ഗുരുവിന്റെ സൗന്ദര്യാത്മക ദൈവം
നൂറ്റാണ്ടുകളായി പുരോഹിതർ കൊണ്ടുനടന്ന, നിർമ്മിച്ചെടുത്ത യുക്തിയുടെ ദൈവം എന്ന ശിൽപ്പമല്ല ഗുരു സ്ഥാപിച്ചെടുത്തത്. ആത്മീയമായ ഉണർവ്വിനും വെളിച്ചത്തിനും വേണ്ടി യാതൊരാൾക്കും സമീപിക്കാവുന്ന പാരസ്പര്യത്തിന്റെ ദൈവമാണത്.

ഗുരുവിന്റെ ആത്മീയചിന്തകളിലും കൃതികളിലും നിലനിൽക്കുന്ന തീവ്രവും നിഷ്കളങ്കവും സർവവ്യാപിയുമായ ഭാവമാണ് ദൈവം. ആത്മാനുഭവമായ ദൈവവുമായുള്ള ഒരു നിരന്തരമായ
മുഖമാണത്.ദൈവത്തെ ആരായുകയും കണ്ടെത്തുകയും പുനരാവിഷ്കരിക്കുകയും ചെയ്യുന്ന അനന്തമായ പ്രക്രിയയാണത്. മിക്കവാറും രചനകളും ദൈവത്തെയാണ് പ്രമേയമാക്കിയിരിക്കുന്നത് .ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ തന്നെ ഒരു ദൈവത്തെ കണ്ടെത്തലാണ്. അവിടെ മനുഷ്യർക്ക് ദൈവമിരിക്കുന്ന അറ തുറന്നു കൊടുക്കുകയാണ് ചെയ്തത്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേർതിരിവുകൾ എത്രമാത്രം അഗാധമായിരുന്നുവോ അതിനേക്കാൾ ഭയാനകമായിരുന്നു ദൈവത്തിൽനിന്നുള്ള വിച്ഛേദം. മനുഷ്യരെ ദൈവത്തിൽനിന്നകറ്റി നിർത്തുന്ന ഒരു സാമൂഹ്യസാഹചര്യമാണ് ഉണ്ടായിരുന്നത്. ദൈവം വിലക്കപ്പെടുകയായിരുന്നു. ദൈവത്തെ മനുഷ്യരിൽനിന്നു അകറ്റിനിർത്തുന്ന ഒരു സാമൂഹ്യസംവിധാനം പ്രവർത്തിച്ചിരുന്നു. അത് വരേണ്യരുടെ ഒരു സദാചാരവും പൊതുധാരണയും സാമൂഹികമായ ക്രമവുമായിരുന്നു.
ജാതീയമായി ഒറ്റപ്പെട്ടാലും തീരുന്നതായിരുന്നില്ല ദൈവവുമായുള്ള അകൽച്ച .ഇതാണ് ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയിലേക്ക് നയിച്ചത്. ഒരു സ്വാശ്രയ ,സ്വാഭിമാന, സ്വതന്ത്ര ,നിരാസ്പദ ദൈവം വേണമായിരുന്നു. ദൈവങ്ങളുടെ ചരിത്രത്തിൽനിന്നു ,അതിന്റെ കുഴഞ്ഞുമറിഞ്ഞ തത്ത്വശാസ്ത്രങ്ങളിൽനിന്നു , ദൈവികമായ ആരാധനയുടെ മടുപ്പിക്കുന്ന ആചാരങ്ങളിൽനിന്നു , മാനുഷികമായ എല്ലാ പരിഗണനകളും തമസ്കരിക്കപ്പെടുന്ന ദൈവചിന്തകളിൽനിന്നു ഒരു മോചനം വേണമായിരുന്നു.ശുദ്ധനായ ഒരു മാനവനു വിലക്കുകളില്ലാതെ, ഉപാധികളില്ലാതെ കടന്നു ചെല്ലാനാവുന്ന ഒരു ദൈവം വേണമായിരുന്നു. അതാണ് അരുവിപ്പുറത്തു കണ്ടത്. ആ ദൈവം ഭാരതത്തിന്റെ നൂറ്റാണ്ടുകളായുള്ള മാമൂലുകളും സ്വാർത്ഥരായ ആളുകളുടെ അന്ധമായ ഏകപക്ഷീയതയും ചുമക്കുന്നില്ലെന്നു ഗുരു ഉറപ്പുവരുത്തി .അതുകൊണ്ടാണ് പരമ്പരാഗത രൂപത്തിലുള്ള വിഗ്രഹം ഒഴിവാക്കിയത് .
