ഈഴവ അവഗണനരാഷ്‌ട്രീയ പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്തും

ആര്‍.ശങ്കറും സി. കേശവനും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരായിരുന്നു. ആ ചരിത്രം പുതിയ കോണ്‍ഗ്രസ്സിന് അറിയില്ല. അവര്‍ക്ക് അറിയാവുന്നത് എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും കെ. കരുണാകരനുമാണ് കോണ്‍ഗ്രസിന്റെ പൈതൃകം എന്നാണ്. ആ ചരിത്രപാഠത്തില്‍ തറഞ്ഞു പോയപ്പോള്‍ ഈഴവര്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ നിന്ന് പുറത്തായി. കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രമായ എറണാകുളം ജില്ലയില്‍ ഈഴവനില്ല. കോണ്‍ഗ്രസ് നേതൃനിരയില്‍ അത് ഏതാണ്ട് എല്ലാ ജില്ലകളുടെയും പൊതു സ്വഭാവമായി മാറി. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഒരു ഈഴവ എം.എല്‍.എ. മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസ്സില്‍ ഈഴവര്‍ അവഗണിക്കപ്പെടുന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് ആവശ്യമില്ല

കൊച്ചിയിലെ പോലീസ് കമ്മീഷണറെ നിശ്ചയിച്ചിരുന്നത് ബിഷപ്പ്ഹൗസ് ആയിരുന്നു. അത്ര ശക്തമായിരുന്നു കേരള ഭരണത്തില്‍ ക്രൈസ്തവരുടെ സ്വാധീനം. കേരളത്തിലെ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിശ്ചയിക്കുമ്പോള്‍ അതില്‍ മുസ്ലീം പ്രാതിനിധ്യം ഉറപ്പു വരുത്തപ്പെട്ടിരുന്നു. എല്ലാ രാഷ്ട്രീയ തീരുമാനങ്ങളിലും ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും നിഴല്‍ വീണിരുന്നു. വിമോചന സമരശേഷമുള്ള കേരള രാഷ്ട്രീയത്തില്‍ മുസ്ലീം-ക്രൈസ്തവ സ്വാധീനം ശക്തമായിരുന്നു. അതിന്റെ രാഷ്ട്രീയ സ്വരൂപങ്ങളാണ് കേരള കോണ്‍ഗ്രസ്സും മുസ്ലീം ലീഗും. ഇതിന്റെ മറവില്‍ എന്നും കറുത്ത കുതിരയായി നായര്‍ രാഷ്ട്രീയം ശക്തിയാര്‍ജ്ജിച്ചു നിന്നിരുന്നു. അതുകൊണ്ടാണ് സുകുമാരന്‍നായര്‍ താക്കോല്‍സ്ഥാനത്ത് നായരുണ്ടാകണം എന്ന് പരസ്യമായി പറഞ്ഞത്. ആ രാഷ്ട്രീയം പ്രബലപ്പെട്ട് വരികയായിരുന്നു. അതിപ്പോള്‍ സമൂര്‍ത്തമായ ഒരാശയമായി രൂപാന്തരപ്പെടുകയും അടുത്ത യുഡിഎഫ് മുഖ്യമന്ത്രി നായരായിരിക്കും എന്ന് നിശ്ചയിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് രാഹുല്‍ ഈശ്വര്‍ അടക്കമുള്ള രാഷ്ട്രീയ വിശകലന വിദഗ്ദ്ധര്‍ ‘ഏത് നായരാണ് അടുത്ത മുഖ്യമന്ത്രി?’ എന്ന ചോദ്യം ചോദിക്കുന്നത്. ഈ ചോദ്യത്തിന് ഒരു വിധി രൂപമുണ്ട്. അതൊരു ആജ്ഞയുടെ പ്രകടനമാണ്. അടുത്ത മുഖ്യമന്ത്രി നായരായിരിക്കും. അത് രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍, ശശിതരൂര്‍, കെ.സി.വേണുഗോപാല്‍ എന്നീ പേരുകളില്‍ നങ്കൂരമിട്ടിരിക്കുന്നു. ജനാധിപത്യ കേരളത്തോട് അത് വിളിച്ചു പറയുന്നത് ഇനി നിങ്ങളെ ഭരിക്കുന്നത് നായരായിരിക്കും എന്നാണ്.
