് ഗുരു ഏതൊന്നിനെ സ്തുതിച്ചോ, അതു തന്നെയാണ് മനുഷ്യകുലത്തിനാകെ സുഖം വരണമെന്ന് പ്രാര്‍ത്ഥിച്ച നാരായണ ഗുരു. തെളിയും തോറും തെളിഞ്ഞു വരാനിരിക്കുന്നതേയുള്ളൂ… എന്ന് പറയുന്നതു പോലെ, ചിന്തിക്കും തോറും പഠിക്കുന്തോറും വായിക്കുന്തോറും എഴുതുന്തോറും തിളക്കമേറി തെളിഞ്ഞു വരുന്ന കാലാതീതബോധ സത്തയാണ് ഗുരു.
ജീവിതത്തില്‍ പലപ്പോഴായി നാം സൃഷ്ടിച്ചു കൂട്ടിയ സകല കാര്ക്കശ്യതകളെയും വിടുമ്പോള്‍, ഉള്ളാഴങ്ങളില്‍ നിന്ന് തൈലധാര കണക്കെ തെളിഞ്ഞു വരേണ്ട മഹാ ജ്യോതിസ്സാണ് ഗുരു. ശുദ്ധമായ ബോധം ഉണര്ന്നവര്ക്കുള്ള ജ്ഞാനപാതയാണത്. മനുഷ്യരാകെ പുലര്‍ത്തിപ്പോരുന്ന സന്ദേഹങ്ങളൊക്കെ ചെന്നു തൊടുന്നത് ഗുരുവാണികളിലാണ്. മറ്റൊരര്‍ത്ഥത്തില്‍, ഗുരുവിന്റെ അരുളിലൊക്കെ മാനവസ്നേഹത്തിന്റെ കാരുണ്യമുണ്ട്. അനന്തകോടി ബ്രഹ്മാണ്ഡ ജ്യോതിസിന്റെ തേജോരൂപമായിരുന്നല്ലോ, ഗുരു. ശരീരവും മനസും ചിന്തയും ഏതൊരാളില്‍ ശിവനാമലയനാദമാകുമോ അവിടെ ഗുരുവരുള്‍ തെളിഞ്ഞുണരും.
നോക്കൂ….. ഗുരുവിന്റെ മൗനത്തില്‍ നിന്നോ പ്രാണപ്രകാശത്തില് നിന്നോ ജൻമാന്തര ചോദനകളിലെന്ന പോലെ കാരുണ്യത്തിലേക്ക്, മനുഷ്യനിലേക്ക്, ഇതര ജീവിവര്‍ഗത്തിലേക്ക്, സാമൂഹികതയിലേക്ക് ഗുരു ഒരു സ്നേഹനിര്ത്ധരിയായി പ്രവേശിക്കുകയായിരുന്നു. ആ സ്നേഹവായ്പാകാം ‘സ്നേഹമാണഖിലസാരമൂഴിയില്‍…’ എന്ന ആശാന്റെ ഭാവനയ്ക്കാധാരം.
പ്രപഞ്ചഘടകങ്ങളെല്ലാം ഒന്നൊന്നായി തഴുകിയ ഗുരുവിന്റെ അന്തര്‍ ജ്യോതിസ് മനുഷ്യചേതനയെ ഇന്നും തൊട്ടുതലോടുന്നില്ലേ…. !
