ബ്രോയ്‌ലര്‍ മനുഷ്യന്‍

‘അധ്യാപകരൊക്കെ ഒരു കവചത്തിനുള്ളില്‍ ജീവിക്കുന്നവരാണെന്ന് തോന്നിയിട്ടുണ്ട്… മുട്ടത്തോടിനുള്ളിലെ കോഴികളെപ്പോലെ” അനൂപ് ബ്രോയ്‌ലര്‍ കോഴിയോട് പറഞ്ഞു. തന്നോട് ഈ മനുഷ്യന്‍ ഇതൊക്കെ എന്തിനാണ് പറയുന്നതെന്ന് ആ പക്ഷി ചിന്തിച്ചു. ‘അവര്‍ തങ്ങള്‍ക്ക് ചുറ്റുമുള്ള മനുഷ്യരെയെല്ലാം അവരെക്കാള്‍ ബുദ്ധിയും വിവേകവും കുറഞ്ഞവരായി കാണുന്നു. കുട്ടികളോട് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുക വഴി അവര്‍ തങ്ങളുമായി ഇടപെടുന്ന എല്ലാവരെയും അനുസരിപ്പിക്കാനും ചൊല്പടിക്ക് നിര്‍ത്തുവാനും സദാ ശ്രമിക്കുന്നു’ ഈ വക തത്വചിന്തകളൊക്കെ സഹിക്കാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു എന്നോര്‍ത്ത് അങ്കലാപ്പിലായ കോഴിയെ സമാധാനിപ്പിക്കാന്‍ അനൂപ് കാര്യങ്ങള്‍ കുറച്ചു കൂടി വിശദീകരിച്ചു. ”ഞാനിപ്പോള്‍ ജോലി ചെയ്യുന്നത് ‘നൈഫ് ആന്‍ഡ് ഫോര്‍ക്’ എന്ന ഒരു മാംസക്കമ്പനിയിലാണ്. എന്നെ ഇന്റര്‍വ്യൂ ചെയ്തതും പിന്നീട് ഉദ്യോഗത്തിലേക്ക് തിരഞ്ഞെടുത്തവരുമായ കമ്പനി സൂപ്പര്‍വൈസര്‍മാര്‍, മുന്‍പ് അധ്യാപികമാരായിരുന്നുവെന്ന് ഇന്റര്‍വ്യൂ സമയത്ത് തന്നെ അവര്‍ എന്നോട് വെളിപ്പെടുത്തി. അക്കാരണത്താല്‍, ഞാന്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അവരുടെ ശാസനകളും നിയന്ത്രണങ്ങളൂം എന്നില്‍ മനഃപ്രയാസമുണ്ടാക്കരുതേയെന്ന് തമാശ കലര്‍ന്ന അപേക്ഷാ സ്വരത്തില്‍ പറഞ്ഞു. ഞാന്‍ ജോലി തുടങ്ങിയ അന്ന് മുതല്‍ എന്റെ എല്ലാ ചലനങ്ങളെയും ജോലി ചെയ്യുന്ന രീതികളെയുമെല്ലാം അവര്‍ സംശയദൃഷ്ടിയോടെ ആയിരുന്നു നോക്കിയിരുന്നത്. അവരുടെ പെരുമാറ്റത്തെക്കുറിച്ച് മുന്‍കൂര്‍ അറിയിച്ചിരുന്നത് കൊണ്ടായിരിക്കാം എനിക്കതില്‍ അലോസരമൊന്നും തോന്നിയതേയില്ല. ദീന്‍ദയാല്‍ ശര്‍മ്മ എന്ന ഒരാളാണ് കമ്പനിയുടെ മുതലാളി. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അയാള്‍ ഈ സ്ഥാപനം തുടങ്ങിയത്. അതിന് മുന്‍പ് അയാള്‍ നഗരത്തിലെ ഒരു പേര് കേട്ട വിദ്യാലയം നടത്തുകയായിരുന്നു. ജോലിയിലെ പിരിമുറുക്കവും സഹപ്രവര്‍ത്തകരുടെ പീഡനവും കാരണം ഒരു അദ്ധ്യാപിക ആ വിദ്യാലയത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ധനികനായ ശര്‍മ്മ പ്രശ്‌നങ്ങളെല്ലാം തന്റെ പണവും സ്വാധീനവുമൊക്കെ ഉപയോഗിച്ച് തേയ്ച്ച് മായ്ച്ചു കളഞ്ഞെങ്കിലും