മകൾ
സുന്ദരൻ അയാളുടെ പേരിനെ അന്വർത്ഥമാക്കുന്ന ഒരാളൊന്നുമായിരുന്നില്ല.
അയാൾ കറുത്തിട്ടും സിഗരറ്റും ബീഡിയുമൊക്കെ പുകച്ച് ചുണ്ടൊക്കെ കറുത്തിട്ടുമായിരുന്നു.

സുന്ദരന് എന്ത് വാങ്ങി കൊടുത്താലും അയാളുടെ മുഖത്ത് അസംതൃപ്തിയേ കാണു.
എന്നാലൊരു ബീഡിയോ സിഗരറ്റോ വാങ്ങിക്കൊടുത്താലയാളുടെ മുഖം പ്രസന്നമാകും.
അത്രയ്ക്ക് ഇഷ്ടമാണ് അയാൾക്ക് പുകവലി….
എപ്പോഴും തേച്ച ഷർട്ടും മുണ്ടും ധരിച്ചേ നടക്കു.
പോക്കറ്റിൽ പത്തു രൂപയിൽ കൂടുതലൊന്നുംഅയാൾ കൊണ്ട്നടക്കില്ല.
വീട് അടുത്തായത് കൊണ്ടാണ് കൂടുതൽ കാശ് കീശയിൽകരുതാത്തതെന്നാ അയാളിതേ കുറിച്ച് പറയുക. കമ്പനിയുടെ അടുത്ത് മാടക്കട നടത്തിയിരുന്ന വർഗീസേട്ടൻ സാദിഖിനോടൊരിക്കൽ ചോദിച്ചു.
“എടാ ഇവിടെനിന്ന് എപ്പോഴുംസിഗരറ്റ് വാങ്ങുന്ന ആളുടെ പേരെന്താ…”
“സുന്ദരൻ….”എന്ന് സാദിഖ് പറഞ്ഞതും മാലപ്പടക്കത്തിന് തീ പിടിച്ച പോലെ തന്റെ വലിയ വയറ് കുലുക്കിയൊരു ചിരി പാസാക്കി വർഗീസേട്ടൻ .
“അപ്പോ അയാളെ പെറ്റിട്ടപ്പോൾ ആരും കണ്ടില്ലേ….”
“ഇല്ല. അപ്പോൾ കറൻറ് കട്ടായിരുന്നു.”
ഇതുകേട്ട് വർഗീസേട്ടൻ വീണ്ടുമുച്ചത്തിൽ ചിരിച്ചു.
പാവം വർഗീസേട്ടൻ പെട്ടെന്നാണ് ജീവന്റെ കൂടൊഴിഞ്ഞ് പോയത്.
പെണ്ണ് കെട്ടാതിരുന്ന വർഗീസേട്ടൻ വളരെ നിഷ്കളങ്കനായിരുന്നു.
ഞാനും സാദിഖും ഇത് സുന്ദരനോട് പറഞ്ഞ് പിന്നീട് ചിരിച്ചിട്ടുണ്ട്.
കമ്പനിയിൽ നിന്ന് മാനേജറുമായി തെറ്റിപോയശേഷം സാദിഖ് എന്നെ ഫോണിൽ വിളിക്കുമ്പോഴൊക്കെ ഗ്ലാമർ എന്തുപറയുന്നുവെന്ന് ചോദിക്കും.
സാദിഖ് ഒരിക്കലും അയാളെ സുന്ദരൻ എന്ന് വിളിച്ച് കേട്ടിട്ടില്ല. ഗ്ലാമറെന്നെ വിളിക്കു.
പാർട്ടി യോഗങ്ങളോ സമ്മേളനങ്ങളോ ഉണ്ടെങ്കിൽ കമ്പനിയിൽ എത്ര പണി തിരക്കുണ്ടെങ്കിലും അയാൾ പോയിരിക്കും.
അതിനായി എന്ത് നഷ്ടം സഹിക്കുവാനും അയാൾ ഒരുക്കമായിരുന്നു.