സുധാകരനെ മാറ്റണം

കഴിഞ്ഞ ആഴ്ചയിലെ മുഖ്യചര്‍ച്ച കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റണം എന്നതായിരുന്നു. ഒരു വര്‍ഷത്തിനു ശേഷം നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിന്റെ കടിഞ്ഞാണ്‍ പൂര്‍ണമായി നായര്‍ ലോബിക്ക് ലഭിക്കാന്‍ വേണ്ടിയാണ് തിരശീലയ്ക്ക് പിന്നില്‍ നായര്‍ തിരയടിക്കുന്നത് .ഹൈക്കമാന്റ് പറയുന്നതാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം. കോണ്‍ഗ്രസ്സിന്റെ കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്റ് പറയും. കുറച്ചു കാലമായി ഹൈക്കമാന്റ് എന്നാല്‍ വേണുഗോപാലായി സമീകരിക്കപ്പെട്ടിരിക്കുന്നു. സോണിയ ഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും മന:സാക്ഷി സൂക്ഷിക്കുന്നത് വേണുഗോപാല്‍ എന്ന പയ്യന്നൂര്‍ക്കാരനാണ്. തനിക്ക് ഇഷ്ടമുള്ള തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കോണ്‍ഗ്രസ്സിലെ തടസ്സം കെ. സുധാകരനാണ് എന്ന് വേണുവിനറിയാം.അതിനാല്‍ സുധാകരനെ മാറ്റണം. സുധാകരന്‍ മണ്ടനാണ്, ഇംഗ്ലീഷ് അറിയാത്തവനാണ്, കോണ്‍ഗ്രസ്സ് നേതൃത്വത്തിന് അപമാനമാണ് എന്നെല്ലാം പറയാതെ പറഞ്ഞ് വ്യക്തിഹത്യ നടത്തി അദ്ദേഹത്തെ കെ.പി.സി.സി. നേതൃത്വസ്ഥാനത്തു നിന്ന് പുറത്താക്കാന്‍ നായര്‍ ലോബി ശക്തമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

ഈ ശ്രമങ്ങളെല്ലാം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുവെ പറയുന്നത് ‘ഈഴവര്‍ പ്രസന്റബിള്‍’ അല്ല എന്നാണ്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ഗ്രാസ്സ്‌റൂട്ട് ലെവലിലെ പ്രവര്‍ത്തകര്‍ സുധാകരന്റെ നേതൃത്വത്തില്‍ ആവേശം കൊള്ളുന്നവരാണ്. സി.പി.എംന്റെ ധാര്‍ഷ്ട്യത്തെയും അഹങ്കാരത്തെയും വെല്ലുവിളിക്കാന്‍ കരുത്തുള്ള മറ്റൊരു നേതാവ് കോണ്‍ഗ്രസ്സില്‍ ഇല്ല എന്നവര്‍ കരുതുന്നു. അതിനാല്‍ അവര്‍ സുധാകരനൊപ്പമാണ്. പക്ഷെ രാഷ്ട്രീയ ചാണക്യ തന്ത്രം മെനയുമ്പോള്‍ അതില്‍ ചില അജ്ഞാത കരങ്ങള്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ്സിന് അധികാരം ലഭിച്ചില്ല. സ്വാഭാവികമായും രമേശ് പ്രതിപക്ഷ നേതാവാകും എന്ന് കരുതി. അജ്ഞാത കരങ്ങള്‍ അത് അട്ടിമറിച്ചു. അതൊരു നേതാവിന്റെ തലവെട്ടല്‍ കൂടിയായിരുന്നു. ഹൈക്കമാന്റിന്റെ അടുക്കളയില്‍ ഇരുന്ന് കെ.സി. വേണുഗോപാലാണ് അത് നിര്‍വഹിച്ചത്. രാഷ്ട്രീയ ചതുരംഗപ്പാേരിൽ കെ.സി.യുടെ കാലാൾ കരുവാണ് വി.ഡി. സതീശന്‍. രമേശിനെ കാലാള്‍ നീക്കത്തില്‍ അടിയറവ് പറയിച്ച കെ.