ഫ്യൂഷന്‍ ലിറ്ററേച്ചറും മൈക്രോയിസവും
സാഹിത്യ കലയിലെ വന്‍ മാറ്റങ്ങളാണ് വരാന്‍ പോകുന്ന ഭാവിയില്‍ വിനോദത്തിനുള്ള ഉല്‍പ്പന്നങ്ങളാകാന്‍ പോകുന്നത്. അവിടെ ബുദ്ധിപരമായ വിഭവങ്ങളെ വിപണനപരമായ വിഭവങ്ങള്‍ ആക്കി തീര്‍ക്കുന്നത് അവയുടെ ഫ്യൂഷന്‍ നിര്‍മ്മിതിയും മൈക്രോ നിര്‍മിതിയും ആണ്.ഓട്ടോമേഷനും ഡിജിറ്റല്‍ ജീവിതശൈലിയും പ്രാബല്യത്തില്‍ വരും മുന്‍പേ തന്നെ ഫ്യൂഷന്‍ ലിറ്ററേച്ചറിന്റെ സാധ്യതകള്‍ ആരംഭിച്ചിട്ടുണ്ട്.
കലയില്‍ ഇനി വെസ്റ്റേണ്‍ ബ്രാന്‍ഡ് എന്നുള്ള ഗ്ലാമര്‍ പദത്തിന് അര്‍ത്ഥം തീരെ ശോഷിക്കാന്‍ പോവുകയാണ്. എന്തിനും ഏതിനും പടിഞ്ഞാറോട്ട് നോക്കുക, അവിടെ നിന്നുള്ള കലാവസ്തുക്കള്‍ ഗംഭീരവും മേന്മയേറിയതുമാണെന്ന വിശ്വാസത്തെ സ്ഥാപിച്ചെടുക്കുക തുടങ്ങിയ കലയുടെ വന്യ വിപണനങ്ങള്‍ക്ക് വ്യാപനം ഏതാണ്ട് കുറഞ്ഞ മട്ടാണിപ്പോള്‍. കലയിലെ ഈ റിവേഴ്സ് അര്‍ബനൈസേഷന്‍ വഴിയൊരുക്കുന്നത് ഫ്യൂഷന്‍ ലിറ്ററേച്ചറും അതിന്റെ മൈക്രോവ്യവഹാരവുമാണ്.
ഭാഷയ്ക്ക് നെടുനാളത്തെ ഇമ്മ്യൂണിറ്റി നല്‍കുന്നത് ഇനി ഫ്യൂഷന്‍ മട്ടിലുള്ള സര്‍ഗാത്മക ഇടപെടലുകളും മൈക്രോ നിര്‍മ്മിതികളുമായിരിക്കും. വിവിധ ഭാഷകളിലെ ലിപികള്‍ ഇനി സര്‍ഗാത്മക ഉത്പാദകന് വെറും മോഡലുകള്‍ മാത്രമാണ്. ഭാഷയുടെ സ്റ്റാറ്റിസ്റ്റിഷന്മാരും അവയുടെ രോഗചരിത്ര വിദഗ്ധരും ഇപ്പോള്‍ ഇത് സമ്മതിച്ചു തുടങ്ങിയിട്ടുണ്ട്. കലയോട് ഒരു സാമൂഹിക അകലം ഉണ്ടാകാതിരിക്കാന്‍ കലയുടെ ഫ്യൂഷന്‍ നിര്‍മിതി എളുപ്പത്തില്‍ നടപ്പിലായേക്കാം. ദൃശ്യ ഇലാസ്തികതയുടെ കാലത്തിലെ അരങ്ങുകള്‍ ഈ ഫ്യൂഷന്‍ നിര്‍മിതിയുടേതായി മാറിയത് പോലെ തന്നെ സാഹിത്യത്തിലും ഇത് എളുപ്പത്തില്‍ സംഭവിക്കുന്ന ഒന്നായി മാറും.

