ദൈവത്തെ മനസിൽ കണ്ടുമുട്ടുന്നു

ഗുരു കാണുന്നത് മതം ആവശ്യമില്ലാത്ത പ്രവാചകനെയാണ്. അതിന്റെയർത്ഥം സൂക്ഷ്മാർത്ഥങ്ങളെ ഗ്രഹിച്ച ജ്ഞാനിക്ക് ദൈവം മതരഹിതമായ ലോകത്താണുള്ളതെന്നാണ്.
അവിടെയാണ് നടുക്കുന്ന ഒരു ചോദ്യം ഉയർന്നുവരുന്നത്.

ദൈവങ്ങൾ സൃഷ്ടിച്ചതല്ല മതം .അത് മനുഷ്യരുടേതാണ്. ക്രിസ്തുമതവും ബുദ്ധമതവും അവരുടെ ജീവിതകാലത്തിനു ശേഷം സ്ഥാപിക്കപ്പെട്ടതാണ്. ഗുരു കാണുന്നത് മതം ആവശ്യമില്ലാത്ത പ്രവാചകനെയാണ്. അതിന്റെയർത്ഥം സൂക്ഷ്മാർത്ഥങ്ങളെ ഗ്രഹിച്ച ജ്ഞാനിക്ക് ദൈവം മതരഹിതമായ ലോകത്താണുള്ളതെന്നാണ്. അവിടെയാണ് നടുക്കുന്ന ഒരു ചോദ്യം ഉയർന്നുവരുന്നത്. നാം ദൈവമാണെന്നു പറഞ്ഞല്ലോ. ഒരേസമയം സൃഷ്ടി, സ്രഷ്ടാവ് , സൃഷ്ടിജാലത്തിലെ അംഗം ,സൃഷ്ടിക്കുള്ള സാമഗ്രി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന നാം ദൈവമാണെന്നിരിക്കെ അത് സാക്ഷാത്കരിക്കുന്നത് എങ്ങനെയാണ് ?
ദൈവമായിരിക്കെ കിരാതവും മനുഷ്യനെന്ന പദത്തിനു ചേരാത്തതും അധമവുമായ പ്രവൃത്തികൾ ചെയ്യുന്നതിലേക്ക് ആകർഷിക്കപ്പെടുന്നതിലൂടെ ദൈവമെന്ന അവസ്ഥയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. മഹത്തായ സൃഷ്ടിയായ മനുഷ്യൻ ദൈവത്തിന്റെ സാമഗ്രിയുമാണ്. ദൈവത്തെ അവൻ മനസ്സിലാണ് കണ്ടുമുട്ടുന്നത് .അവൻ ദൈവത്തെ സൃഷ്ടിക്കുന്നതിനുള്ള ഒരു അസംസ്കൃതവസ്തുവാണ്. അസംസ്കൃതവസ്തുക്കൾ പൂർണമായും അവനാണ് വിതരണം ചെയ്യുന്നത്.അങ്ങനെ അവന്റെ സങ്കല്പത്തിനൊത്ത് രൂപപ്പെടുന്ന ദൈവത്തെ യഥാർത്ഥ ലക്ഷ്യത്തിലെത്തിക്കുന്നതിൽ മിക്കപ്പോഴും പരാജയപ്പെടുന്നു.
