മാട്ടുമന്ത പൊതു ശ്മശാനത്തിലെ ജാതീയ അധിനിവേശം
മാട്ടുമന്ത പൊതു ശ്മശാനത്തിൽ കുഴല്‍ കിണറും ഷെഡ് നിര്‍മ്മാണവും പൂര്‍ത്തീകരിച്ചശേഷം കെട്ടിടത്തിനു സംരക്ഷണമെന്ന വ്യാജേനെ ചുറ്റുമതില്‍ പണികഴിപ്പിച്ച് ഗെയ്റ്റ് വെച്ച് താക്കോല്‍ എന്‍എസ്എസ് വലിയപാടം കരയോഗം സെക്രട്ടറി കൈവശം വെയ്ക്കുവാന്‍ തീരുമാനിക്കുന്നു. കാര്യങ്ങള്‍ ഇത്രത്തോളം എത്തിയപ്പോഴാണ് പൊതുജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാവുന്നത്. നഗരസഭ ഭരണകര്‍ത്താക്കള്‍ക്ക് അബദ്ധവും മനസ്സിലാവുന്നത്. സമരങ്ങളും ആക്ഷേപങ്ങളും ഉത്ഭവിച്ചതോടെ സംരക്ഷണ മതില്‍, സംരക്ഷണം സ്വയം ഏറ്റവര്‍ തന്നെ പൊളിച്ചു മാറ്റുകയും ചെയ്തു.
കേരളത്തിൽ 1890 ല്‍ അതിഭീകരമായ വസൂരി പടര്‍ന്നുപിടിച്ചു. വസൂരി ബാധിച്ച് അനേകം പേര്‍ മരിച്ചു. ഈ വസൂരിയെക്കുറിച്ച് വളരെ ഹൃദയസ്പൃക്കായ ഒരു വിവരണം തൃശ്ശൂര്‍ ജില്ലയിലെ മുല്ലശ്ശേരിയിലെ നാട്ടുതണ്ടാനായിരുന്ന ചങ്ങരംകുമരത്തു പാറന്‍ എഴുതിവെച്ചിട്ടുണ്ട്. കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖസ്ഥാനം അലങ്കരിച്ചിരുന്ന മിതവാദി സി. കൃഷ്ണന്റെ പിതാവാണ് ചങ്ങരംകുമരത്തു പാറന്‍. പാറന്‍ എഴുതിയ വിവരണങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നത് ആ സമയത്ത് കേരളത്തില്‍ വളരെയധികം ജനങ്ങള്‍ വസൂരി പിടിച്ച് കൂട്ടത്തോടെ മരിച്ചുപോയെന്നാണ്. ജനങ്ങള്‍ വഴിയാത്രപോലും ഉപേക്ഷിച്ചുവെന്നും കന്നുകാലികളും ജനങ്ങളും കൂട്ടത്തോടെ ചത്തുവീഴുന്നു എന്നുമാണ് പാറന്റെ വിവരണം.