നൂറ്റാണ്ടുകളായി പുരോഹിതർ കൊണ്ടുനടന്ന, നിർമ്മിച്ചെടുത്ത യുക്തിയുടെ ദൈവം എന്ന ശിൽപ്പമല്ല ഗുരു സ്ഥാപിച്ചെടുത്തത്. ആത്മീയമായ ഉണർവ്വിനും വെളിച്ചത്തിനും വേണ്ടി യാതൊരാൾക്കും സമീപിക്കാവുന്ന പാരസ്പര്യത്തിന്റെ ദൈവമാണത്. ജാതിയോ വർണ്ണമോ ഇല്ലാത്ത ഒരു ദൈവത്തിനു ഒരു ചെറുസസ്യത്തെപോലെ വളരാനാവും. പ്രാർത്ഥനാനിർഭരമായി, അകളങ്കിതമായി പ്രപഞ്ചചേതനയിലേക്ക് അഭയം തേടാൻ കാത്തുനിൽക്കുന്ന ഏതൊരു മനുഷ്യനും വളരെ സരളമായി സംവദിക്കാവുന്ന ദൈവമാണത്. ഈ ദൈവം മനുഷ്യനുമായി ഒരു ബന്ധം നിലനിർത്തുന്നു .മനുഷ്യന്റെ ശേഷിക്കൊത്ത് അവനു ആവിഷ്കരിക്കാവുന്ന ദൈവമാണത്. ഗുരുവിന്റെ ദൈവം കേവലം ഒരു മൂർത്തിയോ ദേവനോ അവതാരമോ അല്ല .ഗുരു അന്വേഷിക്കുന്ന ദൈവമാണത് .പല പേരുകളിൽ ,ഗുരു ആ ദൈവവുമായി സംവാദത്തിലേർപ്പെടുന്നു.ഗുരുവിന്റെ കൃതികളിൽ ഈ സംവാദാത്മകതയുണ്ട്. ആ ദൈവത്തിൽ സൗന്ദര്യമാണ് നിറയുന്നത്. അത് മനുഷ്യമനസ്സിന്റെ ഏറ്റവും ഉന്നതമായ വിചാരവുമായി കൂടിച്ചേർന്നാണ് നിലകൊള്ളുന്നത്. കലാപരമായ അനുഭൂതിക്ക് സമാനമായ ആത്മീയവികാരമാണ് ആ ദൈവം .ദൈവവുമായി ഒരു നിമിഷം പോലും അകലാൻ അനുവദിക്കരുതെന്നാണ് ഗുരു അപേക്ഷിക്കുന്നത് . ദൈവത്തോടാണ് ഇത് പറയുന്നത് .ദൈവവുമായി സംസാരിക്കുകയാണ്.അതിന്റെയർത്ഥം ദൈവം മനസ്സിലാണുളളത് എന്നാണ് .
ബോധത്തിൽ അറിയാത്തതൊന്നും നമ്മളുമായി ബന്ധമുള്ളതല്ല. ഈ ലോകത്തെ നമ്മൾ അറിയുന്നത് മനസ്സിലൂടെയാണ്. മനസിൽ ഒരേസമയമല്ല ,പല കാലങ്ങളിലായാണ് അത് നിലനിൽക്കുന്നത്. ഈ ലോകം വിപുലമായിക്കൊണ്ടിരിക്കുകയാണ്. ബാല്യകാലത്തുള്ള ലോകമല്ല യൗവനത്തിൽ കാണുന്നത്. ലോകത്തെക്കുറിച്ചുള്ള ധാരണ അറിവ് വർദ്ധിക്കുന്തോറും മാറുന്നു. ലോകം നാം എപ്പോഴും തിരയുകയാണ്. കണ്ടതു തന്നെ വീണ്ടും കാണുമ്പോൾ മറ്റൊന്നാവും ഗ്രഹിക്കാനാവുക .
