പൂന കരാര്‍ – അംബേദ്ക്കറുടെ കര്‍മ്മകാണ്ഡത്തിലെ അത്യുജ്ജ്വല അദ്ധ്യായം

ഭാരതം കണ്ട ധൈഷണിക പ്രതിഭകളില്‍ അതുല്യന്‍. ലോകത്തെ ബൃഹത്തായ രാഷ്‌ട്രനിയമസംഹിതയുടെ മുഖ്യശില്പി. ഗവേഷകന്‍, ദാര്‍ശനികന്‍, പ്രഭാഷകന്‍, നിയമജ്ഞന്‍, ധനശാസ്‌ത്രജ്ഞന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, പതിതജനതയുടെ വിമോചകന്‍ , സമൂഹത്തിന്റെ സമസ്തമണ്ഡലങ്ങളിലും നിറഞ്ഞുനിന്നിരുന്നഅത്യുജ്ജ്വല വ്യക്തിത്വത്തിനുടമ. എല്ലാംകൊണ്ടും സര്‍വാദരണീയനായിരുന്നു ഡോ: ബി.ആര്‍ അംബേദ് ക്കര്‍.ഏപ്രില്‍ 14-ന് അംബേദ്ക്കറുടെ ജന്‍മദിനം.

ജാതിയുടെ കരാളഹസ്തത്തില്‍ വീണമര്‍ന്ന ഒരു ജനവിഭാഗത്തെ, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാന്‍ ഡോ: ബി.ആര്‍ അംബേദ് ക്കര്‍ നടത്തിയ ഐതിഹാസികമായ സഞ്ചാരപഥം ഇന്ന് ചരിത്രത്തിന്റെ തിളക്കമാര്‍ന്ന ഒരു കര്‍മ്മകാണ്ഡമാണ്.

ക്ലേശഭൂയിഷ്ടമായ പോരാട്ടത്തിന്റെ ഐതിഹാസികമായ ഒരേടാണ് ‘പൂനാപാക്ട്’ അഥവാ പൂനാക്കരാര്‍. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന റാം സെമക്ഡൊണാള്‍ഡ് പ്രഖ്യാപിച്ച കമ്മ്യൂണല്‍ അവാര്‍ഡിന്റെ സന്തതിയാണ് പൂനാകരാര്‍ എന്നു വിശേഷിപ്പിക്കാം.

1931-ല്‍ ലണ്ടനില്‍ വെച്ചുനടന്ന 2-ാം വട്ടമേശസമ്മേളനത്തില്‍ മുഖ്യമായി കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയായി ഗാന്ധിജിയും, അധ:സ്ഥിതരുടെ പ്രതിനിധിയായി ഡോ: അംബേദ്ക്കറും പങ്കെടുത്തിരുന്നു. എന്നാല്‍, സംവരണം സംബന്ധിച്ചുള്ള പ്രശ്നത്തില്‍ ഇരുവര്‍ക്കും ഒരു തീരുമാനത്തിലെത്താന്‍ കഴിയാതിരുന്നതിനാല്‍ അക്കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് വിടുകയായിരുന്നു. ഇതിനായി പ്രധാനമന്ത്രിക്കു കൊടുത്ത സമ്മതപത്രത്തില്‍ അംബേദ്ക്കര്‍ ഒപ്പുവച്ചില്ല. ഗാന്ധിജിയാകട്ടെ അതില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. തനിക്കനുകൂലമായിരിക്കും പ്രധാനമന്ത്രിയുടെ തീര്‍പ്പ് എന്നതായിരുന്നു ഗാന്ധിജിയുടെ വിശ്വാസം. തന്റെ ആഗ്രഹം അന്നത്തെ ഇന്ത്യ സെക്രട്ടറിയായിരുന്ന സര്‍ സാമുവേല്‍ ഹോറേയെ ഗാന്ധിജി എഴുതി അറിയിച്ചിരുന്നു. സര്‍ക്കാര്‍ മുന്നോട്ടുവച്ച വോട്ടവകാശം സംബന്ധിച്ച് സര്‍വ്വസ്വീകാര്യമായ ഒരു ഒത്തുതീര്‍പ്പുണ്ടാക്കുന്നതിന് ലോത്തിയാന്‍ പ്രഭുവിന്റെ അദ്ധ്യക്ഷതയില്‍ ഉള്ള ഒരു കമ്മിറ്റി ഇന്ത്യയില്‍ വന്നിരുന്നു.

