ചോദ്യങ്ങൾക്ക് ഒരുഒപ്പീസ്

ചുറ്റിനും പൊതിഞ്ഞു നിന്ന നിശബ്ദത ഭേദിച്ചുകൊണ്ട്, ട്രെയിൻ സ്റ്റേഷനിലേക്ക് വന്നു നിന്നപ്പോൾ, സമയം രാത്രി 12.30.
നഗരത്തിൽ നിന്ന് മാറിയാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.. ഈ നഗരത്തിൽ അയാൾ ആദ്യമായിട്ടാണെങ്കിലും, ഈ നഗരത്തെ കുറിച്ചും റെയിൽവേ സ്റ്റേഷനെ കുറിച്ചും അയാൾക്ക് നല്ല വ്യക്തതയുണ്ട്.
പകലിന്റെ തിരക്കിൽ, വാഹനങ്ങളുടെ ശബ്ദത്തിൽ നഗരം ചൂടേറി നിൽക്കുമ്പോൾ റെയിൽവേ സ്റ്റേഷൻ, നഗരവുമായി ഏറെ ദൂരെയാണെന്ന് തോന്നുമെങ്കിലും, രാത്രിയിൽ ആളുകൾ ഒഴിഞ്ഞു വാഹനങ്ങൾ ഉറക്കം പിടിക്കുന്ന സമയത്ത് നഗരത്തിലെ ഹൈ മാക്സ് ലൈറ്റ് പോളിൽ ചാരി നിന്ന് കിലോമീറ്ററുകൾ അപ്പുറമുള്ള റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വരുന്ന ശബ്ദം കേൾക്കുമ്പോൾ – ആദ്യ കേൾവിയിൽ അതൊരു മനുഷ്യന്റെ അലർച്ചയായി തോന്നും – നമ്മൾക്ക് തോന്നി പോകും റെയിൽവേ സ്റ്റേഷൻ അടുത്താണെന്ന്.
രാത്രിയായതിനാൽ തന്നെ പ്ളാറ്റ് ഫോമിൽ ആളുകൾ കുറവായിരുന്നു. ഒരു മണിക്കൂറിനു ശേഷം വടക്കോട്ട് പോകുന്ന ട്രെയിൻ ഒഴികെ ഈ രാത്രിയിൽ വേറൊന്നിനും ആ സ്റ്റേഷനിൽ സ്റ്റോപ്പ്‌ ഇല്ലായിരുന്നു.
സ്റ്റേഷന് പുറത്ത് നിരന്നു കിടന്ന ഓട്ടോറിക്ഷകളിൽ നടുക്ക് കിടന്ന ഓട്ടോയിൽ അയാൾ കയറിയിരുന്നു.
മുമ്പിൽ കിടക്കുന്ന ഓട്ടോ ഡ്രൈവർമാർ മുറുമുറുപ്പ് കാട്ടിയെങ്കിലും അയാൾ അതൊന്നും ശ്രദ്ധിച്ചില്ല.
“ടൗണിലെ പഴയ ലോഡ്ജിലേക്ക് പോകാം. “
അയാൾ പറഞ്ഞു.

താമസിക്കാൻ വേറെ നല്ല ലോഡ്ജുകൾ ഉണ്ടെന്നും, നാടിന്റെ ചരിത്രപരമായ ചില വസ്തുക്കൾ ഒഴിച്ച് നിറുത്തിയാൽ, കാഴ്ചക്കാരെ വിസ്മയിപ്പിക്കും തരത്തിൽ ഒന്നും തന്നെ ഇല്ലാത്ത ഈ നഗരത്തിൽ ലോഡ്ജുകൾക്ക് വലിയ വാടക ഇല്ലെന്ന് ഓട്ടോക്കാരൻ സൂചിപ്പിച്ചെങ്കിലും അയാൾക്ക് മാറ്റി ചിന്തിക്കാൻ ഉദ്ദേശമില്ലായിരുന്നു.
ഈ നഗരത്തിലേക്കുള്ള യാത്ര തിരിച്ചപ്പോൾ തന്നെ, ടൗണിന്റെ മൂലയിലുള്ള പഴയ ലോഡ്ജിൽ താമസിക്കുന്ന കാര്യം അയാൾ തീരുമാനിച്ചിരുന്നു.
