ജയിച്ചു തോറ്റ അങ്കം
കടത്തനാടിന്റെ ആകാശം കരുതിവെച്ച കറുത്ത മേഘങ്ങള്‍ കനത്ത മഴയായി പുത്തൂരം തറവാടിന്റെ ഓടിട്ട മേല്‍ക്കൂരയില്‍ ആര്‍ത്തലച്ചു പെയ്യുകയായിരുന്നു. ഈട്ടിയിലും തേക്കിലും കടഞ്ഞെടുത്ത തൂണുകളുള്ള ആ തറവാടിന്റെ വെട്ടുകല്ച്ചുവരുകളില് പായല്‍ പടര്‍ന്നിരുന്നു. അകത്തളത്തില്‍ എണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചം. വരാന്തയില്‍ പെയ്തിറങ്ങുന്ന മഴവെള്ളം കല്പ്പാത്തികളിലൂടെ ഒഴുകി മുറ്റത്തെ ചെളിയില്‍ കലരുന്നുണ്ട്. തറവാടിന്റെ ഉമ്മറത്ത്, പഴക്കമേറിയ ചാരുകസേരയില്‍ പുത്തൂരം കളരിയുടെ ഗുരുനാഥനും ഉദയന്റെ അച്ഛനുമായ ആ കാരണവര്‍ ഭാരപ്പെട്ട ചിന്തകളിലായിരുന്നു.
പുറത്തെ പേമാരിയുടെ ഇരമ്പലിനെ വകഞ്ഞുമാറ്റി, ഇടവഴിയിലെ ചെളി തെറിപ്പിച്ചുകൊണ്ട് കടത്തനാടന്‍ വാഴുന്നോരുടെ ദൂതന്മാര് മുറ്റത്തേക്ക് കുതിച്ചെത്തി. നനഞ്ഞൊട്ടിയ വസ്ത്രങ്ങളും അരയില്‍ മുറുക്കിയ വാളുകളുമായി അവര്‍ ഉമ്മറപ്പടിയില്‍ നിന്നു. ദൂതന്മാരില് പ്രധാനി, പട്ടുതുണിയില്‍ പൊതിഞ്ഞ ആ ഭാരമേറിയ സ്വര്‍ണ്ണക്കിഴി അച്ഛന് നേരെ നീട്ടി.

കടത്തനാടന്‍ വാഴുന്നോരുടെ കല്പനയാണ്. ‘താഴേക്കുന്നു’ ഭൂമിക്കുവേണ്ടിയുള്ള തര്‍ക്കം തീര്‍ക്കാന്‍ അങ്കം കുറിച്ചു കഴിഞ്ഞു. വാഴുന്നോരുടെ മാനം കാക്കാന്‍ പുത്തൂരത്തെ ഇളമുറക്കാരന് ഉദയന്‍ അങ്കത്തട്ടില്‍ ഇറങ്ങണം. ഇതാ അങ്കപ്പണം.’
അച്ഛന് വിറയ്ക്കുന്ന കൈകളോടെ ആ കിഴി വാങ്ങി ഉമ്മറത്തെ മരമേശപ്പുറത്ത് വെച്ചു. സ്വര്‍ണ്ണനാണയങ്ങള്‍ തമ്മിലുരസുന്ന ആ ശബ്ദം തറവാടിന്റെ ഇടനാഴികളില്‍ ഭയാനകമായി മുഴങ്ങി. കളരിപ്പരദേവതയെ ധ്യാനിച്ചിരുന്ന ഉദയന്‍ പതുക്കെ പുറത്തേക്ക് വന്നു. ദൂതന്മാര് മടങ്ങിപ്പോയിരുന്നു. അച്ഛന് കിഴിയും നോക്കി ഇരിക്കുകയാണ്. സ്വന്തം മകന്റെ ജീവന് വിലയിട്ട ആ പൊന്നിന്കിഴി അദ്ദേഹത്തിന്റെ കണ്ണുകളെ ഈറനണിയിച്ചിരുന്നു.
