ഭയമില്ലാത്തവന്റെ ആത്മവിശ്വാസം

സര്‍ക്കാര്‍ ജോലിയില്‍ നിന്ന് സ്വയം വിരമിച്ചത് ഒളിച്ചോട്ടമോ അമര്‍ഷമോ, ശത്രുതയോ അല്ല. ‘കക്കുകളി’, ‘മാസ്റ്റര്‍പീസ്’ വിവാദങ്ങളെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച എഴുത്തുകാരന്‍ ഫ്രാന്‍സീസ് നൊറോണ പറയുന്നു

”ഉപജീവനമാണോ, അതിജീവനമാണോ തുടരുക എന്നൊരു ഘട്ടം വന്നപ്പോള്‍ അതിജീവനമാണ് നല്ലതെന്ന് തീരുമാനിച്ചു. ”സര്‍ക്കാര്‍ ജോലിയില്‍ നിന്ന് സ്വയം വിരമിച്ച് നൊറോണ യുടെ വാക്കുകള്‍.

‘മാസ്റ്റര്‍പീസ്’ എന്ന നോവലിനെതിരെ ഹൈക്കോടതിയില്‍ പരാതി വന്നതിന്റെ പശ്ചാത്തലത്തിലാണ് വിരമിക്കാന്‍ മൂന്നുവര്‍ഷം ബാക്കി നില്‍ക്കെ ആലപ്പുഴ കുടുംബകോടതിയിലെ സീനിയര്‍ ക്ലര്‍ക്കായിരുന്ന ഫ്രാന്‍സീസ് നൊറോണ ജോലി വലിച്ചെറിഞ്ഞ് ‘അതിജീവന’ത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചത്.
”മാസ്റ്റര്‍പീസും’ ‘കക്കുകളി’ എന്ന നാടകവും ആസ്വാദകര്‍ ഏറ്റെടുത്തപ്പോഴാണ് ചിലര്‍ക്ക് മുറിവേറ്റത്. ‘സര്‍വീസ് നിയമമനുസരിച്ച് മുന്‍കൂട്ടി അനുമതി വാങ്ങാതെ എഴുതിയത് വീഴ്ചയാണെങ്കിലും അപരാധമല്ല. പുതിയ നോവലായ ‘മുടിയറ’കള്‍ പൂര്‍ത്തിയായി. കൂടുതല്‍ രചനകളും ഉടനെയുണ്ടാകും”

കക്കുകളി
‘ആലപ്പുയുടെ തീരദേശത്ത് പാവപ്പെട്ട ക്രിസ്ത്യന്‍ കുടുംബത്തിലാണ് നൊറോണ ജനിച്ചുവളര്‍ന്നത്. പള്ളിയും മഠവുമെല്ലാം എന്നും മനസ്സില്‍ തങ്ങി നിന്നു. 2017ലാണ് ‘കക്കുകളി’ എഴുതുന്നത്. ദരിദ്ര കുടുംബത്തിലെ നതാലി എന്ന പെണ്‍കുട്ടി പിതാവിന്റെ മരണശേഷം മേയ് ഫ്ളവര്‍ എന്ന പേരില്‍ കന്യാസ്ത്രീയാകാന്‍ നിര്‍ബന്ധിതയാകുന്നതും മഠത്തിലെ പീഡനങ്ങളില്‍ മനംനൊന്ത് മടങ്ങുന്നതുമാണ് കഥ.
ജോബ് മഠത്തിലിന്റെ സംവിധാനത്തില്‍ കക്കുകളി വേദിയിലെത്തി. ഇതിനിടെ സംഗീതനാടക അക്കാദമി തിരക്കഥ ചോദിച്ചു വാങ്ങിക്കുകയും അംഗീകാരം നല്‍കുകയും ചെയ്തു

വിവാദങ്ങളുടെ വരവ്
കോഴിക്കോട്ട് സ്‌കൂള്‍ കലോത്സവത്തില്‍ ‘കക്കുകളി’ ഒന്നാംസ്ഥാനം നേടിയതോടെ എതിര്‍പ്പുകള്‍ ശക്തമായി. തൃശൂരില്‍ നാടകം അവതരിപ്പിച്ചപ്പോള്‍ കെ.സി.വൈ.എം. പ്രവര്‍ത്തകര്‍ രംഗത്തെത്തി. തലശേരി, മാനന്തവാടി രൂപതകളിലും എതിര്‍പ്പുയര്‍ന്നു. 15 വേദികളില്‍ ‘കക്കുകളി’ അവതരിപ്പിച്ചു. ‘മാസ്റ്റര്‍പീസ്’ എഴുതിയ ശേഷമാണ് ആദ്യം എഴുതിയ ‘കക്കുകളിയോട്’ എതിര്‍പ്പ് ശക്തമായത്.