ഈ പശ്ചാത്തലത്തിലാണ് മാട്ടുമന്ത ശ്മശാനം നിലവില്‍ വന്നതെന്നു കരുതണം. കാരണം കല്പാത്തിയിലെ അഗ്രഹാരത്തില്‍ കൂട്ടത്തോടെ ആളുകള്‍ മരിച്ചുപോയ സമയത്ത് മൃതദേഹങ്ങള്‍ മറവുചെയ്യുവാന്‍ ബുദ്ധിമുട്ടു നേരിട്ടു. സ്ഥലപരിമിതിയായിരുന്നു കാരണം. മൃതദേഹങ്ങള്‍ വീടുകളില്‍ നിന്ന് മാറ്റുവാന്‍ പോലും ഇടമില്ലാത്ത അവസ്ഥ വന്നുചേര്‍ന്നു. അഗ്രഹാരത്തില്‍ സംസ്‌കരിക്കാത്ത മൃതദേഹമിരിക്കുമ്പോള്‍ ക്ഷേത്രങ്ങള്‍ തുറക്കുവാനും പൂജകള്‍ നടത്തുവാനും കഴിയാതെ വന്നു. ഈ പരിതസ്ഥിതിയില്‍ കല്പാത്തി അഗ്രഹാരത്തിലെ ഒരു ബ്രാഹ്മണ കുടുംബം മാട്ടു മന്ത ഗ്രാമത്തിലെ തങ്ങളുടെ ഭൂമി മുഴുവന്‍ ശ്മശാനമായി ഉപയോഗിക്കുവാന്‍ സംഭാവന ചെയ്തു. അവര്‍ അന്ന് ഭൂമി ദാനം ചെയ്തത് പാലക്കാട് മുനിസിപ്പാലിറ്റിയിലേക്കായിരുന്നു. 1865 ലെ നിയമം നമ്പര്‍ 10 നഗരവികസന പരിഷ്‌കരണ വിപുലീകരണ നിയമ പ്രകാരം 1866 നവംബര്‍ 1 ന് ആണ് പാലക്കാട് മുനിസിപ്പാലിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. അന്നു മുതല്‍ 1950 ജനുവരി 26 വരെ വളരെ നല്ല നിലയിലാണ് പാലക്കാട് നഗരസഭ പ്രവര്‍ത്തിച്ചുവന്നത്.

ജാതിമതഭേദമന്യേ
പ്രവര്‍ത്തിച്ച പൊതു ശ്മശാനം
മാട്ടുമന്ത ശ്മശാനത്തിന് ഭൂമി ദാനം ചെയ്തവര്‍ ഏതു ബ്രാഹ്മണകുടുംബമാണെന്ന് ഇന്ന് ആര്‍ക്കും പറയുവാനാവുന്നില്ല. നാട്ടുകാരുടെ വിവരണപ്രകാരം ശ്മശാനത്തിന് നൂറുവര്‍ഷത്തിലധികം പഴക്കമുണ്ട്. തൊണ്ണൂറു വയസ്സുള്ള വയോധികനോടു ചോദിച്ചാലും അദ്ദേഹം പറയും എന്റെ ചെറുപ്പത്തിലും അതിനുമുമ്പ് കാരണവൻമാരുടെ ചെറുപ്പകാലത്തും ഈ ശ്മശാനം ഉണ്ടായിരുന്നു. പക്ഷെ ആര്‍ക്കും ഈ ഭൂമി ആരാണ് എന്നാണ് വിട്ടുകൊടുത്തത് എന്ന് അറിവില്ല. പക്ഷെ ഇവരെല്ലാവരും ഒറ്റക്കെട്ടായി സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. മാട്ടുമന്ത ശ്മശാനം അതിന്റെ ഉത്ഭവകാലം മുതല്‍ ജാതിമതഭേദമന്യേ പാലക്കാട്ടിലെ ബഹുജനം ഉപയോഗിച്ചു വരുന്നു.
1890 മുതല്‍ അതായത് ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠക്കു ശേഷം രണ്ടാമത്തെ വര്‍ഷത്തില്‍ അദ്ദേഹം വിഭാവനം ചെയ്ത ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേനെ വാഴുന്ന മാതൃകാ സ്ഥാനമായി മഹാമാരിയുടെ ഉഗ്രതാണ്ഡവ വാഴ്ചക്കാലത്ത് നിയതിയുടെ നിതാന്ത നിയമം പോലെ പ്രകൃതിയാല്‍ സ്ഥാപിക്കപ്പെട്ട ഒരു സ്ഥാപനമാണ് കാട്ടുമന്ത പൊതു ശ്മശാനം. 1950 വരെ ക്ലേശങ്ങളോ ക്ലിഷ്ടതകളോ ഇല്ലാതെ ഈ പൊതു ശ്മശാനം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവന്നു.