കവല തീരുന്നിടത്തായിരുന്നു ലോഡ്ജ് ഉണ്ടായിരുന്നത്. ആളൊഴിഞ്ഞ ഒരു മൂന്ന് നില കെട്ടിടം. കാണാൻ യോഗ്യനായ അയാൾ എന്തിനാണ് ഈ വലിയ ബാഗും തൂക്കി, ഈ രാത്രിയിൽ ആർക്കും വേണ്ടാത്ത ഈ ലോഡ്ജിൽ താമസിക്കാൻ വന്നതെന്ന്, അയാളെ ലോഡ്ജിന്റെ മുന്നിൽ ഇറക്കുമ്പോഴോ ഓട്ടോ കൂലി വാങ്ങി ബാക്കി പണം തിരികെ കൊടുക്കുമ്പോഴോ ഓട്ടോക്കാരൻ ചിന്തിച്ചിരുന്നില്ല.
-“നമുക്ക് വീണ്ടും കാണാം. “
പിരിയാൻ നേരം ഇത്രമാത്രം അയാൾ പറഞ്ഞു. അതിന് മറുപടി എന്നോണം ഓട്ടോക്കാരൻ ഒരു ചെറു ചിരിയും സമ്മാനിച്ചു തന്റെ കൂട്ടിലേക്ക് മടങ്ങി.
ലോഡ്ജിന്റെ മുന്നിൽ വെളിച്ചം കുറവായിരുന്നു. ലൈറ്റ്ബോർഡിൽ എഴുതിയ ഫൈവ് സ്റ്റാർ ലോഡ്ജ് എന്ന പേരിന്റെ സ്റ്റാർ മാത്രമേ വെളിച്ചത്താൽ വായിക്കാൻ സാധിക്കുന്നൊള്ളു. അതിന്റെ വെളിച്ചത്തിൽ മുറ്റത്തു നിന്നിരുന്ന പേര മരത്തിന്റെ നിഴൽ അയാളുടെ മുഖത്ത് വീണു.
-” ജനാലയിലൂടെ നോക്കിയാൽ ടൗൺ കാണാൻ പറ്റുന്ന രീതിക്ക് ഒരു മുറി വേണം. “
ലോഡ്ജിൽ നിൽക്കുന്ന പയ്യനോട് അയാൾ പറഞ്ഞു.
-“എന്താ, എന്തെങ്കിലും പ്രശ്നമുണ്ടോ..? “
മുറി ചോദിച്ചിട്ടും ഒന്നും മിണ്ടാതെ അയാളെ തന്നെ നോക്കി നിൽക്കുന്ന പയ്യനോട് ചോദിച്ചു.
-“ഏയ്‌, ഒന്നുമില്ല സാർ..
ഇവിടെ മുമ്പ് കണ്ടിട്ടില്ല, അതാ… നോക്കിയത്. “
-“ഞാൻ ഇവിടെ ആദ്യമായിട്ടാണ്. “
രണ്ടാം നില കേറി ചെന്നാൽ അവസാനത്തെ മുറി അയാൾ പറഞ്ഞത് പോലത്തെയായിരുന്നു.
അയാൾ ആഗ്രഹിച്ചത് പോലെ ജനാല തുറന്നാൽ ടൗൺ കാണാൻ സാധിക്കുന്നത്..
-” എന്ത് പറ്റി സാറേ ഇങ്ങനെയൊരു ലോഡ്ജിൽ മുറി എടുക്കാൻ കാരണം… “
-“അതെന്താ അഗസ്റ്റിനെ നീ അങ്ങനെ ചോദിച്ചത്. “
അര മണിക്കൂർ നേരമായി താൻ ഒഴിച്ചു കൊടുത്ത മദ്യത്തിന്റെ പരിചയത്തിൽ ലോഡ്ജിലെ പയ്യന്റെ പേര് അഗസ്റ്റിൻ എന്നാണെന്ന് അയാൾക്ക് മനസിലായി. അയാൾ ഒഴിച്ച മദ്യത്തിന് തടയിട്ടുകൊണ്ടാണ് അഗസ്റ്റിൻ അങ്ങനെയൊരു ചോദ്യം അയാളോട് ചോദിച്ചത്..
-“ഇതിന്റെ കിടപ്പ് തന്നെ കണ്ടില്ലേ സാറെ.. വേറെ ഒറ്റ മുറിയിലും താമസക്കാരില്ല.. അങ്ങനെ ഒരാൾക്ക് വന്നു താമസിക്കാൻ പറ്റുന്ന ഒരു ഇടമല്ലല്ലോ ഇത്..”