ഇതര ദര്‍ശനങ്ങളില്‍ നിന്നും ശ്രീനാരായണ ഗുരുവിന്റെ വാണികള്‍ വിഭിന്നമാകുന്നത്, അതിന് പ്രപഞ്ചഘടകളുമായുള്ള ലയാത്മകത കൊണ്ടാണ്. പ്രകൃതിയും ഈശ്വരനും മനുഷ്യനും തമ്മിലുള്ള സാത്മ്യാവസ്ഥ ഗുരുവിന്റെ ചിന്തയിലും മൊഴിയിലും എഴുത്തിലും ചലനങ്ങളിലും സഞ്ചാരങ്ങളില്‍ പോലും മൗലിക ദര്‍ശനമായി കലര്‍ന്നിരുന്നു എന്നു കാണാം. യോഗാത്മകതയുടെ അളവറ്റ സ്രോതസ്സായിരുന്നു ഗുരു. എല്ലാത്തരം അടിച്ചമര്‍ത്തലുകളെയും നട്ടെല്ലുയര്‍ത്തി നേരിടാനുള്ള ധൈര്യം പകരലായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകള്‍. അതുകൊണ്ടാണ് കാലചക്രങ്ങള്‍ കഴിഞ്ഞിട്ടും ഗുരുവരുളുകള്‍ ഏത് കാലത്തെ മനുഷ്യനും സാന്ത്വനലേപനമായി ഭവിക്കുന്നത്. ഈ ഭൂമി സര്‍വഭൂതങ്ങള്‍ക്കും മധുവാണെന്ന ഒരു സൗന്ദര്യദര്ശനമുണ്ട്, ബൃഹദാരണ്യകോപനിഷത്തില്‍. ആ അര്‍ത്ഥത്തില്‍ സര്‍വഭൂതങ്ങളെയും അതിശയകരമായ അഭേദത്തിലേക്ക് നയിക്കാന്‍ കെല്പുള്ളതാണ് എന്ന് തിരിച്ചറിയുന്നിടത്താണ് ഗുരുവിന്റെ ബോധനങ്ങള്‍ മധുവാകുന്നത്.
അറിവ് തന്നെയാണ് പ്രപഞ്ചമെന്ന് ഗുരു വ്യക്തമാകുന്നുണ്ടല്ലോ. കര്‍മ്മമാണ് അറിവായി പ്രകാശിക്കുന്നത്. അപ്പോള്‍ പ്രകാശം കര്‍മ്മമാണെന്ന് സാരം.
നിലമൊടു നീരതു പോലെ
കാറ്റും തീയും
വെളിയുമഹംകൃതി
വിദ്യയും മനസ്സും
അലകളുമൊഴിയുമെന്നു
വേണ്ട യെല്ലാ-
വുലകുമുയര്‍ന്നറിവായി
മാറിടുന്നു. (ആ:ശതകം)
അറിയപ്പെടുന്ന പ്രപഞ്ചവും അറിയപ്പെടുന്ന അറിവും ഒന്നായി തന്നെ നില്ക്കുന്നതായി ഗുരു ഇവിടെ സ്ഥാപിക്കുന്നു. പ്രപഞ്ചത്തെയും ജീവിതത്തെയും മനുഷ്യന് കരഗതമാക്കിയെന്നു പറയുന്ന ആത്മീയ ജ്ഞാനത്തെയും ആധാരമാക്കിയ യുക്തിവിചാരമാണ് ഈ ചിന്താഗീതിയ്ക്ക് ആധാരമെന്ന് അറിയണം. പ്രപഞ്ചം അറിവാണെന്നും ഉള്ളതായി അറിയപ്പെടുന്ന പ്രപഞ്ചം ആത്മവിലാസം തന്നെയാണെന്ന ഗുരുവിന്റെ നിലപാട് (ആത്മവിലാസം) മാറ്റമറ്റതും അളവറ്റതുമാണെന്നതിന് ഇതില്പരം എന്തു തെളിവാണ് വേണ്ടത്?
പ്രപഞ്ചം അറിവിന്റെ അലകളാണെന്നല്ലോ ഗുരുവിന്റെ കാഴ്ച. നിലവും നീറും കാറ്റും തീയും ജലവും തരംഗങ്ങളുമൊക്കെ പാരസ്പര്യപ്പെടുന്ന തുപോലെ അത് അറിവിന്റെ അലകളാകുന്നത്രെ. അറിവ് അലിവാണ്. പൂര്‍ണ ജ്ഞാനം പൂര്‍ണ സ്നേഹമാണെന്ന് പറഞ്ഞത് ബുദ്ധനാണ്. ആശാനിലൂടെ ബുദ്ധ പരാഗങ്ങള്‍ ഏറ്റുവാങ്ങിയ ഗുരുവിന്റെ കാഴ്ചപ്പാടും സ്നേഹത്തിന്റെയും ജ്ഞാനത്തിന്റെയും മധുര പകര്ച്ചകളാണല്ലോ. ഈ മാധുര്യമാണ് മനുഷ്യന് എന്ന് തന്നെപ്പറ്റി പഠിച്ചു തുടങ്ങുമെന്ന ഉത്കണ്ഠ ഗുരു മനസില്‍ വിങ്ങലായിരുന്നു.