സാഹിത്യ കലയിലെ വന്‍ മാറ്റങ്ങളാണ് വരാന്‍ പോകുന്ന ഭാവിയില്‍ വിനോദത്തിനുള്ള ഉല്‍പ്പന്നങ്ങളാകാന്‍ പോകുന്നത്. അവിടെ ബുദ്ധിപരമായ വിഭവങ്ങളെ വിപണനപരമായ വിഭവങ്ങള്‍ ആക്കി തീര്‍ക്കുന്നത് അവയുടെ ഫ്യൂഷന്‍ നിര്‍മ്മിതിയും മൈക്രോ നിര്‍മിതിയും ആണ്.ഓട്ടോമേഷനും ഡിജിറ്റല്‍ ജീവിതശൈലിയും പ്രാബല്യത്തില്‍ വരും മുന്‍പേ തന്നെ ഫ്യൂഷന്‍ ലിറ്ററേച്ചറിന്റെ സാധ്യതകള്‍ ആരംഭിച്ചിട്ടുണ്ട്. ഫ്രാന്‍സ് കാഫ്കയുടെ മൈക്രോ കഥകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത് കാഫ്കയുടെ തന്നെ വരകളോടുകൂടിയായിരുന്നു. അതിന്റെ തുടര്‍ച്ചകളാണ് നാം പിന്നീട് ബെന്‍ ഓക്രിയുടെ ‘The Magic Lamp’ ലും ഹറുകി മുറകാമിയുടെ ‘Super Frog Saves Tokyo’ ലും കാണുന്നത്. Before the law,Children on a country road, The sudden walk, The married couple തുടങ്ങിയ നിരവധി കഥകള്‍ക്ക് കാഫ്കയുടെ തന്നെ ചിത്രങ്ങള്‍ ചേര്‍ത്ത് പ്രസിദ്ധീകൃതമായിട്ടുണ്ട്. സാഹിത്യ ഉല്‍പ്പന്നങ്ങളുടെ ഇത്തരം ഫ്യൂഷന്‍ നിര്‍മ്മിതികള്‍ പോലെ തന്നെ പ്രധാനമാണ് കഥയും കവിതയും ഒന്നായിത്തീരുന്ന വാക്കുകളുടെ ഫ്യൂഷനും. ജിബ്രാന്,റൂമി,റാബിയ,അന്തോണിയോ പോര്‍ച്ചിയ തുടങ്ങിയ എഴുത്തുകാര്‍ തീര്‍ത്ത വാക്കുകളുടെ ഫ്യൂഷനെ നാം ഏത് ഗണത്തില്‍ നിര്‍ത്തി വായിക്കും എന്നതും ചോദ്യചിഹ്നമാണ്. സാഹിത്യോത്പാദകന് എളുപ്പത്തില്‍ അഡ്മിഷന് കിട്ടുന്ന സ്ഥലം ഇനി ഫ്യൂഷന്‍ ലിറ്ററേച്ചറും മൈക്രോയിസവും ആയിരിക്കും. അപ്പോള്‍ മാത്രമേ എഴുത്തുകാരന്റെ അധികാരശ്രേണിയും അതോടൊപ്പം പടിപടിയായി സംഭവിക്കുന്ന തരംതിരിക്കലും അസ്തമിക്കുകയുള്ളൂ.