ദൈവത്തെ നിലനിർത്താൻ അവൻ ബാധ്യസ്ഥനാണ് .അവന്റെ ചിന്തകളാണ് ദൈവത്തെ സൂക്ഷ്മത്തിൽ നിന്നും സ്ഥൂലത്തിലേക്കും തിരിച്ചും സഞ്ചരിച്ച് ഒരാകാശം രൂപപ്പെടുത്തുന്നതിനിടയാക്കുന്നത്. അവനു ദൈവത്തിന്റെ വളർച്ചയിൽ പങ്കുണ്ട്. എല്ലാ വിദ്യാഭ്യാസവും നേടിയ ശേഷവും അന്യർക്ക് ഉപകരിക്കാത്ത പ്രവൃത്തികളിലേർപ്പെടുന്നത് അവനിലെ ദൈവത്തെ വേണ്ടപോലെ മനസ്സിലാക്കാത്തതുകൊണ്ടാണ്. തന്റെയുള്ളിലെ ദൈവം എല്ലാം അനുവദിക്കുന്നു. മനുഷ്യൻ ചെയ്യുന്നതിന്റെയെല്ലാം ഭവിഷ്യത്ത് ദൈവത്തെ ബാധിക്കുന്നു. ഒരുവൻ ദുഷിച്ച വാസനകളാൽ പ്രചോദിതനായി മനുഷ്യരെയും പ്രകൃതിയെയും ദ്രോഹിച്ച് രക്തത്തിനായി ദാഹിക്കുകയാണെങ്കിൽ അവന്റെ ദൈവം അത് സമ്മതിച്ചുകൊടുക്കേണ്ടിവരും. അവൻ ആ ദൈവത്തെ അങ്ങനെ വാസനാവികൃതിയിലാണ് നിലനിർത്തിയിരിക്കുന്നത് . മറ്റൊരാളോടുള്ള ശത്രുത ,വെറുപ്പ് തുടങ്ങിയ വികാരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ തീരുമാനിക്കുന്ന ഒരുവൻ അവന്റെ ദൈവത്തോടു പ്രാർത്ഥിക്കുന്നത് അതിനു തടസ്സമുണ്ടാവരുതെന്നായിരിക്കും. അവന്റെ അരുതായ്കകൾക്കെല്ലാം ദൈവം കൂട്ടുനിൽക്കുമെന്നാണ് ചിന്ത. ഇങ്ങനെയാണ് ദൈവത്തെ കെടുത്തിക്കളയുന്നത്.
എന്നാൽ സദ് കർമ്മങ്ങളിലൂടെ, പരോപകാരപ്രദമായ ചിന്തകളിലൂടെ ചുറ്റുമുള്ളവർക്ക് ഗുണം ചെയ്യുന്നവൻ അവന്റെ ദൈവത്തെ മഹത്വപ്പെടുത്തുന്നു. ആ ദൈവം ആരെയും ചീത്തയാക്കാനോ അപകീർത്തിപ്പെടുത്താനോ പ്രേരിപ്പിക്കുന്നില്ല. മനുഷ്യനിലെ പ്രവൃത്തികളുടെ മനോഹാരിതകൊണ്ടു ദൈവം കൂടുതൽ ഉയർത്തപ്പെടുന്നു. ഇതാണ് ഗുരുവിന്റെ സൗന്ദര്യാത്മക ദൈവം .
ഇത് മതങ്ങളിലോ ആരാധനാലയങ്ങളിലോ കാണുന്ന അമൂർത്ത ദൈവമല്ല. മനുഷ്യൻ സദ്ബുദ്ധികൊണ്ടും ശുദ്ധികൊണ്ടും സംവദിച്ചും പ്രതിപ്രവർത്തിച്ചും സൃഷ്ടിക്കുന്നതാണ്.ഇവിടെ ദൈവവുമായി മനുഷ്യൻ നിരന്തരമായ സംഭാഷണത്തിലാണ്. ദൈവത്തിനു ച്യുതി വരാതിരിക്കാൻ വേണ്ടി മനുഷ്യൻ കരുതിയിരിക്കണം. അത് അവനെ കൂടുതൽ കരുത്തനും കർമ്മ ശ്രദ്ധയുള്ളവനുമാക്കുന്നു. മനുഷ്യൻ ദൈവത്തോടൊപ്പമാകുന്നത് അങ്ങനെയാണ് .അവന്റെയുള്ളിലെ ദൈവവും അവനും മുഖാമുഖം വരുന്നു.
