കവി അന്നേ കണ്ടെത്തിയിരുന്നു……

കവിതാരചനയിലൂടെ പുതിയതായവ കണ്ടെത്തി പറഞ്ഞ്, വര്‍ണ്ണ വിവേചനത്തിന്റെ പടുകിടങ്ങുകളില്‍ ആണ്ടിരുന്ന ഒരു ജനതതിയെ രക്ഷിച്ചു ഒട്ടുവൃക്ഷം പോലെ ഗുണമേന്മയാല്‍ ഫലദായകമാക്കിയും പുതിയൊരു പുരോഗമന സമൂഹത്തെ സൃഷ്ടിക്കാനും ആശാനു സാധിച്ചുവെന്നു പറഞ്ഞാലും ആ മഹാകവിക്ക് കേരള സാഹിത്യത്തില്‍ ഇന്നുള്ള നിര്‍വ്വചനം പൂര്‍ണ്ണമാകില്ല. കാരണം അന്നത്തെ സമൂഹത്തിലെ അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും അവസ്ഥകള്‍ കണ്ട് ചിലതൊക്കെ കവി പറഞ്ഞെങ്കിലും അതിനും അപ്പുറമായ വിവിധ വിഷയങ്ങളും പ്രവചനങ്ങളും പ്രസ്താവനകളും കണ്ടുപിടുത്തങ്ങളും ആശാന്‍ നടത്തിയതൊക്കെയും വിവരണാതീതമാകുന്നു.

മഹാകവി കുമാരനാശാന്റെ കവിതകള്‍ വായിക്കുമ്പോള്‍ പ്രധാനമായും രണ്ട് സംശയങ്ങള്‍ ഉണ്ടാകാറുണ്ട്. എന്തിനാണ് ആശാന്‍ ഇത്രയും ആശയഗാംഭീര്യനായി കവിതകള്‍ എഴുതിയത് എന്നതാണ് ഒന്നാമത്തെ സംശയം. അങ്ങിനെ എഴുതിയ കവിതകളിലൂടെ ആശാന്‍ ഏത് വിഭാഗത്തിന്റെ കവിയായിട്ടാണ് അനുവാചക ഹൃദയങ്ങളില്‍ അറിയപ്പെടുന്നത്? ഈ രണ്ട് തരം സംശയങ്ങള്‍ക്കും ഏറെ ഉത്തരങ്ങള്‍ അനുമാനങ്ങളായുണ്ടാകാം. അത് അനുവാചകന്റെ ആസ്വാദനത്തിന്റെ ആസ്തിയനുസരിച്ചുമാകാം.
എന്തിനുവേണ്ടി ആശാന്‍ കവിതകള്‍ എഴുതിയെന്നതിന് ഉത്തരം കണ്ടെത്തുമ്പോള്‍, അതിനും പല ഉത്തരങ്ങള്‍ ഉണ്ടാകാമെങ്കിലും ഒന്നാമതായി പറയാനുള്ളത് കവിക്ക് സഹൃദയരോട് ചിലതൊക്കെ പറയാനുണ്ടായിരുന്നുയെന്നതാണ്. അത് അന്നത്തേയും ഇന്നത്തേയും നാളത്തേയുമുള്ള എല്ലാ ജനവിഭാഗങ്ങളേയും ബോധിപ്പിക്കാന്‍ വേണ്ടിയുമായിരുന്നു. അങ്ങിനെ പറയാനും അറിയിക്കാനും വേണ്ടി ആശാന്‍ കണ്ടെത്തിയ സാഹിത്യ മാദ്ധ്യമമായിരുന്നു, കവിതാ രചന! ഒരു പക്ഷേ ഇത് ലേഖനങ്ങളിലൂടെയോ പ്രഭാഷണ പരമ്പരകളിലൂടെയോ സാധിക്കുമായിരുന്നു. ആ വഴികളും സ്വന്തം ആദര്‍ശ വ്യാപനത്തിന് ആശാന്‍ കണ്ടെത്തിയതിന് തെളിവായിരുന്നല്ലോ വിവേകോദയം മാസികയുടെ പത്രാധിപത്യവും അതിലെഴുതിയിരുന്ന ലേഖനങ്ങളും ഇതര സംഘടനാ പ്രവര്‍ത്തനങ്ങളും മറ്റും …., എന്നാല്‍ ഒരറിയിപ്പ് താത്വികപരമായും ദാര്‍ശനികമായും അനുവാചക മനസ്സുകളില്‍ ചിന്തോദ്ദീപകമായി നിറയ്ക്കാനും അതിന്റെ നല്ല വശം ഊഷ്മളമായി ഊറിയൂറിവന്ന് അവരെ ഉപദേശിക്കും വിധം നേര്‍ വഴിയിലോട്ട് മാനസ്സാന്തരപ്പെടുത്തുവാനും വൃത്തനിബിഡമായ കാവ്യരചനാ ശുശ്രൂഷികയ്‌ക്കേ കഴിയുകയുള്ളുയെന്നും ആശാന്‍ കാലേ അറിഞ്ഞിരിക്കണം..?