സി, സുധാകരനെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വെട്ടാനാണ് കരുക്കള്‍ നീക്കുന്നത്. ആൾക്കാലിൽ അടിയറവ് ചെസിലെ അസാധാരണ വിജയമാണ്. ഈ നീക്കത്തില്‍ വ്യക്തി മാത്രമല്ല നീക്കപ്പെടുന്നത് ഒരു സമുദായം കൂടിയാണ് അധികാരത്തിന്റെ അകത്തളങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. അത് ഈഴവ സമുദായമാണ്. അതെ പ്രസന്റബിള്‍ അല്ലാത്ത ഈഴവനെ മാറ്റി നല്ല കാഴ്ചപ്പൊലിമയുള്ള നായരെ സ്ഥാപിച്ചാല്‍ മെറിറ്റോക്രസി വിജയിക്കും. പണ്ടും അധികാരത്തിന്റെ മെറിറ്റ് സവര്‍ണർക്കുണ്ടായിരുന്നു. ഇന്നും അത് തുടരുകയാണ്.

സി.പി. ജോണിന്റെ
നിരീക്ഷണം
കഴിഞ്ഞ ദിവസം കേരള കൗമുദിക്ക് നല്‍കിയ മുഖാമുഖത്തില്‍ സി.എം.പി. നേതാവ് സി.പി. ജോണ്‍ പറഞ്ഞത് ഈഴവരെ അവഗണിച്ചാല്‍ അത് യു.ഡി.എഫിനെ അപകടത്തിലെത്തിക്കുമെന്നായിരുന്നു. ജോണിന്റെ നിരീക്ഷണത്തില്‍ അദ്ദേഹം കേരളത്തെ രണ്ട് ഭാഗമായി കാണുന്നു. ഒന്ന് വടക്കുനിന്ന് ഭാരതപ്പുഴ വരെയുള്ള പ്രദേശം. അത് മലബാര്‍. രണ്ട് തൃശൂര്‍മുതല്‍ തിരുവനന്തപുരം വരെ. അത് തിരു-കൊച്ചിയാണ്. ആകെയുള്ള 140 നിയോജകമണ്ഡലങ്ങളില്‍ 80ഉം തിരു-കൊച്ചിയിലാണ് . ആ തിരു-കൊച്ചിയില്‍ ബിഡിജെഎസും ബി.ജെ.പിയും ഒരുമിച്ച് നില്‍ക്കുന്ന രാഷ്ട്രീയ ശക്തി അവഗണിക്കാന്‍ ആവാത്തതാണ്. ഈ മണ്ഡലങ്ങളിലെ എന്‍ഡിഎ വോട്ട് നില ക്രമാനുഗതമായി ഉയരുന്നതു കാണാം. 2006-ല്‍ എന്‍ഡിഎയ്ക്ക് 6000 വോട്ടാണ് ശരാശരി ഈ 80 മണ്ഡലങ്ങളില്‍ കിട്ടിയിരുന്നത്. 2011-ല്‍ അത് 10,000 ആയി ഉയര്‍ന്നു. 2016-ല്‍ അത് 30,000 ആയി മാറി. ഈ മാറ്റം ജോണിന്റെ വിലയിരുത്തലില്‍ ബിജെപിക്കൊപ്പം ബിഡിജെഎസ് ചേര്‍ന്നതു കൊണ്ടാണ് എന്നാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടുന്ന വോട്ട് എന്‍ഡിഎ മുന്നണിയിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടാറില്ല. അതിന് ജോണ്‍ കാണാത്ത ഒരര്‍ത്ഥമുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിക്ക് ബിജെപിയുടെയും ബിഡിജെഎസിന്റെയും വോട്ട് മുഴുവനായി കിട്ടും. എന്നാല്‍ ബിഡിജെഎസ് മത്സരിക്കുന്നിടത്ത് ബിജെപിയിലെ നല്ലൊരു ഭാഗം നായര്‍വോട്ടും കിട്ടില്ല. അതുകൊണ്ട് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാലും ബിഡിജെഎസ് നിയമസഭയിലെത്തില്ല. ഈഴവ അവഗണന എന്നത് മുന്നണിക്ക് പുറത്തു മാത്രമല്ല അകത്തും ഒരു കയ്ക്കുന്ന യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ കണക്കെടുത്താല്‍ അത് വ്യക്തമാണ്.