ആൽഫ്രഡ് നോർത്ത് വൈറ്റ്ഹെഡിന്റെ ഒരു പ്രസ്താവന നോക്കുക: “ഒരനുഭവത്തിനു മേൽ ഒരു ക്രമം കൊണ്ടുവരുന്നതാണ് കല.ഈ ക്രമത്തെ ആസ്വാദനക്ഷമമാക്കുന്നതാണ് സൗന്ദര്യാത്മകത.’ എല്ലാവർക്കും അനുഭവങ്ങളുണ്ട്. എന്നാൽ അതിനു അർത്ഥമോ അനുഭൂതിയോ ഉണ്ടാകണമെന്നില്ല. അതിൽ അന്തർലീനമായ വികാരത്തെ വ്യവസ്ഥ ചെയ്യാൻ കഴിയണമെന്നില്ല. അനുഭവത്തെ ക്രമപ്പെടുത്തി ,അർത്ഥോല്പാദനത്തിനു വേണ്ടി സജ്ജീകരിക്കുമ്പോൾ ആവശ്യമായത് മാത്രമാണ് എടുക്കുക. അത് മനുഷ്യവികാരങ്ങളുടെ ഉദ്ദീപനത്തിനു വേണ്ടി ക്രമപ്പെടുത്തുകയാണ് ചെയ്യുന്നത്. സൗന്ദര്യാത്മകമാകുന്നത്, മനുഷ്യന്റെ ചിന്തയിൽ ആസ്വാദനക്ഷമമായ , വൈകാരികമായ ഒരു അനുഭവക്രമം ഉണ്ടാകുമ്പോഴാണ്.
ലൂയി ബാരഗൻ (Louis Barragon)പറയുന്നു ,വാസ്തുശില്പം കലയായി മാറുന്നത് അത് അന്തരീക്ഷത്തിൽ ഒരു സൗന്ദര്യാത്മക വികാരം ജനിപ്പിക്കുമ്പോഴാണെന്ന്. അത് കലയെ സ്നേഹിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നവർക്ക് സന്തോഷം നൽകും.

ലൂയി ബാരഗൻ

ദൈവം ചിന്തയിൽ ഒരു അനുസ്യൂതി
ഒരു സൗന്ദര്യാത്മക വസ്തു (aesthetic object)എന്ന നിലയിലാണ് ഗുരുവിന്റെ ദൈവം വികസിക്കുന്നത്. അത് നിശ്ചലമായിരിക്കുന്ന വിഗ്രഹമല്ല; മറിച്ച് ,ചലനാത്മകമായ ഒരു ഭാവിയാണ് സംസാരിക്കുന്നത്. സൗന്ദര്യാത്മക വസ്തു അതിന്റെ ആകർഷണം കൊണ്ട് നമ്മെ പ്രീതിപ്പെടുത്തുന്നു. ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന ഏതൊരു വസ്തുവിനും ഒരു സൗന്ദര്യാത്മക വസ്തുവാകാൻ കഴിയും. വികാരങ്ങളിൽ പരിപൂർണതയുടെ പുതിയ ക്രമവും സന്തോഷവും ജനിപ്പിക്കണം. സൗന്ദര്യാത്മക വസ്തു വൈകാരിക ലോകത്തിൽ ഒരു പ്രതികരണമുണ്ടാക്കുന്നു .അതാകട്ടെ ആ വസ്തുവിന്റെ പ്രായോഗികമായ, വസ്തുസ്ഥിതി പ്രധാനമായ അസ്തിത്വത്തിനപ്പുറമാണ് നമ്മെ സ്വാധീനിക്കുന്നത്. നാം വൈകാരികതലത്തിൽ ഒരു പരിവർത്തനത്തിനായി നിർബന്ധിക്കപ്പെടുന്നു. നമ്മളിൽ അദൃശ്യമായിരുന്ന ഒരു സത്ത അതിൽ ഉണ്ടായിരിക്കുന്നു .ഇങ്ങനെ സമസ്ത വസ്തുക്കളെയും വ്യക്തിപരവും പ്രാപഞ്ചികവുമായ ഒരു കാലാവസ്തുവായി കാണുകയും അതിൽനിന്നു കിട്ടുന്ന വൈകാരികമായ ഉണർവ്വിൽ ദൈവികതയിലേക്ക് ഉയരുകയുമാണ് ഗുരു ചെയ്തത് .ഇവിടെ പ്രാചീനമായ വർണവെറിയോ വേദാത്മകമായ ശാഠ്യമോ ജാതീയമായ അസമത്വമോ ഒന്നുമില്ല. അതെല്ലാം പരാജയപ്പെട്ടിരിക്കുന്നു. സർവകാലങ്ങളെയും കടന്നു പോകുന്ന സ്നേഹവും ആനന്ദവുമാണ് ബാക്കിയാവുന്നത്.