പ്രധാനമന്ത്രി തന്റെ ക്യാബിനറ്റുമായുള്ള കൂടിയാലോചനകള്‍ക്കുശേഷം 1932 ആഗസ്റ്റ് 16-ന് കമ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഇതില്‍ മുഖ്യമായതും, ഏറെ കോളിളക്കം സൃഷ്ടിച്ചതും ഓരോ മതത്തിനും ജാതിക്കും നിയമസഭയില്‍ ഉണ്ടായിരിക്കേണ്ട സീറ്റുകളെ സംബന്ധിച്ചുള്ളതായിരുന്നു. അവാര്‍ഡ് പുറത്തുവന്നപ്പോള്‍ പ്രധാനമന്ത്രിയുടെ തീര്‍പ്പിന് സമ്മതം നല്‍കിയ ഗാന്ധിജി തീര്‍പ്പ് അംഗീകരിക്കാന്‍ തയ്യാറായില്ല. അംബേദ് ക്കര്‍ പൂര്‍ണ്ണതൃപ്തനായിരുന്നില്ലെങ്കില്‍കൂടിയും പ്രധാനമന്ത്രിയുടെ അവാര്‍ഡിനെ സ്വാഗതം ചെയ്തു.

കമ്യൂണല്‍ അവാര്‍ഡ്

കമ്യൂണല്‍ അവാര്‍ഡ് പ്രകാരം മുസ്‌ളീങ്ങള്‍, സിക്കുകാര്‍, ക്രിസ്ത്യാനികള്‍, ആംഗ്ലോഇന്ത്യക്കാര്‍ തുടങ്ങിയ മതവിഭാഗങ്ങള്‍ക്കും, പട്ടികവിഭാഗക്കാര്‍ക്കും പ്രത്യേകം നിയോജകമണ്ഡലങ്ങള്‍ അനുവദിച്ചിരുന്നു. ജാതിയുടെ അടിസ്ഥാനത്തിലല്ല മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം സംവരണം എന്നതായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം. പട്ടികവിഭാഗത്തെ ന്യൂനപക്ഷ വിഭാഗമായി കണക്കാക്കുന്നതിനെ ഗാന്ധിജി എതിര്‍ത്തു. അതിന് അദ്ദേഹം പറഞ്ഞ ന്യായീകരണം, പട്ടികവിഭാഗക്കാര്‍ ഹിന്ദുമതത്തിന്റെ അഭിഭാജ്യഘടകമാണെന്നാണ്. അതിനാല്‍ അവരെ ഹിന്ദുക്കളില്‍ നിന്നു മാറ്റി നിറുത്തി പ്രത്യേക സംവരണം നല്‍കാന്‍ പാടില്ല . ഈ അഭിപ്രായം സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നപിറ്റേ ദിവസംതന്നെ ഗാന്ധിജി പ്രധാനമന്ത്രിയെ കത്തെഴുതി അറിയിക്കുകയും ചെയ്തു. ആ കത്തില്‍ ദളിതര്‍ക്കുള്ള പ്രത്യേക സംവരണം ഭേദഗതി ചെയ്യാത്ത പക്ഷം, താന്‍ മരണംവരെ ഉപവസിക്കുമെന്ന് മുന്നറിയിപ്പുനല്‍കിയിരുന്നു.