ഫ്രാന്‍സിസ് നൊറോണ

ജീവിത യാഥാര്‍ത്ഥ്യങ്ങള്‍
‘വീടുകളില്‍ മുതല്‍ തൊഴിലിടങ്ങളില്‍ വരെ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നു.’ -നൊറോണ പറയുന്നു. ജോലി നഷ്ടമാകുമെന്ന് ഭയന്ന് പീഡനം സഹിക്കുന്ന സ്ത്രീകള്‍ ഏറെയാണ്.
‘കത്തോലിക്ക സഭയില്‍ വൈദികര്‍ വരേണ്യവര്‍ഗമാണെങ്കില്‍ കന്യാസ്ത്രീകള്‍ താഴെക്കിടയിലാണ്’ സഭയുടെ കീഴിലുള്ള മഠങ്ങളില്‍ ‘അനുസരണ, ദാരിദ്ര്യം, ബ്രഹ്മചര്യം എന്ന അടിസ്ഥാനപ്രമാണമനുസരിച്ച് തിരുവസ്ത്രമണിയുന്ന പലര്‍ക്കും പ്രതീക്ഷിച്ച ആത്മീയ ജീവിതമാകില്ല ലഭിക്കുക’ – നൊറോണയ്ക്ക് ഇക്കാര്യങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ട്. ”ഏതു വ്യവസ്ഥിതിയായാലും പുഴുക്കുത്തുകളെ ചോദ്യം ചെയ്യുന്ന മനുഷ്യപക്ഷത്ത് നില്‍ക്കാനാണ് താല്പര്യം.
കഥാസമാഹാരമായ ‘തൊട്ടപ്പന്’ 2018ല്‍ പ്രഥമ ചെമ്പില്‍ ജോണ്‍ പുരസ്‌കാരവും (2018) ടി.വി. കൊച്ചുബാവ പുരസ്‌കാരവും (2019) ലഭിച്ചിട്ടുണ്ട്.
ഭാര്യ: മേരി ദൗരേവ്, മകള്‍: വര്‍ഷ