ഒന്ന് നിറുത്തിയിട്ട് അഗസ്റ്റിൻ തുടർന്നു:
-” പക്ഷേ, പണ്ട് ഇങ്ങനെയൊന്നും അല്ലായിരുന്നു സാറെ…തൊണ്ണൂറുകളുടെ തുടക്കത്തിൽ നഗരത്തെ വിറപ്പിച്ച ടീംസിന്റെ കേന്ദ്രമായിരുന്നു ഇത്.. ഈ ലോഡ്ജിന്റെ ഇപ്പോഴത്തെ ഓണറുടെ അപ്പൻ, അങ്ങേരുടെ ആവശ്യങ്ങൾക്കായി കൊണ്ട് നടന്നിരുന്ന കൂട്ടരേ താമസിപ്പിച്ച ഇടം… പകൽ മുഴുവൻ കാശിനു വേണ്ടിയും, തിന്ന ചോറിനുള്ള നന്ദിയും കാണിച്ചിട്ട് അന്തി ഉറങ്ങാനുള്ള ഇടം.. ചുമ്മ അന്തി ഉറക്കം മാത്രമായിരുന്നില്ല. നാടിനെ വിറപ്പിക്കുന്ന മുതലുകളെ പോലും പൂട്ടാൻ കഴിവുള്ള പെണ്ണുങ്ങളെയും ഇവിടെ താമസിപ്പിച്ചിട്ടുണ്ടായിരുന്നു.. കൈകരുത്ത് കൊണ്ട് അധികാരം വെട്ടി പിടിക്കുന്നവർ ഇവരുടെ മുമ്പിൽ തോറ്റ് കിതച്ചിട്ടുണ്ട്. അന്ന് ആ കിതപ്പുകണ്ട് അവരൊരു ചിരി ചിരിക്കും.. ടൗണിന് ചുറ്റും മുഴങ്ങും ആ ചിരി… അതിൽ ചിലരുടെ ഒടുക്കത്തെ കിതപ്പിനും ലോഡ്ജും, ഈ മുറിയും സാക്ഷിയായിട്ടുണ്ട്. ഇതിനൊക്കെ ഒരു അറുതി വരുത്താനും, ഈ കൊള്ളരുതായ്മകൾ ലോകത്തെ അറിയിക്കാനും ശ്രമിച്ചവരേ മുന്നേ പറഞ്ഞില്ലേ മുതലാളിയുടെ മുതലകൾ,അവർ ഇതിനകത്തിട്ട് വെട്ടി തുണ്ടമാക്കി തിന്നിട്ടുണ്ട്… മനുഷ്യനെ തിന്നുന്ന എനമായിരുന്നു അവരൊക്കെ.. അവർ ചെയ്യുന്നതിൽ ഒരു തെറ്റോ മനസ്താപമോ അവർക്ക് ഉണ്ടായിരുന്നില്ല…

അഗസ്റ്റിൻ ഒരു നിമിഷം നിറുത്തി. ചുറ്റും നിറഞ്ഞ നിൽക്കുന്ന നിശബ്ദതയുടെ ഭീകരതയെ അയാൾ വലിച്ചുള്ളിലേക്ക് കയറ്റിക്കൊണ്ട് തുടർന്നു :
” എന്ത് സാധനം ആണേലും കുറച്ചു കഴിയുമ്പോൾ പഴകും, നരക്കും… അത്പോലെ തന്നെ രണ്ടായിരത്തിന്റെ തുടക്കമായപ്പോൾ തന്നെ, അത്തരം ആളെകൂട്ടിയുള്ള ഗുണ്ടായിസവും കച്ചവടവുമൊക്കെ പതിയെ അങ്ങ് കുറഞ്ഞു.. നിലവിൽ ഉണ്ടായിരുന്ന ഗുണ്ടകളിൽ പലരും തമ്മിൽ തല്ലി ചത്തു.. ബാക്കി ഉള്ളതൊക്കെ ഓരോ രോഗം പിടിപെട്ട് കൂട്ടി കേറി…. പലരും ഒടുക്കം രോഗത്തിന് കീഴടങ്ങി..അതിന് ശേഷം കൊറേ നാൾ ഇത് ആളൊഴിഞ്ഞു കിടന്നു.”
-“ഇതൊക്കെ അഗസ്റ്റിന് എങ്ങനെ അറിയാം..?’