ഗാന്ധിജിയുടെ
ഉപവാസം

സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു അനുകൂല തീരുമാനവും ഉണ്ടായിരുന്നില്ല. അതിനാല്‍ മുന്‍നിശ്ചയപ്രകാരം 1932 സെപ്തംബര്‍ 20 മുതല്‍ ഗാന്ധിജി യര്‍വാദാ ജയിലില്‍ നിരാഹാര സമരം ആരംഭിച്ചു.തന്റെ ഉപവാസം ഒരിക്കലും അധ:കൃതവര്‍ഗ്ഗത്തിനെതിരല്ലെന്നും ഹിന്ദു ഐക്യത്തിനുവേണ്ടിയിട്ടുള്ളതുമാണെന്നും ഗാന്ധിജി പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തില്‍ ഹിന്ദുക്കളും അധ:കൃതജാതിക്കാരും സംയുക്തമായി ഒരു ബദല്‍ നിര്‍ദ്ദേശം തയ്യാറാക്കുന്ന പക്ഷം, ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് കോട്ടംതട്ടാത്തവിധം പ്രശ്നം പരിശോധിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മതിച്ചു.

പൂര്‍ണ്ണഅര്‍ത്ഥത്തില്‍ തന്റെ ആശയാഭിലാഷങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ലെങ്കിലും പൂനാക്കരാര്‍ മുഖേന തന്റെ വര്‍ഗത്തിന് മുന്‍പില്ലാതിരുന്ന പല ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ അംബേദ്ക്കറിന് കഴിഞ്ഞു

എന്നാല്‍, അത്തരമൊരുതീരുമാനമെടുക്കണമെങ്കില്‍ സംവരണത്തിനുവേണ്ടി നിരന്തരം വാദിച്ചിരുന്ന അംബേദ്ക്കറുടെ സമ്മതവും ആവശ്യമായിരുന്നു. അംബേദ്ക്കര്‍ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്തു. സര്‍ക്കാര്‍, ഗാന്ധിജി, അംബേദ്ക്കര്‍, ഈ മൂന്നു കേന്ദ്രങ്ങളില്‍ക്കിടന്ന് ഈ പ്രശ്നം വട്ടം ചുറ്റാന്‍ തുടങ്ങി. എങ്ങനെ ഒരു പരിഹാരം കണ്ടെത്താമെന്നതിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ സമൂഹത്തില്‍ നടന്നുകൊണ്ടിരുന്നു. ഗാന്ധിജിയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ അംബേദ് ക്കര്‍ കനിയണമെന്ന നിലയിലായി. അതിനാല്‍ അംബേദ്ക്കറുടെ അഭിപ്രായം കേള്‍ക്കുന്നതിന് എല്ലാവരും കാതോര്‍ത്തിരുന്നു. ഗാന്ധിജിയുടെ ജീവന്‍വച്ചു കളിക്കരുതെന്നും ഒത്തുതീര്‍പ്പിന് അംബേദ്ക്കര്‍ തയ്യാറാകണമെന്നുള്ള ഒരു പൊതുവികാരം സമൂഹത്തില്‍ പടര്‍ന്നു.

അംബേദ്ക്കറെ സംബന്ധിച്ചിടത്തോളം ഗാന്ധിജി മാത്രമായിരുന്നില്ല പ്രശ്നം. ആറുകോടിയില്‍പ്പരം വരുന്ന അധ:കൃത വിഭാഗക്കാരുടെ ഏക ആശ്രയമായിരുന്നു അംബേദ്ക്കര്‍. അതിനാല്‍ തന്നെ അവരുടെ പ്രശ്നം അദ്ദേഹത്തിന് പ്രധാനമായിരുന്നു. അനുരഞ്ജനത്തിനു ശ്രമിക്കുന്നവരോടുള്ള അംബേദ്ക്കറുടെ മറുപടി തന്റെ ജനതയെ തനിക്ക് ഒരു കാരണവശാലും കൈവിടാന്‍ കഴിയില്ല എന്നുതന്നെയായിരുന്നു. സംവരണത്തോടുള്ള അംബേദ്ക്കറുടെ സമീപനം സുനിശ്ചിതമായിരുന്നു. ഇത് മദ്ധ്യസ്ഥര്‍ക്ക് ഒരു കീറാമുട്ടിയായി തീര്‍ന്നു.