ക്ഷമിക്കണം അച്ഛാ, എനിക്ക് ഈ അങ്കത്തിന് തീരെ താല്പര്യമില്ല…’ ഉദയന്റെ ശബ്ദത്തില്‍ ആദരവുണ്ടായിരുന്നെങ്കിലും വാക്കുകളില്‍ വ്യക്തമായ പ്രതിഷേധമുണ്ടായിരുന്നു. ‘രണ്ട് തമ്പുരാക്കന്മാര്ക്ക് മണ്ണ് അളക്കാന്‍ എന്റെ ചോര എന്തിനാണ് അവിടെ വീഴുന്നത്?’
അച്ഛന് തലയുയര്‍ത്തി അവനെ നോക്കി. ആ കണ്ണുകളില്‍ വാത്സല്യത്തോടൊപ്പം തറവാടിന്റെ ദുരഭിമാനവും ജ്വലിക്കുന്നുണ്ടായിരുന്നു. ‘ഇത് കേവലം ഒരു മണ്ണളക്കലല്ല ഉദയാ. വാഴുന്നോര്‍ നേരിട്ട് കിഴി അയച്ചാല്‍ അത് നിരസിക്കാന്‍ നമുക്കാവില്ല. പാരമ്പര്യം വെടിഞ്ഞ് ഒരു പുത്തൂരം ചേകവന് പിന്മാറിയെന്ന് നാളെ ഈ കടത്തനാട് പറയരുത്. നിനക്ക് വേണ്ടി മാത്രമല്ല, നിന്റെ പെങ്ങളുടെയും ഈ തറവാടിന്റെയും സുരക്ഷയ്ക്ക് നീ ഇത് ഏറ്റെടുത്തേ മതിയാകൂ. പോരാത്തതിന് കോലത്തിരിക്കുവേണ്ടി അങ്കത്തട്ടില്‍ വരുന്നത് ആരാണെന്ന് നീ അറിഞ്ഞോ? മാണിക്യത്ത് കണ്ണനാണ്!’
ആ പേര് കേട്ടപ്പോള്‍ ഉദയന്‍ ഒന്ന് ഞെട്ടി. കടത്തനാടിന്റെ പേടിസ്വപ്നമായ മാണിക്യത്ത് കണ്ണന്. ഇരുപത് അങ്കങ്ങളില്‍ ശത്രുക്കളുടെ ചോര കണ്ട ചുരികയുമായി അയാള്‍ തട്ടില്‍ കയറിയാല്‍ സാക്ഷാല്‍ കാലന് പോലും വഴിമാറുമെന്ന് ജനം വിശ്വസിച്ചു. വികാരങ്ങളില്ലാത്ത ആ കണ്ണുകളില്‍ വര്‍ഷങ്ങളായി രാകിമിനുക്കിയ കഠാരയുടെ മൂര്‍ച്ച മാത്രമായിരുന്നു. ജീവിക്കുന്ന ഇതിഹാസമെന്ന് പുകഴ്ത്തപ്പെടുന്ന ആ കരുത്തനെതിരെ ഉദയന്‍ എന്ന യുവത്വം പതറുമോ എന്ന് തറവാടും നാടും ഒരുപോലെ ശങ്കിച്ചു.
അകത്തുനിന്ന് അമ്മയുടെയും പെങ്ങളുടെയും തേങ്ങലുകള്‍ മഴയുടെ ശബ്ദത്തോടൊപ്പം പുറത്തേക്ക് ഒഴുകി വരുന്നുണ്ടായിരുന്നു. ഉദയന്‍ ആ കിഴിയിലേക്ക് നോക്കി. സ്വര്‍ണ്ണത്തിന്റെ തിളക്കത്തിന് പകരം വരാനിരിക്കുന്ന മരണത്തിന്റെ കറുത്ത നിറമാണ് അവന് അവിടെ കണ്ടത്. തന്നെ ഒരു ബലമൃഗമായി ചങ്ങലയ്ക്കിടുന്ന ആ സ്വര്‍ണ്ണക്കിഴി അവന് മനസ്സില്ലാമനസ്സോടെ കൈയ്യിലെടുത്തു.