ഫ്യൂഷന്‍ ലിറ്ററേച്ചറും
ഫിക്ഷനും
കലയില്‍ അഥവാ സാഹിത്യത്തില്‍ ചിരസ്ഥായീയത എന്ന തിളക്കമാര്‍ന്നതും മോടി നല്‍കുന്നതുമായ വിശേഷണത്തിന് ഇളക്കം വന്നു ഭവിച്ചിട്ടുണ്ട്. സാഹിത്യ കമ്പോളത്തില്‍ ഇനി സസ്റ്റൈനബിള്‍ എന്റര്‍പ്രൈസ് അവാര്‍ഡുകള്‍ കമ്മിയാകുന്ന കാലമാണ് വരാന്‍ പോകുന്നത്. മലയാളത്തിലെ ഫിക്ഷന്റെ കലയില്‍ ഫ്യൂഷന്‍ ലിറ്ററേച്ചറിന്റെയും മൈക്രോയിസത്തിന്റെയും സാധ്യതകള്‍ ഏറി വരികയാണ്. മുമ്പുണ്ടായിട്ടുള്ള ബൃഹദാഖ്യാനങ്ങളുടെ ഫോസില്‍ ഇന്ധനത്തില്‍ നിന്ന് തന്നെയാണ് ഭാഷയുടെ ഈ പുതിയ ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. അതിനു നിരവധി ഉദാഹരണങ്ങള്‍ മലയാളത്തില്‍ തന്നെയുണ്ട്.അതിലോലവും നേര്‍ത്തതും സുകുമാരവുമാണ് പല ഫിക്ഷന്‍ നിര്‍മ്മിതികളും. ഒരേസമയം വാക്കിന്റെയും വരയുടെയും ഫ്യൂഷനാണത്. കലയിലെ ശക്തമായ അതി നിയമങ്ങളുടെ ലംഘനങ്ങള്‍ കൊണ്ടേ ഇത്തരം വിധികള്‍ നടപ്പിലാക്കാനാവു. ബ്യഹദാഖ്യാനങ്ങളുടെ ആജ്ഞാനുവര്ത്തിത്വത്തിനും സ്വീകൃതിക്കും നിന്നു കൊടുക്കാത്ത ചില ഫിക്ഷനുകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. എം.നന്ദകുമാറിന്റെ ‘നിലവിളിക്കുന്നിലേയ്ക്കുള്ള കയറ്റം ‘ എന്ന മൈക്രോഫിക്ഷന്‍ കെ ഷെരീഫിന്റെ വരകൊണ്ടു കൂടിയാണ് ശ്രദ്ധേയമാകുന്നത്. ഗ്രാമീണമായ ഒരു സ്ഥലനാമോല്പ്പത്തിയാണിത്. ജാരസംസര്‍ഗ സംശയത്തില്‍ നിന്നുണ്ടാകുന്ന കൊലപാതകത്തില്‍ എത്തപ്പെടുന്ന ഇതിലെ ആഖ്യാനതന്ത്രം ജീവിതത്തിനും മരണത്തിനുമിടയിലെ സര്‍പ്പിള സമയത്തെയും ഇരുള് ലോകത്തെയുമാണ് ആഖ്യാനപ്പെടുത്തുന്നത്. വരയുടെയും വരിയുടെയും സംഗമസ്ഥാനങ്ങള്‍ നിരവധിയുള്ള ഈ മൈക്രോ ഫിക്ഷന്‍ ഫ്യൂഷന്‍ ലിറ്ററേച്ചറിനുള്ള മികച്ച ഉദാഹരണമാണ്. നോവലിന്റെ ഉള്ത്തടത്തില് ഇതിന്റെ ഭാഷയ്ക്കുള്ളത് കവിതയുടെ സൗന്ദര്യ ശിക്ഷണമാണ്. ഇതിലെ ഷെരീഫിന്റെ പാമ്പിന് വരകള്‍ ഫ്യൂഷന്‍ ലിറ്ററേച്ചറിന്റെ സമീപഭാവിക്ക് വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിടുന്നവയാണ്. സക്കറിയയുടെ മൈക്രോ ഫിക്ഷനായ ‘അയ്യപ്പത്തിന്തകത്തോം’ ശ്രദ്ധേയമാകുന്നത് സുനില്‍ അശോകപുരത്തിന്റെ വരകള്‍ കൊണ്ട് കൂടിയാണ്. ഇത് ഫ്യൂഷന്‍ ലിറ്ററേച്ചര്‍ ആണെന്നതിന്റെ മറ്റൊരു കാരണം കൂടി ചൂണ്ടിക്കാട്ടാം : ഡോക്ടര്‍ വി സി ക്ലീന്ക്ലസ്സിന്റെ ‘സ്വതന്ത്ര ഭാരതത്തിന്റെ സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍’ എന്ന കൃതിയുടെ ഭാഗങ്ങളും അദ്ദേഹം തന്നെ എഴുതിയ ഒരു ലഘുലേഖയുടെ പൂര്‍ണ്ണരൂപവും ആണ് അയ്യപ്പത്തിന്തകത്തോം എന്ന കൃതിയില്‍ ഉപയോഗിച്ചിരിക്കുന്നത്. എഴുത്തുകാരന് തന്റെ രചനയ്ക്കായി മറ്റൊരാള്‍ ഉപയോഗിച്ച പലതിനെയും ഉടച്ചെടുത്തു പുനര്‍നിര്‍മിക്കുന്നതിനെ നാം സ്വകാര്യ വ്യാകരണമായി കാണുന്നതിന് പകരം കോപ്പി എന്നൊക്കെപ്പറഞ്ഞ് ഇകഴ്ത്തുകയാണ് പതിവ്. ഇനിയുള്ള കാലം ഫിക്ഷന്റെ ഭ്രൂണത്തെ വേവിച്ചെടുക്കാന്‍ ഈ ഫ്യൂഷന്‍ അനിവാര്യമാണ്. അരവിന്ദ് വട്ടംകുളത്തിന്റെ ചിത്രീകരണത്തോടെയാണ് ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ‘ഹിരണ്യം’ എന്ന മൈക്രോ നോവല്‍ വായനക്കാരിലേക്ക് എത്തിയത്. ഇതും വരയുടെയും വരിയുടെയും ഫ്യൂഷനാണ്. ഇവിടെ ഫിക്ഷന്‍ എന്ന എന്‍ഡ് പ്രോഡക്റ്റ് അംശങ്ങളുടെ ആകെത്തുകയേക്കാള്‍ കൂടുതലായി മാറുന്നത് അതിന്റെ ഫ്യൂഷന്‍ സ്വഭാവം കൊണ്ടാണ്.

ഫ്യൂഷന്‍ ലിറ്ററേച്ചറും
പൊയട്രിയും
ഭാഷയുടെ ഊര്‍ജ്ജസ്രോതസ്സിനെ ശരിക്കും ചൂഷണം ചെയ്ത് കലയുടെ വൈദ്യുതി കൂടുതലായി ഉല്പാദിപ്പിക്കുന്നത് ഫ്യൂഷന്‍ പൊയട്രിയാണ്. ദ്വന്ദ്വ മുഖമുള്ള അക്ഷരോല്പന്നമാണ് പൊയട്രി ജനുസില്‍പ്പെട്ട ഈ ഫ്യൂഷന്‍ ലിറ്ററേച്ചര്‍. കഥയാണോ കവിതയാണോ എന്ന് തിരിച്ചറിയാനാവാത്ത മട്ടില്‍ ഭാഷയുടെ ഒരു ജൈവ റിയാക്ടര്‍ പ്ലാന്റ് തീര്‍ക്കാന്‍ പൊയട്രിക്കുള്ളിലെ ഫ്യൂഷന്‍ ലിറ്ററേച്ചറിന്റെ സാന്നിധ്യത്തിന് ആവുന്നു. ആസ്വാദനത്തിന്റെ പുതിയൊരു സൗരോര്ജ്ജനിര്മ്മിതി സ്ഥാപിക്കുന്ന