പിന്നീട് വിദ്യാലയത്തിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് കൊണ്ട് പോകാന്‍ അയാള്‍ക്ക് സാധിച്ചില്ല. അതേ കെട്ടിടത്തില്‍ അയാള്‍ തുടങ്ങിയതാണ് ഈ മാംസക്കമ്പനി. വിദ്യാലയത്തിന്റെ ബോര്‍ഡുകളില്‍ സ്‌കൂളിന്റെ പേര് മായ്ച്ച് മാംസക്കമ്പനിയുടെ പേരെഴുതി. കുട്ടികളെ സ്‌കൂളിലേക്കെത്തിക്കുകയും തിരികെ വീട്ടിലേക്ക് കൊണ്ട് ചെന്നാക്കുകയും ചെയ്തിരുന്ന ബസുകളുടെ നിറം മാറ്റി അവയില്‍ ജീവനുള്ളതും അല്ലാത്തതുമായ ജന്തുക്കളെ കമ്പനിയിലേക്ക് കൊണ്ട് വരുന്നതിനും അവയുടെ മാംസം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനും ഉപയോഗിച്ചു. വിദ്യാലയത്തില്‍ തന്റെ വിശ്വസ്തരായിരുന്ന ജീവനക്കാരെത്തന്നെ ശര്‍മ്മ പുതിയ സ്ഥാപനത്തിന്റെയും മുഖ്യചുമതലകളേല്‍പ്പിച്ചു. അങ്ങനെ മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാലതി ഇറച്ചിക്കമ്പനിയുടെ ചെയര്‍ പേഴ്സണും അവരുടെ കീഴില്‍ ലീല, ഉഷ, ലത എന്നീ അദ്ധ്യാപികമാര്‍ സൂപ്പര്‍വൈസര്‍മാരും ആയിത്തീര്‍ന്നു” കഴുത്തിലമരുന്ന ഒരു അറവുകത്തി മാത്രം സ്വപ്നം കണ്ട് കഴിയുന്ന തന്നെ ഈ കഥയൊക്കെ വിളമ്പി എന്തിനാണ് കൊല്ലാക്കൊല ചെയ്യുന്നതെന്ന് ബ്രോയ്‌ലര്‍ കോഴിയ്ക്ക് എത്ര ചിന്തിച്ചിട്ടും മനസിലായില്ല.

രാംലീലാ നഗര്‍ ബസ് സ്റ്റോപ്പിനരികിലുള്ള മുബാറക് എന്ന ഇറച്ചിക്കടയില്‍ നിന്ന് ഇന്ന് രാവിലെയാണ് അനൂപ് ബ്രോയ്‌ലര്‍ കോഴിയെ വാങ്ങിയത്. നല്ല ഗുണനിലവാരമുള്ള ഇറച്ചിക്കോഴിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് താന്‍ തൊഴിലനുഷ്ഠിക്കുന്ന കമ്പനി നല്‍കിയ പാഠങ്ങള്‍ ഓര്‍ത്തുകൊണ്ടാണ് അയാള്‍ ആ കടയിലെത്തിയത്.. അധികം വലുതോ അധികം ചെറുതോ അല്ലാത്ത ഇടത്തരം കോഴിയെ വേണം തിരഞ്ഞെടുക്കാന്‍. തൂവലുകള്‍ക്ക് നല്ല വെളുത്ത നിറവും വൃത്തിയും ഉണ്ടായിരിക്കണം. അടിവയറ്റിലും ചന്തിയിലുമുള്ള പൂട കൊഴിഞ്ഞു പോയ കോഴിയെ വാങ്ങരുത്. സര്‍വ്വോപരി ചുണയും ചുറുക്കും ഉള്ള ആരോഗ്യവാനായ, അത്യാവശ്യം ശബ്ദമൊക്കെ പുറപ്പെടുവിക്കുന്ന ഒരെണ്ണത്തിനെ വേണം പരിഗണിക്കാന്‍. കോഴിക്കാഷ്ടം മണക്കുന്ന കൂടിന് ചുറ്റും ഓരോ കോഴിയെയും ചൂഴ്ന്നു നോക്കിക്കൊണ്ട് വട്ടം തിരിയുന്ന അനൂപിനെ ഇറച്ചി വെട്ടുകാരന്‍ പയ്യന്‍ സാകൂതം നോക്കി. ഒടുവില്‍ മികച്ച ഒരു പക്ഷിയെ കണ്ടെത്താന്‍ ശ്രമിക്കുന്ന അയാളുടെ ശ്രദ്ധ ചെന്നു പതിഞ്ഞത് ഒരു കൂട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞു കൂടുന്ന വൃത്തിയും ആരോഗ്യവുമുള്ള കോഴിയിലേക്കാണ്. ‘സാറിനതിനെ ഇഷ്ടപ്പെട്ടോ?’ അറവുകാരന്‍ പയ്യന്‍ ചോദിച്ചു. ‘എന്നും നേരം വെളുക്കുമ്പോള്‍ കൂവി അറിയിക്കുന്ന കോഴിയാ…’ ‘പുലര്‍ച്ചെ കൂവുന്ന ബ്രോയ്‌ലര്‍ കോഴിയോ?’- അനൂപിന് പയ്യന്റെ വാക്കുകളില്‍ വിശ്വാസം തോന്നിയില്ല. ‘സത്യമായിട്ടും സാറേ… അതല്ലേ അതിനെ കൊല്ലാതെ പ്രത്യേകം കൂട്ടിലാക്കിയിരിക്കുന്നേ…’ അനൂപിന്റെ ഒരു ജാതി നോട്ടം ആ കോഴിയെ ഭയപ്പെടുത്തി. തന്റെ മരണം അടുത്തിരിക്കുന്നു എന്ന് അത് ഊഹിച്ചു. ഈ മനുഷ്യന്‍ ഒന്ന് മൂളിയാല്‍ മതി അറവുകാരന്‍ ചെക്കന്‍ തന്നെ ത്രാസിലിരുത്തി തൂക്കം നോക്കി വില പറഞ്ഞ ശേഷം കഴുത്തില്‍ കത്തിയമര്‍ത്തും. അതോടെ എല്ലാം കഴിഞ്ഞു. തന്റെ അന്ത്യം മനസിലോര്‍ത്ത് ആ കോഴി ഒന്ന് നീട്ടി കൂവി. ആ കൂവല്‍ ഒരു വിലാപം പോലെയായിരുന്നുവെങ്കിലും അനൂപിനത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ‘എനിക്കിതിനെ മതി’ പയ്യന്‍ കൂട് തുറന്ന് കോഴിയുടെ ഭാരമളന്നു. ‘കറിയ്‌ക്കോ ഫ്രൈക്കോ? അതോ ബിരിയാണിക്കോ?’ ‘ഇതിനെ കൊല്ലുകേം കണ്ണിക്ക്യേംന്നും വേണ്ട’ വില നല്‍കി കോഴിയെ ജീവനോടെ കൊണ്ട് പോകുന്ന ആ മനുഷ്യനെ നോക്കി അറവുകാരന്‍ ചെക്കന്‍ അന്തം വിട്ട് നിന്നു. ‘എന്താ എന്നെ കൊല്ലാത്തേ?’ അനൂപിന്റെ കയ്യിലിരുന്നുകൊണ്ട് കോഴി ചോദിച്ചു. ‘നിന്നെ ഞാന്‍ വളര്‍ത്താന്‍ തീരുമാനിച്ചു’ കോഴി ഒരു പരിഹാസച്ചിരിയുടെ ശബ്ദം പുറപ്പെടുവിച്ചു ‘അത് നടക്കില്ല മാഷേ’
‘അതെന്താ?’
‘ഞാനേ ബ്രോയിലറാ …അല്ലാതെ മുട്ടയിട്ട് പെരുകുന്ന നാടനല്ല’
‘നിനക്കും ജീവിക്കാന്‍ ആഗ്രഹമില്ലേ?’
‘വെറുതേ ആഗ്രഹിച്ചിട്ടെന്ത് കാര്യം? ഇറച്ചിക്ക് വേണ്ടിയാണ് നമ്മെ ഉല്‍പാദിപ്പിക്കുന്നത്. നാല്‍പ്പത് ദിവസങ്ങള്‍ക്കുള്ളില്‍ നമ്മുടെ കഴുത്ത് കണ്ടിച്ചിരിക്കും. കണ്ടിച്ചില്ലെങ്കിലും നമ്മള്‍ തനിയെ ചാവും… മാഷെന്നെ എവിടെ കൊണ്ടുപോകുന്നു?”
കോഴി ചോദിച്ചു.
”എന്റെ വീട്ടിലിട്ട് വളര്‍ത്താന്‍.”
”ഞാനൊരു ഇറച്ചിക്കോഴിയല്ലേ… എന്നെ ആരെങ്കിലും വളര്‍ത്തുമോ ?”
”നീ ഒരു കൂവുന്ന കോഴിയല്ലേ ? ഞാനൊന്നു വളര്‍ത്തി നോക്കട്ടെ”
”മാഷ് എത്ര ശ്രമിച്ചാലും എന്നെ വളര്‍ത്താന്‍ കഴിയില്ല. വളരെ കുറച്ച് ദിവസം മാത്രമാണ് എന്റെ ആയുസ്സ്. അതുകഴിഞ്ഞ് ഞാന്‍ കുഴഞ്ഞുവീണു ചാവും”
‘അതിന് മുന്‍പ് ചാവുന്നത് ഞാനാണെങ്കിലോ ?”
”അതെന്താ മാഷ് ആത്മഹത്യ ചെയ്യാന്‍ പോവുകയാണോ ?”
അയാള്‍ യാന്ത്രികമായി ചിരിച്ചു.
