മോതിരക്കൈ

ചിതയില്‍ വയ്ക്കാനൊരു
മോതിരക്കൈ മാത്രം
ചിതയില്‍ വയ്ക്കാനൊരു
ശലഭത്തിന്‍ ടാറ്റു ചെയ്ത കാല്‍ മാത്രം
ചിതയില്‍ വയ്ക്കാനുടലറ്റ
ജീവിതഭാരം കയറ്റികുനിഞ്ഞൊരു
ശിരസ്സു മാത്രം
ചിതയില്‍ വയ്ക്കാന്‍ പേരില്ലാത്ത
ശിരസ്സറ്റൊരു ഉടല്‍ മാത്രം
ചിതയില്‍ വയ്ക്കാന്‍ പുതുജന്മത്തിന്‍
കൊടുങ്കാറ്റുകളുയിര്‍കൊണ്ട
അരക്കെട്ടുമാത്രം
ചിതയില്‍ വയ്ക്കാന്‍ ഭൂമിയെ
ചുംബിച്ചുചുംബിച്ചുണര്‍ത്തിയ
ഒരു പാദം മാത്രം
ചിതയില്‍ വയ്ക്കാന്‍ തൊട്ടിലില്‍
വിരലുണ്ടുറങ്ങിയ പിഞ്ചുകുഞ്ഞിന്‍
കൈയില്‍ നിന്ന് തെറിച്ചുവീണ
ഒരു പാവക്കുട്ടി മാത്രം
ചിതയില്‍ വയ്ക്കാന്‍
ആരുമില്ലാത്തവരുടെ കണ്ണീര്‍ മാത്രം
ചിതയില്‍ വയ്ക്കാന്‍
ഒരു നാടിന്റെ ദുഃഖം മാത്രം
ചിതയില്‍ വയ്ക്കാന്‍
ഒരു നാടിന്റെ ഹൃദയം മാത്രം
ഒരു ചിതയിലുമെരിയാതെ
തളംകെട്ടി നില്‍ക്കും മഹാദുഃഖത്തെ
ദഹിപ്പിക്കാനാകാതെ കേഴുന്നു
മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിവട്ടം.
9778052742

Author

126 Views
Scroll to top
Close
Browse Categories