പുറത്ത് മഴ കൂടുതല്‍ കനക്കുകയായിരുന്നു. ഓരോ മഴത്തുള്ളിയും തറവാടിന്റെ മേല്‍ക്കൂരയില്‍ വീഴുമ്പോള്‍, അത് നാളെ അങ്കത്തട്ടില്‍ താന്‍ വീണുപോയാല്‍ അനാഥമാകുന്ന തന്റെ പെങ്ങളുടെയും അമ്മയുടെയും നെഞ്ചില്‍ വീഴുന്ന കണ്ണുനീരാണെന്ന് അവനു തോന്നി. അപ്പോഴാണ് അച്ഛനും ഗുരുനാഥനുമായ അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു മന്ത്രം പോലെ അവന് ഓര്‍മ്മവന്നത്: ‘അങ്കം ജയിക്കുന്നത് വെറും അടവുകള്‍ കൊണ്ടല്ല ഉദയാ. മനസ്സ് ശൂന്യമാകുമ്പോഴാണ് ഉടല് മൂര്‍ച്ചയുള്ള ആയുധമാകുന്നത്. നിന്റെ എതിരാളി കണ്ണനല്ല, നിന്റെ ഉള്ളിലെ ഭയം മാത്രമാണ്.’
ആ വാക്കുകളില്‍ പിടിച്ച് അവന് ആഴത്തിലൊന്ന് ശ്വാസമെടുത്തു. തന്റെ ഉള്ളിലെ വൈകാരികമായ ഭയത്തെ ആ നിമിഷം അവന് ആ കിഴിക്കൊപ്പം കെട്ടിപ്പൂട്ടി.
കടത്തനാടിന്റെ സിരകളില്‍ ഓടുന്നത് വെറും ചോരയായിരുന്നില്ല എന്ന് ആ ഇരുട്ടിലും ഉദയനറിയാമായിരുന്നു. അത് കളരിമണ്ണിന്റെ ചുവപ്പും, കാഞ്ഞിരത്തിന്റെ കയ്പും, നൂറ്റാണ്ടുകളായി പാണന്മാര് പാടിപ്പുകഴ്ത്തിയ വീരഗാഥകളുടെ ലഹരിയും ചേര്‍ന്നൊഴുകുന്നൊരു തീപ്പുഴയായിരുന്നു.
സൂര്യന് ഉദിച്ചുയര്‍ന്നത് ഒരു കഷ്ണം തീക്കനല്‍ പോലെയായിരുന്നു. താഴേക്കുന്നിലെ വിശാലമായ മൈതാനത്ത് അറുപത്തിനാലടി നീളത്തില്‍ അങ്കത്തട്ട് ഒരുങ്ങിനിന്നു. കുരുത്തോലകളും വാഴപ്പിണ്ടിയും ചുവന്ന പട്ടുതുണിയും കൊണ്ട് അലങ്കരിച്ച ആ മരണവേദിക്ക് ചുറ്റും കടത്തനാടും കോലത്തുനാടും ഒഴുകിയെത്തിയിരുന്നു. തട്ടില്‍ വിതറിയ മണല്‍ത്തരികള്‍ പോരാളികളുടെ ചോര കുടിക്കാന്‍ വെമ്പലോടെ കിടന്നു.
അങ്കത്തട്ടിന് ഇരുവശത്തുമായി പണിത അലങ്കരിച്ച പന്തലുകളില്‍ തമ്പുരാക്കന്മാര് സ്ഥാനം പിടിച്ചിരുന്നു. പടിഞ്ഞാറേ പന്തലില്‍ കടത്തനാടന്‍ വാഴുന്നോരും കിഴക്കേ പന്തലില്‍ കോലത്തിരിയും. സ്വര്‍ണ്ണകസവുള്ള പട്ടുതലപ്പാവണിഞ്ഞ്, വിസ്താരമുള്ള കസേരകളില്‍ ചാരിക്കിടന്ന് അവര്‍ വെറ്റില മുറുക്കുകയാണ്. അവര്‍ ചവച്ചുതുപ്പുന്ന ചുവന്ന നീരിന്, അല്പസമയത്തിനകം ആ മണല്‍ത്തറയില്‍ വീഴാന്‍ പോകുന്ന ചേകവച്ചോരയുടെ നിറമായിരുന്നു. പരസ്പരം പോരടിക്കുന്ന കോഴികളെ നോക്കിക്കാണുന്ന ലാഘവമായിരുന്നു ആ പ്രമാണിമാരുടെ മുഖത്ത്. അവര്‍ക്കിടയില്‍ തര്‍ക്കഭൂമിയുടെ മാപ്പും കണക്കുകളും വെച്ചുകൊണ്ട് കാര്യസ്ഥന്മാര് അടക്കം പറയുന്നുണ്ടായിരുന്നു. ഒരു മനുഷ്യന്റെ ജീവന് പോകുന്നതിലല്ല, അതിര്‍ത്തിയിലെ ഒരു മുഴം മണ്ണ് കിട്ടുന്നതിലായിരുന്നു അവരുടെ ശ്രദ്ധ മുഴുവന്‍.
