പൊറുതി

തികട്ടി വന്നൊരു കാലം ഓർമ്മയിൽ,
പശമാറാത്ത കളം കൈലിയുടുത്ത്,
പഞ്ചായത്ത് കിണറിനടുത്ത് മിന്നുന്നു,
ചളിങ്ങിയ കുടത്തിൽ നിറയെ കോരുമ്പോൾ,
വിട്ടുമാറാത്തൊരാശ്ചര്യം കെട്ടിയാടുന്നുണ്ട്,
ചുറ്റുവട്ടത്തെ പെൺകോലങ്ങളിൽ.
ആകപ്പാടൊരു ചൂളൽ ദേഹത്ത് കുത്തിമറിഞ്ഞു.
വിട്ടുകൊടുക്കാതൊരൂക്കത്തിൽ എളിയിൽ,
കുടം കേറ്റി, വെച്ചു കൊടുത്തൊരു നടത്തം.
എന്തൊരു ചന്തമെന്ന് തൂങ്ങിയാടുന്നു കണ്ണുകൾ.
തെക്കേലെപ്പുതിയ പൊറുതിയെന്ന് മുറുമുറുക്കുന്നു.
റാന്തൽ തൂക്കുമ്പോൾ മുറ്റത്ത് കുട്ടിക്യൂറാമണം.
ചെറ്റയിൽ ഓട്ടയിട്ടു കൂർത്തുനോക്കുന്നു ചിലർ.
എത്ര വെള്ളം കുടിച്ചാലും തീരുന്നില്ല ദാഹം,
വെച്ചുകെട്ടി വരുന്നോർക്ക് കുന്നോളം വർത്തമാനങ്ങൾ.
ഉറ്റുനോക്കി സൈക്കിളിൽ പായുന്നുണ്ട് ബീഡിപ്പുകച്ചുരുൾ.
ഇറ്റുവീഴുന്നില്ലവരിൽ ചുണ്ടത്തെ പാൽപ്പുഞ്ചിരി.
കുളിച്ചീറൻ മാറ്റുമ്പോൾ ദൂരെ കാറ്റിൽ ചൂളം കുത്തുന്നു.
കണ്ടു തീരുന്നില്ല, കാഴ്ചക്കാർക്കീചന്തത്തെ.
ഏതൊരുൾക്കണ്ണിലും വെന്തു
നിൽപ്പാണിവൾ.

Author

Scroll to top
Close
Browse Categories