അംബേദ്ക്കറുടെ
ദൃഢനിശ്ചയം

അംബേദ്ക്കറുടെ ഈ ദൃഢനിശ്ചയംമൂലം ഗാന്ധിജിയെ ഉപവാസത്തില്‍നിന്നും പിന്‍തിരിപ്പിക്കുക എന്നതുമാത്രമായി ഒരു വേള അനുരഞ്ജനക്കാരുടെ മുന്നിലുള്ള ഓരേയൊരു പോംവഴി. ഈ അവസരത്തില്‍ പണ്ഡിറ്റ് മദനമോഹന മാളവ്യയുടെ അദ്ധ്യക്ഷതയില്‍ ഒരു യോഗം നടന്നു. ആ യോഗത്തില്‍ അംബേദ്ക്കറും പങ്കെടുത്തിരുന്നു. എന്നാല്‍, തന്റെ നിലപാടില്‍ നിന്നു ഒരടിപോലും മാറാന്‍ അംബേദ്ക്കര്‍ തയ്യാറായിരുന്നില്ല. തന്റെ ജനതയുടെ നീതിയുക്തമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍നിന്നും താന്‍ ഒരിക്കലും പിന്‍തിരിയില്ലെന്നും, മരിക്കേണ്ടിവന്നാല്‍പോലും അതിനു തയ്യാറാണെന്നും അംബേദ്ക്കര്‍ പ്രഖ്യാപിച്ചു.

1932 സെപ്റ്റംബര്‍ 19-ന് മദനമോഹന മാളവ്യയുടെ അദ്ധ്യക്ഷതയില്‍ ഒന്നാം വിശാല ഹിന്ദു സമ്മേളനം വിളിച്ചുചേര്‍ത്തു. ഈ സമ്മേളനത്തില്‍ അംബേദ്ക്കറും പങ്കെടുത്തു. അവിടെവച്ചും സംവരണ ആശയത്തില്‍ നിന്നും പിന്നോട്ടു പോകാന്‍ അംബേദ്ക്കര്‍ തയ്യാറായില്ല. ഈ അവസരത്തില്‍ അംബേദ്ക്കറിന് വധഭീഷണിയും അധ:കൃതര്‍ക്കെതിരെ കലാപങ്ങളും ഉണ്ടായി. എന്നാല്‍, ബ്രിട്ടീഷ് സര്‍ക്കാരിനോട് പടപൊരുതി നേടിയ അവകാശങ്ങള്‍ ബലികൊടുക്കുവാന്‍ അംബേദ്ക്കര്‍ തയ്യാറായില്ല. ഇതുപോലൊരു പ്രതിസന്ധി അദ്ദേഹത്തിന് ഇതിനുമുമ്പൊരിക്കലും നേരിടേണ്ടിവന്നിട്ടില്ല.

1932 സെപ്റ്റംബര്‍ 21-ാം തീയതി മറ്റു അധ:കൃത നേതാക്കള്‍ക്കൊപ്പം അംബേദ്ക്കര്‍ പൂനയിലെത്തി. മദനമോഹന മാളവ്യ, സി. രാജഗോപാലാചാരി എന്നീ നേതാക്കളും അവിടെ എത്തിയിരുന്നു. എന്നാല്‍, ആ യോഗത്തിലും അവര്‍ക്ക് ഏകകണ്ഠമായ ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ യര്‍വാദാ ജയിലില്‍വെച്ച് ഗാന്ധിജിയെ നേരിട്ട് കാണാന്‍ അംബേദ്ക്കര്‍ തീരുമാനിച്ചു. അവിടെവച്ച് ഇരുവരും അവരുടെ വാദമുഖങ്ങള്‍ നിരത്തി ചൂടുപിടിച്ച ചര്‍ച്ചകള്‍ നടത്തി. അധ:കൃതരെ ഹിന്ദുമതത്തില്‍നിന്നു വേര്‍തിരിച്ചു കാണുന്നതില്‍ ഉള്ള എതിര്‍പ്പ് ഗാന്ധിജി അംബേദ്ക്കറെ അറിയിച്ചു. ജാതി ഉന്‍മൂലനത്തെക്കുറിച്ച് നീണ്ട ചര്‍ച്ചകള്‍ അവര്‍ തമ്മില്‍ നടത്തി. ജാതി നിര്‍മ്മാര്‍ജ്ജനത്തിനുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്ന നിലപാടായിരുന്നു ഗാന്ധിജിക്ക്. അധ:കൃതര്‍ക്കുള്ള സംവരണം എന്ന തന്റെ ദൃഢനിശ്ചയത്തില്‍നിന്നും പിന്തിരിയുവാന്‍ അംബേദക്കര്‍ അപ്പോഴും തയ്യാറായിരുന്നില്ല.