കോണ്‍ഗ്രസിന് എന്തുകൊണ്ട് ഒരു
എം എല്‍ എ മാത്രം ഈഴവ സമുദായത്തില്‍ നിന്ന് ഉണ്ടാവുന്നു എന്നത് കോണ്‍ഗ്രസ് അഭിസംബോധന ചെയ്യണം എന്നാണ് ജോണ്‍ പറയുന്നത്. ഈഴവരെ അവഗണിക്കുന്ന നയം തുടരുന്ന പാര്‍ട്ടികള്‍ക്ക് കേരളത്തില്‍ അധികാരം കിട്ടുന്ന കാര്യം ബുദ്ധിമുട്ടാണ്. കേരളത്തില്‍ ബിജെപിക്ക് വേരുറക്കാന്‍ ഈഴവ മണ്ണ് വേണം എന്ന് മനസ്സിലാക്കിയത് അമിത്ഷാ ആയിരുന്നു. അമിത്ഷായുടെ ആശിര്‍വാദത്തോടുകൂടിയാണ് ബിഡിജെഎസ് ഉണ്ടാകുന്നത്. ബിഡിജെഎസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചപ്പോള്‍ അതിന് നിരവധി കേഡര്‍മാരെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. അവര്‍ ബിജെപി മനസ്സുള്ള ബിഡിജെഎസ് പ്രവര്‍ത്തകരായി മാറി. അതിന്റെ വളര്‍ച്ച കേരള രാഷ്ട്രീയത്തെ ത്രികോണ മത്സരത്തിലേയ്ക്ക് വളര്‍ത്തി. ബൈപോളാര്‍ പൊളിറ്റിക്‌സ് കേരളത്തില്‍ അവസാനിക്കുന്നത് അങ്ങിനെയാണ്. ഈഴവ അവഗണനയില്‍ ഊന്നിയ ഒരു ചലഞ്ച് ബി.ഡി.ജെ.എസ് പൊതുസമൂഹത്തില്‍ വെക്കേണ്ടി വരും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പോടുകൂടി ‘ബാര്‍ഗെയിന്‍ പൊളിറ്റിക്‌സ്’ കേരളത്തില്‍ ശക്തിപ്പെടും. അപ്പോള്‍ ആര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ മെച്ചപ്പെടും എന്നത് പൊതുചര്‍ച്ചയാകും.

സി.പി.ജോണിന്റെ അഭിപ്രായത്തില്‍ ലോക് സഭ തെരഞ്ഞെടുപ്പില്‍ തൂത്തുവാരുന്ന യുഡിഎഫ് സംസ്ഥാന തെരഞ്ഞെടുപ്പില്‍ പൊളിയുന്നത് രണ്ട് ആന്തര ദൗര്‍ബല്യങ്ങള്‍ കൊണ്ടാണ് .അതിലൊന്ന് ഈഴവ അവഗണനയും മറ്റൊന്ന് കേരള കോണ്‍ഗ്രസ് അടര്‍ന്ന് പോകലുമാണ്. ഈ രണ്ട് ആന്തര ദൗര്‍ബല്യങ്ങളും പരിഹരിച്ചാല്‍ യുഡിഎഫിന് സംസ്ഥാന ഭരണത്തിലേയ്ക്ക് തിരിച്ചു വരാം. എന്നാല്‍ ഈ ആന്തര ദൗര്‍ബല്യത്തെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് ബിജെപി യാണ്.
