പൂത്തോട്ടയില്‍ വീണ്ടും നൂറുമേനി

കൊച്ചി: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറുമേനി വിജയനേട്ടം ഇക്കുറിയും സ്വന്തമാക്കി പൂത്തോട്ട ക്ഷേത്ര പ്രവേശന മെമ്മോറിയല്‍ (കെപിഎം) ഹൈസ്‌കൂള്‍. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ ഉപദേശിച്ച ശ്രീനാരായണഗുരുദേവന്‍ പ്രതിഷ്ഠ നിര്‍വഹിച്ച പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രമുറ്റത്തെ വിദ്യാലയം വീണ്ടും നാടിന് അഭിമാനമായി.
പരീക്ഷ എഴുതിയ 416 കുട്ടികളും വിജയിച്ചു. 52 പേര്‍ ഫുള്‍ എ പ്ലസ് നേടി. 21 കുട്ടികള്‍ക്ക് 9 എപ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷവും പരീക്ഷ എഴുതിയ 346 വിദ്യാര്‍ത്ഥികളും വിജയിച്ചിരുന്നു.

എസ്.എന്‍.ഡി.പി യോഗം പൂത്തോട്ട ശാഖയുടെ കീഴിലാണ് സ്‌കൂള്‍. ശാഖാ പ്രസിഡന്റ് ഡി. ഉണ്ണിക്കൃഷ്ണന്‍, സെക്രട്ടറി കെ.കെ. അരുണ്‍കാന്ത്, മുന്‍ മാനേജര്‍ ഇ.എന്‍. മണിയപ്പന്‍, വൈസ്‌പ്രസിഡന്റ് പി.ആര്‍. അനില, ഹെഡ്‌മാസ്റ്റര്‍ അനൂപ് സോമരാജന്‍, അദ്ധ്യാപകര്‍, പി.ടി. എ. ഭാരവാഹികള്‍ തുടങ്ങിയവരുടെ ആശ്രാന്ത പരിശ്രമമാണ് സ്‌കൂളിനെ നൂറുമേനി വിജയത്തിലേക്കെത്തിച്ചത്. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. കലാ, കായിക, ക്ലബ് തല പ്രവര്‍ത്തനങ്ങളിലും സ്‌കൂള്‍ സംസ്ഥാനത്ത് മുന്‍നിരയിലാണ്. അന്താരാഷ്ട്ര നിലവാരമുള്ള കളിസ്ഥലം സ്‌കൂളിന്റെ മേന്മയാണ്. എന്‍.സി.സി., ജെ.ആര്‍.സി. ലിറ്റില്‍ കൈറ്റ്, സ്‌കൗട്ട് ആന്റ് ഗൈഡ് തുടങ്ങിയവ സ്‌കൂളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം മുതല്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് വിഭാഗവും ആരംഭിക്കും. ഭാഷ, ശാസ്ത്ര, ഇതര ക്ലബുകളും മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിവരുന്നു. അഞ്ചുമുതല്‍ പത്ത് വരെയുള്ള 1500ലേറെ കുട്ടികള്‍ പഠിക്കുന്നതാണ് ഈ വിദ്യാലയം.

Author

126 Views
Scroll to top
Close
Browse Categories