‘അവനിവനെന്നറിയുന്ന
തൊക്കെയോര്‍ത്താ-
ലവനിയിലാദിമമാ
യൊരാത്മരൂപം’
എന്ന് ഗുരു തന്നെ ചൊല്ലിയിട്ടുണ്ട്. ജാതിയുടെയും ഗുരുക്കൻമാരുടെയും താരതമ്യത്തില്‍ ദിക്കും ദൃശ്യവുമറിയാതെ ഉഴലുന്നവര്‍ക്ക് ഈ വരികളില്‍ സ്വാസ്ഥ്യപ്പെടാം.
ലൗകികചോദനകളില് വ്യാപരിക്കുമ്പോഴും ആത്മാവെന്ന പരമസത്തയില്‍ നിരന്തരം സാധന ചെയ്യാന്‍ വിസമ്മതിക്കുന്നത് വേര്‍തിരിവും വാസനകളുമാണ്. ആദിമമായൊരാത്മരൂപം ഇവിടെ മറഞ്ഞു പോകുന്നു.
‘പൊടിയൊരു ഭൂവിലസം
ഖ്യമപ്പൊടിക്കുള്-
പ്പെടുമൊരു ഭൂവിതിനില്ല ഭിന്ന ഭാവം
ജഡമമരുന്നതു പോലെ
ചിത്തിലും ചി-
ത്തുടത്തിലിലുമിങ്ങിതി
നാലിതോര്ക്കിലേകം.’
അസംഖ്യം മണ്തരികളുണ്ട് ഭൂമിയില്‍. എന്നാല്‍ ഭൂമിയും പൊടിയും വേറല്ല. മണ്ണും ജഡവസ്തുക്കളും ബോധവും ഉള്‍ച്ചേര്‍ന്നതാണെന്ന അറിവില്‍ പ്രപഞ്ചസത്യം ഒന്നേയുള്ളൂവെന്ന് തെളിഞ്ഞു കിട്ടുമത്രെ.
അറിവഹമെന്നതു
രണ്ടുമേകമാമാ –
വരണമൊഴിഞ്ഞവന
ന്യനുണ്ടു വാദം
അറിവിനെ വിട്ടഹ
മന്യമാകുമെന്നാ-
ലറിവിനെയിങ്ങറിയാ
നുമാരുമില്ല.’
അറിവിന്റെ ആഴമേറും മഹസ്സ് തുറന്നിടുന്നു ഗുരു. അറിവിന്റെ അര്‍ത്ഥവ്യാപ്തികള്‍ വിട്ട്, ബോധസത്തയെയും വിട്ട് താന്‍ എന്ന ജീവബോധം തന്നെ അന്യമാണെന്ന് കരുതുന്നവരാണേറെ. പരമാത്മചേതനയെ അറിയാന്‍ ആരും തയ്യാറാകുന്നില്ലല്ലോ എന്ന ഗുരുവിന്റെ ദുഃഖമാണീ വരികളില്‍.
കാണപ്പെടുന്നവയും കാണുന്നവനും പരമമായ സത്തയില്‍ ജൻമെടുത്തതാണെന്നും അതില്‍ തന്നെ അവ ഒടുങ്ങുന്നതാണെന്നും അതുകൊണ്ട് ദൈവം മാത്രമേയുള്ളൂവെന്നും രൂപങ്ങളൊന്നും നിത്യമല്ലെന്ന അറിവാകുന്ന ശാശ്വത പ്രകാശമായ ഉണ്മയേയുള്ളൂ എന്നും ഗുരു ‘ഗദ്യപ്രാര്‍ത്ഥന’ യില്‍ പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ.
ദൈവത്തെയും പ്രപഞ്ചത്തെയും തന്നെയും ഭേദചിന്തയില്ലാതെ ആഴമേറും അറിവിന്റെ പ്രകാശപ്പൊരുളാക്കി, ഒന്നായി വിളങ്ങുന്നു ഗുരു.
മനുഷ്യചേഷ്ടകളെ അതിന്റെ ആഴങ്ങളില്‍ അപഗ്രഥിച്ച ശേഷമാണ് ഗുരുദേവന് തന്റെ വെളിപാടുകള്‍ പകര്‍ന്നു വച്ചത്. അത് തീവ്ര വൈരാഗിയുടെ നാരായണസ്തവങ്ങളായിരുന്നു. ഇങ്ങനെ വൈരാഗ്യ പ്പെടാതെ അവബോധ പ്പെടാനാവില്ലെന്നാണ് അദ്ദേഹം പഠിപ്പിച്ചത്.