-“അപ്പൻ പറഞ്ഞു കേട്ടിട്ടുള്ളതാ… കഥകൾ കേൾക്കണമെങ്കിൽ അപ്പൻ പറഞ്ഞു കേൾക്കണം.. കഥ പറയാൻ പുള്ളിക്ക് നല്ല കഴിവായിരുന്നു.. എഴുത്തും വായനയും ഒന്നുമില്ല, പക്ഷേ, അങ്ങേര് കഥ പറയുന്ന കേൾക്കാൻ തന്നെ നല്ല രസമാ…വൈകിട്ട് കഴിക്കാൻ ഇരിക്കുമ്പോൾ അപ്പന്റെ കൈയ്യിൽ നിന്ന് കിട്ടിയ കഥകളാണ് ഇതൊക്കെ..
ശരിക്കും, കഥയല്ല സാറെ ഇത്… ചരിത്രമാണ്… നടന്ന ചരിത്രം.. അപ്പനടക്കം സാക്ഷിയായി കണ്ടു നിന്നിട്ടുള്ള അറച്ചു പോകുന്ന ചോരയുടെ ചരിത്രം..”
-“കഥയും ചരിത്രവും, രണ്ടും ഒന്ന് തന്നെയാടാ….”
പിന്നെ കുറച്ചു നേരത്തേക്ക് അവിടം നിശബ്ദമായി.. അഗസ്റ്റിൻ ചരിത്ര പുസ്തകം മടക്കി വെച്ചപ്പോൾ ഉണ്ടായ നിശബ്ദത അയാളിൽ അസ്വസ്ഥത ഉണ്ടാക്കി..
അതിൽ നിന്ന് രക്ഷപെടാൻ അയാൾ ആഗ്രഹിച്ചു.
-” അവരിൽ ആരെങ്കിലുമൊക്കെ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ..?”
*
അയാൾ ഈ നഗരത്തിൽ എത്തിയിട്ട് ഇപ്പോൾ മൂന്ന് രാത്രികൾ ആകുന്നു. വന്ന അന്ന് രാത്രിയിൽ അഗസ്തിനോട്, പോയ കാലത്തിന്റെ ചരിത്രം പേറി ജീവിക്കുന്ന ഇടക്കാല നാടുവഴികളിൽ, ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചപ്പോൾ, കുറച്ചു നേരം ഒന്നും മിണ്ടാതെ എന്തോ ആലോചനയിൽ ഇരുന്നിട്ട്, ഒഴിച്ച് വെച്ച മദ്യം ഒറ്റ വലിക്കു മോന്തി അവൻ എഴുന്നേറ്റ് മാറി നിന്ന് ഫോൺ വിളിച്ചത്, അയാളെ ലോഡ്ജിലേക്ക് കൊണ്ട് വന്ന ഓട്ടോകാരനെയായിരുന്നു..
അഗസ്റ്റിൻ പറഞ്ഞതിൽ കൂടുതൽ ഒന്നും തന്നെ അയാൾക്കും പറയാൻ ഉണ്ടായിരുന്നില്ല..

എല്ലാ നഗരങ്ങളുടെയും ചരിത്രം പരിശോധിച്ചാൽ, ഗുണ്ട സംഘങ്ങൾ നാട് ഭരിച്ച ഒരു കാലം കണ്ടെത്താൻ സാധിക്കും. ഭരണകാലയളവുകൾക്ക് വ്യത്യാസം ഉണ്ടെങ്കിലും, ഗുണ്ടകളുടെ ജനനവും മരണവും ഏകദേശം എല്ലാം ഒരുപോലെ തന്നെയായിരിക്കും..അവരുടെ കത്തിക്ക് ഇരയായവർ ഏറെയായിരിക്കും… ചില മുറിവുകൾ കാലത്തിനനുസ്സരിച്ച് ഉണങ്ങും, കരിയും. ചിലത് മണ്ണും പൊടിയും കയറി ഉണങ്ങാതെ കരിയാതെ കിടന്ന് നീറും..
നഗരത്തെ കൊന്നു തിന്നവരിൽ ആകെ അവശേഷിക്കുന്ന, പഴകി കുത്തു വീണ ചരിത്ര പുസ്തകം കണക്കെ ജീവിക്കുന്ന രാജനെയും കൊണ്ട് ഓട്ടോക്കാരൻ അയാളുടെ മുറിയിൽ വന്നത് മൂന്നാമത്തെ രാത്രിയിലാണ്…
-“ഈ എരണം കെട്ട സ്ഥലത്തോട്ട് എന്നാ ഉണ്ടാക്കാനാ എന്നെ വിളിപ്പിച്ചത്? “
ആ ലോഡ്ജിലേക്ക് രാജനെ വിളിപ്പിച്ചത്തിലുള്ള അമർഷം അയാളുടെ വാക്കുകളിൽ തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു.