ചുറ്റും കെട്ടിയുണ്ടാക്കിയ മുളവേലികള്ക്കപ്പുറം തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടം ആര്‍ത്തലച്ചു. സ്ത്രീകളും കുട്ടികളും മുതല്‍ പല്ലുകൊഴിഞ്ഞ വയോധികര്‍ വരെ ആ കൂട്ടത്തിലുണ്ടായിരുന്നു. മുളകള്‍ ജനങ്ങളുടെ തള്ളലില്‍ ഞെരിഞ്ഞമര്‍ന്നു. ചിലര്‍ പന്തയം വെച്ചുകൊണ്ട് ഉറക്കെ തര്‍ക്കിച്ചു, ‘ഇത്തവണയും കണ്ണന്റെ ചുരിക തന്നെ ചോര കുടിക്കും!’ മറ്റുചിലര്‍ പുത്തൂരത്തെ ഇളമുറക്കാരന്റെ ചോരത്തിളപ്പില്‍ വിശ്വാസമര്‍പ്പിച്ചു. മരണത്തിന്റെ തണുപ്പുള്ള ആ അന്തരീക്ഷത്തില്‍ കാണികളുടെ വിയര്‍പ്പുഗന്ധവും മൂത്ത കള്ളിന്റെ പുളിമണവും കലര്‍ന്നുനിന്നു. മുന്‍നിരയില്‍ നില്ക്കുന്ന ചില പ്രായമായ സ്ത്രീകളുടെ കണ്ണുകളില്‍ ഭയമുണ്ടായിരുന്നു; സ്വന്തം മക്കളെയോ ഭര്ത്താക്കന്മാരെയോ പോര്‍ക്കളത്തില്‍ നഷ്ടപ്പെട്ടതിന്റെ ഓര്‍മ്മകളാകാം അവരെ വേട്ടയാടിയത്.
കൊമ്പും കുഴലും പെരുമ്പറയും മുഴങ്ങിയ അന്തരീക്ഷത്തിലേക്ക് മാണിക്യത്ത് കണ്ണന് ഒരു കരിമ്പുലിയെപ്പോലെ നടന്നു കയറി. ജനസാഗരം ആവേശത്താല്‍ ആര്‍ത്തുവിളിച്ചു. വാഴുന്നോരും കോലത്തിരിയും നേരിയ പുച്ഛത്തോടെ പരസ്പരം നോക്കി. അധികം വൈകാതെ, കളരിദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച്, കറുത്ത പട്ടുറുമാല് തലയില്‍ കെട്ടി, ചോരനിറമുള്ള അരക്കച്ച മുറുക്കി ഉദയനുമെത്തി. ഇരുവരും തട്ടില്‍ മുഖാമുഖം നിന്നു. വാഴുന്നോര്‍ കൈയുയര്‍ത്തി അനുവാദം നല്കി; പെരുമ്പറകളുടെ താളം മുറുകി. അങ്കം തുടങ്ങുകയായി.