ദൈവം മനസ്സിനുള്ളിലാണിരിക്കുന്നത്. ആ മനസ്സ് ഇല്ലാതായാൽ ദൈവവും ഇല്ലാതാകും. മനസ്സിന്റെ സമനില തെറ്റിയാൽ ദൈവം താഴെ വീഴും . ദൈവത്തെ നിലനിർത്താൻ നാം സമനിലയിൽ തുടരേണ്ടതുണ്ട്.
“ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ
നാവികൻ നീ ഭവാബ്ധിക്കോ –
രാവിവൻ തോണി നിൻ പദം “
എന്നു എഴുതിയിരിക്കുന്നതിൽ ദൈവം മനസിലാണെന്നും അത് ഒരു നിമിഷം പോലും നഷ്ടപ്പെടുത്തരുതെന്നുമാണ് അപേക്ഷിക്കുന്നത് .മനസ്സിലിരിക്കുന്ന ദൈവത്തോടാണ് പ്രാർത്ഥിക്കുന്നത് . അതുകൊണ്ട് അത് ആത്മനിഷ്ഠവും കർമ്മപ്രധാനവുമാണ്. ഒരാൾ ഉണർന്നിരുന്നാലല്ലേ അയാളുടെ ദൈവത്തെ അറിയാനൊക്കൂ.ഞങ്ങളെ കൈവിടരുതെന്നു പറഞ്ഞതിലൂടെ എപ്പോൾ വേണമെങ്കിലും അത് നഷ്ടപ്പെടാവുന്നതാണെന്ന ധ്വനി പരക്കുന്നു. ഒരു ജാഗ്രത വേണമെന്നു സാരം. ദൈവം വെറുതെ കിട്ടുന്നതല്ല; ഒരു വലിയ കോവിലിൽനിന്നു സുലഭമായി കിട്ടുന്നതല്ല ദൈവം. ഈ ലോകത്ത് സർവ്വത്ര നിറഞ്ഞ് ദൈവം നിൽക്കുന്നുണ്ടെങ്കിലും അത് നമുക്ക് കിട്ടണമെന്നില്ല .അത് വിരളമായിട്ടാണ് കാണപ്പെടുന്നത്. ദൈവം നാവികനാണ്. ജീവിതമാകുന്ന സാഗരത്തിൽ അകപ്പെട്ട മനുഷ്യർക്ക് ദൈവത്തിന്റെ തോണി വേണം, രക്ഷപ്പെടാൻ. ദൈവത്തിന്റെ പാദമാണ് ആ തോണി. ഈ സംസാരചക്രത്തിന്റെ ദുരിതത്തിൽനിന്നു രക്ഷപ്പെടാൻ ദൈവത്തിന്റെ തോണി വേണം. സമുദ്രത്തിലേക്ക് ഒരു തോണി എത്തുന്നു; അത് ദൈവത്തിന്റെ പാദമായി സങ്കൽപ്പിച്ചിരിക്കുന്നു. ആ പാദത്തിൽ അഭയം തേടുകയാണ് മനുഷ്യർ.

ദൈവികതയുടെ എഞ്ചിനീയറിംഗ്
ഗുരു ആവിഷ്കരിക്കുന്ന ഈ ദൈവം ഒരു കോവിലിൽ കാണുന്ന വിഗ്രഹം പോലെ ഒന്നല്ല. ഗുരുവിന്റെ ദൈവം ഒരു പാരസ്പര്യസംക്രമണ (reciprocal penetration)മാണ്. അത് നമ്മോടു സംസാരിക്കുന്നുണ്ട് .അത് നമ്മളിൽ തന്നെയുള്ള ഒരു അപരത്വമാണ് .നാം സംസാരിക്കുന്നതുകൊണ്ടു അത് സജീവമാകുന്നു. ദൈവത്തെ മനസ്സിലേക്ക് കൊണ്ടുവരുമ്പോൾ അത് അനുഭൂതിയായി മാറുന്നു .കലാനുഭൂതിയാണത്. സൗന്ദര്യമാണ് ആ ദൈവം.ദൈവത്തെ ഒരു ആവിക്കപ്പലായി കാണുക .ആ ആവിക്കപ്പൽ ദൈവത്തിന്റെ പാദമാണെന്നു പറയുക .ഇതിൽ കാണുന്നതെന്താണ് ?കലാനുഭവമാണ്. അത് ഭാവനയിൽ കാണാനുള്ളതാണ്. അതിൽ സൗന്ദര്യാനുഭവമുണ്ട്.