തിരക്കിലാണ് കവിതയിലെ ഫ്യൂഷന്‍ നിര്‍മ്മാതാക്കള്‍.. ചിരസ്ഥായിയായ ഈ ഭാഷാ വികാസം ഉദ്ദിഷ്ട സംവിധാനം ആവിഷ്കരിക്കുക മാത്രമല്ല ചെയ്യുന്നത് മറിച്ച്, ഭാഷയില്‍ സംഭവിക്കാന്‍ ഇടയുള്ള മാലിന്യങ്ങളില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തുന്നുണ്ട്.വാക്കുകളുടെ ഫ്യൂഷനെ മാജിക്കലായി ചിട്ടപ്പെടുത്തിയ അന്തോണിയോ പോര്‍ച്ചിയയുടെ ഒരേ ഒരു കൃതിയാണ് ‘ശബ്ദങ്ങള്‍’. വി രവികുമാര്‍ മലയാളത്തിലേക്ക് ശ്വാസപ്പെടുത്തിയ അന്തോണിയോ പോര്‍ച്ചിയയുടെ ശബ്ദങ്ങളില്‍ നിന്നും ചിലത് ഉദ്ധരിക്കാം:
സത്യത്തിന് സുഹൃത്തുക്കള്‍
ചിലരേയുള്ളൂ
ആ ചിലരോ
ആത്മഹത്യ ചെയ്തവരും (3)
എനിക്കറിയാം,
ഞാന്‍ നിനക്ക് നല്കിയതെന്തെന്ന്;
എനിക്കറിയില്ല നിനക്ക് കിട്ടിയതെന്തെന്ന് (4)
ജീവിതത്തെ ജീവിതത്തില്‍ നിന്നു
നാം പറിച്ചെടുക്കുന്നു.
അത് വെച്ചു ജീവിതത്തെ നോക്കാന്‍ (24)
ഇവിടെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഉന്നം വാക്കുകളുടെ ഫ്യൂഷന്‍ ആണെങ്കില്‍ മറ്റൊന്ന് മൈക്രോയിസത്തിന്റെ കാര്യക്ഷമതയാണ്. കവിതയിലെ ഈ പര്യാലോചന മിസ്റ്റിക്കുകളായ റൂമിയും റാബിയയും ഒക്കെ പണ്ടേ നടപ്പിലാക്കിയിട്ടുണ്ട്.
മൂന്നാം കണ്ണുകൊണ്ട് കാണാനായി
നീ നിന്റെ ഇരു കണ്ണുകളും ഇറുകെ പൂട്ടുക.
(റൂമി )
ഒരു ദിവസം
ചുംബിച്ചതിനു ശേഷം
അവന് എന്നെ വിട്ടു പോയില്ല (റാബിയ)

വീരാന്‍ കുട്ടിയും കല്‍പ്പറ്റ നാരായണനുമൊക്കെ ഇത്തരം മിസ്റ്റിക്കല്‍ എലമെന്റുകള്‍ വാക്കുകളുടെ ഈ ഫ്യൂഷനെ സാധ്യമാക്കുമ്പോള്‍ നഗ്ന കവിത എന്ന ടാഗ് ലൈനില്‍ സറ്റയറിന്റെയും ദര്‍ശനത്തിന്റെയും അകമ്പടിയാല് കുരീപ്പുഴ ശ്രീകുമാറും വാക്കുകളുടെ ഫ്യൂഷന്‍ സാധ്യമാക്കുന്നുണ്ട്. കവിതയില്‍ സംഭവിക്കുന്ന മൈക്രോ നിര്‍മ്മിതികള്‍ പലതും നമ്മെ അത്ഭുതപ്പെടുത്തുന്നവയാണ്.ഭാഷയിലെ ഈ മിനിമലിസം ഫ്യൂഷന്‍ ലിറ്ററേച്ചറിനും അവയുടെ മൈക്രോ നിര്‍മ്മിതിക്കും തടം ഒരുക്കുകയാണ് ചെയ്യുന്നത്.