ആദ്യം വാളും പരിചയുമാണ് സംസാരിച്ചത്. ഉരുക്ക് ഉരുക്കിലിടിക്കുന്ന ശബ്ദം അന്തരീക്ഷത്തില്‍ നിറഞ്ഞു. ഓരോ വാള്വീശലിലും ആള്‍ക്കൂട്ടം ശ്വാസമടക്കിപ്പിടിച്ചു. ജനസാഗരം നിശബ്ദരായി, കണ്ണുചിമ്മാതെ ആ പോരാട്ടം നോക്കിനിന്നു. വാളുകള്‍ കൂട്ടിമുട്ടുമ്പോള്‍ പാറുന്ന തീപ്പൊരികള്‍ കാണികളുടെ കണ്ണുകളിലും പ്രതിഫലിച്ചു. കണ്ണന്റെ വെട്ടുകള്‍ക്ക് കാട്ടുപോത്തിന്റെ കരുത്തും അനുഭവത്തിന്റെ ഭാരവുമുണ്ടായിരുന്നു. ഉദയന്റെ പ്രതിരോധത്തിന് യുവത്വത്തിന്റെ വേഗതയും. അങ്കം മുറുകിയപ്പോള്‍ കണ്ണന്റെ പരിചയില്‍ വെട്ടിത്തിരിഞ്ഞ ഉദയന്റെ കാലൊന്നിടറി മണലില്‍ പുതഞ്ഞു. ആള്‍ക്കൂട്ടത്തില്‍ നിന്നൊരു ഭയപ്പാടിന്റെ നെടുവീര്‍പ്പുയര്‍ന്നു. പ്രമാണിമാരുടെ പന്തലില്‍ നിന്നൊരു നേര്‍ത്ത ചിരി കേട്ടു.
സിംഹത്തിന്റെ വേഗതയില്‍ കണ്ണന് ഉദയന്റെ നേര്‍ക്കടുത്തു. എന്നാല്‍ വീഴ്ചയില്‍ നിന്നൊരു പുലിയെപ്പോലെ കുതിച്ചുയര്‍ന്ന ഉദയന്‍ അരയില്‍ നിന്ന് ഉറുമി വലിച്ചെടുത്തു. മിന്നല്‍പ്പിണര്‍ പോലെ പാഞ്ഞ ഉറുമി കണ്ണന്റെ കണങ്കാലില്‍ ആഞ്ഞുകൊത്തി. ചോര ചീറ്റി! മണല്‍ത്തറയിലേക്ക് ചോര വീണതും, മുളവേലികള്ക്ക് പുറത്തുനിന്ന് ജനങ്ങള്‍ ഹര്‍ഷാരവം മുഴക്കി. കാലിടറിയ കണ്ണന്റെ നെഞ്ചിലേക്ക് ഉദയന്‍ പറന്നിറങ്ങി. നിലത്തുവീണ കണ്ണന്റെ കഴുത്തില്‍ ഉദയന്റെ കഠാര ചേര്‍ന്നിരുന്നു. പക്ഷേ, ചോരയ്ക്കുവേണ്ടി ദാഹിക്കാത്ത ഉദയന്‍ ആ കഴുത്തറുത്തില്ല. പകരം, തോറ്റുകിടക്കുന്നവന്റെ കണ്ണുകളിലേക്ക് നോക്കി മരണം വിധിക്കാതെ അവന് കഠാര പിന്‍വലിച്ച് എഴുന്നേറ്റു.
പെരുമ്പറ നിന്നു. തമ്പുരാക്കന്മാരുടെ പന്തലില്‍ നിശബ്ദത പരന്നു. ഉദയന്‍ അങ്കം ജയിച്ചിരിക്കുന്നു! എന്നാല്‍ ജീവന് ഭിക്ഷയായ് കിട്ടിയ മാണിക്യത്ത് കണ്ണന് ആ തോല്‍വി സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. ‘കടത്തനാടന്‍ ചതിയാ!’ എന്ന് അലറിക്കൊണ്ട് അയാള്‍ ഒളിച്ചു വെച്ച കഠാരയുമെടുത്ത്, തിരിഞ്ഞുനടക്കാന്‍ ഭാവിച്ച ഉദയന്റെ നെഞ്ചിലേക്ക് പിന്നില്‍ നിന്നും കുതിച്ചു. ആള്‍ക്കൂട്ടം ഭയത്താല്‍ അലറിവിളിച്ചുപോയി.
ഉദയന്റെ കാതുകള്‍ ആ കാല്‍പ്പെരുമാറ്റം കേട്ടിരുന്നു. മിന്നല്‍പ്പിണര്‍ പോലെ വെട്ടിത്തിരിഞ്ഞ ഉദയന്‍ ഒഴിഞ്ഞുമാറി; കണ്ണന്റെ കഠാര വായുവില്‍ തറച്ച അതേ നിമിഷം, ഉദയന്റെ കയ്യിലിരുന്ന കഠാര കണ്ണന്റെ നെഞ്ചില്‍ ആഴ്ന്നിറങ്ങി. കണ്ണുകള്‍ തുറിച്ചുപിടിച്ച് മാണിക്യത്ത് കണ്ണന് അങ്കത്തട്ടിലെ ചോരയില്‍ കുതിര്‍ന്ന മണലിലേക്ക് മരിച്ചുവീണു.
