മുന്‍പേ പറന്നു പോയവള്‍, പത്മിനി

ഇരുപത്തിയൊന്‍പത് വയസു തികയുന്നതിന് ഒരു നാള് മുന്‍പ് ഈ ലോകം വിട്ടുപോയ ടി കെ പത്മിനി എന്ന പകരം വയ്ക്കാനില്ലാത്ത ചിത്രകാരി. ഫെമിനിസവും പെണ്ണെഴുത്തുമെല്ലാം നമുക്ക് കേട്ടറിവാകുന്നതിന് എത്രയോ മുന്‍പ്, വീട്ടിലും തൊടിയിലുമായി പെണ്ണിടം പരിമിതപ്പെട്ടിരുന്ന കാലത്ത്, ഇന്ത്യന്‍ ചിത്രകലയിലെന്നല്ല, ലോക ചിത്രകലാ ലോകത്തു തന്നെ സ്വന്തം സാന്നിദ്ധ്യം അടയാളപ്പെടുത്തി മുന്‍പേ പറന്നുപോയ പത്മിനി…
”പൊന്നാനിക്കാരന്റെ മനോരാജ്യം” പങ്കിട്ട അക്ഷരങ്ങളുടെയും ആശയങ്ങളുടെയും ആചാര്യന് എം ഗോവിന്ദന് പിറന്ന മണ്ണ്. പൊന്നുണ്ണിയെ കിട്ടാന്‍ സ്വന്തം കണ്ണുകള്‍ ചൂഴ്ന്നെടുത്തു കാഴ്ചവച്ച നങ്ങേലിയെ (പൂതപ്പാട്ട്) തന്ന ഇടശ്ശേരി ഗോവിന്ദന് നായരുടെ മണ്ണ്. ‘ മുന്‍പേ പറക്കുന്ന പക്ഷികള്‍” ക്കായി വ്യാകുലപ്പെട്ട സി രാധാകൃഷ്ണന്റെ മണ്ണ് – പൊന്നാനി. ആ പൊന്നാനിക്കുണ്ടൊരു പെണ്‍പെരുമ; അവള്‍ക്കു പേര് പത്മിനി. ഇരുപത്തിയൊന്‍പത് വയസു തികയുന്നതിന് ഒരു നാള് മുന്‍പ് ഈ ലോകം വിട്ടുപോയ ടി കെ പത്മിനി എന്ന പകരം വയ്ക്കാനില്ലാത്ത ചിത്രകാരി. ഫെമിനിസവും പെണ്ണെഴുത്തുമെല്ലാം നമുക്ക് കേട്ടറിവാകുന്നതിന് എത്രയോ മുന്‍പ്, വീട്ടിലും തൊടിയിലുമായി പെണ്ണിടം പരിമിതപ്പെട്ടിരുന്ന കാലത്ത്, ഇന്ത്യന്‍ ചിത്രകലയിലെന്നല്ല, ലോക ചിത്രകലാ ലോകത്തു തന്നെ സ്വന്തം സാന്നിദ്ധ്യം അടയാളപ്പെടുത്തി മുന്‍പേ പറന്നുപോയ പത്മിനി…

ടി കെ പത്മിനി (1940 മേയ് 12 – 1969 മേയ് 11)
തനിയെ, തകര്‍ന്ന ഹൃദയവുമായി അനന്തതയിലേക്ക് കണ്ണുംനട്ട് ഇരിക്കുന്ന പെണ്‍കുട്ടി – പത്മിനിക്ക് എല്ലാമെല്ലാമായിരുന്ന അമ്മാവന് ദിവാകര മേനോന് അനന്തരവളെ വാക്കുകളില്‍ വരച്ചിട്ടത് ഇങ്ങനെയായിരുന്നു. പൊന്നാനി താലൂക്കിലെ കാടഞ്ചേരിയില്‍ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനനം. രജിസ്ട്രേഷന് വകുപ്പില്‍ ക്ലാര്‍ക്കായിരുന്ന അച്ഛന് ദാമോദരന്‍ നായര്‍ മരിക്കുമ്പോള്‍ പത്മിനി മൂന്നാം ക്ലാസിലാണ്. മുത്തശ്ശിയും വിധവയായ അമ്മയും ഏക സഹോദരനായ രാധാകൃഷ്ണനും നാല് സഹോദരിമാരില്‍ ഇളയവള്‍ പത്മിനിയുമടങ്ങുന്ന കുടുംബത്തിന്റെ നാഥനാകാന്‍ വിധിക്കപ്പെട്ട അമ്മാവന് ദിവാകര മേനോന് അന്ന് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.