ഈയാഴ്ചയിലെ
പുസ്തകം
ഭാരതപ്പുഴയുടെ മക്കള്‍ / എസ് കെ പൊറ്റെക്കാട്ട്
( സൈന്ധവ ബുക്സ്)
അരിസ്റ്റോട്ടിലിന്റെ ‘ഫിസിക്സില്‍ ‘ കാലത്തെക്കുറിച്ച് സവിശേഷമായ ഒരു പ്രസ്താവന ഉണ്ട് – ‘ കാലം വ്യതിരിക്ത നിമിഷങ്ങളെ തമ്മില്‍ ഇണക്കുന്ന നേര്‍രേഖയാണ്.’ ഭാഷയുടെ ഫ്യൂഷന്‍ നിര്‍മിതിയിലും ഈ പ്രസ്താവന ഒപ്പുവയ്ക്കുന്നുണ്ട്. എല്ലാവരും അംഗീകരിക്കുന്ന ക്ലോക്കുകളും കലണ്ടറുകളും കണക്ക് സൂക്ഷിക്കുന്ന വാസ്തവികമായ കാലമല്ല നമ്മുടേത്. അപ്പോള്‍ നീളന്‍ കല്പിതാഖ്യാനങ്ങള്ക്ക് വിപരീതമായത് ചിലത് ഭാഷയില്‍ സംഭവിക്കും.ഇത് ഭാഷയുടെ ലാബിലെ പുതിയ ഫിസിക്സ് ആണ്. ഭാഷയുടെ കലയിലെ ഈ ഫ്യൂഷന്‍ സാധ്യതയെ മലയാളത്തില്‍ ആദ്യമായി യാഥാര്‍ത്ഥ്യമാക്കിയത് എസ് കെ പൊറ്റെക്കാട്ട് ആണ്. അദ്ദേഹത്തിന്റെ അവസാനകാലത്തെ മികച്ച സാഹിത്യ സൃഷ്ടികളില്‍ ഒന്ന് ‘ഭാരതപ്പുഴയുടെ മക്കള്‍’ എന്ന നോവടകം ആണ്. ഭാരതപ്പുഴയുടെ പശ്ചാത്തലത്തില്‍ ഉള്ള ജീവിതം, മനുഷ്യബന്ധങ്ങള്‍ എന്നിവ കേന്ദ്ര പ്രമേയമായി വരുന്ന ഈ കൃതി മലയാള നോവല്‍ ചരിത്രത്തിലെ അത്ഭുത കൃതിയാണ്. ഇതിനെ വിലയിരുത്താന്‍ മതിയായ ടൂളുകള്‍ ലഭ്യമാകാത്ത നിരൂപകന്മാര് മനപ്പൂര്‍വ്വം ഈ കൃതിയെ തിരസ്കരിക്കുകയായിരുന്നു. ലിറ്റററി ഫ്യൂഷന്റെ അരങ്ങ് മലയാളത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത് പൊറ്റെക്കാട്ടിന്റെ ‘ ഭാരതപ്പുഴയുടെ മക്കള്‍’ എന്ന കൃതിയുടെ പ്രസാധനത്തോടെയാണ്. നാടകത്തിന്റെയും ഫിക്ഷന്റെയും ഫ്യൂഷന്‍ ആണ് ഈ കൃതിയില്‍ സംഭവിക്കുന്നത്. വരിയുടെ സാധ്യതകള്‍ ഉപയോഗിച്ച് രംഗ നിര്‍ദ്ദേശങ്ങള്‍ നല്കുന്ന ഒരു ഫിക്ഷന്‍ എന്ന നിലയില്‍ ഇത് പുനര്‍ സന്ദര്ശിക്കപ്പെടേണ്ടിയിരിക്കുന്നു. കേരളത്തിലെ ആദികാല ചരിത്രത്തിലെ പിടി തരാത്ത വാസ്തവിക കാലത്തിലേക്കുള്ള