ഒരു മകനും മകളുമാണ് സുന്ദരനുള്ളത്.
മകൻ വീട്ടിലെപ്പോഴും കാണുന്ന വളർത്തുപൂച്ചയെ പോലെയാണ്. അവൻ വീട് വിട്ടു പോകുന്നത് പഠിക്കാൻ മാത്രം. ഇന്നത്തെ ചെറുപ്പക്കാരെപോലുളള ദുർനടപ്പൊന്നും അവന് ഇല്ലെന്നാ സുന്ദരൻ പറയുന്നത്.
നേരിലും ഒരു മിണ്ടാപൂച്ച പോലെ തന്നെയാണ് അവൻ.
എന്നാൽ മകൾ അങ്ങനെയല്ല. അവൾ തർക്കുത്തരമൊക്കെ പറയും….
ഒരു ദിവസം ഒരായിരം കുറിയെങ്കിലും അയാൾ മകളെക്കുറിച്ച് പറയും.
അവളുടെ പഠിത്തത്തിലുള്ള മിടുക്കിനെ കുറിച്ച്….
കമ്പ്യൂട്ടറിലുളള താൽപര്യത്തെ ക്കുറിച്ച്.
മകൾ എപ്പോഴും അയാളിൽ അഭിമാനവും ആനന്ദവും നിറച്ചു.
അപ്പോഴൊക്കെ ഒരു മകളില്ലാത്ത ഖേദം എനിക്കുണ്ടാകാറുണ്ട്.
കമ്പനിയിൽ നിന്ന് പിരിഞ്ഞ ശേഷം ഹരിദാസ് ഇടയ്ക്കെന്നെ ഫോണിൽ വിളിക്കും.
അങ്ങനെ ഒരിക്കൽ വിളിച്ചപ്പോൾ ഹരിദാസ് പറഞ്ഞു.
“താൻ ചോദിക്കുകയൊന്നും വേണ്ട. സുന്ദരന്റെ മകൾ ഒരു ക്രിസ്ത്യൻ ചെറുക്കനുമായി ഒളിച്ചോടിയെന്ന്….”
സുന്ദരനെന്തു മാത്രം പ്രതീക്ഷയായിരുന്നു മകളെക്കുറിച്ച്.
അവൾ മകനേക്കാള് ഉന്നതിയിൽ എത്തുമെന്ന് അയാൾക്ക് ദൃഢനിശ്ചയമുണ്ടായിരുന്നു.
അങ്ങനെയൊരു വിശ്വാസം വേണ്ടപ്പെട്ടവരിൽ ജനിപ്പിക്കും വിധമായിരുന്നു അവളുടെ ജീവിത സഞ്ചാരവും.
അതൊക്കെയാണ് ഇപ്പോൾ വേരററിരിക്കുന്നത്.
അയാളിതൊക്കെ എങ്ങനെ സഹിക്കും ഒരു പിതാവെന്ന നിലക്ക്….
തകർന്ന് പോയിട്ടുണ്ടാവും.
വളർത്തി വലുതാക്കിയ മരം പാഴ് മരമാണെന്ന് അറിയുമ്പോൾ ആരാണ് തകർന്ന് പോകാത്തത്.
അതെത്ര മനസ്സിന് ബലമുള്ള ആളാണെങ്കിലുംഎത്ര പുരോഗമനം പുറമേക്ക് ആചരിച്ചാലും ഉള്ളിന്റെ ഉള്ളിൽ സ്വന്തം സമുദായവും മതവും തന്നെയാകും എല്ലാവർക്കും പ്രിയങ്കരം.
ബസ്സിറങ്ങി കമ്പനിയിലേക്കുള്ള നടത്തത്തിനിടെ കാണാറുള്ള കപ്പേളയിലെ തിരുരൂപത്തെ തൊട്ട് സുന്ദരൻ നിത്യവും വണങ്ങിയിരുന്നത് അപ്പോൾ പ്രത്യക്ഷത്തിൽ മാത്രമായിരുന്നോ?