കടത്തനാടന്‍ വാഴുന്നോരുടെ പന്തലില്‍ ആഹ്ളാദത്തിന്റെ ആരവം ഉയര്‍ന്നു. വിജയത്തിന്റെ പുതിയ സ്വര്‍ണ്ണക്കിഴി കാര്യസ്ഥന് നീട്ടി. പക്ഷേ, ഉദയന്‍ അത് കണ്ടില്ല. അവന് വേച്ചുകാലുകളോടെ മാണിക്യത്ത് കണ്ണന്റെ ശരീരത്തിനടുത്തേക്ക് നടന്നു. ഇരുപതങ്കം ജയിച്ച ആ നെഞ്ചിലെ വലിയ മുറിവിലൂടെ ചോര വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. തുറിച്ചുനില്ക്കുന്ന ആ കണ്ണുകളില്‍ ഇപ്പോള്‍ പകയില്ലായിരുന്നു; ആരുടെയോ ദുരഭിമാനത്തിന് വേണ്ടി സ്വന്തം ജീവന് കൊടുക്കേണ്ടി വന്നവന്റെ ഗതികേട് മാത്രം. താന്‍ കൊന്നുവീഴ്ത്തിയത് ഒരു ശത്രുവെയല്ല, തന്നെപ്പോലെ തന്നെ പ്രമാണിമാരുടെ ചൂതാട്ടത്തില്‍ കുരുങ്ങിപ്പോയ മറ്റൊരു കരുവിനെയാണെന്ന് ഉദയന്‍ തിരിച്ചറിഞ്ഞു. വാഴുന്നോരുടെ ആര്‍പ്പുവിളികള്‍ അവനില്‍ വെറുപ്പുളവാക്കി.
മരവിച്ച കൈകളോടെ, തന്റെ അരയില്‍ നിന്ന് തറവാടിന് വേണ്ടി താന്‍ സ്വീകരിച്ച ആ ആദ്യത്തെ സ്വര്ണ്ണക്കിഴിയും, ഇപ്പോള്‍ ലഭിച്ച പുതിയ കിഴിയും ഉദയനെടുത്തു. ചുറ്റും നില്ക്കുന്ന പതിനായിരങ്ങളെയും പന്തലിലിരിക്കുന്ന പ്രമാണിമാരെയും സാക്ഷിയാക്കി അവന് ആ രണ്ട് സ്വര്ണ്ണക്കിഴികളും മാണിക്യത്ത് കണ്ണന്റെ ചോരയില്‍ കുതിര്‍ന്ന നെഞ്ചില്‍ വെച്ചു. ജനങ്ങള്‍ പരസ്പരം നോക്കി, അവര്‍ക്കെന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. പ്രമാണിമാരുടെ മുഖത്തെ ചിരി മാഞ്ഞു, നെറ്റി ചുളിഞ്ഞു.
പിന്നെ, ചോര ഇറ്റി വീഴുന്ന തന്റെ ചുരിക അവന് ഇറുകെപ്പിടിച്ചു. ആള്‍ക്കൂട്ടവും നാടുവാഴികളും ശ്വാസമടക്കി നോക്കിനില്‍ക്കെ, സര്വ്വരോഷവുമെടുത്ത് അവന് ആ ഉരുക്കായുധം അങ്കത്തട്ടിലെ കരിങ്കല്ത്തറയിലേക്ക് തലങ്ങും വിലങ്ങും ആഞ്ഞടിച്ചു.
ക്ലാങ്… ക്ലാങ്… ഠമാര്‍!