പാലക്കാട്ടു നഗരസഭയിലും പത്ത്പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവിലും താമസിച്ചുവരുന്ന എല്ലാ ജാതിമതത്തില്‍ പെടുന്ന വിഭാഗക്കാരും അവരവരുടെ സമുദായ രീതിയില്‍ ചേര്‍ന്ന പ്രകാരം മരണാനന്തര ക്രിയകളോടെ സംപൂര്‍ണ്ണ സ്വതന്ത്രരായാണ് ഇവിടെ മൃതദേഹസംസ്‌കാരം നിര്‍വ്വഹിച്ചുവരുന്നത്. ഇതിനിടയില്‍ ഇവിടെ വന്ന ഒരു പരിഷ്‌കാരം ഒരു തുറന്ന നിര്‍മ്മിതി ഉണ്ടാകുക മാത്രമാണ്. മഴ പെയ്യുന്ന സമയത്ത് മൃതദേങ്ങള്‍ സംസ്‌കരിക്കുവാന്‍ വൈകിയാല്‍ കൊണ്ടുവന്നു വെയ്ക്കുവാനുള്ള സ്ഥലം. ഈ നിര്‍മ്മാണവും ബ്രാഹ്മണ ഗ്രാമങ്ങളില്‍ നിന്ന് പിരിവിട്ടെടുത്താണ് ആദ്യം നിര്‍മ്മിച്ചത്. ഇവിടെയൊന്നും ജാതിഭേദത്തിന്റെ ഒരു കണിക പോലും ആര്‍ക്കും കാണാനാവില്ല.
ഹൈന്ദവ സമുദായത്തില്‍പെട്ട ആളുകള്‍ക്കുമാത്രമല്ല, ക്രൈസ്തവ സമുദായത്തില്‍പെട്ടവര്‍ക്കും മൃതദേഹം മറവുചെയ്യുവാനുള്ള സ്ഥലം ഇവിടെ മറ്റു സമുദായങ്ങളെപോലെ പ്രത്യേകമായി ഉണ്ടായിരുന്നു.
1959 ല്‍ കേരളത്തിലെ ഭൂപ്രഭുക്കൻമാരുടെ കൈവശഭൂമിക്ക് നിയന്ത്രണങ്ങള്‍ വന്നപ്പോള്‍ ഗോവിന്ദരാജപുരം അഗ്രഹാരത്തിലെ വെങ്കിടസുബ്രഹ്മണ്യയ്യരുടെ മകന്‍ എം.വി. സുബ്രഹ്മണ്യയ്യരുടെ മിച്ചഭൂമിയായിരുന്നതും ശ്മശാനഭൂമിയോടു ചേര്‍ന്നു കിടന്നിരുന്നതുമായ മൂന്നേക്കര്‍ സ്ഥലവും കൂടി ശ്മശാനഭൂമിയോട് ചേര്‍ക്കപ്പെട്ടു.
ഈ ശ്മശാനത്തില്‍ എഴുത്തച്ഛന്‍ പറയുന്നതുപോലെ എല്ലാ പ്രകാരത്തിലുമുള്ള മരണാനന്തര ക്രിയകള്‍ ഇപ്പോഴും നടന്നുവരുന്നു. നായാടി മുതല്‍ നമ്പൂതിരിവരെയുള്ള എല്ലാ സമുദായക്കാര്‍ക്കും ഒരോ പ്രത്യേക വിഭാഗമായി തിരിച്ചിട്ടാണ് ശ്മശാന പ്രവര്‍ത്തം നടക്കുന്നത്. ഈ സമ്പ്രദായത്തില്‍ ആര്‍ക്കും പരാതിയും ആക്ഷേപവും ഇതുവരെയായിട്ടും ഉണ്ടായിട്ടില്ല. അതൊരിക്കലും ഉണ്ടാകുവാന്‍ സാധിക്കുകയുമില്ല. 1960 വരെ ഈ രീതിയിലാണ് ഈ ശ്മശാനം പ്രവര്‍ത്തിച്ചുവന്നത്. എന്നാല്‍ 1960 നു ശേഷം ശ്മശാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ജാതീയത പതുക്കെ പതുക്കെ കയറിവരുവാന്‍ ആരംഭിച്ചു.