” അങ്ങേത്തിരുവുള്ളൂറി ‘
യൊരൻപിൻ വിനിയോഗം ” എന്ന് ആശാൻ ഗുരുവിനെക്കുറിച്ചെഴുതിയത്
ഇവിടെ സംഗതമാണ്. ദൈവത്തിൽ അനുഭവിക്കുന്നത് വൈകാരികമായ അവസ്ഥയുടെ പൂർത്തീകരണമാണ്. അത് വ്യക്തിനിഷ്ഠമാണ് .ഗുരുവിന്റെ ദൈവം ഒരുവനിൽ ചിന്തകൾ ഉല്പാദിപ്പിച്ചുകൊണ്ടിരിക്കും. അത് ദൈവമെന്ന ബിന്ദുവിൽ അവസാനിക്കുകയല്ല .ദൈവം വൈകാരികമായ ബന്ധം ,അത്ഭുതം ,ആകാംക്ഷ ,സൗന്ദര്യബോധത്തിന്റെ അനുരണനം (aesthetic resonance) തുടങ്ങിയ വ്യാമിശ്രമായ അവസ്ഥകളിലേക്ക് നയിക്കുകയാണ്. ഗുരുവിന്റെ ദൈവം ചിന്തയിൽ ഒരു അനുസ്യൂതിയാണ്. അതിൽ വ്യക്തി ഇടപെടുകയാണ്. ഫ്രഞ്ച് ചിത്രകാരൻ ഹെൻട്രി മാറ്റിസ്(Henry Mattise)പറഞ്ഞു:
Colour is a means of exerting a direct influence on the soul. വർണം ചിത്രകാരന്റെ അന്തരംഗവുമായി സവിശേഷ വിനിമയം സാധ്യമാക്കുന്നുണ്ട്. വർണം ഒരു വാതിലാണ്. അതിലൂടെ നോക്കുമ്പോൾ ലോകത്തെ മറ്റൊരു രീതിയിലാണ് കാണുക. വർണം കലാകാരന്റെ മനസ്സിലേക്ക് തുറക്കുകയാണ്. അകം കാഴ്ചകളെ ഒപ്പിയെടുക്കാനുള്ള മാധ്യമമാണ് വർണം. ഒരു വർണം വിവിധ വ്യതിയാനങ്ങളിൽ കാൻവാസിലേക്ക് ആവാഹിക്കുന്നു.

ഹെൻട്രി മാറ്റിസ്

ദൈവം ഒരു കലാവസ്തു
വർണത്തെ, യഥാർത്ഥത്തിൽ, കലാകാരൻ കണ്ടെത്തുന്നതാണ് .അത് പ്രകൃതിയിൽനിന്നു നേരിട്ടു പകർത്തുന്നതല്ല .കലാകാരൻ ആത്മാനുഭവത്തിന്റെ സൂക്ഷ്മത കളിലേക്കാണ് വർണങ്ങളിലൂടെ നമ്മെ ക്ഷണിക്കുന്നത്. വർണം പല ഷേഡുകളിൽ കലാകാരനിൽ ആവിഷ്കാരത്തിനു നിർബന്ധിക്കുന്നു. വർണം ഒരു ഭൗതികവസ്തുവല്ല ;അത് അതീതമായ ലോകാനുഭവങ്ങളുടെ പ്രത്യക്ഷസൂചനകൾ മാത്രമാണ്. അതുകൊണ്ട് കലാകാരൻ വർണവുമായാണ് സംവദിക്കുന്നത്.