അത് ഒരു ചിത്രത്തിൽ ആലേഖനം ചെയ്താൽ അവാച്യമായ അനുഭൂതിയുണ്ടാവും .ദൈവവുമായുള്ള സംവാദമായി ഇത് ഉയർത്തപ്പെടുകയാണ് .ഈ ദൈവം ശ്രീകോവിലിലിരിക്കുന്ന ഒരു മൂർത്തിയല്ല ;അതിനേക്കാൾ മനസ്സുമായി വിനിമയം ചെയ്യുന്ന ഒരു അർത്ഥമാണ്. അത് ആലോചിക്കുന്തോറും സുന്ദരമായി തോന്നും. ഗുരുവിന്റെ ദൈവം സൗന്ദര്യാനുഭവമാണ് .അത് ഒരാൾ സ്വയം അനുഭവിക്കേണ്ടതാണ്. അത് പറഞ്ഞാൽ മനസ്സിലാകണമെന്നില്ല. ദൈവത്തെ അറിയാതെ വെറുതെ ആരാധിക്കുകയല്ല, ദൈവവുമൊത്ത് ചിന്തിക്കുകയാണ്.
“നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടി –
ക്കുള്ള സാമഗ്രിയായതും “
ഇവിടെ ഗുരുവിന്റെ ദൈവികതയുടെ എഞ്ചിനീയറിങ്ങ് കൂടുതൽ സൗന്ദര്യാത്മകമായി ബോധ്യപ്പെടും. നീ സൃഷ്ടിയാണെന്നു ദൈവത്തോടാണ് പറയുന്നത് .ദൈവം സൃഷ്ടിയാണെന്നു പറഞ്ഞാൽ എല്ലാ സൃഷ്ടിപ്രതിഭാസവും ദൈവമാണ് എന്നാണർത്ഥം. എവിടെ സൃഷ്ടിയുണ്ടോ അവിടെ ദൈവമുണ്ട്. മനുഷ്യൻ ഒരു സൃഷ്ടിയാണ് .വിത്തിൽ നിന്നു മുളയ്ക്കുന്ന വൃക്ഷം ഒരു സൃഷ്ടിയാണ് .പാത്രം ഒരു സൃഷ്ടിയാണ്. കവിത സൃഷ്ടിയാണ്. ഒരു കഥ സൃഷ്ടിയാണ് .പെയിൻറിംഗ് സൃഷ്ടിയാണ് . കണ്ടുപിടിത്തം സൃഷ്ടിയാണ്.പെൻസുലിൻ എന്ന മരുന്ന് സൃഷ്ടിയാണ്. സർഗാത്മകമായതെല്ലാം സൃഷ്ടിയാണ്. ബുദ്ധിപരമായ നേട്ടം സൃഷ്ടിയാണ്. ശാസ്ത്രീയമായ അറിവുകൾ സൃഷ്ടിയാണ് .ലോകം സൃഷ്ടിപരമാണ് .അത് വീണ്ടും വീണ്ടും സൃഷ്ടിപ്രക്രിയയിൽ മുഴുകുകയാണ്. സൃഷ്ടി പ്രാപഞ്ചികമായ നൈരന്തര്യമാണ് .ഒരു മരച്ചീനി തണ്ടിൽനിന്നു അനേകം മുളകൾ ഉണ്ടാകുന്നു. ഓരോന്നും സൃഷ്ടിപ്രക്രിയയുടെ ഭാഗമാകുന്നു. കലയും ശാസ്ത്രവും ദൈവമാണെന്നു ഗുരു അർത്ഥമാക്കുകയാണ്. ദൈവത്തിന്റെ അംശം പലതലങ്ങളിൽ പ്രകാശിക്കുകയാണ് .സ്രഷ്ടാവും ദൈവം തന്നെ .മനുഷ്യൻ സ്രഷ്ടാവാണ് . സന്താനോല്പാദനം നാം സ്രഷ്ടാവാണെന്നു തെളിയിക്കുന്നു. അതുകൊണ്ട് മനുഷ്യൻ ദൈവമാണ്. മനുഷ്യനിൽ നിന്നു വേർപെട്ട ഒരു ദൈവമില്ല .