വിശപ്പിന് പരിഹാരം കാണാതെ പ്രസംഗത്തിന് പ്രസക്തിയില്ല

ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റേയും വൈക്കം ആശ്രമം സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ്.എന്‍.ഡി.പിയോഗം യൂണിയന്‍ ഓഡിറ്റോറിയത്തില്‍ ഓണം ഖാദി മേളയുടെ ഉദ്ഘാടനം ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നിര്‍വഹിക്കുന്നു. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സമീപം.

വൈക്കം: വിശപ്പിന്റെ വിളിക്ക് പരിഹാരം കാണാതെ ഒരു പ്രസംഗത്തിനും പ്രസക്തിയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവര്‍ ഏറെയുള്ള ഒരു വലിയ ജനവിഭാഗത്തെ ഉള്ളവരാക്കി മുഖ്യധാരയിലേക്ക് ഉയര്‍ത്തുകയെന്നതാണ് യോഗത്തിന്റെ ധര്‍മ്മം. കാല്‍നൂറ്റാണ്ടായി ആ ധര്‍മ്മം നിറവേറ്റാനുള്ള പോരാട്ടത്തിലാണ് താനുമെന്ന് അദ്ദേഹം പറഞ്ഞു.

ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെയും വൈക്കം ആശ്രമം സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പി ച്ചഓണം ഖാദിമേളയുടെ ആദ്യവില്പന നിര്‍വഹിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

ശിവഗിരിയില്‍ ശാരദാ പ്രതിഷ്ഠ നടത്തിയ ഗുരുദേവന്‍ അതിന് ശേഷം അവിടെ സ്ഥാപിച്ചത് ഒരു നെയ്ത്തുശാലയാണ്. അത് സമൂഹത്തിന് നല്‍കുന്ന വലിയ സന്ദേശമുണ്ട്. തൊഴിലിന്റെ അനിവാര്യതയാണത്. ഖാദി ബോര്‍ഡിനോട് ചേര്‍ന്ന് നിന്ന് ഈ രംഗത്ത് പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ഉന്നമനത്തിനായി എസ്.എന്‍.ഡി.പിയോഗം ഏതറ്റം വരെയും പോകും. ഗുരുദേവ സന്ദേശത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ഈ ദൗത്യം യോഗം ഏറ്റെടുക്കുകയാണ്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി പി. ജയരാജന്‍ ചുമതലയേറ്റ ശേഷം ഖാദി മേഖലയില്‍ വലിയ വളര്‍ച്ചയാണുണ്ടായതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഖാദി മേഖല വലിയ തോതിലുള്ള നവീകരണത്തിന്റേയും വൈവിദ്ധ്യവത്കരണത്തിന്റെയും പാതയിലാണെന്നും ഈ ഓണം വിപണിയില്‍ അത് ദൃശ്യമാകുമെന്നും മേള ഉദ്ഘാടനം ചെയ്ത ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ പറഞ്ഞു. ഷര്‍ട്ടും മുണ്ടും എന്ന പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി പാന്റ്‌സും ചുരിദാറുമടക്കമുള്ള വ്യത്യസ്ത ഉത്പന്നങ്ങള്‍ ഖാദിയുടേതായി ഓണ വിപണിയിലെത്തും.

സി.കെ.ആശ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. സമ്മാനകൂപ്പണ്‍ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രാധികശ്യാമും ഡിസൈനര്‍ വസ്ത്രങ്ങളുടെ ലോഞ്ചിംഗ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാ. ജോര്‍ജ്ജ് പനക്കേഴവും ഗ്രാമവ്യവസായ ഉത്പന്നങ്ങളുടെ ആദ്യ വില്പന കേരള സര്‍വീസ് സംഘം സെക്രട്ടറി വി.വി. ശശിധരന്‍ നായരും സില്‍ക്ക് വസ്ത്രങ്ങളുടെ ആദ്യവില്പന ചീഫ് ഇമാംഉസൈയറും നടത്തി. ഖാദി ഗ്രാമവ്യവസായ ബോര്‍ഡംഗങ്ങളായ സി.കെ. ശശിധരന്‍, കെ.എസ്. രമേശ്ബാബു, സാജന്‍ തോമസ് തൊടുകയില്‍, ശിവദാസ് നാരായണന്‍, എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ്, സെക്രട്ടറി എം.പി. സെന്‍, ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ ഇന്‍സ്റ്റിറ്റിറ്റ്യൂഷന്‍ മാനേജര്‍ കെ.എല്‍. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. ബോര്‍ഡ് സെക്രട്ടറി ഡോ. കെ.എം. രതീഷ് സ്വാഗതവും ആശ്രമം സ്‌കൂള്‍ പ്രഥമാദ്ധ്യാപിക പി. ആര്‍. ബിജി നന്ദിയും പറഞ്ഞു.

നെയ്ത്ത് തൊഴിലാളികൾക്ക്

ഒരു ലക്ഷം രൂപ ഓണ സമ്മാനം

വൈക്കം ഉദയനാപുരത്തെ ഖാദി യൂണിറ്റിലെ തൊഴിലാളികൾക്ക് യോഗത്തിന്റെ ഓണ സമ്മാനമായി ഒരു ലക്ഷം രൂപ നൽകി. യൂണിറ്റിലെ തൊഴിലാളികളുടെ ജീവിതദുരിതങ്ങൾ വൈക്കം യൂണിയൻ നേതാക്കൾ ശ്രദ്ധയിൽപെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് വൈക്കത്തെ നെയ്ത്ത് തൊഴിലാളികൾക്ക് ഓണസമ്മാനമായി ഒരു ലക്ഷം രൂപ നൽകാൻ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി നിർദ്ദേശം നൽകിയത്. ഖാദി മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ലഭിക്കുന്നത് തുഛമായ വരുമാനമാണെന്നത് ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ സമ്മേളനത്തിനിടയിൽ തന്റെ പ്രസംഗത്തിൽ പരാമർശിക്കുകയും ചെയ്തിരുന്നു. യോഗം ജനറൽ സെക്രട്ടറി വേദിയിൽ വച്ചു തന്നെ തുക പി.ജയരാജന് കൈമാറി. തുടർന്ന് അദ്ദേഹം അത് തൊഴിലാളികൾക്ക് നൽകി. 60 തൊഴിലാളികളാണ് ഉദയനാപുരം നെയ്ത്ത് യൂണിറ്റിൽ ഉള്ളത്.

Author

Scroll to top
Close
Browse Categories