” ഈ മാഷ് പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല”
”ഞാന്‍ പറയുന്നത് നിനക്കെന്നല്ല ഈ ലോകത്തില്‍ ആര്‍ക്കും മനസ്സിലാകില്ല ‘
അനൂപും കോഴിയും വീട്ടിലെത്തി. എല്ലാം അടുക്കും ചിട്ടയോടും കൂടി വെച്ചിരിക്കുന്ന ഒരു വൃത്തിയുള്ള വീട്. എല്ലാ മുറികളിലും കയറിയിറങ്ങി നടന്നു നോക്കിയതിനുശേഷം കോഴി സ്വീകരണമുറിയിലെ ഒരു മേശപ്പുറത്ത് തന്റെ സ്ഥാനം ഉറപ്പിച്ചു.
”ഞാന്‍ ആദ്യം എന്റെ കഥ പറയും” അനൂപ് കോഴിയുടെ എതിര്‍വശത്തുള്ള കസേരയില്‍ ഇരുന്നു : ”മുക്കിയും കൂവിയുമൊക്കെ നീയത് ശ്രദ്ധിച്ച് കേള്‍ക്കണം. അതിന് ശേഷം തീരുമാനിക്കാം നീയാദ്യം മരിക്കുമോ ഞാനാദ്യം ചാവുമോ എന്നൊക്കെ…’
എന്താണ് മറുപടിയായി പറയേണ്ടതെന്ന് ഒരൂഹവുമില്ലാതെ കോഴി ഒരു
നിസ്സംഗഭാവത്തില്‍ ഇരുന്നു.
”പലതരം മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി എത്തിക്കാനുള്ള ഒരു ഫാക്ടറിയിലാണ് ഞാന്‍ ജോലി ചെയ്യുന്നതെന്ന് പറഞ്ഞല്ലോ…. പതിനേഴ് ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വലിയൊരു സ്ഥാപനമാണ് ‘നൈഫ് ആന്‍ഡ് ഫോര്‍ക്’ എന്ന ആ കമ്പനി. പക്ഷികളെയും മൃഗങ്ങളെയും അവയെ പരിപാലിക്കുന്ന കര്‍ഷകരില്‍ നിന്നും കമ്പനി നേരിട്ട് വാങ്ങി വാഹനങ്ങളില്‍ എത്തിക്കുന്നു. യന്ത്രങ്ങള്‍ ആ പ്രാണികളുടെ ജീവന്‍ വേദനാരഹിതമായി അപഹരിക്കുകയും തൂവല്‍, തൊലി, ആന്തരികാവയവങ്ങള്‍ എന്നിവ വേര്‍പെടുത്തി മാംസം അടുത്ത സെക്ഷനിലേക്ക് അയക്കുകയും ചെയ്യുന്നു. അവിടെയുള്ള യന്ത്രങ്ങള്‍ ആ മാംസം കഴുകി വൃത്തിയാക്കി തങ്ങളുടെ ജോലി പൂര്‍ത്തിയാക്കുന്നു. തൊട്ടടുത്ത സെക്ഷനില്‍ അവയെ വലിയ കഷണങ്ങളായി ഛേദിക്കുന്നു. അതിനടുത്തുള്ള സെക്ഷനില്‍ ഇറച്ചിയെ മനുഷ്യന് ഭക്ഷിക്കാന്‍ പരുവത്തിലുള്ള ചെറിയ കഷണങ്ങളായി മുറിക്കുകയും ഏറ്റവുമൊടുവില്‍ അളവ് നോക്കി പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കുകയും ചെയ്യുന്നു. ചെറിയ ഇറച്ചിക്കഷണങ്ങളെ പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കുന്ന വിഭാഗത്തിലെ മേല്‍നോട്ടക്കാരനാണ് ഞാന്‍”
‘മാഷേ …നിങ്ങളുടെ കഥ കേള്‍പ്പിക്കാനാണോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്? ഈ കഥ ഒരു മനുഷ്യനോട് പറയുന്നതല്ലേ നല്ലത്?’ കോഴി മുഷിവോടെ ചോദിച്ചു. ”കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ മരണം അടുത്തിരിക്കുന്നു എന്ന ഒരു തോന്നല്‍. നിന്റെ അതേ അവസ്ഥയിലൂടെയാണ് ഞാന്‍ ഇപ്പോള്‍ കടന്ന് പോകുന്നത്. അത് കൊണ്ടാണ് നിന്നോട് എന്റെ കഥ പങ്ക് വെയ്ക്കണമെന്ന് തോന്നിയത്. ങ്ഹാ…അപ്പോള്‍ ഞാന്‍ എവിടെയാണ് പറഞ്ഞ് നിര്‍ത്തിയത്?