മുത്തശ്ശിയായ അമ്മുക്കുട്ടി അമ്മയുടെ മടിയില്‍ കിടന്ന് കിനാവു കാണുന്ന പെണ്‍കുട്ടി. അമ്പലപ്പറമ്പും ആലും കല്‍വിളക്കും നാട്ടിടവഴികളുമെല്ലാമായിരുന്നു അവളുടെ ലോകം. പാട്ടിലായിരുന്നു പത്മിനിക്കുട്ടിക്ക് താത്പര്യം. എ വി ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് ചിത്രകലയില്‍ ആകൃഷ്ടയാകുന്നത്. ആ അഭിരുചി കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചത് കെ എല്‍ ദേവസ്സി എന്ന ചിത്രകലാ അദ്ധ്യാപകന്. പത്താം ക്ലാസ് പാസായ പത്മിനിക്ക് ചിത്രകലാപഠനം തുടരാന്‍ അതിയായ മോഹം. പെണ്‍കുട്ടികള്‍ വിവാഹത്തോടെ സ്കൂള്‍ പഠനമവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായിരുന്ന കാലമായിരുന്നുവെന്നോര്ക്കണം. വീട്ടിലിരുന്ന് വല്ലതും എഴുതുന്നതിലും വായിക്കുന്നതിലുമൊന്നും കുഴപ്പമില്ല; ചിത്രം വരപ്പൊന്നും പെണ്‍കുട്ടികള്‍ക്കു പറഞ്ഞ കാര്യമല്ല – ഇതായിരുന്നു അക്കാലത്തെ പൊതു ചിന്താഗതി.

എന്നാല്‍ പത്മിനിയുടെ മനസ്സറിയുന്ന അമ്മാവന് വിഷയം കവി ഇടശ്ശേരി ഗോവിന്ദന് നായരുടെ മുന്നിലവതരിപ്പിച്ചു. പത്മിനിയെ തന്റെ വീട്ടില്‍ താമസിപ്പിച്ച് ദേവസ്സി മാഷെ വരുത്തി ചിത്രകല അഭ്യസിപ്പിക്കാനായിരുന്നു കവിയുടെ തീരുമാനം. അങ്ങനെയിരിക്കെയാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്ന കെ എം വാസുദേവന്‍ നമ്പൂതിരി ചിത്രകലാ പഠനം പൂര്‍ത്തിയാക്കി മദിരാശി ( ഇപ്പോഴത്തെ ചെന്നൈ) യില്‍ നിന്ന് നാട്ടിലെത്തിയത്. ദിവാകര മേനോന്റെ അഭ്യര്‍ത്ഥനയില്‍ പത്മിനിയെ ചിത്രമെഴുത്തിലെ നൂതനാശയങ്ങളും പ്രവണതകളും പരിചയപ്പെടുത്തിക്കൊടുക്കാന്‍ നമ്പൂതിരിക്ക് സന്തോഷമേയുണ്ടായുള്ളൂ. ഇടയ്ക്ക് ഒരു ചിത്ര പ്രദര്‍ശനം കാണാന്‍ കോഴിക്കോട്ടു കൂട്ടിക്കൊണ്ടു പോയപ്പോള്‍ താന്‍ വരച്ച ഏതാനും ചിത്രങ്ങളും പത്മിനി കയ്യില്‍ കരുതിയിരുന്നു. ചിത്രങ്ങള്‍ കണ്ടിഷ്ടപ്പെട്ട എം വി ദേവന് മാഷ് അതില്‍ നിന്ന് ചാര്‍ക്കോളില്‍ ചെയ്ത രണ്ട് രചനകള്‍ എടുത്ത് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയതു വലിയ പ്രചോദനമായി. പിന്നെ, പൊന്നാനിയിലെ ആ മനോരാജ്യക്കാരി കവി ഇടശ്ശേരിയുടെ കത്തുമായി അമ്മാവനൊപ്പം എത്തിയത് മദിരാശിയില്‍ സാക്ഷാല്‍ എം ഗോവിന്ദന്റെ അടുക്കലായിരുന്നു. ചിത്രകലാ ആചാര്യന്മാരായ കെ സി എസ് പണിക്കരുടെയും റോയ് ചൗധരിയുടെയും