യോഗത്തെ ആരും മതേതരത്വം പഠിപ്പിക്കേണ്ടതില്ല

നിലമ്പൂർ : മതേതര മുഖംമൂടിയണിഞ്ഞ വർഗീയവാദികളെ തുറന്നു കാട്ടിയതിനാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചിലർ വെല്ലുവിളികളുമായി രംഗത്തുവരുന്നതെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രസ്താവിച്ചു.
എസ്.എൻ.ഡി.പി യോഗം നിലമ്പൂർ യൂണിയൻ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ഭീഷണികളെ അവഗണിച്ച ചരിത്രമാണ് യോഗത്തിന്റേത്. മതത്തിന്റെ പേരുപറഞ്ഞ് അധികാരക്കസേരകളിൽ കയറിയിരിക്കുന്നവർ മതേതരത്വം പഠിപ്പിക്കാൻ വരേണ്ടെന്നും ഏതുവെല്ലുവിളിയെയും നേരിടാൻ യോഗവും പ്രവർത്തകരും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ പിന്നാക്ക, പട്ടികവിഭാഗങ്ങൾ നേരിടുന്ന വിവേചനവും മാറ്റിനിർത്തലുകളും നെഞ്ചുറപ്പോടെ വിളിച്ചുപറയാൻ വെള്ളാപ്പള്ളി നടേശൻ മാത്രമേയുള്ളൂ. അദ്ദേഹത്തെ നിശബ്ദനാക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് ഈ ഭീഷണികൾ. എന്തൊക്കെ ഭീഷണികളുണ്ടായാലും യോഗവും പ്രവർത്തകരും വെള്ളാപ്പള്ളിക്ക് പിന്നിൽ ശക്തമായി ഉറച്ചുനിൽക്കും.
ഇടതു, വലതു മുന്നണികൾ ഇനിയും ന്യൂനപക്ഷ പ്രീണനം തുടർന്നാൽ കേരളത്തിലെ ഭൂരിപക്ഷസമൂഹം പറിച്ചെറിയപ്പെടുന്ന സ്ഥിതിവരും. വോട്ടുബാങ്കിന്റെ ബലത്തിൽ എന്തും കൈയ്യടക്കാമെന്ന അഹങ്കാരം ഇനിയെങ്കിലും ന്യൂനപക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾ അവസാനിപ്പിക്കണം. ഈ കൊള്ളയ്ക്കെതിരെ കേരളം ഉണർന്നുകഴിഞ്ഞു. അതിന് നേതൃത്വം നൽകുകയാണ് വെള്ളാപ്പള്ളി നടേശന്റെയും എസ്.എൻ.ഡി.പി. യോഗത്തിന്റെയും ഇനിയുള്ള ദൗത്യം. കേരളത്തിൽ സാമൂഹിക, സാമ്പത്തിക സർവ്വേ നടത്തിയാൽ വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ച അസമത്വവും അന്തരങ്ങളും വ്യക്തമാകും. എത്രയും വേഗം ഇത്തരമൊരു പഠനത്തിന് കേരള സർക്കാർ തയ്യാറാകണം. നിലമ്പുർ യൂണിയൻ പ്രസിഡന്റ് വി.പി. സുബ്രമണ്യൻ അദ്ധ്യക്ഷത വഹിച്ചു. പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.
എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ മാരായ തമ്പി മേട്ടുത്തറ. അഡ്വ. പി എസ് ജ്യോതിസ് യൂണിയൻ സെക്രട്ടറി ഗിരിഷ് മേക്കാട്ട് ,സയറക്ടർ ബോർഡ് അംഗങ്ങളായ സജീ കുരിക്കാട്ട്, എൻ. സുന്ദരേശൻ, കൗൺസിലർമാരായ എം.പി.രാധാകൃഷ്ണൻ,ഗിരീഷ് മൈലാടി, ഇ എൻ സജീ . വനിത സംഘം ഭാരവാഹികളായ ഭാസുര വാസു, ദേവൻ , ലത സജീകുമാർ, സി. ആർ രാധമണിടിച്ചർ എന്നിവർ സംസാരിച്ചു.