തീപ്പൊരികള്‍ ചിതറി. ഇരുമ്പിന്റെ ഗര്വ്വടങ്ങി ആ ചുരിക രണ്ടായി ഒടിഞ്ഞ് മണലിലേക്ക് തെറിച്ചുവീണു. ആ ശബ്ദം ആ അങ്കത്തട്ടില്‍ അതുവരെ മുഴങ്ങിയ പെരുമ്പറകളെക്കാളും ഭയാനകമായിരുന്നു. വാഴുന്നോരും കോലത്തിരിയും ഞെട്ടിത്തരിച്ചു. അവരുടെ സിംഹാസനങ്ങളെയാണ് ഉദയന്‍ ആ നിമിഷം ഒടിച്ചെറിഞ്ഞത്.
അങ്കത്തട്ടില്‍ നിന്നും ചോരയൊലിപ്പിച്ച് താഴേക്കിറങ്ങുന്ന ഉദയനെ തടയാന്‍ ആര്‍ക്കും തോന്നിയില്ല. അരയില്‍ മുറുകിക്കിടന്ന ആ ചുവന്ന അരക്കച്ച അവന് അഴിച്ചുമാറ്റി ചെളിയിലേക്ക് വലിച്ചെറിഞ്ഞു. തറവാടിന്റെ ആ ചങ്ങല അവന് അവിടെ ഉപേക്ഷിച്ചു.
ആള്‍ക്കൂട്ടം വകഞ്ഞുമാറിയ പാതയിലൂടെ അവന് നടന്നത് വിജയപ്പന്തലിലേക്കല്ല. മുളവേലിക്കരികില്‍, മഴയേറ്റ് മരവിച്ചുനില്‍ക്കുന്ന ഒരു രൂപത്തിന് മുന്നില്‍ അവന്റെ കാലുകള്‍ നിശ്ചലമായി. മാണിക്യത്ത് കണ്ണന്റെ വിധവ.
അവള് കരയുന്നില്ലായിരുന്നു. മഴവെള്ളത്തില്‍ കുതിര്‍ന്ന അവളുടെ നെറ്റിയിലെ വലിയ സിന്ദൂരപ്പൊട്ട് ഒലിച്ചിറങ്ങി മൂക്കുത്തിയുടെ തിളക്കത്തില്‍ തങ്ങിനിന്നു. കാറ്റില്‍ പാറുന്ന അവളുടെ താലിച്ചരടില്‍ അങ്കത്തട്ടില്‍ നിന്നുയര്‍ന്ന നനഞ്ഞ മണല്‍ത്തരികള്‍ പറ്റിപ്പിടിച്ചിരുന്നു. അവളുടെ കാലിനടിയിലെ ചെളിയില്‍, അല്പം മുമ്പ് കണ്ണന്റെ ജീവനറ്റ ശരീരത്തില്‍ നിന്നും ഒഴുകിയെത്തിയ ചോര വന്ന് തൊടുന്നുണ്ടായിരുന്നു.
വിശദീകരണങ്ങളോ ആശ്വാസവാക്കുകളോ അവിടെ ഉണ്ടായിരുന്നില്ല. കൊലയാളിയായ ആ യുവചേകവന് അവള്‍ക്കു മുന്നില്‍ ഒരു കുറ്റവാളിയെപ്പോലെ തലകുനിച്ചു. അവന്റെ നെഞ്ചിലെ മുറിവില്‍ നിന്നൊലിക്കുന്ന രക്തം അവളുടെ കാല്‍ക്കീഴിലെ ചെളിയില്‍ കലര്‍ന്നു. ആര്‍ക്കും വേണ്ടിയല്ലാതെ വീണുപോയ രണ്ട് ചോരത്തുള്ളികള്‍ ഒന്നായി.
പിന്നില്‍, ചോര വീണ ആ തുണ്ടുഭൂമിയുടെ അതിര്‍ത്തി അളക്കാന്‍ പ്രമാണിമാര്‍ അപ്പോഴും ആര്‍ത്തുവിളിച്ച് തര്‍ക്കിക്കുന്നുണ്ടായിരുന്നു. ആര്‍ത്തലയ്ക്കുന്ന പേമാരിയിലും, കരയാന്‍ മറന്ന ആ പെണ്ണിനും കുറ്റബോധത്താല്‍ തലകുനിച്ച പോരാളിക്കും ഇടയില്‍ കനത്ത ഒരു മൗനം മാത്രം ബാക്കിയായി. അവിടെ, കടത്തനാടന്‍ കാറ്റുപോലും ശ്വാസമടക്കി നിന്നു.
9447305669