അതെ…ഞാന്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ആ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ കമ്പനി എന്റെ സ്ഥാനത്തേക്ക് മറ്റൊരു ചെറുപ്പക്കാരനെ നിയമിക്കുകയും ജോലിയില്‍ അയാള്‍ക്ക് വേണ്ട പരിശീലനം ഒക്കെ നല്‍കാന്‍ എന്നെത്തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. അത് കൊണ്ട് എന്നെ കൊന്നു കളയലാണ് അവരുടെ അടുത്ത ലക്ഷ്യം എന്ന് എനിക്ക് തോന്നുന്നു” ”നിങ്ങള്‍ക്ക് ഈ ജോലി ഉപേക്ഷിച്ചു കൂടേ ?” ”ജോലി രാജിവെക്കുന്നതിനെ കുറിച്ച് ഞാന്‍ പലയാവര്‍ത്തി ചിന്തിച്ചു. പക്ഷേ എന്നെക്കൊണ്ട് അതിന് കഴിയുന്നില്ല. കാരണം തൊഴില്‍ മേഖലകള്‍ ഒക്കെ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് എനിക്ക് മറ്റൊരു ജോലി കിട്ടാന്‍ സാധ്യതയില്ല. ജോലിയില്ലാത്തവനായി നാട്ടിലേക്ക് തിരിച്ചു ചെന്നാല്‍ എന്നെ ആശ്രയിച്ച് കഴിയുന്ന ബന്ധുക്കളുടെ ശാപശകാരങ്ങള്‍ക്ക് ഇരയാവേണ്ടിവരും. അതിനേക്കാള്‍ നല്ലത് ചാവുന്നതാ…” ”മാലതിയുടെ മേല്‍നോട്ടത്തില്‍ സ്ഥാപനത്തിന്റെ കച്ചവടം മുതലാളി പ്രതീക്ഷിച്ചതിലേറെ അഭിവൃദ്ധിപ്പെട്ടു. ഇതേ കച്ചവടം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങളെ അനായാസം മറികടക്കാന്‍ നമ്മുടെ സ്ഥാപനത്തിന് കഴിഞ്ഞിരിക്കുന്നു. ഓണ്‍ലൈനായി മാംസക്കച്ചവടം നടത്തുന്ന ഒന്‍പത് കമ്പനികള്‍ ഈ പട്ടണത്തില്‍ ഉണ്ടായിരുന്നു. നഷ്ടം കാരണം അവയില്‍ നാലെണ്ണം അടച്ചുപൂട്ടി. മറ്റുള്ളവരുടെയും ഉത്പാദനം കുറഞ്ഞ് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ കമ്പനിയുടെ മുതലാളി ഒരു വീഗാന്‍ അഥവാ സസ്യഭുക്കാണ്. മാംസം ഉപേക്ഷിച്ച് സസ്യഭുക്കുകള്‍ ആവാന്‍ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന ഒരു സംഘടനയുടെ മേലധികാരി കൂടിയാണ് അയാള്‍. മാംസം കഴിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും സസ്യാഹാരിയായി തീര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന ഗുണങ്ങളെ കുറിച്ചും അയാള്‍ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. മറ്റ് മാംസസ്ഥാപനങ്ങളുടെ തളര്‍ച്ചയ്ക്ക് കാരണം അയാളുടെ ഈ പ്രവര്‍ത്തനങ്ങള്‍ ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ നമ്മുടെ സ്ഥാപനത്തിലെ ഇറച്ചി വില്പനയില്‍ സംഭവിച്ചുകൊണ്ടിരുന്ന ഗണ്യമായ ഉയര്‍ച്ച മറ്റു ചില സംശയങ്ങളിലേക്ക് എന്നെ കൊണ്ടെത്തിച്ചു. ശ്യാം എന്നൊരു ചെറുപ്പക്കാരനായിരുന്നു ഞാനിപ്പോള്‍ ജോലി ചെയ്യുന്ന തസ്തികയില്‍ മുന്‍പ് ജോലി ചെയ്തിരുന്നത്. അയാളാണ് എനിക്ക് പരിശീലനം നല്‍കിയത്. ശാന്തസ്വഭാവമുള്ള ഒരു നല്ല മനുഷ്യനായിരുന്നു ശ്യാം. ഒരാഴ്ചക്കുള്ളില്‍ത്തന്നെ അയാള്‍ എന്റെ സുഹൃത്തായി മാറി. അങ്ങനെ പറയത്തക്ക ബന്ധുക്കളൊന്നും ഇല്ലായിരുന്ന അയാള്‍ ഒരു അനാഥാലയത്തിലാണ് വളര്‍ന്നത്. കിട്ടുന്ന ശമ്പളം അയാള്‍ അനാഥാലയത്തിലെ മറ്റു കുട്ടികള്‍ക്കായി വിനിയോഗിച്ചു.”