കേരളത്തില്‍ ബിജെപി യുടെ സോഷ്യല്‍ എഞ്ചിനീയറിംഗ് വര്‍ക്ക് ചെയ്യുന്നത് രണ്ട് മേഖലയിലാണ്. ഒന്ന് ഈഴവരിലും മറ്റൊന്ന് ക്രിസ്ത്യാനികളിലും. രണ്ടിടത്തും അവര്‍ വിജയിക്കുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്. ഏതാനും ആര്‍എസ്എസ് സന്യാസിമാരെ വളര്‍ത്തിയെടുത്താല്‍ ശിവഗിരിമഠം അവരുടെ കൈയ്യിലാവും. ഈഴവരുടെ ആത്മീയ മണ്ഡലമാണ് ശിവഗിരി. അത് കൈപ്പിടിയില്‍ എത്തുന്നതോടുകൂടി ഈഴവ സമൂഹത്തിന്റെ ആത്മീയ മണ്ഡലം കാവി മണ്ഡലമാകും. രണ്ടാമതവര്‍ ക്രൈസ്തവരെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ക്രിസ് മസ് കാലത്ത് അരമനകളിലേക്കുള്ള സംഘപരിവാര്‍ സ്‌നേഹയാത്രയ്ക്ക് ഫലമുണ്ടായി. ക്രിസ്ത്യാനികളില്‍ നിന്നവര്‍ക്ക് ക്രിസംഘികള്‍ ഉണ്ടായി. അതിന്റെ തിലകക്കുറിയാണ് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍. വഖഫ് നിയമത്തിന്റെ അന്യായ സ്വഭാവം മുനമ്പം ഭൂപ്രശ്‌നത്തിലൂടെ വ്യക്തമാവുകയും മുനമ്പം സമരഭൂമി ക്രിസ്ത്യാനികളുടെ ജ്ഞാനസ്‌നാന കേന്ദ്രമായി മാറുകയും ചെയ്തു. സി.പി.ജോണ്‍ യു.ഡി.എഫ് നേരിടാന്‍ സാധ്യതയുള്ള ഈ മൂന്നാം ആന്തര ദൗര്‍ബല്യത്തിന് കാര്യമായ പരിഗണന നല്‍കിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും ഈഴവ അവഗണന വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടർമാരിൽ നിലനില്‍ക്കുന്ന സംതുലനാവസ്ഥയെ അട്ടിമറിക്കും. അതിന്റെ ഫലം എന്തായിരിക്കും എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. അതിന് ഒരു പ്രവചനാതീത സ്വഭാവമുണ്ട്. ഈഴവരുടെ വോട്ട് ഇടതുപക്ഷത്തുനിന്നും വലതു പക്ഷത്തു നിന്നും തീവ്ര വലതുപക്ഷത്തേക്ക് സഞ്ചരിക്കാം. അത് സെഫോളജിസ്റ്റുകളുടെ കണക്കുകളെ പോലും അട്ടിമറിക്കുന്നതായിരിക്കും.