വളരെ വിസ്തൃതമാണ് ഈ ശ്മശാനം. ഈ ശ്മശാനത്തിന്റെ ഉള്ളിലേക്ക് നമ്മള്‍ പ്രവേശിച്ചാല്‍ ഇതൊരു ശ്മശാനമാണെന്നു നമുക്കൊരിക്കലും അനുഭവപ്പെടില്ല. ഒരു പ്രശാന്തസുന്ദരമായ കൊടുംകാട്ടില്‍ ചെന്നു കേറിയ അനുഭവമാണുണ്ടാവുക. ഒരു വലിയ കാടിന്റെ പ്രതീതി. ശ്മശാനത്തില്‍ ആദ്യകാലത്ത് ഇത്രയൊന്നും വൃക്ഷങ്ങള്‍ ഉണ്ടായിരുന്നില്ല. മാട്ടുമന്ത കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പുനര്‍ജനി എന്ന സന്നദ്ധസംഘടനയാണ് മാട്ടുമന്ത ശ്മാനത്തില്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ച് മനോഹരമാക്കിയത്. ഇത്രയും വിസ്തൃതവും വന്യമനോഹരവുമായ വേറൊരു ശ്മശാനം വേറെ ഒരിടത്തെങ്കിലും ഉണ്ടോ എന്നറിയില്ല. എന്നാലും ഈ പൊതു ശ്മശാനം അര്‍ഹിക്കുന്ന രീതിയില്‍ സംരക്ഷിക്കപ്പെടുകയോ പരിപാലിക്കുകയോ ചെയ്യുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. നൂറു വര്‍ഷത്തിലധികമായി നിലനിന്നു പുലര്‍ന്നു വരുന്ന സോദരത്വേനെയുള്ള സംസ്‌കാരത്തിനു പോലും പോറലേല്‍പ്പിക്കുന്ന രീതികളാണ് പിന്നീടു സംഭവിക്കുന്നത്.
ശ്മശാനത്തിലും കയ്യേറ്റം
1990 കളില്‍ ശ്മശാന ഭൂമി ഭൂമാഫിയ കയ്യേറുകയും ശ്മശാനഭൂമിയില്‍ നിന്ന് മണ്ണെടുത്തുകൊണ്ടുപോകുവാന്‍ ആരംഭിക്കുകയും ചെയ്തു. അപ്പോള്‍ മാട്ടു മന്തയിലെ പൊതുജനം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. എല്‍.കെ. നീലകണ്ഠന്‍, കെ.എസ്. നാഥന്‍, എല്‍.വി. രാമചന്ദ്രന്‍, എസ്.കെ. ലക്ഷ്മിനാരായണന്‍ എന്നിവരുടെ നേതൃത്വത്തിലും സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടേയും പിന്തുണയോടെയും മാട്ടു മന്ത പൊതുശ്മശാന സംരക്ഷണ സമിതി രൂപീകരിക്കപ്പെട്ടു. സമരങ്ങള്‍ സംഘടിപ്പിക്കുകയും അതിന്റെ ഫലമായി ശ്മശാനത്തിനുചുറ്റും മതില്‍ കെട്ടി തെക്കേപ്പുറത്തും വടക്കേപ്പുറത്തും ഓരോ ഗെയ്റ്റുകള്‍ സ്ഥാപിച്ച് സംരക്ഷിക്കുകയും ചെയ്തു.