ഭയാനകമായ ശക്തി സൗന്ദര്യമാണ് ഈ നോവടകത്തിലുള്ളത്. ഈ കൃതിയുടെ വാക്ദൃശ്യങ്ങളുടെ ബിന്ദുക്കളോരോന്നും കഥാപാത്രങ്ങളുടെ ആത്മസത്തയുടെ അംശങ്ങള്‍ പേറുന്നുവെന്നതും ശ്രദ്ധേയമാണ്. കഥാപാത്രങ്ങളുടെ വീക്ഷണ കോണിലൂടെ അവരുടെ ആത്മാവിന്റെയും അനുഭൂതികളുടെയും വിശദാംശങ്ങളിലൂടെയാണ് ഭാരതപ്പുഴയുടെ മക്കളെ ചിത്രീകരിക്കുന്നത്. എന്താണ് ഈ നോവടകം? എന്നതിന് പൊറ്റെക്കാട്ട് തന്നെ വിശദീകരണം നല്‍കുന്നുണ്ട് – ‘ മലയാളത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന ഒരു സാഹിത്യരൂപമാണ് നോവടകം. നോവലിന്റെയും നാടകത്തിന്റെയും സമ്മിശ്ര രൂപഭാവം ഉള്‍ക്കൊള്ളുന്ന ഒരു നൂതന ശില്പം എന്ന് പറയാം. ഇതിലെ അധ്യായം ആരംഭിക്കുന്നത് കാലം,നിലം, കളം,നേരം, ചലനം എന്നീ അഞ്ചു സൂചകങ്ങളോടെയാണ്. ഇതിലെ ‘കാലം’ കാലം തന്നെയാണ്. ‘നിലം ‘ കഥയുടെ സംഭവ പ്രദേശമാണ്. ‘കളം’ എന്നത് സംഭവരംഗമാണ്. ഇതിലെ ‘നേരം’ സമയവും ‘ചലനം’ സംഭവ വിവരണവുമാണ്. ഈ ഫ്യൂഷന്‍ കൃതിയെ മലയാളിക്ക് എങ്ങനെ നിരാകരിക്കാനാകും ?

ഈയാഴ്ചയിലെ
ഇലസ്ട്രേഷന്
കേരളത്തിന്റെ ചിത്രകലാസംസ്കാരത്തില്‍ വ്യത്യസ്തമായ ആണ്ദൃശ്യതകള് ഉണ്ട്. സാമ്പ്രദായിക വ്യവസ്ഥപ്പെടുത്തലിനകത്ത് വച്ച് വൈകാരികതയുടെ ശരീരനിലയെ പരിചരിക്കാനോ ഫോട്ടോഗ്രാഫിക് നോട്ടങ്ങള്‍ അയച്ചു ചിട്ടയൊപ്പിക്കാനോ കഴിയാത്ത അത്തരം പെന്‍ സ്കെച്ചുകളെ നമുക്ക് വരയിലെ ഫ്യൂഷന്‍ സംസ്കാരം എന്ന് വിളിക്കാവുന്നതാണ്. അവ കലയെന്ന നിലയില്‍ അധികാര ശൂന്യമായിരിക്കുമ്പോഴും വരയ്ക്കും വരിക്കും ഇടയില്‍ ഇറ്റിക്കുന്ന ചോരയെ വിളറിയ നോട്ടങ്ങള്‍ കൊണ്ട് ചെറുതാക്കാന്‍ കഴിയില്ല. വരയ്ക്ക് പറ്റേര്ണല് ഇന്സ്റ്റിന്ക്ടുകള് നല്കുന്ന ഒരാള്‍ എന്ന കീര്‍ത്തി ആര്‍ജിച്ചിട്ടില്ലാത്ത കവിയും ഗാനരചയിതാവും നോവലിസ്റ്റും