ഗുരുവിന്റെ ദൈവം ഈ രീതിയിലാണ് നിലകൊള്ളുന്നത് .അത് പരമ്പരാഗതമായ ആരാധനാമൂർത്തിയല്ല: സ്വാതന്ത്ര്യത്തിലേക്കുള്ള ചിറകടിയൊച്ചയാണ്. ബന്ധനസ്ഥനായ ഒരുവൻ സ്വതന്ത്രനായി സഞ്ചരിക്കുന്ന വിഹായസാണ് ഗുരുവിന്റെ ദൈവം .ഗുരു ദൈവത്തെ, കലാകാരൻ നിറമെന്ന പോലെ ,പല ഷെയ് ഡുകളിൽ ആവിഷ്കരിക്കുന്നു. ഒരു സൗന്ദര്യാത്മക ദൈവത്തിനു നമ്മുടെ മനസ്സിൽ അറിവിന്റെയും ആനന്ദത്തിന്റെയും പാറ്റേണുകൾ സൃഷ്ടിക്കാനാവും. അത് കാണുന്നതിനും അപ്പുറമാണ്, കേൾക്കുന്നതിനും അപ്പുറമാണ്. കലാവസ്തുവായ പെയിന്റിംഗ് ചിത്രകാരന്റെ വിവിധ വികാരങ്ങൾ പ്രതിഫലിപ്പിക്കുകയാണ്. ഒരു അലംകൃതമായ രീതിയിൽ വസ്തുക്കളെ ചിത്രകാരൻ വിന്യസിക്കുകയാണ്. ഇതാകട്ടെ കലാകാരന്റെ മനസ്സിനെ പുറത്തുകൊണ്ടുവരാൻ വേണ്ടിയാണ്. ഗുരുവിന്റെ ദൈവം ഒരു കലാവസ്തുവിന്റെ ധർമ്മവും നിറവേറ്റുന്നു. പല വികാരങ്ങൾ അത് ഉയിർപ്പിക്കുന്നു. മനസ്സിന്റെ വിപുലമായ ഭാവങ്ങൾ ,തലങ്ങൾ ദൈവത്തിലൂടെ പുറത്തുവരുന്നു.ഗുരു ദൈവത്തെ ഒരേ രീതിയിലല്ല ഉൾക്കൊള്ളുന്നത്. അത് ആത്മാവിന്റെ അനേകം പ്രതിഛായകളായി വർത്തിക്കുന്നു.
‘ഇന്ദ്രിയവൈരാഗ്യ’ത്തിൽ ഇങ്ങനെ വായിക്കാം:
“കാണുന്ന കണ്ണിനൊരു ദണ്ഡവുമില്ല കണ്ടെൻ –
പ്രാണൻ വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം ,
കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിൻ
ചേണുറ്റ ചെങ്കഴലുതന്നു ജയിക്ക ശംഭോ!”

കണ്ടതിനൊന്നും ശാശ്വതത്വമില്ല. എല്ലാ മായുകയാണ്. കണ്ടതെല്ലാം വിസ്മൃതമായിരിക്കുന്നു. ഇക്കാര്യത്തിൽ കണ്ണിനു ഒരു ദുഃഖവുമില്ല. ജീവൻ പോയാൽ, നേരത്തെ കണ്ടതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ലല്ലോ. കണ്ടതിന്റെ നിറം, തരം തുടങ്ങിയവയെല്ലാം ശൂന്യതയിൽ വിലയം പ്രാപിക്കുന്നു. ശേഷിക്കുന്നത് ഒന്നുമില്ല. എല്ലാ കാഴ്ചകളും ഇല്ലാതായ ശേഷം ദൈവത്തിന്റെ പാദങ്ങൾ കണ്ടാൽ മതി എന്നാണ് എഴുതിയിരിക്കുന്നത്. ഇവിടെ ദൈവത്തിന്റെ സൗന്ദര്യാത്മകത ദർശിക്കാം.നാം കണ്ടതൊക്കെ വ്യർത്ഥമാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ നേടിയതെല്ലാം വ്യർത്ഥം. അതിനപ്പുറമുള്ള ഒരു ദൈവികതയെ പ്രതീക്ഷിക്കുകയാണ്.ഇത് ‘ദൈവദശക’ത്തിൽ പ്രതിപാദിച്ച ദൈവത്തേക്കാൾ അമൂർത്തമാണ്. ഒരേ ദൈവത്തെ പലരീതിയിൽ വീക്ഷിക്കുകയാണ്. ദൈവം മനസിൽ സൃഷ്ടിച്ച പ്രതിഛായകളാണ് എഴുതുന്നത് .ദൈവത്തെ അന്വേഷിക്കുകയും കണ്ടെത്തുകയും ആവിഷ്കരിക്കുകയുമാണ്.