ഏതാണ്ട് ഇതേ സമയത്തുതന്നെ കേരള സര്‍ക്കാര്‍ പൊതുശ്മശാന ഭൂമിയില്‍ നിന്ന് മൂന്ന് ഏക്കറോളം ഭൂമി അളന്നെടുത്ത് സര്‍ക്കാരുദ്യോഗസ്ഥൻമാര്‍ക്കു കുഞ്ഞുകുട്ടി പാരാധീനങ്ങളോടെ പാര്‍ക്കാന്‍ ക്വാര്‍ട്ടേഴ്‌സുകള്‍ സ്ഥാപിച്ചു വിതരണം ചെയ്തു. ഈ ശ്മശാന ഗൃഹത്തില്‍ അവരിപ്പോഴും പുത്രകളത്രങ്ങളോടെ ജീവിക്കുന്നുണ്ട്. ഈ നടപടി അത്ര ഉചിതമാണെന്നു സാമാന്യ ബോധത്തില്‍ ജീവിക്കുന്ന ആര്‍ക്കും തന്നെ പറയുവാന്‍ കഴിയുമെന്നു തോന്നുന്നില്ല. കോളാമ്പിക്കു തൂക്കിവെച്ച ഓടെടുത്ത് മൂത്തമകള്‍ക്കു പായസം വെയ്ക്കാന്‍ ഉരുളി വാര്‍ത്തുകൊടുക്കുന്ന പിതാവിന്റെ പോലത്തെ ഒരു രീതിയാണിതെന്നു വേണം പറയാന്‍.

ജാതിക്കോയ്മ
1890 ല്‍ മാട്ടുമന്ത പൊതുശ്മശാനം സ്ഥാപിച്ചതുമുതല്‍ 2025 ജൂലായ് മാസം വരെ സത്യം പറയുകയാണെങ്കില്‍ 1888 ല്‍ അരുവിപ്പുറത്ത് ഗുരു പ്രഖ്യാപിച്ച രീതിയില്‍ ‘സര്‍വ്വരും സോദരത്വേനെ വാഴുന്ന’ ഒരു മാതൃകാ സ്ഥാപനമായിരുന്നു മാട്ടുമന്ത പൊതു ശ്മശാനം എന്ന ഒരു രീതി തത്വത്തിലെങ്കിലും പാലിച്ചുവന്നിരുന്നു. എന്നാല്‍ 2025 ല്‍ ഒരു സാമുദായിക സംഘടന ഈ പൊതു ശ്മശാനത്തില്‍ മൂന്നാമതൊരു ഷെഡ് പണിയുവാന്‍ അനുമതി തേടി. ഇവിടെ ഇതിനു മുമ്പ് രണ്ട് നിര്‍മ്മിതികള്‍ നിര്‍മ്മിച്ചിരുന്നു. കാലാവസ്ഥ പ്രതികൂലമാകുന്ന സമയത്ത് മൃതദേഹം വീടുകളില്‍നിന്നും കൊണ്ടുവന്ന് സംസ്‌കരിക്കുന്നതിനു മുമ്പ് കിടത്തുവാനുള്ള ഒരു സ്ഥലമായിട്ടാണ് ആ രണ്ടു നിര്‍മ്മിതികളും സ്ഥാപിച്ചിരുന്നത്. ആദ്യത്തേത് ശ്മശാന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബ്രാഹ്മണ ഗ്രാമങ്ങളില്‍നിന്നും സംഭാവന വാങ്ങിയിട്ടാണ് നിര്‍മ്മിച്ചത്. രണ്ടാമത്തേതിന്റെ നിര്‍മ്മാണത്തിനുവേണ്ടി സിംഹഭാഗവും സംഭാവനകള്‍ നല്‍കിയത് മേനോന്‍ സമുദായത്തില്‍പെട്ടവരായിരുന്നു എന്നാണ് അറിയുന്നത്. ഈ രണ്ടു നിര്‍മ്മിതികളും 1980 നു ശേഷമാണ് നിര്‍മ്മിച്ചത്. ഈ ഷെഡുകളെല്ലാം എല്ലാ സമുദായത്തില്‍പെട്ടവരും അവരുടെ ആവശ്യാര്‍ത്ഥം യാതൊരു തടസ്സവും അടച്ചുപൂട്ടലുമില്ലാതെ ഒഴിച്ചുനിര്‍ത്തലുകള്‍ ഒന്നുമില്ലാതെ ഉപയോഗിച്ചുവന്നു. ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അതിനു ചുറ്റിലും യാതൊരു മതിലുകളോ തടസ്സങ്ങളോ നിര്‍മ്മിച്ചിരുന്നില്ല.