ഞങ്ങള്‍ പരസ്പരം സ്നേഹിക്കാന്‍ തുടങ്ങി. അങ്ങനെയിരിക്കെ ഒരിക്കലും അവധിയെടുക്കുന്ന ശീലമില്ലാത്ത ശ്യാം ഒരു ദിവസം കമ്പനിയിലേക്ക് വന്നില്ല. മൊബൈലില്‍ വിളിച്ചു നോക്കിയപ്പോള്‍ സ്വിച്ച് ഓഫ്. മെസ്സേജുകള്‍ അയച്ചു നോക്കിയിട്ടും ഫലം ഉണ്ടായില്ല. തുടര്‍ന്നുള്ള ദിനങ്ങളിലും ശ്യാം വന്നതേയില്ല. കമ്പനി വിട്ട ശേഷം അവന്റെ താമസസ്ഥലത്ത് പോയി അന്വേഷിക്കാന്‍ ഞാന്‍ തീര്‍ച്ചപ്പെടുത്തിയ ദിവസം തന്നെ, ശ്യാം വസിക്കുന്ന അനാഥാലയത്തിന്റെ മേല്‍നോട്ടക്കാരനായ ഫാദര്‍ റെജി ജോര്‍ജ് കമ്പനിയില്‍ എത്തി. അദ്ദേഹവും ശ്യാമിന്റെ തിരോധാനത്തില്‍ അസ്വസ്ഥനായിരുന്നു. ശ്യാമിന്റെ വിവരങ്ങള്‍ റെജിയച്ചന്‍ മാലതിയോട്
തിരക്കി. അവര്‍ അച്ചനെ സൂപ്പര്‍വൈസറായ ഉഷയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു. ശ്യാം ഒരു മുന്നറിയിപ്പും കൂടാതെയാണ് കമ്പനിയിലേക്കുള്ള വരവ് മുടക്കിയതെന്നും തങ്ങള്‍ക്കും അയാളുടെ തിരോധാനത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും പറഞ്ഞ ഉഷയുടെ പെരുമാറ്റത്തില്‍ എനിക്ക് എന്തോ പന്തികേട് തോന്നി. സംശയങ്ങള്‍ എന്നെ കമ്പനിയിലെ എല്ലാ മുക്കിലും മൂലയിലും പരിശോധിക്കാന്‍ പ്രേരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും പിന്‍വശത്തുള്ള കെട്ടിടത്തില്‍ പഴകിയതും ഉപയോഗശൂന്യവുമായ മാംസം കത്തിച്ചുകളയുന്ന യൂണിറ്റ് ആണ് പ്രവര്‍ത്തിക്കുന്നത്. അഴുകിയ മാസം കത്തിക്കരിയുന്ന അസഹ്യമായ ദുര്‍ഗന്ധം കാരണം അങ്ങോട്ടേക്ക് അവിടെ ജോലി ചെയ്യുന്നവരല്ലാതെ മറ്റാരും പോകാറില്ല. ആ കെട്ടിടത്തിന്റെ ഒരു വശത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തില്‍ നിന്നും ശ്യാമിന്റെ കത്തിക്കരിഞ്ഞ വസ്ത്രങ്ങളുടെയും ഷൂസുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തി
ചാണ്ടി എന്നൊരു മുഴുക്കുടിയനായ വൃദ്ധനായിരുന്നു അഴുകിയ ഇറച്ചി സംസ്‌കരിക്കുന്ന യൂണിറ്റിലെ മേല്‍നോട്ടക്കാരന്‍. മദ്യം വാങ്ങിക്കൊടുത്ത് ഞാന്‍ അയാളുമായി ചങ്ങാത്തത്തിലായി. തിരോഭവിച്ച കൂട്ടുകാരനെ കുറിച്ചുള്ള അന്വേഷണം എന്നെക്കൊണ്ടെത്തിച്ചത് ആ കമ്പനിയിലെ അവിശ്വസനീയമായ കഥകളിലേക്കാണ്. ചുരുങ്ങിയ കാലം കൊണ്ട് മറ്റ് മാംസോല്‍പ്പാദന കമ്പനികളെ പിന്നിലാക്കി ‘നൈഫ് ആന്‍ഡ് ഫോര്‍ക്’ ഒന്നാം സ്ഥാനത്ത് എത്തിയത് അവര്‍ ഉപഭോക്താവിന് നല്‍കുന്ന ഇറച്ചിയുടെ ഗുണനിലവാരം കൊണ്ടാണ് എന്നാണ് പൊതുവായ ധാരണ. തങ്ങളുടെ എതിരാളികളെക്കാളും രുചി കൂടുതലുള്ള മാംസം നല്‍കുന്നതിന് പിന്നില്‍ അധികമാര്‍ക്കും അറിയാത്ത ഒരു രഹസ്യമുണ്ട്. ഉപഭോക്താക്കളുടെ തീന്‍മേശയില്‍ എത്തുന്ന രുചികരമായ ഭക്ഷണത്തില്‍ കമ്പനിയിലെ ജീവനക്കാര്‍ മനുഷ്യമാംസം ചേര്‍ത്തിരുന്നു. ശ്യാമിനെപ്പോലെയുള്ള അവിടെ ജോലി ചെയ്യാനെത്തുന്ന അനേകം ചെറുപ്പക്കാരുടെ ഇളം മാംസമാണ് ഈ കമ്പനിയുടെ അല്‍ഭുതാവഹമായ വളര്‍ച്ചയ്ക്ക് കാരണം. ഏറെ വൈകാതെ തന്നെ എന്റെ മാംസവും വിവിധതരം മസാലകള്‍ ചേര്‍ത്ത് ഈ നഗരത്തിലെ ഇറച്ചിക്കൊതിയന്‍മാരുടെ തീന്‍മേശപ്പുറത്തെത്തും. എന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്ന വിവരം എനിക്കുറപ്പായത് സൂപ്പര്‍വൈസര്‍മാരായ ലീല, ഉഷ, ലത എന്നിവരുടെ പെരുമാറ്റത്തിലെ പുതുമകള്‍ അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ്. ആ മൂന്ന് മധ്യവയസ്‌കകളും എന്നോട് അളവില്‍ക്കവിഞ്ഞ് സ്നേഹം പ്രകടിപ്പിക്കാന്‍ തുടങ്ങിയിരുന്നു. പതിവില്ലാതെയുള്ള കുശലാന്വേഷണങ്ങള്‍, എന്റെ വ്യക്തിത്വത്തില്‍ സ്വതവേ ഉണ്ടായിരുന്ന ശാന്തപ്രകൃതത്തെ സ്തുതിച്ചുള്ള വര്‍ത്തമാനം, ഞാന്‍ ജോലിയില്‍ വരുത്തിയിരുന്ന ചെറിയ വീഴ്ചകളെ ചൂണ്ടിക്കാട്ടിയുള്ള വാത്സല്യം കലര്‍ന്ന പരിഭവപ്പെടലുകള്‍ എന്നിവ വരാനിരിക്കുന്ന ഒരു വലിയ വിപത്തിന്റെ സൂചനകളായി എനിക്കനുഭവപ്പെട്ടു തുടങ്ങിരിയിരുന്നു. ശീതീകരിക്കപ്പെട്ട ഭിത്തികള്‍ക്കുള്ളിലെവിടെയോ അരങ്ങേറാനിരിക്കുന്ന എന്റെ മരണം ഞാന്‍ വിഭാവനം ചെയ്ത് തുടങ്ങി. കമ്പനിയുടെ വലതു വശത്തുള്ള ആദ്യത്തെ വിശാലമായ മുറി ഒരു കൊലക്കളമായിരുന്നു. അതിന്റെ ഇടുങ്ങിയ വാതിലിനുള്ളിലൂടെ കടത്തി വിടുന്ന ജന്തുക്കള്‍ ഒരിടനാഴിയിലൂടെ നടന്ന് മുറിയുടെ ഒത്ത മധ്യത്തിലെത്തുന്നു. ഉടന്‍ തന്നെ രണ്ട് വലിയ ലോഹ ക്ലിപ്പുകള്‍ ഇരുവശത്തു നിന്നും ജന്തുവിനെ തളയ്ക്കുകയും മേല്‍പ്പോട്ടുയര്‍ത്തുകയും ചെയ്യുന്നു. ജന്തു ഭീതിയോടെ കാലുകള്‍ ചലിപ്പിക്കുകയും മോങ്ങുകയും ചെയ്യും. അപ്പോള്‍ അതിനെ അടുത്ത മുറിയിലേക്ക് പ്രവേശിപ്പിക്കുകയും അതിനെ തളച്ചിരിക്കുന്ന ക്ലിപ്പുകളില്‍ വൈദ്യുതി കടത്തി വിട്ട് ഒരു സെക്കന്റ് കൊണ്ട് വധിക്കുകയും ചെയ്യുന്നു. വേദനാരഹിതമായ സുഖകരമായ മരണം.”
‘കഴുത്തിലെ ഞരമ്പുകള്‍ മൂര്‍ച്ചയുള്ള കത്തിയാല്‍
മുറിയ്ക്കപ്പെടുന്നതിനേക്കാള്‍ ഭേദമല്ലേ അത്?’ ബ്രോയ്‌ലര്‍ കോഴി ഒരല്പം സന്ദേഹം കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.