രാജന്റെ വാക്കുകൾക്ക് അയാൾ മറുപടി പറഞ്ഞില്ല.
പകരം, വന്ന അന്ന് മുതൽ ഈ നിമിഷം വരെ ഒരു തുള്ളി പോലും കുടിക്കാതെ, മദ്യം ഒഴിച്ച് കൊടുത്ത് കഥകളുടെ നൂല് പൊട്ടിക്കുന്നത് നോക്കി നിന്ന അയാൾ, തുടരെ തുടരെ മദ്യം അകത്താകുന്നത് കണ്ട് രാജൻ ഒരു നിമിഷം ഭയന്നു.
-“എന്ത് പറ്റി രാജൻ ചേട്ടാ, പേടിച്ചു പോയോ.. മൂന്നാലു ദിവസമായി ഒന്ന് കുടിച്ചിട്ട്.. ഇങ്ങനെ പിടിച്ചു നിൽക്കുവായിരുന്നു… അതിന്റെയാ… “
-“എന്നെ എന്തിനാ വിളിപ്പിച്ചത്? “
ഭയം മുഖത്ത് നിന്ന് മാറ്റാൻ രാജൻ ശ്രമിക്കുന്നത് കണ്ട് അയാൾ ഉറക്കെ ചിരിച്ചു. അയാളുടെ ചിരി ഭിത്തിയെയും മറികടന്നു ടൗൺ ലക്ഷ്യമാക്കി പോയി…
-“ഞാൻ പറഞ്ഞല്ലോ, വെറുതെ പേടിക്കണ്ടാ.. ഞാൻ ഒരു കാര്യത്തിന് തീർപ്പുണ്ടാക്കാനാണ് രാജൻചേട്ടനെ വിളിപ്പിച്ചത്.. അത് ഒന്ന് തീർത്താൽ എനിക്ക് അങ്ങ് പോകാം. “
-“എന്ത് തീർപ്പാക്കാൻ? “
അതിന് അയാൾ മറുപടി പറഞ്ഞില്ല. മുറിയുടെ മൂലയിൽ ഇരുന്ന വലിയ ബാഗിൽ നിന്ന് അയാളൊരു ഫയൽ എടുത്തു.
ഫയലിന്റെ ഉള്ളിൽ കൈപ്പടയിൽ എഴുതി കൂട്ടിയ കടലാസ്സുകൾ രാജൻ കണ്ടു. എന്തെന്ന് മനസിലാകാതെ, നിന്ന രാജന്റെ മുന്നിലേക്ക് കടലാസ്സുകൾ അയാൾ എറിഞ്ഞു..
-“ദേ, മുപ്പതു വർഷങ്ങൾക്കു മുമ്പ് എഴുതി പൂർത്തിയാക്കാതെ ചോദ്യമായി കിടക്കുന്ന ഈ കഥക്കൊരു ഒടുക്കം തന്നിട്ട് രാജൻ ചേട്ടൻ പൊക്കോ. “
രാജൻ മറുപടി പറഞ്ഞില്ല. നിലത്ത് കിടന്ന പേപ്പറുകൾ എടുക്കാൻ ഭയന്നു രാജൻ നിന്നു. കടലാസിലേ അക്ഷരങ്ങൾക്കുള്ളിൽ വെട്ടുകൾ കൊണ്ട് അറ്റുപോയ ശരീരത്തിലെ രക്തത്തിന്റെ ഉണങ്ങിയ കറകൾ മുപ്പതു വർഷങ്ങൾക്കിപ്പുറവുംമായാതെ കിടപ്പുണ്ടായിരുന്നു.
കുപ്പിയിൽ അവശേഷിച്ചിരുന്ന അവസാന തുള്ളിയും അകത്താക്കി അയാൾ, പോയകാലത്ത് ആരോ അവശേഷിപ്പിച്ച ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാനായി കടലാസുകൾ രാജനെ വായിച്ചു കേൾപ്പിച്ചു…

Author

Scroll to top
Close
Browse Categories