നഗര നാടകത്തിലെ ഒരു രംഗം മാത്രം

നഗരമിന്നും പതിവു തെറ്റിക്കാതെ
നാടകം തുടങ്ങാനുള്ള സൈറൺ മുഴക്കി.
രണ്ട് കഥാപാത്രങ്ങളെ,
രണ്ട് മാന്യരെയിറക്കി നടത്താനും തുടങ്ങി.

ഒരു ഗുരുവും ഒരു ശിഷ്യനും
ഗുരുവിന്റെ കണ്ണിൽ അഗാധമാമാഴം
ശിഷ്യന്റെ മനസ്സിൽ കൊലയുടെ തീപ്പൊരി.
മരണത്തിന്റെ നീറ്റൽപോലൊന്ന് പതയുന്നുണ്ട്,
ഇരകളായവരുടെ തിരക്കിൽ.

അവർ കടകളായ കടകളിൽ കയറിയിറങ്ങി
വാങ്ങിക്കൂട്ടിയതെല്ലാം നെഞ്ചിലും
വണ്ടികളിലുമായി കുത്തിക്കയറ്റി
വെപ്രാളപ്പെടുന്നുണ്ട്, പരസ്പരം
വെളുക്കെച്ചിരിച്ചഭിനയിക്കുന്നുമുണ്ട്.
വിശന്നാലുമില്ലേലും തീറ്റക്കുള്ള
തിടുക്കം കാണിക്കുന്നുമുണ്ട്…

ഗുരുവും ശിഷ്യനും നടക്കുന്നു,
പലയിടത്തു നിന്ന് സ്വാഭാവികമെന്ന മട്ടിൽ
അവരാൽ കൊല്ലപ്പെട്ടവർ നോക്കു _
ന്നാശയവിനിമയം പാളാതെ കാക്കുന്നു.
പിന്തുടന്നവരിൽ ചിലർ
പ്രതികാരത്തിന്റെ വെളിച്ചങ്ങളിലൊറ്റ
നിഴലായി.

നഗരം വലിയ കണ്ണ്
ഓരോ മുഖവുമോരോ കഥ മറച്ചു പോകുന്നു
ഭയമൊളിപ്പിച്ച സാക്ഷികളെ പോലെ.
വാഹനങ്ങളും ശരീരങ്ങളും
പലപ്പോഴും തട്ടിമുട്ടി മുറിയുന്നുമുണ്ട്.

ഗുരുവും ശിഷ്യനും
രണ്ട് പാവകളെപ്പോലെ
മറ്റാരുടെയോ കളിയിലെ കഥാപാത്രങ്ങളായി
നടന്നു കൊണ്ടിരിക്കുന്നു.

നാടകം രതിമൂർച്ചയിലെത്തും നേരം
ഒരുവേള ലൈറ്റുകളെല്ലാം
പെട്ടെന്നണയുമ്പോഴിവർ
എന്തായിരിക്കും ചെയ്യുക?

ആമ്പുലൻസുകളും
ആശുപത്രികളും
പോലീസുകാരും ക്യാമറകളും
അതുതന്നെ ചിന്തിച്ചീ കവിത
വായിക്കുന്നുണ്ടാകാമിപ്പോൾ.

Author

Scroll to top
Close
Browse Categories