” ഉല്‍പ്പന്നമായതു നശിക്കും; അണുക്കള്‍ നില്‍ക്കും
ഉല്‍പ്പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉല്‍പ്പത്തി കര്‍മ്മഗതിപോലെ വരും ജഗത്തില്‍
കല്‍പ്പിച്ചിടുന്നിവിടെയിങ്ങനെയാഗമങ്ങള്‍”

ക്ഷണികമായ മര്‍ത്യ ജീവിതം ഇത്രയേയുള്ളു യെന്ന് ഒരു മുന്നറിയിപ്പായി ബോധ്യപ്പെടുത്താനുതകുന്ന ഈ പദ്യം എന്തിനു വേണ്ടി കവിതകള്‍ എഴുതിയെന്ന സംശയനിവാരണത്തിനു ഒരെണ്ണം മാത്രമാകുന്നു.
”കഷ്ടം!നിനച്ചിതുലകില്‍ പുതുതല്ല, ഭദ്ര!
ശിഷ്ടന്റെ ശിഷ്ടതയില്‍ ദുഷ്ടനു ദോഷബുദ്ധി”
നല്ല ജനങ്ങളുടെ നന്മയില്‍ ദുഷ്ടന്‍ ദോഷമേ കാണാറുള്ളു എന്നു ഗ്രഹിപ്പിക്കുന്ന ഈ വരികളില്‍ പ്രവചനവും പ്രസ്താവനയുമുണ്ടെങ്കിലും കവിക്കുണ്ടായ സ്വാനുഭവം പരാതിയായി വിളിച്ചു പറയാന്‍ കൂടി എഴുതിയതാണിത്. ഇങ്ങനെ അന്യരെ അറിയിക്കാന്‍ എഴുതിയ വേറേയും ആശാന്‍ വരികള്‍ ഉദ്ധാരണ യോഗ്യമായുണ്ട്. എന്നാല്‍ ആദ്യം എടുത്തെഴുതിയ ആ നാല്‌വരി പദ്യത്തിലൂടെ ആശാന്‍ ഏതു വിഭാഗം കവി എന്നുള്ളതിനും ഒരുത്തരം ഉണ്ട്. അതായത് ആശാന്‍ ഇവിടെ ഒരു ശാസ്ത്രജ്ഞനാകുകയാണ്. ഡാര്‍വ്വിന്റെ പരിണാമ സിദ്ധാന്തത്തിന്റെ തുടക്കം ഈ കാവ്യ ശകലത്തിലുണ്ട്. പദാര്‍ഥങ്ങളുടെ ഖരാവസ്ഥക്കും ദ്രാവകാവസ്ഥക്കും വാതകാവസ്ഥക്കും നാശമില്ല. അതിന്റെ ആറ്റത്തെ നിലനിര്‍ത്തികൊണ്ടുള്ള രൂപമാറ്റമേ സംഭവിക്കുന്നുള്ളു. ഇതിലൊരു അറ്റോമിക് തിയറിയും അടങ്ങിയിരിക്കുന്നു. ഈ തത്വം വാചികാര്‍ത്ഥമാകാമെങ്കിലും വ്യംഗ്യാര്‍ത്ഥത്തില്‍ ഈ സിദ്ധാന്തം ഒരു വ്യവസ്ഥിതിയാകാം; ഭരണ കൂടമാകാം; അദൃശ്യവും എന്നാല്‍ പ്രഭാവമുള്ളതുമാകാം; സചേതനമോ അചേതനമോ ആയതുമാകാം; അതൊക്കെ വര്‍ത്തമാനകാലത്തെ സാമുഹ്യ സംഭാവനകള്‍ അനുസരിച്ചുമാകാം;

”ഒന്നിന്നുമില്ല നില- ഉന്നതമായ കുന്നു
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍”

ഈ പ്രസ്താവനയിലും മേല്‍ പറഞ്ഞ സിദ്ധാന്തത്തിന്റെ ബാക്കിയുണ്ട്. ആഴി പോലും ഒരിക്കല്‍ നശിക്കുമെന്നുള്ള കവിയുടെ പ്രവചനം പരിസ്ഫുടമെന്നും, ഇന്നത്തെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിച്ചാല്‍ തോന്നാം. നദികളും തോടുകളും ജലാശയങ്ങളും നാം മാലിന്യങ്ങള്‍ കൊണ്ടു നിറക്കുമ്പോള്‍ അത് അടിയുന്നത് ആഴിയില്‍ തന്നെ. അങ്ങനേയും ആഴിക്ക് വിസ്തൃതി കുറഞ്ഞ് അത് കരയെ പ്രാപിക്കുമ്പോള്‍ ഒരു തരത്തില്‍ ആഴിക്കും സ്ഥാനചലനമുണ്ടായി നശിക്കുകയാണ്. വൃക്ഷങ്ങള്‍ മുറിച്ചും പാറകള്‍ പൊട്ടിച്ചും നാം ഉന്നതമായ കുന്നുകളെ നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്നും കവി അന്നേ കണ്ടെത്തിയിരുന്നു.
അറിയാനും പുതിയതായവ പറയാനും കവിതകള്‍ എഴുതിയ കവികള്‍ വേദകാലം മുതല്‍ ഭാരതത്തിലുണ്ടായിരുന്നു. രാമായണത്തിലേയും മഹാഭാരതത്തിലേയും സംഭവങ്ങള്‍ വിവരിക്കാന്‍ കാവ്യഭാവം സ്വീകരിച്ച കവിയും കവിതയിലൂടെയാണ് പുതിയ അറിവുകള്‍ പകര്‍ന്നത്. കബീര്‍, റഹീം, തുളസീദാസ് മുതലായവരുടെ ‘ദോഹകള്‍’ എന്ന ഈരടികളും ‘സൈര്‍’ എന്ന കവിതാ രചനാ സമ്പ്രദായവും ഹിന്ദിയിലും ഉറുദുവിലും പുതിയ കാര്യങ്ങളെ പ്രസ്താവ്യങ്ങളായി പറഞ്ഞിരുന്നവയായിരുന്നു. ഈ ഭക്തകവികളുടെ നാട്ടില്‍ കഴിഞ്ഞിരുന്ന ആശാനും ഒരു പക്ഷേ പ്രസ്താവ്യങ്ങളായ കാവ്യരചനാരീതി കാവ്യാംശത്തില്‍ സ്വീകരിച്ചതുമാകാം. ഉപദേശങ്ങളും മഹദ് വചനങ്ങളും ഭക്തിമാര്‍ഗ്ഗത്തിലൂടെ കാവ്യരൂപത്തില്‍ നമുക്ക് പറഞ്ഞുതന്ന കവികളായിരുന്നു എഴുത്തച്ഛനും ശ്രീനാരായണഗുരുവും! കവിതാരചനയിലൂടെ പുതിയതായവ കണ്ടെത്തി പറഞ്ഞ്, വര്‍ണ്ണ വിവേചനത്തിന്റെ പടുകിടങ്ങുകളില്‍ ആണ്ടിരുന്ന ഒരു ജനതതിയെ രക്ഷിച്ചു ഒട്ടുവൃക്ഷം പോലെ ഗുണമേന്മയാല്‍ ഫലദായകമാക്കിയും പുതിയൊരു പുരോഗമന സമൂഹത്തെ സൃഷ്ടിക്കാനും ആശാനു സാധിച്ചുവെന്നു