കാരുണ്യതീരങ്ങള്‍

ചെമ്പഴന്തി

ഓലമേഞ്ഞഴകില്‍ കുളിര്‍ചാരുത
ചാണകംതേച്ചചുമരുകള്‍
മന്ത്രമധുരം കാറ്റിലാടു
മിളംവെറ്റിലതളിരുകള്‍
ഇത് വിശ്വഗുരുതന്‍ ജന്‍മഭൂമി
സ്‌നേഹകേദാരസാരം
നമിക്കാതിരിക്കാനാവില്ലിവിടെ
നാണു നാരായണനായ ചരിതം

മരുത്വാമല

മരുന്നുവാഴുംമലയില്‍
കാറ്റുലാത്തുന്നു ശാന്തം
കഠിനയാത്രയ്‌ക്കൊടുവി
ലണയും സൗമ്യതീരത്തൊ
രേകാന്തരാത്രിയില്‍
തെളിഞ്ഞതറിവിന്‍ പ്രകാശം
ഉണര്‍ന്നു പടര്‍ന്നീ
മണ്ണില്‍ മാറ്റങ്ങള്‍ കാറ്റായതും
മനുഷ്യരൊന്നായതും
വിദ്യകൊണ്ട് പ്രബുദ്ധരായതും
സംഘടനകൊണ്ട് ശക്തരായതു
മെല്ലാം ഈ കാറ്റേറ്റുപാടുന്നിവിടെ.

അനുകമ്പാതീരം

കളകളാരാവം കാട്ടാറിനോരം
കണ്ണടയ്ക്കുമ്പോഴുള്ളം നിറയുന്ന
തൊഴുകുന്നു കാലങ്ങളിലേക്ക്
അനുസ്യൂതമീ സ്‌നേഹമന്ത്രങ്ങള്‍
ഗുരുവചനങ്ങള്‍ സര്‍വരും സോദര
ത്വേനവാഴുമിതരുവിപ്പുറമിതാ-
ശ്വാസതീരം അനുകമ്പാ മുഗ്‌ദ്ധം

ഉയിര്‍ത്തെഴുന്നേല്‍പ്പ്

ശിവപാര്‍വതിമാര്‍ സ്ത്രീപുരുഷജന്‍മങ്ങള്‍
വിദ്യതന്‍ അധിപയാം ശാരദയുമിവിടെ
സമാധിയാവാനാവില്ലൊരിക്കലുമീ
ശിവഗിരിയില്‍, മരണമില്ലാതോതുന്നു
വാക്കുകള്‍ കവിതകള്‍ ആശയങ്ങള്‍
പ്രതിധ്വനിക്കുന്നവ കാറ്റേറ്റുപാടുന്നു,
കടലിരമ്പം കാതോര്‍ക്കുന്നു.
കാലം സാക്ഷിയായി തുടരുന്നു,
തുടരുമിനിയും മാനവരുള്ളിടത്തോളം.

Author

Scroll to top
Close
Browse Categories