എന്നാല്‍, ഏതൊരു ആശയത്തിന്റെ പേരില്‍ പോലും ഗാന്ധിജിയുടെ ജീവന്‍ വച്ചു വിലപേശാന്‍ പാടില്ല എന്ന സൂക്ഷ്മാവബോധം അംബേദ്ക്കറുടെ മനസ്സിനെ വല്ലാതെ മദിച്ചുകൊണ്ടിരുന്നു. തന്നെയുമല്ല, ഗാന്ധിജിയുടെ ജീവന്‍വച്ചു പന്താടുന്നത് അംബേദ്ക്കറും അയിത്തജാതിക്കാരുമാണെന്ന ഒരു പൊതു ധാരണ ഈ അവസരത്തില്‍ സമൂഹത്തില്‍ പരക്കുകയുമുണ്ടായി. അതിനാല്‍ ഗാന്ധിജിയുടെ ജീവന്‍ സംരക്ഷിക്കേണ്ട ചുമതല ഓരോ ഭാരതീയനും ഉണ്ടെന്നുള്ള വിചാരം അംബേദ്ക്കറുടെ മനസ്സിലുമുണ്ടായി.

ഒന്നാം വിശാല ഹിന്ദു
സമ്മേളനം

1932 സെപ്റ്റംബര്‍ 19-ന് മദനമോഹന മാളവ്യയുടെ അദ്ധ്യക്ഷതയില്‍ ഒന്നാം വിശാല ഹിന്ദു സമ്മേളനം വിളിച്ചുചേര്‍ത്തു. ഈ സമ്മേളനത്തില്‍ അംബേദ്ക്കറും പങ്കെടുത്തു. അവിടെവച്ചും സംവരണ ആശയത്തില്‍ നിന്നും പിന്നോട്ടു പോകാന്‍ അംബേദ്ക്കര്‍ തയ്യാറായില്ല. ഈ അവസരത്തില്‍ അംബേദ്ക്കറിന് വധഭീഷണിയും അധ:കൃതര്‍ക്കെതിരെ കലാപങ്ങളും ഉണ്ടായി. എന്നാല്‍, ബ്രിട്ടീഷ് സര്‍ക്കാരിനോട് പടപൊരുതി നേടിയ അവകാശങ്ങള്‍ ബലികൊടുക്കുവാന്‍ അംബേദ്ക്കര്‍ തയ്യാറായില്ല. ഇതുപോലൊരു പ്രതിസന്ധി അദ്ദേഹത്തിന് ഇതിനുമുമ്പൊരിക്കലും നേരിടേണ്ടിവന്നിട്ടില്ല. തന്റെ വര്‍ഗ്ഗത്തോടുള്ള അചഞ്ചലമായ കൂറും, ഗാന്ധിജിയുടെ ജീവനും തമ്മില്‍ ഒരു ദ്വന്ദയുദ്ധം അംബേദ്ക്കറുടെ മനസ്സിലും നടക്കുന്നുണ്ടായിരുന്നു. അവസാനം, സെപ്റ്റംബര്‍ 21-ാം തീയതി ഗാന്ധിജിയുമായി പ്രശ്നം ചര്‍ച്ചചെയ്യുവാന്‍ അംബേദ്ക്കര്‍ പൂനയിലേക്കുപോയി.അവിടെവച്ചുനടന്ന ചര്‍ച്ചയും പരാജയപ്പെട്ടപ്പോള്‍, ഗാന്ധിജിയുടെ പുത്രന്‍ ദേവദാസ് ഗാന്ധി അംബേദ്ക്കറോട് ആവശ്യപ്പെട്ടത് എന്റെ അച്ഛന്റെ ജീവന്‍ താങ്കളുടെ കൈകളിലാണ്, അത് ഞങ്ങള്‍ക്ക് തിരിച്ചു തരിക എന്നായിരുന്നു. അതിന് അംബേദ്ക്കര്‍ കൊടുത്ത മറുപടി, അദ്ദേഹത്തിന്റെ ദൃഢനിശ്ചയം വെളിവാക്കുന്നതായിരുന്നു. ഈ അവാര്‍ഡ് നടപ്പിലാക്കിയാല്‍ ഗാന്ധിജിമാത്രമായിരിക്കും മരിക്കുക. എന്നാല്‍, ഇത് വേണ്ടെന്നു വച്ചാല്‍ ആറുകോടിയില്‍പരം അധ:കൃതരായിരിക്കും മരിക്കുക.

