പിറന്നാള്‍ ദിനത്തില്‍ ആശംസാപ്രവാഹം
ചേര്‍ത്തല: 86-ാം പിറന്നാള്‍ ദിനത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആശംസാപ്രവാഹം. കണിച്ചുകുളങ്ങരയിലെ വസതിയില്‍ പ്രമുഖരടക്കം നൂറുകണക്കിന് ആളുകളാണ് പിറന്നാള്‍ ആശംസകളുമായി എത്തിയത്. ആഘോഷപരിപാടികളൊന്നും ഒരുക്കിയിരുന്നില്ല.
കുടുംബാംഗങ്ങള്‍ക്കും യോഗം പ്രവര്‍ത്തകര്‍ക്കുമൊപ്പം കേക്ക് മുറിച്ചു. ഭാര്യ പ്രീതി നടേശന്, മകന് തുഷാര്‍ വെള്ളാപ്പള്ളി, മകൾ വന്ദന, മരുമകള്‍ ആശാ തുഷാര്‍, മരുമകന് ശ്രീകുമാര്‍, പേരക്കുട്ടികളായ ദേവ് തുഷാര്‍, ദേവികതുഷാര് എന്നിവര്‍ പങ്കെടുത്തു. മന്ത്രിമാരടക്കം പ്രമുഖര്‍ ഫോണിലൂടെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യോഗം നേതാക്കളും പ്രവര്‍ത്തകരും വീട്ടിലെത്തി. വീട്ടിലെത്തിയവര്‍ക്കെല്ലാം പിറന്നാള്‍ സദ്യയുണ്ടായിരുന്നു.
അഡ്വ. എ.എം. ആരിഫ് എം.പി., പി.പി. ചിത്തരഞ്ജന് എം.എല്‍.എ, യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി, അഡ്വ. എ.എന്‍. രാജന്‍ബാബു, യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ,വിവിധ യൂണിയന് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി ആശംസകള്‍ നേര്‍ന്നു. തിരക്കിനിടയിലും യോഗം നേതാക്കളുമായും മറ്റു പ്രവര്‍ത്തകരുമായി സമുദായപ്രവര്‍ത്തനങ്ങൾ ചര്‍ച്ച ചെയ്തു. ഗുരുദേവജയന്തിയോടനുബന്ധിച്ച് വിവിധ യൂണിയനുകള്‍ ആസൂത്രണംചെയ്യുന്ന പരിപാടികളെപ്പറ്റി ചോദിച്ചറിഞ്ഞു. വൈകീട്ട് കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ ചുറ്റുവിളക്ക് തെളിച്ചു.