ദൈവം അദൃശ്യമാണെന്ന സുപ്രധാനമായ അറിവ് പതിയെ തെളിഞ്ഞുവരുകയാണ് .ദൈവത്തിനു അദൃശ്യമായിരിക്കാനേ കഴിയൂ. പ്രത്യക്ഷതകൾ നമ്മുടെ ഐന്ദ്രിയാനുഭവങ്ങളുടെ ഭാഗമാണ്. ചോദ്യം ചോദിക്കുമ്പോൾ നേരിട്ടു വന്ന് ഉത്തരം തരുന്ന ഒരു ദൈവം അസാധ്യമാണ്. ദൈവം നമ്മുടെ ഇഷ്ടത്തിനൊത്ത് പ്രവർത്തിക്കാൻ നിൽക്കുകയല്ലല്ലോ. ദൈവത്തിനു നമ്മുടെ ചിന്തയുടെ അതിരുകൾക്കപ്പുറത്താണ് നിൽക്കാനാവുന്നത്. നമുക്ക് കാണാനാവാത്തതുമുണ്ടല്ലോ. അത് കാണാൻ ദൈവത്തിനാവും. നമുക്ക് കേൾക്കാനാവാത്തതു കേൾക്കാൻ ദൈവത്തിനേ കഴിയൂ. കാണാനാവാത്തതും കേൾക്കാനാവാത്തതുമുണ്ടെന്നത് സത്യമാണ് .അതുകൊണ്ട് ആ മേഖലകളുടെ ഉടമസ്ഥത ദൈവത്തിനു നൽകുന്നതിൽ സൗകര്യമുണ്ട്. നമ്മുടെ അദൃശ്യതകൾക്കെല്ലാം നമുക്ക് ആലോചിക്കാവുന്നത് ദൈവത്തെയാണ്. പ്രകൃതിയിലും ജീവിതത്തിലും പലതും മറഞ്ഞിരിക്കുന്നു. ആ അദൃശ്യതയുമായി ഗുരു സംവദിക്കുകയാണ്. അതുകൊണ്ടാണ് എല്ലാ കാഴ്ചകളും അവസാനിച്ചാലും ദൈവത്തിന്റെ പാദത്തിന്റെ ആശ്രയം ഉണ്ടാകുമെന്നു വിചാരിക്കുന്നത്.

അർത്ഥം നല്ലതാണെങ്കിൽ അത് ദൈവമാണ്
‘അർദ്ധനാരീശ്വരസ്തവ’ത്തിൽ എഴുതുന്നത് മറ്റൊരു
പ്രതിഛായയിലാണ് :

“ദാരിദ്ര്യം കടുതായ് ,ദഹിച്ചു തൃണവും ദാരുക്കളും ദൈവമേ !
നീരില്ലാതെ നിറഞ്ഞു സങ്കടമഹോ!
നീയൊന്നുമോർത്തീലയോ ?
ആരുളളിത്ര കൃപാമൃതം ചൊരിയുവാ-
നെന്നോർത്തിരുന്നോരിലീ –
ക്രൂരത്തീയിടുവാൻ തുനിഞ്ഞതഴകോ ?
കൂറർദ്ധനാരീശ്വരാ!”

ലോകജീവിതം ദാരിദ്ര്യം ,വറുതി, കലാപം ,വംശീയ വിദ്വേഷം തുടങ്ങിയവയുടെ പിടിയിലാണ്. എന്തുകൊണ്ട് ദൈവം ഇടപെടുന്നില്ല എന്നാണ് ചോദ്യം? ദൈവത്തെ ഗുരു ഭാവനയിൽ കാണുകയാണ്. ഒരു ചിത്രമാണിത്. ജിവിതത്തിലെ വറുതി പരിഹരിക്കാൻ ആരാണുള്ളത്? ലോകത്ത് സങ്കടങ്ങൾ അവസാനിക്കില്ല. ഒരു പ്രശ്നം കഴിയുമ്പോൾ മറ്റൊന്നു വന്നേക്കാം. ആരുടെ ജീവിതവും സുരക്ഷിതമല്ല. ഇങ്ങനെയേ ജീവിതത്തിനു നിലനില്പുള്ളു. അത് ആനയെപ്പോലെ ഇടയുന്നു .പ്രാവിനെ പോലെ കുറുകുന്നു. സിംഹത്തെപ്പോലെ കടിച്ചുകീറുന്നു. പുഴുവിനെപ്പോലെ ചവിട്ടിയരയ്ക്കപ്പെടുന്നു. എല്ലാവരും വാർദ്ധക്യത്തിൽ കടുത്ത പീഡയനുഭവിക്കുന്നു. എല്ലാ കുട്ടികളും മറ്റുള്ളവരുടെ ദയയിലാണ് വളരുന്നത്. ആ ദയ നഷ്ടപ്പെട്ടാൽ എല്ലാം തകിടം മറിയും. അതുകൊണ്ട് ആരു സുരക്ഷാകവചമൊരുക്കും?