കമ്പനിയിൽ നിന്ന് പിരിഞ്ഞ ശേഷവും അയാൾ തൊഴിലെടുക്കാനായിവന്നത് ഉയിരുള്ളിടത്തോളം കാലം സ്വന്തമായി അധ്വാനിച്ച് ജീവിക്കാമെന്നും മകനേയും മകളെയും ഉയർന്ന നിലയിൽ പഠിപ്പിക്കാമെന്നും കരുതിയാണ്.
ജീവിച്ചിരിപ്പുള്ള കാലത്തോളം മറ്റാരോടും കടപ്പാട് വേണ്ടെന്നും കരുതിയുമാണ്.
കഴിയുന്നത്ര സ്വന്തം കാലിൽ നിൽക്കുക.
ഹരിദാസ് പറയുന്നു.
പോലീസ് സ്റ്റേഷനിൽ വെച്ച് അയാളെ കണ്ടിട്ട് മകൾ മുഖത്തേക്ക് പോലും നോക്കിയില്ലെന്ന് .
എത്ര കാശ് മുടക്കി പഠിപ്പിച്ചതാണ്.
എല്ലാം പാഴായത് പോലെ.
അയാളുടെ അമ്മാവിയമ്മ നേരത്തെ മരിച്ചത് നന്നായി.
അല്ലെങ്കിലവർക്ക് ഇത്തരമൊരു വിഷമാവസ്ഥയെഅഭിമുഖീകരിക്കാനാവുമായിരുന്നില്ല.
അത്രയ്ക്ക് ലാളനയായിരുന്നു
സുന്ദരന്റെ മകനോടും മകളോടും അവർക്ക്.
മാർക്കറ്റിൽ പച്ചക്കറി കട നടത്തുകയായിരുന്നു അവർ.
ജീവിതം എത്ര വലിയ അഴിയാക്കുരുക്കാണല്ലേ.
നമ്മളൊന്ന് പ്രതീക്ഷിക്കുന്നു. ദൈവംമറ്റൊന്ന് സംഭവിപ്പിക്കുന്നു.
പ്രതീക്ഷകൾക്കും ജീവിതസ്വപ്നങ്ങൾക്കുമൊക്കെ ആത്മാവ് നഷ്ടപ്പെടുമ്പോഴാണ് മനുഷ്യർ സ്വയംഹത്യയിലേക്കൊക്കെ കടന്ന്കൂടുന്നത്.
സുന്ദരൻ അങ്ങനെ ചെയ്യാതിരിക്കട്ടെ.
ഇല്ല. അങ്ങനെയൊരു അപമാനത്തെ അയാളൊരിക്കലും അയാളുടെ ജീവിതത്തിൻ മേൽ മുദ്രിത മാക്കുകയില്ല.
സുന്ദരൻ കമ്പനിയിൽനിന്ന് പിരിഞ്ഞപ്പോൾ കൊടുത്ത യാത്രയയപ്പ് യോഗത്തിൽ സുനീർ പറഞ്ഞത്പോലെ ഇയാൾക്ക് സുന്ദരൻ എന്ന പേരു കൊടുത്തിരിക്കുന്നത് ഇയാളുടെ ദേഹപ്രകൃതത്തെ സംബന്ധിച്ചായിരിക്കില്ല. ഇയാളുടെ ജോലിയിലുള്ള മികവ് കൊണ്ടാവും.
ഇങ്ങനെയൊക്കെ സുന്ദരനെ കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കെ അയാളെന്റെ ഫോണിൽ വിളിച്ച്
സങ്കടങ്ങൾ പറയുന്നു.
ഞാൻ മറുത്തൊന്നും പറയാനാവാതെ നിശബ്ദനായ് അതൊക്കെ കേട്ടിരിക്കുന്നു.
പിന്നെ ഫോണിനപ്പുറം അയാളുടെ കണ്ണീർ മഴ കണക്ക് പെയ്യുന്നു.