ജാതീയ അധിനിവേശങ്ങള്‍
1960 കളില്‍ മാട്ടുമന്ത പൊതു ശ്മശാനത്തിന്റെ സര്‍വ്വരും സോദരത്വേനെയെന്നുള്ള പദവി പതുക്കെ നഷ്ടപ്പെടുവാന്‍ തുടങ്ങി. ഗുരു തുടങ്ങി വെച്ച ജാതി നശീകരണ പ്രസ്ഥാനം കേരളത്തിലെ ചില പുരോഗമനവാദികളുടെ പ്രവര്‍ത്തനഫലമായി ജാതി പ്രീണനത്തിലേക്കും സമുദായ വാഴ്ചകളിലേക്കും നയിച്ച ഒരു കാലമായിരുന്നല്ലോ അത്. അതിന്റെ ഫലമായി ആദ്യം നഷ്ടപ്പെട്ടു പോയത് മാട്ടുമന്തയിലെ ക്രിസ്തീയ വിശ്വാസികളുടെ ശ്മശാനമായിരുന്നു. ക്രിസ്ത്യാനികളുടെ മൃതദേഹം മറവുചെയ്തിരുന്ന ശ്മശാനത്തിന്റെ ആ ഭാഗം ഇപ്പോള്‍ വീടുകളാലും മറ്റു വിവിധ തരം കെട്ടിടങ്ങളാലും നിറഞ്ഞ് അവിടെ ഒരു പുതിയ ടൗണ്‍ഷിപ്പ് ഉയര്‍ന്നു വന്നിരിക്കുന്നു. ശ്മശാനത്തിന്റെ ഈ ഭാഗം അന്യാധീനപ്പെട്ടതില്‍ ആര്‍ക്കും പരാതിയും ആക്ഷേപവും ഇതുവരെ ഉണ്ടായിട്ടില്ല. പൊതു ശ്മശാനത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി അന്യാധീനപ്പെട്ടപ്പോള്‍ ഒരു സംഘടനയും ഒരു സമരവുമായി പ്രത്യക്ഷപ്പെട്ടില്ല. പൊതുവിടങ്ങളില്‍ ചെറിയ ഒരു വിടവു കണ്ടാല്‍ അവിടെ കുരിശും കുരിശുപള്ളിയും സ്ഥാപിക്കുന്ന ആ സമൂഹത്തിനും ശ്മശാനത്തിന്റെ സ്വന്തം ഭാഗം നഷ്ടപ്പെട്ടതില്‍ യാതൊരു പരാതിയോ ആക്ഷേപമോ ഇതുവരേയ്ക്കും ഉണ്ടായിട്ടില്ല എന്നത് വളരെ ആശ്ചര്യകരമായ കാര്യമാണ്.
ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ തന്നെ തീയ്യ, ഈഴവ ,ദളിത വിഭാഗങ്ങളും മാട്ടുമന്ത പൊതുശ്മശാനം ഉപയോഗിക്കുന്നതില്‍ വിമുഖത കാണിച്ചു തുടങ്ങി. കാരണം ചില പ്രത്യേക വിഭാഗങ്ങളുടെ സമീപനത്തില്‍ വന്നു ചേര്‍ന്ന മാറ്റമായിട്ടാണ് അവര്‍ ഇക്കാര്യത്തെ മനസ്സിലാക്കുന്നത്. ഏതായാലും കേരളത്തിലെ പുരോഗമനവാദികളുടെ ഛിദ്രം സംഭവിച്ച ആദ്യ ഭരണത്തിനു ശേഷമാണ് മാട്ടുമന്തയിലെ ജാതീയ ഇടപെടലുകള്‍ ആരംഭിക്കുന്നതെന്നു കാണുവാന്‍ കഴിയും. അന്നുമുതലാണ് ഈഴവ,ദളിത് ,പിന്നോക്ക വിഭാഗങ്ങള്‍ പൊതു ശ്മശാനത്തില്‍ നിന്നും സ്വയം ഒഴിഞ്ഞു പോകാന്‍ തുടങ്ങിയത്. അപ്രകാരം 1970 കളില്‍ മാട്ടുമന്ത പൊതു ശ്മശാനം ബ്രാഹ്മണ, നായര്‍ സമൂഹങ്ങളുടെ ശ്മാശനമെന്ന രീതിയിലേക്കു പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചു. ഇവിടെ നിന്നും കൂടുതലായി പിന്‍മാറിയത് ഈഴവ, തീയ്യ സമൂഹങ്ങളായിരുന്നു. ദളിതു സമൂഹം