സൗന്ദര്യാത്മക ദൈവം മനസ്സിൽ വിരിയിക്കുന്ന പ്രതിഛായകൾ ആത്മബന്ധമാണ് സൃഷ്ടിക്കുന്നത്. ‘പ്രവൃത്തിയിലും വാക്കിലും വിചാരത്തിലും ശുദ്ധി വേണം’ എന്നു ഗുരു പറയുന്നതിൽ സൗന്ദര്യാത്മക ദൈവമാണുള്ളത് .മതസാഹിത്യവും ആചാരങ്ങളും എങ്ങനെയായിരുന്നാലും മനുഷ്യൻ ദുഷിച്ചാൽ ഫലമില്ലെന്നു ഗുരു പറയുന്നതിന്റെ പൊരുളെന്താണ് ?വലിയ ക്ഷേത്രങ്ങളോ സങ്കീർണമായ ആചാരങ്ങളോ ഉച്ചത്തിലുള്ള പ്രാർത്ഥനയോ പ്രയോജനം ചെയ്യുന്നില്ല, മനുഷ്യനിൽ സത്യവും നീതിയുമില്ലെങ്കിൽ .പ്രവൃത്തിയിലാണ് ദൈവം. ഈ ദൈവത്തിനു പേരോ ശരീരമോ ഇല്ല. അത് പ്രവൃത്തിയുടെ അർത്ഥമാണ് .അർത്ഥം നല്ലതാണെങ്കിൽ അത് ദൈവമാണ്. ആ ദൈവം നമ്മെ കൂടുതൽ നന്നാക്കുന്നു, പ്രചോദിപ്പിക്കുന്നു. മനുഷ്യനായി പിറന്നതിനു അർത്ഥമുണ്ടെന്നു കാണിച്ചുതരുന്നു. അർത്ഥമില്ലാത്ത ജീവിതത്തിനു ഒരർത്ഥം കണ്ടെത്തുകയാണ് മനുഷ്യന്റെ ലക്ഷ്യം. “സൂക്ഷ്മമറിഞ്ഞവനു മതം പ്രമാണമല്ല” എന്നു ഗുരു പറഞ്ഞതിലൂടെ ദൈവത്തെ മതങ്ങളിൽനിന്നു മോചിപ്പിക്കുകയാണ് ചെയ്തത് .മതം വേണ്ടാത്ത ഒരു സാരഗ്രാഫിയാണ് ഗുരുവെന്നു സൂചിതമാവുന്നു.പൊരുളുകൾക്ക് മുന്നിൽ ആത്മാവിൽ നഗ്നനായി നിൽക്കുന്ന ഒരു അന്വേഷകനു ചിട്ടകളും ചട്ടക്കൂടുകളും വേണ്ട; മനസ്സിലെ നേരു മതി. ആ നേരിനെ നഷ്ടപ്പെടുത്താതെ നിലനിർത്താനാണ് ഓരോ നിമിഷവും മന്ത്രിക്കുന്നത്.
മതത്തിലൂടെയാണ് നാം പൊതുവെ ദൈവത്തെ തേടുന്നത്. ദൈവങ്ങൾ സൃഷ്ടിച്ചതല്ല മതം .അത് മനുഷ്യരുടേതാണ്. ക്രിസ്തുമതവും ബുദ്ധമതവും അവരുടെ ജീവിതകാലത്തിനു ശേഷം സ്ഥാപിക്കപ്പെട്ടതാണ്. ഗുരു കാണുന്നത് മതം ആവശ്യമില്ലാത്ത പ്രവാചകനെയാണ്. അതിന്റെയർത്ഥം സൂക്ഷ്മാർത്ഥങ്ങളെ ഗ്രഹിച്ച ജ്ഞാനിക്ക് ദൈവം മതരഹിതമായ ലോകത്താണുള്ളതെന്നാണ്.അതുകൊണ്ട് ദൈവവുമായി നേരിട്ടുള്ള സംവാദം ആലോചിക്കാവുന്നതാണ്. (തുടരും)

Author

87 Views
Scroll to top
Close
Browse Categories