പറഞ്ഞാലും ആ മഹാകവിക്കുകേരള സാഹിത്യത്തില്‍ ഇന്നുള്ള നിര്‍വ്വചനം പൂര്‍ണ്ണമാകില്ല. കാരണം അന്നത്തെ സമൂഹത്തിലെ അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും അവസ്ഥകള്‍ കണ്ട് ചിലതൊക്കെ കവി പറഞ്ഞെങ്കിലും അതിനും അപ്പുറമായ വിവിധ വിഷയങ്ങളും പ്രവചനങ്ങളും പ്രസ്താവനകളും കണ്ടുപിടുത്തങ്ങളും ആശാന്‍ നടത്തിയതൊക്കെയും വിവരണാതീതമാകുന്നു. ഒരു വിഷയവും ആശാന്‍ സ്വന്തം കവിതകളിലൂടെ പറയാതെ ബാക്കിയാക്കിയിട്ടില്ലായെന്നതിലും ആ കവിയുടെ മഹത്വം ഇന്നും വാഴ്ത്തപ്പെടുന്നു! അത് നാളെയും തുടരാം… ഒരു പക്ഷേ ലോകത്തില്‍ കവിതയിലൂടെ മുന്നറിയിപ്പുകളും പ്രവചനങ്ങളും തന്ന് ഒരു സമൂഹത്തെ രക്ഷിച്ചെടുത്ത കവിയും കവിതകളും വേറെകാണില്ല. മഹാഭാരതം എഴുതിയ വ്യാസനും പറഞ്ഞു ”ഇതിലുള്ളത് മറ്റൊരിടത്തു കണ്ടേക്കാം. എന്നാല്‍ ഇതില്‍ ഇല്ലാത്തത് മറ്റൊരിടത്തും കാണുകയില്ല” എന്നാല്‍ മറ്റൊരിടത്ത് കാണാത്തതും ആശാന്‍ കവിതകളിലുണ്ടെന്നുള്ളതാണ് വാസ്തവം!
കവിത വെളിപാടാണ്. ദര്‍ശനമാണ്, കണ്ടെത്തലാണ് എന്ന് ജുഡിത്ത് റൈറ്റ് എന്നൊരു ഓസ്‌ട്രേലിയന്‍ ചിന്തകകൂടിയായ കവയിത്രി പറയുകയുണ്ടായി. ഈ നിര്‍വ്വചനം ആശാന്റെ കവിതകളെ സംബന്ധിച്ചു തികച്ചും അന്വര്‍ത്ഥമത്രെ!
”പഴകിയ തരുവല്ലി മാററിടാം
പുഴയൊഴുകും വഴി വേറെയാക്കിടാം
കഴിയുമിവ, മനസ്വിമാര്‍ മന-
സ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍”
പ്രണയികളെ സംബന്ധിച്ച് വേദവാക്യ സമാനമായ വരികള്‍! പലപ്പോഴും ഗാഢമായ പ്രണയ ബന്ധങ്ങളില്‍ നിന്നും പിന്‍മാറാത്തത് മനസ്വിമാരായിരിക്കും. പഴയ തരുവല്ലി മാറ്റുന്നതിനേക്കാളും പുഴയുടെ പ്രവാഹം മറ്റൊരു ദിശയിലേക്ക് മാറ്റുന്നതിനേക്കാളും ആയാസകരമാണ് പ്രേമ ബന്ധത്തില്‍ നിന്നും ഒരു പെണ്ണിനെ രക്ഷിച്ചു മാറ്റുന്നതും. ഇതനുസരിച്ചു വേണം കമിതാക്കള്‍ക്കെതിരെ ബന്ധുക്കള്‍ തിരിയേണ്ടത് എന്ന ആപ്തവാക്യ സമാനമായ വചനം കൂടിയാണ് ‘ലീല’യിലെ ഈ പദ്യം. പ്രണയ ബന്ധങ്ങള്‍ പരാജയങ്ങളാകുന്നതും ചിലര്‍ ആത്മഹത്യയിലെത്തുന്നതും ചിലത് ദുരഭിമാനക്കൊലകളാവുന്നതും ഈ പദ്യത്തിന്റെ സാരസ്യമറിയാത്ത യഥാസ്ഥിതികരായ രക്ഷകര്‍ത്താക്കള്‍ മൂലമായിരിക്കും.
