പരസ്‌പരം


ഒരു ദീപം കൊളുത്തുമ്പോൾ
മനസ്സിന്റെ മണിച്ചെപ്പിൽ
ഒരു മണിപ്പവിഴം ഞാൻ
ഒളിച്ചുവയ്ക്കും
അരിമുല്ല പൂക്കുന്നു
പനിമതി വിടരുന്നു
മധുരമാം പകൽവേഗം
വിടവാങ്ങുന്നു
വ്യഥപൂണ്ടു വിറയാർന്ന
കരങ്ങളിലണിയുവാൻ
മരതകം പതിച്ചൊരു
തള ഞാൻ നല്‌കും.
തളരുന്ന പാദങ്ങളിൽ
അണിയുവാൻ പുതിയൊരു
വെള്ളിക്കൊലുസു ഞാൻ
പണിഞ്ഞു നല്‌കും.
മലരമ്പു തൊടുക്കുന്ന
പുരികത്തിൻ കൊടികളിൽ
കരിമഷിക്കൂട്ടു ഞാൻ
ചാർത്തി നല്‌കും
വിടരുന്ന നയനങ്ങൾ
ആശാകുസുമങ്ങൾ
ചൊരിയുന്ന പൂവനത്തിൻ
വിഭൂഷണങ്ങൾ
ഉഷസ്സിന്റെ മടിയിലായ്
വിരിച്ചു നീ പുളകങ്ങൾ
പൊതിഞ്ഞെന്നെത്തലോടുന്ന
തരുവല്ലികൾ
നഭസ്സെന്നെ വിളിക്കുന്നു
താരാഗണം ചിരിക്കുന്നു
ഇരുണ്ട ഗുഹാകവാടം
തുറന്നു വീണ്ടും
മനസ്സിന്റെ മറുകോണിൽ
മലർമാല്യം ചിതറുന്നു
മിഴിനീരാൽ പട്ടുചേല
നനഞ്ഞീടുന്നു
കപടമാം സദാചാര-
ത്തിരശ്ശീല വീണീടുന്നു
ഒളിക്കുന്നു രഹസ്യങ്ങൾ
പരസ്പരം നാം
9207211438