ഒത്തുതീര്‍പ്പിലേക്ക്

രാപകലില്ലാതെ നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ ഒരു ഒത്തുതീര്‍പ്പില്‍ എത്തിച്ചേരാന്‍ എല്ലാവരും നിര്‍ബന്ധിതരായി. ഗാന്ധിജിയുടെ ആരോഗ്യാവസ്ഥ കൂടുതല്‍ കുടുതല്‍ മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ ഭാരതത്തിന്റെ സമൂഹമന:സാക്ഷിയുടെ പേരില്‍ തന്റെ തീരുമാനത്തില്‍നിന്നു മനസ്സില്ലാമനസ്സോടെ പിന്തിരിയുവാന്‍ അംബേദ്ക്കര്‍ തയ്യാറായി. 1932 സെപ്റ്റംബര്‍ 24-ന് വൈകിട്ട് 5 മണിക്ക് അധ:കൃതര്‍ക്കുവേണ്ടി അംബേദ്ക്കറും ഗാന്ധിജിക്കുവേണ്ടി മദമോഹന മാളവ്യ, രാജഗോപാലാചാരി, ഡോ: രാജേന്ദ്രപ്രസാദ്, ദേവദാസ് ഗാന്ധി, തുടങ്ങിയവര്‍ ചേര്‍ന്ന് പൂനാക്കരാറില്‍ ഒപ്പുവച്ചു. അങ്ങനെ നിരന്തരമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഗാന്ധിജിയും അംബേദ്ക്കറും പൂനാക്കരാറില്‍ ഒപ്പുവെച്ചതോടുകൂടി ആ അദ്ധ്യായം അവിടെ അവസാനിക്കുകയായിരുന്നു. തുടര്‍ന്ന്, കസ്തൂര്‍ബാ ഗാന്ധി നല്‍കിയ നാരങ്ങാനീര് കുടിച്ചുകൊണ്ട് ഗാന്ധിജി നിരാഹാരസത്യാഗ്രഹം അവസാനിപ്പിച്ചു.

പട്ടികവിഭാഗങ്ങള്‍ക്ക് പൊതുമണ്ഡലങ്ങളില്‍ പ്രത്യേകസംവരണം എന്ന വ്യവസ്ഥ നഷ്ടപ്പെട്ടുവെങ്കിലും അവാര്‍ഡിലുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചുവെന്നതാണ് പൂനാക്കരാര്‍കൊണ്ടുണ്ടായ നേട്ടം. എഴുപത്തിയൊന്നു സീറ്റുമാത്രമാണ് പട്ടിക വിഭാഗത്തിന് അവാര്‍ഡില്‍ നിശ്ചയിച്ചിരുന്നതെങ്കിലും പൂനാക്കരാര്‍ മുഖേന പ്രവിശ്യാ നിയമസഭകളില്‍ അത് 148 സീറ്റായി ഉയര്‍ന്നു. കേന്ദ്രനിയമസഭയില്‍ ആകെ സ്ഥാനങ്ങളുടെ പതിനെട്ടുശതമാനമെന്ന് നിശ്ചയിക്കുകയും ചെയ്തു.

7907605818

Author

35 Views
Scroll to top
Close
Browse Categories