മനുഷ്യൻ തന്നെ ദൈവമാകുകയാണ് .മനുഷ്യനിലാണ് ദൈവത്തെ അന്വേഷിക്കേണ്ടത്. മനുഷ്യബോധം കൊണ്ടാണ് ദൈവത്തെ അറിയാൻ ശ്രമിക്കുന്നത്. അതുകൊണ്ട് മനുഷ്യബോധത്തിൽ ദൈവമിരിക്കുന്നു. സൃഷ്ടിജാലവും ദൈവമാണ്. എന്തെല്ലാം സൃഷ്ടികളാണുള്ളത്! പ്രാണികൾ ,സസ്യങ്ങൾ, ജന്തുക്കൾ, പറവകൾ തുടങ്ങി അനേകായിരം സൃഷ്ടികളുടെ ഒരു കൂട്ടമുണ്ട്. അതെല്ലാം ദൈവമാണ്. ദൈവത്തെ ഇങ്ങനെ വിപുലമായി അനുഭവിക്കണമെന്നാണ് സാരം.നാം അന്തരംഗത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുമ്പോഴാണ് പരസ്പര സംവാദയോഗ്യമായ ജീവന്റെ അനേകം രൂപങ്ങൾ എങ്ങനെ ഒരിടത്ത് സഹവർത്തിക്കുന്നു എന്നാരായാൻ കഴിയുന്നത്. പ്രപഞ്ചമാണുള്ളത് ;നമ്മൾ എന്ന പ്രപഞ്ചം .അതിൽ നമ്മുടെ വിചാരങ്ങൾ ,പ്രവൃത്തികൾ ദൈവത്തെ അഭിവ്യഞ്ജിപ്പിക്കുകയാണ്.
എല്ലാ സൃഷ്ടികളുമായി നാം പുലർത്തേണ്ടുന്ന രമ്യത ദൈവികതയുടെ ഭാഗമാണ്. പരസ്പരാശ്രയത്വവും പരസ്പരവിനിമയവും ദൈവത്തെ അറിയുന്നതിന്റെ എൻജിനീയറിംഗാണ്. മറ്റൊന്നുകൂടി ഗുരു അറിയിക്കുന്നുണ്ട്. അത് സൃഷ്ടിയുടെ സാമഗ്രിയാണ്. മനുഷ്യസൃഷ്ടിക്ക് പ്രധാനമായ സാമഗ്രികൾ അണ്ഡവും ബീജവുമാണ്. അണ്ഡവും ബീജവും പരസ്പരം പിന്തുണയ്ക്കണം. അത് പ്രാപഞ്ചികമായ ശരിയുടെ പ്രതീകമാണ്. ജീവനുള്ളതും ജീവനില്ലാത്തതും സാമഗ്രിയാണ്. സൃഷ്ടിക്ക് വേണ്ട ശേഷി,ബുദ്ധി, ശരീരം ,ആലോചന ,കാഴ്ച, കേൾവി തുടങ്ങിയവയെല്ലാം സാമഗ്രിയാണ്. അന്നവും ജലവും വായുവും മണ്ണും ആകാശവും മനസ്സും സാമഗ്രിയാണ്. അതുകൊണ്ട് അവയെല്ലാം ദൈവമാണ്. ദൈവത്തിന്റെ ലോകം വിപുലമാകുന്നതിനനുസരിച്ച് മനുഷ്യന്റെ ലോകവും വികസിക്കുന്നു.
ഒരു മനുഷ്യൻ എന്ന നിലയിൽനിന്നു വിവേകവും സംവേദനവുമുള്ള മനുഷ്യനിലേക്കു പ്രയാണം ചെയ്യുന്നതാണ് ദൈവികതയുടെ എൻജിനീയറിങ്ങിൽ ഗുരു വിഭാവന ചെയ്യുന്നത്.
(തുടരും)