മേല്‍ജാതിക്കാരുടെ ജാതീയ ഉപദ്രവങ്ങള്‍ സഹിച്ച് ഇപ്പോഴും ഇവിടെ അത്യാവശ്യങ്ങള്‍ നടത്തി വരുന്നു. കേരളത്തില്‍ ലോകം മുഴുവന്‍ കൊട്ടിഘോഷിക്കപ്പെട്ട പുരോഗമനവാദികളുടെ ഛിദ്രിത ഭരണങ്ങളും മാറിമാറിയുള്ള മുന്നണി ഭരണങ്ങളും നടന്ന സമയത്താണ് ബ്രിട്ടീഷ് കാലഘട്ടത്തില്‍ ജാതിമതഭേദമെന്യെ പൊതുവായി സ്ഥാപിക്കപ്പെട്ടതും സ്വാതന്ത്ര്യലബ്ധിവരെ യാതൊരു കളങ്കവും കൂടാതെ പ്രവര്‍ത്തിച്ചുവന്നതുമായ ഒരു പൊതുശ്മശാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഹാനികരമായ ക്ലിഷ്ടതകള്‍ സംഭവിച്ചത് എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.
നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ
നിര്‍ലജ്ജമായ ഇടപെടല്‍
ഇപ്രകാരം ഒരു പരിതസ്ഥിതിയിലാണ് പാലക്കാട് ജില്ലയിലെ എന്‍എസ്എസ് വലിയപാടം യൂണിറ്റ് നഗ്നമായ ജാതീയ ഇടപെടലുമായി രംഗത്തു വന്നത്. കുറെശ്ശെകുറെശ്ശെയായി പിന്നോക്ക ദളിത് വിഭാഗങ്ങള്‍ ശ്മശാനം ഉപയോഗിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു പോകുന്നതു മനസ്സിലാക്കിയായിരുന്നു ഈ നീക്കമെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇതിനു വേണ്ടി ഇവര്‍ മുമ്പ് ശ്മശാനത്തില്‍ ജാതി നിരപേക്ഷമായി ഷെഡ് നിര്‍മ്മിക്കുന്നതിനുവേണ്ടി 2023 ല്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. പൊതുവായ ഒരിടം എന്ന രീതിയില്‍ അപേക്ഷ കൊടുത്ത് 2023 ല്‍ തന്നെ അനുമതിയും വാങ്ങിക്കുന്നു. അതിനു ശേഷം ഷെഡ് നിര്‍മ്മാണത്തിന് യാതൊരു വിധ നടപടികളും സ്വീകരിക്കാതെ 2025 മെയ് മാസം വരെ നീട്ടിക്കൊണ്ടുപോകുന്നു. 2025 മെയ് മാസത്തില്‍ തിരക്കുകൂട്ടി കുഴല്‍ കിണറും ഷെഡ് നിര്‍മ്മാണവും പൂര്‍ത്തീകരിച്ചശേഷം കെട്ടിടത്തിനു സംരക്ഷണമെന്ന വ്യാജേനെ ചുറ്റുമതില്‍ പണികഴിപ്പിച്ച് ഗെയ്റ്റ് വെച്ച് താക്കോല്‍ എന്‍എസ്എസ് വലിയപാടം കരയോഗം സെക്രട്ടറി കൈവശം വെയ്ക്കുവാന്‍ തീരുമാനിക്കുന്നു. കാര്യങ്ങള്‍ ഇത്രത്തോളം എത്തിയപ്പോഴാണ് പൊതുജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാവുന്നത്. നഗരസഭ ഭരണകര്‍ത്താക്കള്‍ക്ക് അബദ്ധവും മനസ്സിലാവുന്നത്. ഉടനെ തന്നെ സമരങ്ങളും ആക്ഷേപങ്ങളും ഉത്ഭവിച്ചതോടെ സംരക്ഷണ മതില്‍, സംരക്ഷണം സ്വയം ഏറ്റവര്‍ തന്നെ പൊളിച്ചു മാറ്റുകയും ചെയ്തു.