ആശാന്റെ വരികള്‍ ചിലര്‍ക്ക് പ്രസ്താവ്യമായും മറ്റ് ചിലര്‍ക്ക് ഉപദേശമായും മൂന്നാമത് ഒരു കൂട്ടര്‍ക്ക് ദാര്‍ശനികമായും പ്രതിഫലിക്കാം. ഒരേ അര്‍ത്ഥലക്ഷ്യത്തില്‍ പറയാനായി പദ്യങ്ങളെ പലരീതിയില്‍, പല കൃതികളിലായി, ഒരേ മന്ത്രമായി ആശാന് ഉരുക്കഴിക്കേണ്ടി വന്നിട്ടുണ്ട് ”വിശസനം സുഖികളെ വിജ്ഞരാക്കുന്നു” എന്ന് കരുണയില്‍ പറഞ്ഞതിനോട് സാധര്‍മ്മ്യം പുലര്‍ത്തുന്നു സീതയിലെ ”വൃഥ പോലറിവോതിടുന്ന സദ്ഗുരുവും മര്‍ത്ത്യനു വേറെയില്ലതാന്‍” എന്ന പ്രസ്താവനയിലും….,
ദുഃഖാവസ്ഥ കൊണ്ടുള്ള വേറേ ഉപയോഗവും ദുഃഖത്തിലൂടെ ഉരുത്തിരിയുന്ന തത്വങ്ങളും അറിവുണ്ടാകുന്നതിനു മാത്രമല്ല, നേര്‍വഴിയിലൂടെ നാം സഞ്ചരിച്ച് സല്‍സ്വഭാവിയാകാനും ദുഃഖമൊരല്‍പം ആദ്യം ഉണ്ടാകണമെന്നും ആശാന്‍ ആശിച്ചിരുന്നു. അറിവും സുഖവും സല്‍സ്വഭാവവും ഏറെക്കുറെ പരസ്പര പൂരകങ്ങളായ മാനുഷിക ഗുണാവസ്ഥകളാണല്ലോ? മോക്ഷസുഖത്തിന്റെ കോട്ട ദുഃഖത്തിന്റെ മാര്‍ഗ്ഗത്തിലൂടെ മാത്രമേ തുറക്കുകയുള്ളൂയെന്നും കാരുണ്യത്താല്‍ മാത്രമേ വേഗം അതിലേക്ക് സഞ്ചരിക്കാനാകൂയെന്നും ആശാനിലെ മനഃശാസ്ത്രജ്ഞന്‍ പറയുന്നു.
‘അഥവാ സുഖദുര്‍ഗ്ഗമേറ്റുവാന്‍
സ്ഥിരമായ് നിന്നൊരു കൈശരീരിയെ
വൃഥയാം വഴിയുടെയമ്പിനാല്‍
വിരവോടുന്തിവിടുന്നുതന്നെയാം”
എന്നാല്‍ അതേ ദുഃഖത്തിന്റെ കോട്ടവും ”മാനഹേതുവാലൊഴിയാത്താര്‍ത്തി മനുഷ്യനേ വരൂ” എന്നും ആശാന്‍ പറയുമ്പോള്‍ ഒരേ വികാരത്തിന് വിവിധ വിചാരധാരകളും വിഭിന്ന സന്ദര്‍ഭങ്ങളില്‍ മര്‍ത്യനുമാത്രമുണ്ടാകുമെന്നും കവി തെര്യപ്പെടുത്തുന്നു. അത് ആത്മാഭിമാനത്താലുള്ള സ്ഥിരദുഃഖവുമാകാം…’

(ആശാന്റെ കവിമനസ് അടുത്ത ലക്കത്തിൽ)
9048253157

Author

161 Views
Scroll to top
Close
Browse Categories