എഴുത്തില്ലെങ്കില്‍
എനിക്ക് ഭ്രാന്തു പിടിക്കും

ഫ്രാന്‍സിസ് നൊറോണയുടെ കുറിപ്പ്

പ്രിയരെ,
ഇന്നലെ (31.3.2023) ഞാന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.
പ്രീമെച്വര്‍ ആയിട്ടാണ് സര്‍വ്വീസ് അവസാനിപ്പിച്ചത്.
ഞാന്‍ വളരയെധികം ആലോചിച്ചെടുത്ത തീരുമാനമാണിത്. അതില്‍ തന്നെ ഉറച്ചു നില്‍ക്കേണ്ടതിനാലാണ് രണ്ടുമൂന്നു സുഹൃത്തുക്കളോടല്ലാതെ മറ്റാരോടും പറയാതിരുന്നത്.
മാസ്റ്റര്‍പീസ് എന്ന നോവലിനെതിരെ നല്‍കിയ പരാതിയുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഞാന്‍ ഈ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.. ഒരു Rectification നല്‍കിയിട്ട് ജോലിയില്‍ തുടരാനാണ് മേലധികാരികള്‍ പറഞ്ഞത്. കക്കുകളി വിവാദമായിരിക്കെ ഇനിയങ്ങോട്ടുള്ള ഔദ്യോഗിക ജീവിതവും എഴുത്തും അത്ര എളുപ്പമല്ലെന്ന് നിങ്ങള്‍ക്കും അറിയാമല്ലോ. ഉപജീവനമാണോ അതിജീവനമാണോ തുടരുക എന്നൊരു ഘട്ടം വന്നപ്പോള്‍ അതിജീവനമാണ് നല്ലതെന്ന് തീരുമാനിച്ചു… എഴുത്തില്ലെങ്കില്‍ എനിക്ക് ഭ്രാന്തു പിടിക്കും. ജോലി പോകുന്നത് ബുദ്ധിമുട്ടാണ്. വളരെ ശാന്തമായി ഞാനിതെല്ലാം പറയുന്നെങ്കിലും അങ്ങനെയൊരു തീരുമാനത്തില്‍ എത്താന്‍ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. ആരാണ് പരാതി കൊടുത്തത് എന്നതിനേക്കാള്‍ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചായിരുന്നു ആശങ്ക. .. മാസ്റ്റര്‍പീസ് അറംപറ്റിയ നോവലാണെന്ന് എനിക്ക് തോന്നി. ജോലി ഉപേക്ഷിച്ച് എഴുത്തിലേക്ക് വരുന്ന ഒരു എഴുത്തുകാരന്റെ ദുരിതം പിടിച്ച ജീവിതമാണ് ഞാനതില്‍ പറയുന്നത്. എനിക്കും അതുപോലെ സംഭവിച്ചിരിക്കുന്നു. എന്റെ കഥാപാത്രം അനുഭവിച്ച കൊടിയ വേദനയിലേക്കും ഏകാന്തതയിലേക്കും ഞാനും അകപ്പെടുന്നതു പോലെ.
എഴുത്തിനുള്ളിലെ എഴുത്തിനെക്കുറിച്ച് എഴുത്തായിരുന്നു മാസ്റ്റര്‍പീസ്. അതു വായിച്ചിട്ട് ആര്‍ക്കാവും മുറിവേറ്റത്… എന്തിനാവും അവരത് ചെയ്തത്… എന്റെ ഉറക്കം പോയി. ഞാനൊരാവര്‍ത്തി കൂടി മാസ്റ്റര്‍പീസ് വായിക്കാനെടുത്തു.
ഏറ്റവും അടുത്ത ഒന്നു രണ്ടു സഹൃത്തുക്കളോട് വിവരം പറഞ്ഞു…. ചില വ്യക്തികളിലേക്ക് അവരുടെ സംശയം നീളുന്നത് കണ്ടതോടെ ഞാന്‍ തകര്‍ന്നു. കേട്ട പേരുകളെല്ലാം ഞാന്‍ ബഹുമാനത്തോടെ മനസ്സില്‍ കൊണ്ടുനടന്നവര്‍.
രാത്രി ഉറങ്ങാനായില്ല.. അവ്യക്തമുഖവുമായി ഒരു ശത്രു ഇരുട്ടത്ത്.. അവരെന്റെ അന്നം മുടക്കി.. അടുത്ത നീക്കം എന്താണെന്നറിയില്ല. ഇതിന്റെയെല്ലാം തുടര്‍ച്ച പോലെ എന്റെ കക്കുകളി വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഞാന്‍ ടാര്‍ജെറ്റ് ചെയ്യപ്പെടുന്ന പോലെ..അറവു തടിക്കു മേലെ പുസ്തകങ്ങള്‍ നിരത്തിയുള്ള കവര്‍ ചിത്രവുമായി മാസ്റ്റര്‍പീസ് എന്റെ മേശപ്പുറത്ത് കിടക്കുന്നു. കുഞ്ഞുകുഞ്ഞു തമാശകളിലൂടെ ഞാന്‍ പരാമര്‍ശിച്ച കുറേ മുഖങ്ങള്‍ എന്റെ മനസ്സില്‍ തെളിഞ്ഞു. എനിക്കെതിരെ പരാതി കൊടുക്കാന്‍ മാത്രം മുറിവ് ഞാന്‍ ഈ പുസ്തകത്തിലൂടെ അവര്‍ക്ക് ഉണ്ടാക്കിയോ…
തനിച്ചിരുന്ന് ഈ പ്രതിസന്ധിയെ മാനസികമായി മറികടക്കാനുള്ള കരുത്തു പതുക്കെ നേടിക്കൊണ്ടിരുന്നു. എന്റെ മേലധികാരികള്‍ ഉള്‍പ്പെടെ പ്രിയപ്പെട്ട പലരും എന്നെ ഇതില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
ഞാന്‍ എഴുതുന്നതെല്ലാം ചിലര്‍ക്ക് പൊള്ളുന്നുണ്ട്. .. എന്റെ എഴുത്തിനെ എങ്ങനെ തടയണമെന്നായിരുന്നു പരാതി കൊടുത്തവരുടെ ലക്ഷ്യം. ഔദ്യോഗിക ജീവിതത്തിന്റെ പരിമിതിയില്‍ ഞാന്‍ ഒതുങ്ങുമെന്ന് അവര്‍ കരുതിയിട്ടുണ്ടാവും… എനിക്ക് പരാതി കൊടുത്തവരുടെ മുന്നില്‍ തോല്‍ക്കാന്‍ വയ്യ… സര്‍ക്കാര്‍ സേവനത്തില്‍ നിന്നും ഞാന്‍ പ്രീമെച്വര്‍ ആയി ഇന്നലെ വിരമിച്ചു. ഇതിനായുള്ള പ്രോസീജിയറുകളെല്ലാം വേഗം ചെയ്തു തന്ന എന്റെ മേലധികാരികളോട് ആദരവ്… എനിക്ക് ആത്മബലം തന്ന പ്രിയസുഹൃത്തുക്കള്‍ക്ക്, കുടുംബാംഗങ്ങള്‍ക്ക്, വായനക്കാര്‍ക്ക്.. എല്ലാവര്‍ക്കും എന്റെ സ്‌നേഹം.മാസ്റ്റര്‍പീസിന്റെ താളുകള്‍ക്കിടയില്‍ എവിടെയോ എന്റെ അജ്ഞാത ശത്രു. വിരുന്നൊരുക്കി വീണ്ടും എന്റെ എഴുത്തുമേശ… ഞാനെന്റെ പേന എടുക്കട്ടെ.
സ്‌നേഹത്തോടെ
നൊറോണ.

Author

Scroll to top
Close
Browse Categories