ശിഷ്യയായി മദ്രാസ് കോളേജ് ഒഫ് ആര്ട്സിലെത്തിയത് അങ്ങനെ. സി എന്‍ കരുണാകരന്, കാനായി കുഞ്ഞിരാമന്, കെ ദാമോദരന്‍, എന്‍ കെ പി മുത്തുക്കോയ എന്നിവരെല്ലാം അന്നവിടെ സഹപാഠികള്‍. ആറ് വര്‍ഷത്തെ ചിത്രകലാ കോഴ്സ് നാല് വര്‍ഷം കൊണ്ട് 1965ല്‍ ഒന്നാം റാങ്കോടെയാണ് പത്മിനി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് നാലു വര്‍ഷത്തോളം മദിരാശിയിലെ ഒരു സ്കൂളില്‍ ചിത്രകലാ അദ്ധ്യാപികയായിരുന്നു. 1968 മേയിലായിരുന്നു, സഹപാഠിയും തലശ്ശേരി ക്കാരനുമായ കെ ദാമോദരനുമായുള്ള വിവാഹം. 1969 മേയ് 11 ന്, ഇരുപത്തിയൊന്‍പത് വയസ്സു തികയാന്‍ ഒരു നാള് ശേഷിക്കേ, ആദ്യ പ്രസവത്തില്‍ കുഞ്ഞിനോടൊപ്പം പത്മിനിയും ഈ ലോകത്തു നിന്ന് യാത്രയായി… പ്രസവത്തിനായി പത്മിനിയെ കുണ്ടും കുഴിയുമുള്ള ചെമ്മണ്‍പാതയിലൂടെ വണ്ടിക്കൊപ്പം ചാഞ്ചാടുന്ന റാന്തലിന്റെ വെട്ടത്തില്‍ കാളവണ്ടിയില്‍ രാത്രി മൈലുകള്‍ക്കപ്പുറമുള്ള പട്ടണത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായ ആ പറഞ്ഞറിവ് സി എന്‍ കരുണാകരന് ഒരിക്കല്‍ പങ്കുവച്ചതോര്‍ക്കുന്നു…

പത്മിനി ചിത്രമെഴുത്തില്‍ സജീവമായിരുന്ന മദിരാശി വാസക്കാലത്ത് രചിച്ച 30 എണ്ണച്ചായ ചിത്രങ്ങള്‍ ഉള്‍പ്പെടെ 230 ഓളം ചിത്രങ്ങളാണ് ഇന്ത്യ കണ്ട ആ വലിയ കലാകാരിക്ക് നിത്യ സ്മാരകമായുള്ളത്. കേരള ലളിതകലാ അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയിലും മദ്രാസിലെ നാഷണല്‍ ഗാലറി ഒഫ് മോഡേണ്‍ ആര്‍ട്ടിലും ഹൈദരാബാദ് സലാര്‍ജംഗ് മ്യൂസിയത്തിലുമായി അവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇന്ത്യ കണ്ട മറ്റൊരു വലിയ ചിത്രകാരിയായ അമൃത ഷെര്ഗില്ലിനോടാണ് പത്മിനിയെ പലപ്പോഴും ഉപമിച്ചു കാണാറ്. എന്നാല്‍ ആല്‍ത്തറയും കല്‍വിളക്കും നാട്ടിടങ്ങളും മനുഷ്യരുമെല്ലാം ചേര്‍ന്ന മലയാളിത്തമാണ് പത്മിനിച്ചിത്രങ്ങളുടെ കാതലെന്നു പറയാം. കാല്പനികവും അമൂര്‍ത്തവും എക്സ്പ്രഷണിസ്റ്റ് രീതികളുമെല്ലാം ആ രചനകളില്‍ നമുക്ക് മാറിമാറി കാണാം. രചനാരീതിയിലെ മൗലികത – അതാണ് പത്മിനിച്ചിത്രങ്ങളുടെ മുഖമുദ്ര; ”പട്ടം പറത്തുന്ന പെണ്‍കുട്ടി”യാണ് പത്മിനി ഏറ്റവുമൊടുവില്‍ ചെയ്ത പ്രതീക്ഷാനിര്‍ഭരമായ രചന.
കഥയെഴുത്തുകാരനായ സുസ്മേഷ് ചന്ദ്രോത്ത് 2018 ല്‍ പത്മിനിയെ കുറിച്ച് ഒരു സിനിമ ചെയ്തിട്ടുള്ളതും ശ്രദ്ധേയമാണ്.