എൻ.എസ്.എസിന് പാലക്കാട് നഗരത്തില്‍ സ്വന്തമായി ശ്മശാനം വേണമെങ്കില്‍ അത് സ്വജാതിക്കാരിൽ നിന്ന് പിരിവെടുത്തിട്ടോ അതിന് സാമ്പത്തികമായി കെല്പില്ലെങ്കില്‍ സാമ്പത്തികമായി കെല്പുള്ളവരെ, അതായത്, സഹായിക്കുവാന്‍ താല്‍പര്യവും സാമ്പത്തിക ഭദ്രതയുള്ള ഇതര സമുദായങ്ങളില്‍നിന്ന് സംഭാവന സ്വീകരിച്ചോ ആണ് നടപ്പിലാക്കേണ്ടത്. അല്ലാതെ പൊതു സ്ഥലങ്ങളിലേക്ക് പിന്‍വാതിലിലൂടെ ചതുരുപായങ്ങള്‍ ഉപയോഗിച്ച് കടന്നു കയറി മുന്‍വാതില്‍ സ്വന്തമാക്കുന്ന ഇപ്രകാരമുള്ള രീതികളല്ല അഭികാമ്യം. വരാന്‍ പോകുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തന്നെ ലാക്കാക്കി ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് അത്യന്തം അപലപനീയമാണ്. ഒരു സമുദായ സംഘടന എന്ന രീതിയില്‍ ഇത്തരം കീഴ്‌വഴക്കങ്ങള്‍ ഉണ്ടാക്കുന്നത് സ്വജനങ്ങളുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേല്‍പ്പിക്കുന്നതെന്ന് എന്‍എസ്എസ്സിന്റെ ഭാരവാഹികള്‍ മനസ്സിലാക്കുന്നത് വളരെ നല്ലതായിരിക്കും
ഒപ്പം നില്‍ക്കുന്നുവെന്ന നാട്യത്തില്‍ കൂട്ടത്തില്‍ ഇരുന്നുകൊണ്ട് കൊഞ്ഞനംകാട്ടി കുലംകുത്തി സ്വഭാവം കാണിക്കുന്നത് ഒരിക്കലും നന്നല്ലെന്ന് ഇവര്‍ സ്വയം തീരുമാനിച്ചാല്‍ പല ശരിയാക്കലുകളെയും അടിച്ചമര്‍ത്തലുകളെയും തോല്‍പ്പിക്കലുകളെയും പ്രതിരോധിച്ചുകൊണ്ട് നല്ല വിജയങ്ങളോടെ മുന്നോട്ടു പോകുവാന്‍ കഴിയും. അതിനാല്‍ ഒരുകാര്യം എല്ലാവരും ഓര്‍മ്മിക്കുക:-
”ഗബ്ഭമെകെ ഉപ്പജ്ജന്തി
നിരയം പാപകമ്മിനൊ
സഗ്ഗം സുഗതിനൊ യന്തി
പരിനിബ്ബന്തി അനാസവാ”.
ഉത്ഭവിക്കുന്നു
ഗര്‍ഭത്തിലോരോരും;
പോകുന്നു പാപകര്‍മ്മികള്‍
നരകത്തില്‍;
സുഗതികള്‍ സ്വര്‍ഗ്ഗത്തിലും;
പരിനിര്‍ഭവിക്കുന്നു
ആസക്തിയറ്റവര്‍.