ഈഴവര്‍ ഇടതുപക്ഷത്തിന്റെ
ഉരുക്കു കോട്ട
ജോണിന്റെ വിലയിരുത്തലുകളെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കണ്‍വീനറായ ടി.പി. രാമകൃഷ്ണന്‍ നോക്കി കാണുന്നത് വ്യത്യസ്തമായ ആംഗിളിലാണ്. രാമകൃഷ്ണന്റെ അഭിപ്രായത്തില്‍ ഈഴവ സമുദായം ഇടതുപക്ഷത്തിന്റെ ഉരുക്കു കോട്ടയാണ്. അതിന് പ്രധാന കാരണം കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതാക്കളെല്ലാം ഈഴവരാണ് എന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കണ്‍വീനറായ രാമകൃഷ്ണനും ഈഴവരാണ്. മാത്രമല്ല പുതിയ പാര്‍ട്ടി കോണ്‍ഗ്രസ്സിനോട് അനുബന്ധമായി നടന്ന ജില്ലാ സമ്മേളനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറിമാരില്‍ ബഹുഭൂരിപക്ഷവും ഈഴവരാണ്. അതിനാല്‍ ഇടതുപക്ഷം ഈഴവരുടെ ഉരുക്ക് കോട്ടയായി തുടരും. ബിഡിജെഎസും ബിജെപിയും 80 സീറ്റുകളില്‍ ശക്തി പ്രാപിച്ചിട്ടുണ്ടെങ്കില്‍ അത് യുഡിഎഫില്‍ നിന്ന് ഊര്‍ജ്ജം പകര്‍ന്നിട്ടായിരിക്കും എന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

ഇത് യാഥാര്‍ത്ഥ്യബോധമുള്ള വിലയിരുത്തല്‍ അല്ല. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പു കാലത്തും അതിന് ശേഷവും നിരവധി ഈഴവ കുടുംബങ്ങള്‍ സി.പി.എം. ഉപേക്ഷിച്ച് ബിജെപി യില്‍ ചേര്‍ന്നു എന്നത് ഒരു വസ്തുതയാണ്. ലോകസഭ തെരഞ്ഞെടുപ്പില്‍ പതിനായിരക്കണക്കിന് വോട്ട് ബിജെപി യിലേക്ക് ഒഴുകി. അതെല്ലാം സി.പി.എം നെയും ഇടതുപക്ഷത്തെയും ദുര്‍ബലപ്പെടുത്തുന്നതാണ്. പാര്‍ട്ടിയിലും ബഹുജന സംഘടനകളിലും സി.പി.എം. മുസ്ലീം സാന്നിദ്ധ്യത്തെയും ക്രിസ്ത്യന്‍ സാന്നിദ്ധ്യത്തെയും പ്രോ ത്സാഹിപ്പിക്കുന്നു. പുതുതായി വളര്‍ന്നു വരുന്ന എസ്.എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐ നേതാക്കളും മുസ്ലീം, ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ളവരാണ്. മുഹമ്മദ് റിയാസും ഫൈസലും റഹീമും വീണാജോര്‍ജ്ജും സജി ചെറിയാനും സി.പി.എംന് ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള സംഭാവനകളെന്ന നിലയില്‍ നല്ലതാണെങ്കിലും ന്യൂനപക്ഷ സമുദായ പ്രീണനം സി.പി.എം നെ ക്ഷീണിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ ‘കരീമിക്ക’ പ്രയോഗം പാര്‍ട്ടിയെ വല്ലാതെ ദുര്‍ബലപ്പെടുത്തി. ഇനി മേലാല്‍ അത്തരം ഒരു ചുവരെഴുത്തിന് സി.പി.എം. ധൈര്യപ്പെടില്ല. സി.പി.എമ്മിന്റെ ശക്തി അതിന്റെ തൊഴിലാളി വര്‍ഗ നയങ്ങളും മതേതര മൂല്യങ്ങളുമാണ്. അതിനെ അവഗണിച്ച് ക്രൈസ്തവ – ഇസ്ലാമിക പ്രീണനത്തിന് ശ്രമിച്ചാല്‍ സി.പി.എംന്റെ അടിത്തറ ഇളകും. ഇളകിയാല്‍ പിന്നെ അതുറപ്പിക്കാനാവില്ല.