സുന്ദരനെ ഞാനൊരിക്കലും കരഞ്ഞ് കണ്ടിട്ടില്ല.
അയാൾ കരഞ്ഞ് കരഞ്ഞ് എന്റെ ഫോൺ വരെ നനക്കുമോയെന്ന് ഭയന്ന നേരം ഞാൻ ഫോൺ ഓഫ് ചെയ്തു.
എന്റെ മകളല്ലല്ലോ അന്യമതസ്ഥനുമായി പോയത്.
അല്ലെങ്കിലും അന്യം എപ്പോഴും അന്യം തന്നെ.
അതെത്രവലിയചങ്ങാതിമാർക്കിടയിലാണെങ്കിലും….
എന്നാലും മോശമായി പോയി.
ഒരു ചങ്ങാതി. അതും രണ്ട് ശരീരവും ഒറ്റ മനസ്സുമായി വർഷങ്ങളോളം ജോലി ചെയ്ത് കഴിഞ്ഞവർ. ഒരാത്മ ദുഃഖം പറയാൻ വിളിച്ചപ്പോൾ പിൻ തിരിഞ്ഞതൊട്ടും ശരിയായില്ല…..
ഇത്രയൊക്കെയുള്ളോ ഈ കാലത്ത് മനുഷ്യർ തമ്മിലുള്ള സ്നേഹം…..
പിന്നെ ചിന്തിച്ചാലൊരു അന്തവുമില്ല ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല എന്നല്ലേ….
അല്ലെങ്കിൽ തന്നെ എന്റെ ജീവിതംസുന്ദരനോ സുന്ദരന്റെ ജീവിതം എനിക്കോ ജീവിക്കാനാവുമോ?
അത്കൊണ്ട് ഞങ്ങൾ രണ്ട്പേർക്കും അഭികാമ്യമെന്ന് തോന്നുന്ന ഒന്ന് തെരഞ്ഞെടുക്കുകയാണ്. അത് ഞാനെന്റെ വഴിക്കും സുന്ദരൻ സുന്ദരന്റെ വഴിക്കും നടക്കുക എന്നുളളതാണ്…..
ഞങ്ങളതങ്ങ് സ്വീകരിക്കുന്നു.
ഇനി നിങ്ങളുടെ ബുദ്ധിയിൽ എനിക്കും സുന്ദരനും സ്വീകാര്യമായ മറ്റ് വല്ല വഴിയും തെളിയുന്നുണ്ടെങ്കിൽ അതറിയിക്കാനും മടിക്കരുത്…
സുന്ദരന്റെ ജീവിതപരമായ നീറ്റലിന് അങ്ങനെയെങ്കിലുമൊരു അറുതിയു ണ്ടാകുമല്ലോ എന്നോർത്ത് പറയുകയാണ്.
എന്നാലുമൊന്ന് പറഞ്ഞോട്ടെ. ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ അത് കാണാൻ തന്നെയാ ചേല്…..
അപ്പോ സുന്ദരൻ അയാളുടെ വ്യസനത്തിൻ തടവിൽ മോചനമി ല്ലാതെ കഴിയട്ടെ എന്നാണോ….
ഇങ്ങനെ അപര സ്നേഹ ഇല്ലായ്മ ഒരു മനുഷ്യനിലും ഇല്ലാതിരിക്കരുത്.
അങ്ങനെയൊന്നും ഞാൻ പറഞ്ഞില്ലല്ലോ. പിന്നെ എന്തിനാണിങ്ങനെ എഴുതാപ്പുറം വായിക്കുന്നത്.
ഇനി നിങ്ങൾ എന്റെ പക്ഷത്തോ സുന്ദരന്റെ പക്ഷത്തോ എന്നൊക്കെ ചോദിക്കേണ്ടിവരും. അത് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുകയേ യുള്ളു. അത്കൊണ്ട് ഞാനീ സുന്ദരനെ അങ്ങ് പിൻവലിക്കുന്നു. അയാളുടെ ജീവിതം പറയുന്ന ഈ കഥയേയും…