ഒക്കെയാണ് റഫീക്ക് അഹമ്മദ്. താനുമായി ഇടപെടുന്ന വരികളെയും അത് എഴുതപ്പെട്ട വ്യവസ്ഥകളെയും മാനുഷികമായി ഇടപെട്ട് അഴിച്ചു പണിയുന്ന പുരുഷ ഭാവനയാണ് റഫീക്കിന്റെ ഏറ്റവും ഒടുവിലത്തെ വരകളില്‍ ഉള്ളത്. നിത്യജീവിതത്തില്‍ ഓരോ മനുഷ്യ മേധാവിത്വ ജീവിയും മറച്ചുപിടിക്കുന്ന മനുഷ്യാവസ്ഥ എന്തെന്ന് വരിയിട്ട് എഴുതിയ ഒരാളുടെ വരികളെ ശരിവെക്കും വിധമുള്ള വരകളാണ് വാക്-വര മൈക്രോ ഫ്യൂഷനിലൂടെ റഫീഖ് ആവിഷ്കരിച്ചിരിക്കുന്നത്. റെഷി എഴുതിയ തോന്നലുകളിലെ ബൗദ്ധികതയുടെ അംശത്തെ അസ്ഥിരമാക്കും വിധം വൈകാരികമായ ശരീര അനുഭവങ്ങളിലേക്ക് പുരുഷാവസ്ഥയെ സ്വരൂപിക്കുന്ന രീതിയാണ് റഫീഖ് അവലംബിച്ചിരിക്കുന്നത്. ‘വീടാണ് സുഖം.ചിലര്‍ക്ക് അതില്ലെങ്കില്‍ ഉണ്ടാകില്ല എന്റെ വീട്ടില്‍ സുഖം’ എന്ന വരിക്ക് വേണ്ടി റഫീക്ക് വീട് വരച്ചപ്പോള്‍ അതിനോട് ചേര്‍ന്ന ഇടതൂര്‍ന്ന ഒരു ഹരിത വൃക്ഷത്തെയും വരച്ചിട്ടുണ്ട്. ചേറില്‍ പുതഞ്ഞും ചേറ് പുതച്ചും എത്തുന്ന കര്‍ഷകനെ കുറിച്ച് റെഷി എഴുതിയ രണ്ടു വാക്കിലുള്ള വരി ഇങ്ങനെയാണ് -;’ അനാകര്ഷകന് കര്ഷകന്’ അനാകര്ഷകന് എന്ന് എഴുതാന്‍ ഉപയോഗിക്കുന്ന പദത്തില്‍ തന്നെ കര്ഷകന് എന്ന പദം ഉള്ളതുപോലെ തന്നെ റഫീക്ക് വരച്ചു ചേര്‍ത്ത കൈക്കോട്ടില്‍ കര്‍ഷകന്റെ മുഷിഞ്ഞ വേഷത്തിന്റെ ചെളിക്കറുപ്പ് വരച്ചു ചേര്‍ത്തിട്ടുണ്ട്.’ മുറിക്കുന്ന മരങ്ങള്‍ മുഴുവന്‍ ഇല്ലാതാകുന്നു, നടുന്ന തൈകള്‍ മുഴുവന്‍ മരം ആകുന്നുമില്ല’ എന്ന വരിക്ക് പട്ടുപോയ മുട്ടും ചീഞ്ഞഴുകിയ മുരടിച്ചു പോയ വേരുമാണ് റഫീക്ക് വരച്ചു ചേര്‍ത്തിരിക്കുന്നത്. വരയുടെ ഫ്യൂഷനില്‍ ഇനി വിന്യസിക്കപ്പെടുക കവികള്‍ ആയിരിക്കും തീര്‍ച്ച.
ഈ ആഴ്ചയിലെ അഫോറിസം
ഫ്യൂഷന്‍ സാഹിത്യ നിര്‍മ്മാതാവ് കണ്ണുകള്‍ കൊണ്ട് തലനിറഞ്ഞ ഒരു പ്രിന്റ് മേക്കറാണ്