ഈഴവര്‍ ഇടതിന്റെ ഉരുക്കു കോട്ടയായത് ചെത്തുതൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, നെയ്ത്ത് തൊഴിലാളികള്‍, കശുവണ്ടി തൊഴിലാളികള്‍, മണല്‍വാരല്‍ തൊഴിലാളികള്‍ തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴില്‍ ശക്തിയിലൂടെയായിരുന്നു. അവരെല്ലാം ഈഴവ സമുദായ അംഗങ്ങളായിരുന്നു. പക്ഷെ ഇന്ന് പരമ്പരാഗത വ്യവസായം തകര്‍ന്നു. ആ തൊഴിലാളികള്‍ പലവഴിക്കും പിരിഞ്ഞു പോയി. പുതിയ കാലം നിര്‍മ്മിത ബുദ്ധിയുടേതാണ്. അതാകട്ടെ അവസരങ്ങളുടെ കാലമാണ്. അവിടെ ഈഴവര്‍ ആര്‍ക്കെങ്കിലും തീറെഴുതപ്പെട്ട സമൂഹമായി നില്‍ക്കണമെന്നില്ല. അവര്‍ പരിഗണനകള്‍ ആവശ്യപ്പെടും. അതിന് സഹായഹസ്തമായി നീളുന്ന കരങ്ങള്‍ക്കായിരിക്കും അതിജീവനസാദ്ധ്യത. അതു മനസ്സിലാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വൈകിയാല്‍ അതിന്റെ ഗതി അധോഗതി. ആരും എല്ലാ കാലവും ഒരു പാര്‍ട്ടിയുടേതാകില്ല. കോണ്‍ഗ്രസ് ഭരിച്ച ഭാരതം ഇപ്പോള്‍ ബിജെപിയാണ് ഭരിക്കുന്നത്. നാളെ അത് മറ്റൊരു പാര്‍ട്ടി ഭരിക്കാം. അത് മനസ്സിലാക്കുന്നവരുടേതാണ് ഭാവി.

കോണ്‍ഗ്രസ്സിന്റെ
ഈഴവ പൈതൃകം
ആര്‍. ശങ്കറും സി. കേശവനും കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രിമാരായിരുന്നു. ആ ചരിത്രം പുതിയ കോണ്‍ഗ്രസ്സിന് അറിയില്ല. അവര്‍ക്ക് അറിയാവുന്നത് എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും കെ. കരുണാകരനുമാണ് കോണ്‍ഗ്രസ്സിന്റെ പൈതൃകം എന്നാണ് . ആ ചരിത്രപാഠത്തില്‍ അവര്‍ തറഞ്ഞു പോയപ്പോള്‍ ഈഴവര്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ നിന്ന് പുറത്തായി. കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രമായ എറണാകുളം ജില്ലയില്‍ ഈഴവനില്ല. കോണ്‍ഗ്രസ് നേതൃനിരയില്‍ അത് ഏതാണ്ട് എല്ലാ ജില്ലകളുടെയും പൊതു സ്വഭാവമായി മാറി. ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ ഒരു ഈഴവ എം.എല്‍.എ. മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസ്സില്‍ ഈഴവര്‍ അവഗണിക്കപ്പെടുന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് ആവശ്യമില്ല. പക്ഷെ അവര്‍ മറന്നു പോകുന്ന ഒരു കാര്യം കോണ്‍ഗ്രസ്സിന് നേതൃനിരയില്‍ മാത്രമല്ല അണികളിലും ഈഴവരുടെ ശോഷണം സംഭവിച്ചിട്ടുണ്ട്. ഒരു നേതാവ് ഒരു സമുദായത്തില്‍ നിന്ന് ഉയര്‍ന്നു വരുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു സമുദായവും അതിനൊപ്പം ഉണ്ടാകും. ആ നിരീക്ഷണത്തെ കോണ്‍ഗ്രസ്സ് മറന്നത് അധികാരത്തിനു വേണ്ടിയുള്ള വെട്ടി നിരത്തലിലാണ്. ഈഴവ നേതാക്കളെ വെട്ടുമ്പോള്‍ അവര്‍ യഥാര്‍ത്ഥത്തില്‍ വെട്ടിയത് ഈഴവ സമുദായത്തെയായിരുന്നു. അത് കോണ്‍ഗ്രസ്സിന്റെ വരുംകാല സംഘടനാ ദൗര്‍ബല്യമായി ശക്തിപ്രാപിക്കും.