കല്ലമ്പലം

അവതാരനടയടഞ്ഞില്ല
അന്തിവിണ്‍ചോപ്പഴിഞ്ഞില്ല
മിന്നാമിനുങ്ങിന്‍ പ്രതിഷ്ഠ
അമ്പലമാണോരോകല്ലും.

കല്‍ത്താമരമൊട്ടുറങ്ങും
കാല്‍ച്ചിലമ്പില്‍മൗനഗന്ധം
നിദ്രയില്‍ഘോരതപസ്
മിന്നല്‍കടിഞ്ഞാണ്‍ പ്രഹരം.

അരുവികടഞ്ഞശിലയില്‍
ഗംഗേശചൈതന്യനേത്രം
ശിവരാത്രിനെറുകയില്‍ ചൂടി
ഗുരുപൂര്‍ണിമപ്പൂവിതളും!

കാലസീല്‍ക്കാരത്തിന്‍ ചുറ്റ്
പുലരൊളിചേരുമരളി
നാവില്ലാമണിമുഴക്കങ്ങള്‍
കല്ലമ്പലം ചമല്‍ക്കാരം.

കല്ലമ്പലം ചുറ്റിയെത്തും
കാറ്റെന്നും ദേശാടനത്തില്‍
കല്ലമ്പലം ഗര്‍ഭഗേഹം
ശില്പിവരവേല്‍ക്കും സൃഷ്ടി.

കല്ല് പൂക്കും സൂര്യകാന്തി
ഉള്ളുലയ്ക്കും നിശാഗന്ധി
സ്‌നേഹകിരണം തൊടുമ്പോള്‍
കല്ലുമലിയും കരിമ്പ്.

Author

214 Views
Scroll to top
Close
Browse Categories