ആത്മജ്യോതിസ്സാണ് യഥാര്‍ത്ഥ സത്യമെന്നറിഞ്ഞ് അതില്‍ ഏകാഗ്രതപ്പെട്ട് ആനന്ദമനുഭവിക്കാനാണ് ഗുരു ഉപദേശിച്ചത്.
അറിവും അഹവും ഏകമാണെന്നും സത്തും ചിത്തും ആനന്ദഘനമാണെന്നും ഉള്ളിലറിഞ്ഞ് അമരത്വം പ്രാപിക്കാനാണ് ഗുരുദേവന് പറഞ്ഞത്.
സത്യാനുഭൂതിക്കുള്ള ഋജുവും സൂക്ഷ്മവുമായ രാജപാതകളാണ് ശ്രീ നാരായണ ഗുരുവിന്റെ ദര്‍ശനവും കൃതികളും. അതില്‍ തപസ്സനുഷ്ഠിച്ചാല്‍ മൗനമുദ്രിതമായ സൗന്ദര്യത്തിലേക്ക് ഉണരാനാകും. അനാദിയായ ആ ഉണ്മയില് നമ്മിലെ അവനിവനും വലിപ്പച്ചെറുപ്പങ്ങളും ഭേദ ഗര്‍വ്വുകളും ഒന്നൊന്നായി എരിഞ്ഞകലും…
‘സ്വാമി ഒരാജൻമസന്യാസിയായിരുന്നു. അദ്ദേഹം സന്യാസിയായി അറിയപ്പെട്ടതും ആദരിക്കപ്പെട്ടതും ആ സഹജഭാവത്തിന്റെ ശോഭ അദ്ദേഹത്തില്‍ വിരിഞ്ഞു നിന്നതു കൊണ്ടാണ്. തങ്ങളെ പോലെ ചില പാപബോധങ്ങളും സ്വാമിക്കുണ്ടായിരുന്നുവെന്ന് ഈ ചിലര്‍ – പലരും ധരിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. പക്ഷേ, സ്വാമിയുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാനം കാണാത്തവരാണക്കൂട്ടര് എന്നതാണ് സത്യ’മെന്ന് പി.കെ. ബാലകൃഷ്ണന് നിരീക്ഷിച്ചിട്ടുണ്ട്.
അറിഞ്ഞതൊക്കെ അതേപടി പകര്‍ന്നു കൊടുത്തിട്ടും അത് ശ്രവിക്കാന്‍ ആളില്ലാത്തതിന്റെ തീവ്ര വ്യസനം ഗുരുവിനെ പൊതിഞ്ഞിരുന്ന ഒരു കാലം. സ്വന്തം വാക്കുകള്‍ കേട്ടവരൊക്കെ അത് മനനത്തിലൂടെ അനുഭവമാക്കാത്ത വേദനകള്‍ ഗുരുമനം തപിച്ചിരുന്നില്ലേ. ഗുരു വിനിമയം ചെയ്ത വാക്കുകളുടെ തപോബലം ദിവ്യപ്രബോധനമായി നമ്മില്‍ ഉള്ളടങ്ങിയില്ല.
മനുഷ്യ ജീവിതത്തിന്റെയും പ്രപഞ്ച വിസ്തൃതിയുടെയും അഗാധമായ പൊരുള്‍ തേടിയുള്ള അനന്തമായ യാത്രയാണ് ഗുരുവര്യന്റേത്. അഹന്തയും വേര്‍തിരിവുമൊക്കെ അഴിഞ്ഞകലുന്ന കാലികമായ ദര്‍ശനത്തിന്റെ അപൂര്‍വ സൗരഭ്യം. കായിക്കരയിലെ നിലയ്ക്കാത്ത കടലലകള്‍ പോലും അതില്‍ ധ്യാനപ്പെട്ടിട്ടുണ്ടാകാം. ആ മഹാഋഷിയുടെ മഹാതീര്‍ത്ഥാടനവും ദര്ശനഗീതികളുമൊക്കെ കണ്ണില്‍ നനവു പടര്‍ത്തുന്നതല്ലേ
94473 42167