‘ആയിരിക്കാം…പക്ഷേ എന്തു കൊണ്ടോ ഞാന്‍ ആ കമ്പനിക്കുള്ളില്‍ വെച്ച് ചാവാന്‍ ആഗ്രഹിക്കുന്നില്ല.’
‘പിന്നെ?’
‘എനിക്ക് എന്റെ മാംസം മറ്റൊരാളുടെ ഭക്ഷണമാകുന്നത് ഓര്‍ക്കാനേ വയ്യ. അതെങ്ങനെയെങ്കിലും തടയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അതൊരിക്കലും നടക്കില്ലെന്നെനിക്കറിയാം. ഞാന്‍ ആത്മഹത്യ ചെയ്താലും അപകടത്തില്‍പ്പെട്ട് ചത്താലും എന്റെ ശരീരം അവര്‍ കൊണ്ട് പോയി മറ്റ് ജന്തുക്കളുടെ ഇറച്ചിയോടൊപ്പം ചേര്‍ത്ത് വിതരണം ചെയ്യും. അത് തടയാനാവില്ലെന്ന് എനിക്കറിയാം.എന്തായാലും അവരെന്നെ അധികനാള്‍ ജീവിക്കാന്‍ വിടില്ല. ഇപ്പോള്‍ ഞാനിരിക്കുന്ന ഈ വീടിന്റെ പരിസരത്തെവിടെയെങ്കിലും അവരുടെ ചാരന്മാരുണ്ടാവും. എന്റെ മരണം ഉറപ്പാവുന്നത് വരെ അവര്‍ എന്റെ ഓരോ നീക്കങ്ങളും കമ്പനിയെ അറിയിച്ചു കൊണ്ടിരിക്കും. ധര്‍മസങ്കടം ആ മുറിയില്‍ നിറഞ്ഞു.ഒരു പോംവഴിയോതിക്കൊടുക്കാനാവാതെ ബ്രോയ്‌ലര്‍ കോഴി നിശബ്ദനായി ചിന്തകളില്‍ മുഴുകി ഇരുന്നു. ‘നോക്കൂ മാഷേ …നിങ്ങളുടെ മുന്നില്‍ മരണത്തിലേക്ക് രണ്ട് വഴികളാണുള്ളത്. ഏത് വഴിയിലൂടെ നിങ്ങള്‍ മരണത്തെ പ്രാപിച്ചാലും നിങ്ങളുടെ മാംസം തീന്‍ മേശയിലെത്തും. അത് തടയാന്‍ നിങ്ങളെക്കൊണ്ടാവില്ല.
‘എന്റെ മാംസം വിറ്റ് അവറ്റകള് കാശുണ്ടാക്കേണ്ടാ…എനിക്കത്രേയുള്ളൂ’
‘എന്നാലൊരു കാര്യം ചെയ്യ്…എന്നോടൊപ്പം ഇറച്ചിക്കടയിലേക്ക് പോര്
…മാഷിന്റെ കാര്യം എന്റെ മുതലാളി നോക്കിക്കൊള്ളും’
‘നിന്റെ മുതലാളിയോ? ആ പയ്യനോ?’
‘അവനല്ല…അവന്റെ തന്ത…അയാടെ പേരൊന്നും എനിക്കറിയില്ല. മാഷ് അവിടെ ഒരു കൂട്ടില് കെടന്നോ…അവിടെ വന്ന് ഒരുത്തനും മാഷിന്റെ ദേഹത്ത് തൊടില്ല.’ അനൂപ് ചിന്തയിലാണ്ടു. കോഴി പറഞ്ഞ ഉപായം തരക്കേടില്ല. ആ വൃത്തികെട്ട കമ്പനിക്ക് ലാഭമുണ്ടാക്കുന്നതില്‍ പങ്കാളിയാവുന്നതിനേക്കാള്‍ ഏതെങ്കിലുമൊരു അപരിചിതനായ കച്ചവടക്കാരന്‍ തന്റെ ഇറച്ചി വിറ്റ് കൊള്ളട്ടെ. അപ്പോഴേക്കും ബ്രോയ്‌ലര്‍ കോഴി വീട്ടുമുറ്റത്തേക്കിറങ്ങിയിരുന്നു. ഏറെ നേരമായി താങ്ങി നിര്‍ത്തിയിരുന്ന ഒരു നുള്ള് കാഷ്ടം മുറ്റത്തിട്ട ശേഷം അതിറങ്ങി നിരത്തിലേക്ക് നടന്നു. ഇടയ്ക്കൊന്ന് തിരിഞ്ഞ് നോക്കി അയാള്‍ തന്നെ അനുഗമിക്കുന്നുവെന്ന് കോഴി ഉറപ്പാക്കി.

Author

29 Views
Scroll to top
Close
Browse Categories