ഗുരുകഥാസാഗരം തുഴഞ്ഞ അയിലം

തൊട്ടുകൂടായ്മയുടെയും ജാതീയമായ ഉച്ചനീചത്വങ്ങളുടെയും പാതാളത്തില്‍ നിന്ന് ആധുനിക കേരളം സൃഷ്ടിച്ചെടുത്ത ചരിത്രമാണ് ഗുരുവിന്റെ ജീവിതകഥ. ഗുരുവിന്റെ ജീവിതത്തെ ഒരു ജനകീയ കലാമാധ്യമത്തിലൂടെ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുകയും, ഗുരുസന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതില്‍ അയിലം ഉണ്ണിക്കൃഷ്ണന് സവിശേഷമായൊരു പങ്കുണ്ട്.

മലയാളത്തിന്റെ സാംസ്‌കാരിക- സാമൂഹ്യ മേഖലകളില്‍ നാടക പ്രസ്ഥാനത്തിലൂടെയും കഥാപ്രസംഗത്തിലൂടെയും വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ കഴിഞ്ഞ പ്രതിഭയായിരുന്നു പ്രൊഫ. എ. അയിലം ഉണ്ണിക്കൃഷ്ണന്‍. ദൃശ്യ, ശ്രാവ്യ, ആധുനിക മാധ്യമങ്ങള്‍ കടന്നെത്താതിരുന്ന കാലഘട്ടത്തില്‍പ്പോലും ഗ്രാമ, നഗര ഭേദമെന്യേ കേരളത്തിലെ സാധാരണക്കാരന്റെ മനസില്‍ കഥാപ്രസംഗ കലയിലൂടെ ചിരപ്രതിഷ്ഠ നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അയിലം ഉണ്ണിക്കൃഷ്ണനുമായി അടുക്കുവാന്‍ എനിക്ക് സാഹചര്യമുണ്ടായത്, ‘ശ്രീനാരായണ ഗുരുദേവന്‍’ എന്ന കഥാപ്രസംഗം ഉദ്ഘാടനം ചെയ്യുന്നതിന് എന്നെ ക്ഷണിക്കുവാന്‍ അദ്ദേഹം വന്നതു മുതലാണ്. വിശ്വഗുരുവിനെ കഥപ്രസംഗ കലയിലൂടെ ലോകത്തിനു മുന്നില്‍ വരച്ചുകാട്ടുവാന്‍ അദ്ദേഹം കാട്ടിയ വിരുതും പ്രതിഭയും തിരിച്ചറിഞ്ഞപ്പോള്‍ തോന്നിയ വാത്സല്യം, ജന്മാന്തരങ്ങളിലൂടെ കൈവന്ന സഹോദര ബന്ധമായി പിന്നീട് വളരുകയായിരുന്നു.

കേവലം രണ്ടുമണിക്കൂര്‍ കൊണ്ട് ഗുരുദേവന്റെ ബാല്യം മുതല്‍ മഹാസമാധി വരെയുള്ള ജീവിതയാത്ര അയിലം പറഞ്ഞുതീര്‍ക്കുന്നത് അസാധാരണമായ വാഗ്വിലാസത്തോടെയായായിരുന്നു. ബാലനായ നാണുവില്‍ നിന്ന് വിശ്വഗുരുവായുള്ള ഗുരുദേവന്റെ പരിണാമ കഥയില്‍, ഒരു നവോത്ഥാന നായകന്റെ പിറവി കേള്‍വിക്കാര്‍ക്ക് വിസ്മയപൂര്‍വം തൊട്ടറിയാന്‍ കഴിഞ്ഞിരുന്നു. അയിലം ഉണ്ണിക്കൃഷ്ണന്‍ സെക്രട്ടറി പദം അലങ്കരിച്ച തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിലെ മണല്‍ത്തരികള്‍ പോലും അദ്ദേഹത്തിന്റെ കഥാപ്രസംഗത്തില്‍ കടന്നു വന്നിട്ടുണ്ട്.
ഗുരുദേവന്റെ കഥ പറയുമ്പോള്‍ ആശാന്റെ ‘ദുരവസ്ഥ’യും അതിലെ കഥാപാത്രങ്ങളായ സാവിത്രി അന്തര്‍ജ്ജനവും ചാത്തന്‍ പുലയനുമൊക്കെ പുന:സൃഷ്ടിക്കപ്പെടുക കൂടി ചെയ്യുന്നു. തൊട്ടുകൂടായ്മയുടെയും ജാതീയമായ ഉച്ചനീചത്വങ്ങളുടെയും പാതാളത്തില്‍ നിന്ന് ആധുനിക കേരളം സൃഷ്ടിച്ചെടുത്ത ചരിത്രമാണ് ഗുരുവിന്റെ ജീവിതകഥ. ഗുരുവിന്റെ ജീവിതത്തെ ഒരു ജനകീയ കലാമാധ്യമത്തിലൂടെ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുകയും, ഗുരുസന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതില്‍ അയിലം ഉണ്ണിക്കൃഷ്ണന് സവിശേഷമായൊരു പങ്കുണ്ട്. അദ്ദേഹത്തിന്റെ ആത്മാവ് നിത്യശാന്തി പ്രാപിക്കട്ടെയെന്ന് ഗുരുനാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു.