മെതിയടി

പാകമാകാത്ത ഒരില മെല്ലെ അടര്‍ന്നുവീഴുന്നതുപോലെ ഹരിനാരായണന്‍ ജീവിതം വിട്ടൊഴിഞ്ഞുപോയി.
ലോഡ്ജിലെ നാല്പത്തിമൂന്നാം നമ്പര്‍ മുറിയില്‍, വലതുവശം ചരിഞ്ഞ്, ഇടതുകൈ കട്ടിലിന് പുറത്തേക്കിട്ട് വലതുകൈ മാറത്തടക്കിപ്പിടിച്ച് അതിനുള്ളില്‍ എപ്പോഴും അവന്റെ ബാഗിനുള്ളില്‍ ഭദ്രമായിരിക്കുന്ന ചെറിയൊരു പെട്ടകം ചേര്‍ത്ത് പിടിച്ച്…..
അങ്ങനെ പാകമാകാത്ത ഒരില മെല്ലെ അടര്‍ന്നുവീഴുന്നതുപോലെ ഹരിനാരായണന്‍ ജീവിതം വിട്ടൊഴിഞ്ഞുപോയി.
ബയോഡാറ്റ
പേര് : ഹരിനാരായണന്‍
അച്ഛന്റെ പേര് : നരേന്ദ്രമേനോന്‍
അമ്മയുടെ പേര് : ലക്ഷ്മിയമ്മ
ജനനത്തീയതി : 06/03/1993
വിദ്യാഭ്യാസം : ബി.ടെക്ക്
തൊഴില്‍ : എഞ്ചിനീയര്‍, സ്‌പേസ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട്
വിവാഹനില: അവിവാഹിതന്‍
ഹോബി: വായന
ഇഷ്ടപ്പെട്ടപുസ്തകങ്ങള്‍: ഭഗവദ്ഗീത, മനുസ്മൃതി
വീടിന്റെ അകത്ത്, മുറിയുടെ നടുവില്‍, ഹരിനാരായണന്‍, നീണ്ടുനിവര്‍ന്നുകിടന്നു, നിശ്ശബ്ദനായി, നിശ്ചേതനനായി.
ജീവിതത്തിലൊരിക്കലും അവന്‍ മലര്‍ന്നുകിടന്ന് ഞങ്ങളാരും കണ്ടിരുന്നില്ല. ഒന്നുകില്‍ ഇടതുവശം, അല്ലെങ്കില്‍ വലതുവശം ചരിഞ്ഞേ അവന്‍ കിടന്നിരുന്നുള്ളു. ഒരനുഷ്ഠാനംപോലെയായിരുന്നു കിടത്ത അവന്.
ആദ്യമായി അവന്‍ അനുഷ്ഠാനം തെറ്റിച്ചുകിടക്കുന്നത് ഞങ്ങള്‍ നോക്കിനിന്നു.
”നോഹയുടെ പെട്ടകത്തിന്റെ ഒരു കുറവുണ്ട്.” ശബ്ദം താഴ്ത്തി ജോസഫ് കിരണിന്റെ ചെവിയില്‍ പറഞ്ഞു. മുഖത്ത് ചിരി വിടരാതിരിക്കാന്‍ അവന്‍ പ്രത്യേകം ശ്രദ്ധിച്ചു. കിരണ്‍ കര്‍ശന ഭാവത്തോടെ ജോസഫിനെ നോക്കി.
അവനെ കുറ്റം പറയാനാകില്ല. ആ ചെറിയ പെട്ടകം തലയ്ക്കലില്ലാതെ ഹരിനാരായണന്‍ കിടക്കുന്നത് ആരും ഒരിക്കലും കണ്ടിട്ടില്ലല്ലോ.
ഓഫീസില്‍നിന്ന് മിക്കവരുമെത്തിയിട്ടുണ്ട്. ഹരിയുടെ മുറിയുടെ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്നവരായിരുന്നു കിരണും ജോസഫും. ലോഡ്ജില്‍ മിക്ക മുറികളിലും ഒന്നിലധികം പേരുണ്ടായിരുന്നെങ്കിലും ഹരിനാരായണന്‍ ഒറ്റയ്ക്കായിരുന്നു താമസം. മുറി മറ്റാരുമായും പങ്കിടാന്‍ അവന്‍ തയ്യാറായിരുന്നില്ല. പക്ഷേ മുറിക്ക് പുറത്ത് അവന്‍ ഞങ്ങളിലൊരാളെപ്പോലെതന്നെയായിരുന്നു. ഓഫീസില്‍, യാത്രകളില്‍, ചടങ്ങുകളില്‍ എല്ലായിടത്തും അവന്‍ നിറഞ്ഞുനിന്നു. അങ്ങനെയുള്ള ഞങ്ങളുടെ ഹരിനാരായണന്‍, പതിയെ പതിയെ, ഇരുട്ടിന്റെ ആഴങ്ങളിലേക്ക് ഒരില മെല്ലെ അടര്‍ന്നുവീഴുന്നതുപോലെ, പതുക്കെപ്പതുക്കെ ഊര്‍ന്നുപോയി.
അതെ, നിത്യമായ ഇരുട്ടിന്റെ ആഴങ്ങളിലേക്ക്.
ആളുകള്‍ വന്നും പോയുമിരുന്നു.
ഹരിനാരായണന്റെ അമ്മയും സഹോദരിയും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി തൊട്ടടുത്തുതന്നെയിരിപ്പുണ്ട്. ഇനിയും ആരൊക്കെയോ വരാനുണ്ട്.
പക്ഷേ ഞങ്ങള്‍ കാത്തുനിന്നത് ഒരാള്‍ക്കുവേണ്ടിയാണ്. അമലാ പ്രസാദിനുവേണ്ടി. അവള്‍ വരുമോ എന്നറിയാന്‍ വേണ്ടി. അവള്‍ക്കിനി ഹരിനാരായണനെ കാണാനാകില്ലല്ലോ.
ബയോഡാറ്റ
പേര് : അമലാപ്രസാദ്
അച്ഛന്റെ പേര് : ശങ്കര്‍ പ്രസാദ്
അമ്മയുടെ പേര് : ഡെയ്‌സി തോമസ്സ്
ജനനത്തീയതി : 27/08/1997
വിദ്യാഭ്യാസം : എം. ടെക്
തൊഴില്‍ : സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍
വിവാഹനില: അവിവാഹിത
ഹോബി: വായന, ഗാര്‍ഡനിംഗ്
ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍: കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, യുക്തിചിന്ത.
അമലാ പ്രസാദ് വരുമോ എന്നുള്ള ഉത്ക്കണ്ഠ ഞങ്ങള്‍ക്ക് മാത്രമായിരുന്നു. എന്നുവച്ചാല്‍ ഹരിനാരായണന്റെ അടുത്ത സുഹൃത്തുക്കളായ ഞങ്ങള്‍ക്ക്. ഹരിനാരായണനെ അറിയുന്നവര്‍ ധാരാളമുണ്ടായിരുന്നു. പക്ഷേ ഹരിനാരായണനെ നന്നായറിയുന്നവര്‍ ഞങ്ങള്‍ കുറച്ചുപേര്‍ മാത്രമാണല്ലോ.
അമലാ പ്രസാദിനുപോലും അവനെ നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നെന്ന് തോന്നുന്നില്ല.
ഒരുദിവസം കമ്പനിയില്‍നിന്ന് ജോസഫിന്റെ വണ്ടിയില്‍ ലോഡ്ജിലേക്ക് വരുമ്പോഴായിരുന്നു വഴിയരികില്‍നിന്ന് ഒരു പെണ്‍കുട്ടി വണ്ടിക്ക് കൈ കാണിച്ചത്. ജോസഫ് വണ്ടിയുടെ വേഗത കുറച്ച് അവളെക്കടന്ന് അല്പം മുന്നോട്ട് നിര്‍ത്തി.

ഉടന്‍തന്നെ അവള്‍ ഡ്രൈവര്‍ സീറ്റിനടുത്തെത്തി ക്ഷമാപണസ്വരത്തില്‍ പറഞ്ഞു, ”സോറി, ഇത്രയും ആളുണ്ടെന്ന് അറിഞ്ഞില്ല. പൊയ്‌ക്കോളൂ.”
ഈ വൈകുന്നേരം ഒരുപെണ്‍കുട്ടി, ആരുടേതെന്നറിയാത്ത കാറിന് കൈ കാണിക്കുക. വണ്ടിയില്‍ മൂന്ന് പേരുണ്ടെന്ന് കണ്ടപ്പോള്‍ സോറി പറഞ്ഞ് പൊയ്‌ക്കൊള്ളാന്‍ പറയുക. ഞങ്ങള്‍ക്ക് വല്ലാത്ത കൗതുകം തോന്നി.
”എന്തേ, കാര്യം പറയൂ.” ജോസഫ് തിരക്കി.
”എന്റെ സ്‌കൂട്ടര്‍ കേടായി. അടുത്തൊരു വീട്ടില്‍ കയറ്റിവച്ചു. വണ്ടികളൊന്നുമില്ല. ഠൗണിലേക്ക് പോവുകയാണെങ്കില്‍ ഒരു ലിഫ്റ്റ് കിട്ടുമോ എന്നറിയാനായിരുരുന്നു. കുഴപ്പമില്ല നിങ്ങള്‍ പൊയ്‌ക്കോളൂ.” അതും പറഞ്ഞ് അവള്‍ പിന്നിലേക്ക് നടന്നു.

ജോസഫ് തൊട്ടടുത്തിരുന്ന കിരണിനെ നോക്കി. എന്തിനാ വയ്യാവേലി പിടിച്ച് തലയില്‍ വയ്ക്കുന്നതെന്ന ഭാവത്തില്‍ അവന്‍ പറഞ്ഞു, ”നീ വണ്ടിയെടുക്ക്.”
ജോസഫ് പിന്നിലിരിക്കുന്ന ഹരിനാരായണനെ നോക്കി. അവന്റെ മുഖത്ത് ”പോരട്ടേ, അവര്‍ക്കൊരു ഹെല്‍പല്ലേ” എന്നൊരു ഭാവമായിരുന്നു.
ജോസഫ് വണ്ടി അല്പം പിന്നിലോട്ടെടുത്തു. അവള്‍ക്കരികിലെത്തി പറഞ്ഞു. ”ബുദ്ധിമുട്ടില്ലെങ്കില്‍ കയറിക്കോളൂ.”
”പെട്ടന്നവളുടെ മുഖം വികസിച്ചു. ”എനിക്കെന്ത് ബുദ്ധിമുട്ട്? നിങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലല്ലോ.” അതുംപറഞ്ഞവള്‍ മറുപടിക്ക് കാക്കാതെ പിന്നിലെ ഡോര്‍ തുറന്നകത്തേക്ക് കയറി. കിരണിന് അതിഷ്ടപ്പെട്ടില്ലെന്ന് അവന്റെ ശരീരചലനം വ്യക്തമാക്കുന്നുണ്ടായിരുന്നു.
പതിനഞ്ച് മിനിറ്റ് യാത്രക്കിടയില്‍ അവള്‍ അവളെക്കുറിച്ച് ചുരുക്കി പറഞ്ഞു. ഞങ്ങളുടെ കമ്പനിയില്‍നിന്ന് രണ്ടുകിലോമീറ്റര്‍മാത്രം അകലലെയുള്ള കമ്പനിയിലാണ് അവള്‍ ജോലി ചെയ്യുന്നത്. ഞങ്ങള്‍ മൂന്നുപേരും ഒരേ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നറിഞ്ഞപ്പോള്‍ ”ഓ, അപ്പോള്‍ യാത്ര സൗകര്യമായല്ലോ”എന്നുപറഞ്ഞവള്‍ നിശ്ശബ്ദയായി. അപ്പോഴേക്കും
ടൗണെത്തിയിരുന്നു. അവള്‍ താങ്ക്‌സ് പറഞ്ഞിറങ്ങിപ്പോയി.
അകത്തുനിന്നും ഒരുവിലാപം ഉച്ചസ്ഥായിയിലുയര്‍ന്ന് മെല്ലെ നിലംപതിച്ചു. ആരോ വന്നതാണ്.
കിരണ്‍ കര്‍ച്ചീഫ് എടുത്ത് മുഖം മറച്ച് ഇത്തിരിനേരം നിന്നു.
അവനങ്ങനെയാണ്. മരണവീട്ടിലെ വിലാപങ്ങള്‍ കേള്‍ക്കുമ്പോള്‍ അവന് ചിരിവരും. ”ആദ്യമുണ്ടാകുന്ന ഒരു ഷോക്ക്, തകര്‍ച്ച, അതുണ്ടാക്കുന്ന സങ്കടത്തിന്റെ ഒരു കുത്തൊഴുക്ക്. ഏറിയാല്‍ ഒരു മണിക്കൂര്‍. അതും അപ്രതീക്ഷിതമായ മരണങ്ങളില്‍ മാത്രം. സമയം നീങ്ങുംതോറും എല്ലാവരും അതുമായി പൊരുത്തപ്പെട്ടുകൊള്ളും. പ്രതീക്ഷിക്കുന്ന മരണമാണെങ്കില്‍ അത്രപോലുമില്ല. മുഖത്തൊരു വാട്ടം. അത്രയുമുള്ളു. അതും ഇത്തിരി നേരംകൊണ്ട് മാറും. പിന്നെങ്ങനെയാണ് ഇടവിട്ടുള്ള ഈ ഒറ്റക്കരച്ചിലും കൂട്ടക്കരച്ചിലും കേള്‍ക്കുമ്പോള്‍ ചിരി വരാതിരിക്കുന്നത്.” അവന്‍ പറയും.
ഒരു ഞായറാഴ്ച രാവിലെ ഹരിനാരായണന്‍ മുറിയില്‍വന്നുപറഞ്ഞു. ”ഞാന്‍ പുറത്തേക്കൊന്നു പോയിട്ട് വരാം. അരമണിക്കൂറിനുള്ളില്‍ തിരികെയെത്തും. നിങ്ങളെങ്ങും പൊയ്ക്കളയരുത്.” മറുപടിക്ക് കാക്കാതെ അവന്‍ പുറത്തേക്ക് പോയി.
ഇവനിതെവിടെപ്പോകുന്നുവെന്ന് ഞങ്ങളത്ഭുതപ്പെട്ടു. പൊതുവേ ഞായറാഴ്ച വിശ്രമത്തിനുള്ളതാണ്. വൈകുന്നേരമാണ് ഞങ്ങളെല്ലാവരും പുറത്തേക്ക് പോകുന്നത്. ഇവനീ പത്തുമണിക്കുമുമ്പേ ഇതെങ്ങോട്ട്.
പറഞ്ഞതുപോലെ അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവന്‍ തിരികെയെത്തി. നേരേ ഞങ്ങളുടെ മുറിയിലേക്കാണവന്‍ വന്നത്. ഇപ്പോള്‍ ഞങ്ങള്‍ ശരിക്കും അമ്പരക്കുകകതന്നെ ചെയ്തു. കാരണം അവനോടൊപ്പം അമലാ പ്രസാദുമുണ്ടായിരുന്നു! മുറിയാകെ അലങ്കോലപ്പെട്ടുകിടന്നത് ഞങ്ങളില്‍ തെല്ലൊരു ജാള്യതയുണ്ടാക്കി. പക്ഷേ അവളതൊന്നും ശ്രദ്ധിക്കുന്നതായി പോലും തോന്നിയില്ല. മുറിയിലേക്ക് കയറി അവന്‍ ഒരു കസേര നീക്കിയിട്ട് അവളോട് ഇരിക്കാന്‍ പറഞ്ഞു. രണ്ടുപേര്‍കൂടി ആ മുറിയിലുണ്ടെന്ന തോന്നല്‍ പോലും അവളില്‍ കണ്ടില്ല. അവള്‍ കസേരയിലിരുന്നു. അവന്‍ കട്ടിലിലും.
ഞങ്ങള്‍ അപ്പോഴും നില്‍ക്കുകയായിരുന്നു.
ഇവരെങ്ങനെ ഇത്രയും അടുത്തു എന്ന അത്ഭുതത്തിലായിരുന്നു ഞങ്ങള്‍. അവള്‍ ഞങ്ങളുടെ വണ്ടിയില്‍ യാത്രചെയ്തിട്ട് മൂന്ന് മാസം കഴിഞ്ഞിരുന്നു.
മിക്ക ദിവസങ്ങളിലും ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ചാണ് കമ്പനിയില്‍നിന്ന് മടങ്ങിയിരുന്നതെങ്കിലും കഴിഞ്ഞ ഒന്നുരണ്ടു മാസത്തിനിടയില്‍ അവന്‍ എന്തെങ്കിലും കാരണം പറഞ്ഞ് പല ദിവസവും ഞങ്ങളോടൊപ്പമുള്ള യാത്രയില്‍നിന്ന് ഒഴിഞ്ഞുമാറിയിരുന്നത് അന്നുഞങ്ങള്‍ കാര്യമായിട്ടെടുത്തിരുന്നില്ലെങ്കിലും ഇപ്പോഴതിന്റെ കാരണം മനസ്സിലായി.
”സീ ഗയ്‌സ്, കാര്യം ചുരുങ്ങിയ കാലത്തെ പരിചയമൊക്കെയേ ഉള്ളു. പക്ഷേ ഞങ്ങളതങ്ങ് തീരുമാനിച്ചു. ആദ്യം അത് നിങ്ങളോടുതന്നെ പറയാമെന്ന് കരുതിയാണ് ഒന്നിച്ചുവന്നത്.”
ഹരിനാരായണന്‍ പറഞ്ഞു. ഞങ്ങള്‍ കസേരകളിലിരുന്നുകൊണ്ട് ഇരുവരെയും മാറിമാറിനോക്കി. ഹരിനാരായണന് ചെറിയൊരങ്കലാപ്പുണ്ടായിരുന്നു, മുഖത്ത്. പക്ഷേ അമലാ പ്രസാദില്‍ അത്തരമൊരാശങ്കയ്ക്കും വകയില്ലായിരുന്നു. ബാക്കികൂടി പെട്ടെന്ന് പറയൂ എന്ന ഭാവമായിരുന്നു അവള്‍ക്ക്. അതേ ഭാവത്തോടെ അവള്‍ അവനെ നോക്കുകയും ചെയ്തു.
”നീയെന്തുതീരുമാനിച്ച കാര്യമാ പറയുന്നത്?” ജോസഫ് ചോദിച്ചു.
”എടാ, ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. നക്സ്റ്റ് സണ്‍ഡേ അടുത്ത സുഹൃത്തുക്കള്‍ക്കിടിയില്‍ ഔദ്യോഗികമായി ഞങ്ങളതങ്ങ് പ്രഖ്യാപിക്കും. ഹോട്ടല്‍ സീ പാര്‍ക്കില്‍ വച്ച്. നമ്മളിത്രയുമല്ലാതെ മറ്റാരും അതുവരെയിതറിയരുത്. ഒരു സര്‍പ്രൈസായിക്കോട്ടെ. ഇന്ന് ഞങ്ങള്‍ക്ക് ഒരു ചെറിയ യാത്രയുണ്ട്. സന്ധ്യയ്ക്ക് കാണാം.” അതും പറഞ്ഞവന്‍ അമലാ പ്രസാദിനെ നോക്കി. ഒരു പുഞ്ചിരിയോടെ അവളെഴുന്നേറ്റു.
”അപ്പോള്‍ കാണാം.” ഞങ്ങള്‍ രണ്ടുപേരോടുമായി അവള്‍ പറഞ്ഞു.
അവരിറങ്ങിപ്പോയിട്ടും, ആരില്‍നിന്നാണെന്നറിയില്ല, ഒഴുകിപ്പരന്ന പെര്‍ഫ്യൂമിന്റെ സുഗന്ധം മുറിയില്‍ നിറഞ്ഞുനിന്നു.
കിരണും ജോസഫും പരസ്പരം നോക്കി, എന്തൊക്കെയാ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന അര്‍ത്ഥത്തില്‍.
അടുത്ത ഞായറാഴ്ച അവന്‍ നടത്തിയ പാര്‍ട്ടി പ്രതീക്ഷിച്ചിനേക്കാള്‍ ഗംഭീരമായിരുന്നു. അവിടെവച്ച് അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ച വിവരം പ്രഖ്യാപിച്ചു. ഞങ്ങളുടെ സാന്നിധ്യത്തില്‍ പരസ്പരം ചുംബിച്ച് അതൊന്നുകൂടി ഉറപ്പിച്ചു. എല്ലാവരും കയ്യടിച്ച് സന്തോഷം പ്രകടിപ്പിച്ചു. വിവാഹത്തീയതി വൈകാതെ അറിയിക്കുമെന്ന പ്രഖ്യാപനത്തോടെ അന്നു ഞങ്ങള്‍ പിരിഞ്ഞു.
ക്രമേണ ഹരിനാരായണന്‍ ഞങ്ങളോടൊത്ത് ചിലവഴിക്കുന്ന സമയം കുറഞ്ഞുവരുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. പല ദിവസങ്ങളിലും വൈകിയാണ് റൂമിലേക്കെത്തുന്നത്.
വല്ലപ്പോഴും ഞങ്ങളവന്റെ റൂമിലേക്ക് പോകും. പക്ഷേ മറ്റുള്ളവര്‍ അവിടെ കൂടുതല്‍ നേരമിരിക്കുന്നത് അവനിഷ്ടമല്ലെന്ന് അവന്റെ സംസാരവും ഭാവവും ഞങ്ങളെ ബോധ്യപ്പെടുത്തി. ചെല്ലുമ്പോഴൊക്കെ ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്, മേശപ്പുറത്തിരിരിക്കുന്ന തടികൊണ്ടുള്ള ചെറിയൊരു പെട്ടി.
ഒരിക്കല്‍ അത് കയ്യിലെടുത്തുകൊണ്ട് കിരണ്‍ ചോദിച്ചു, ”ഇതെന്താണ്?”
തട്ടിപ്പറിക്കും പോലെയാണ് ഹരിനാരായണന്‍ പെട്ടന്നത് വാങ്ങി മേശയുടെ വലിപ്പ് തുറന്ന് അതിനുള്ളിലേക്ക് വച്ചത്.
”ഈ തടിപ്പെട്ടിക്കകത്ത് ഞങ്ങള്‍ കാണാന്‍പാടില്ലാത്ത എന്തോ ഉണ്ടല്ലോ.” ജോസഫ് അല്പം തമാശകലര്‍ത്തി പറഞ്ഞു.
”തടിപ്പെട്ടിയല്ലത്. പെട്ടകമാണ്.” ജോസഫ് എന്തോ അരുതാത്തത് പറഞ്ഞതുപോലെ ഹരിനാരായണ്‍ പെട്ടന്ന് തിരുത്തി.
മുറ്റത്ത് അവിടവിടെയായിരുന്നവര്‍ എഴുന്നേറ്റ് ഭവ്യതയോടെ നില്‍ക്കുന്നത് കണ്ടപ്പോഴെ തോന്നി ഏതോ വിഐപിയുടെ വരവാണെന്ന്. സ്ഥലത്തെ എം.എല്‍.എ ആണ്.
എം.എല്‍.എ അകത്തുപോയി മൃതദേഹം കണ്ടശേഷം പുറത്തുവന്ന് ബന്ധുക്കളോടെല്ലാം കാര്യങ്ങള്‍ തിരക്കി വളരെവേഗം മടങ്ങി.
ഓരോ വാഹനം വരുമ്പോഴും ജോസഫും കിരണും കൂടെ വന്നവരും പ്രതീക്ഷയോടെ നോക്കും, അമലാ പ്രസാദാണോ അത്.
ഓഫീസില്‍ പോകാന്‍നേരം ഞങ്ങളെക്കാള്‍ മുമ്പേ അവനിറങ്ങി താഴെ വണ്ടിയുടെ അടുത്തായി നില്‍ക്കുന്നുണ്ടാകും. ഇന്ന് രാവിലെ അവനെ കാണാഞ്ഞതുകൊണ്ട് ഫോണില്‍ വിളിച്ചെങ്കിലും റിംഗ് ചെയ്യുന്നതല്ലാതെ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. നോക്കിയിട്ടുവരാമെന്ന് പറഞ്ഞ് കിരണ്‍ മുകളിലേക്ക് പോയി. ഫോണില്‍ വിളിച്ച് പെട്ടന്ന് ചെല്ലാന്‍ പറഞ്ഞപ്പോള്‍ ഒരുത്ക്കണ്ഠ മനസ്സില്‍ തോന്നിയെങ്കിലും അതൊന്നുമില്ലാതെയാണ് ജോസഫ് അവന്റെ റൂമിലേക്ക് ചെന്നത്.
അവിടെ കട്ടിലില്‍, വലതുവശം ചരിഞ്ഞ്, ഇടതുകൈ കട്ടിലിന് പുറത്തേക്കിട്ട് വലതുകൈ മാറത്തടക്കിപ്പിടിച്ച് ഹരിനാരായണന്‍ കിടക്കുന്നുണ്ടായിരുന്നു. ആ പെട്ടകവും നെഞ്ചോട് ചേര്‍ത്ത് പിടിച്ചിട്ടുണ്ടായിരുന്നു.
”ജോസഫ്, ഇവനനക്കമില്ല.” മൂക്കിനു താഴെയും കൈത്തണ്ടയിലും വിരല്‍വച്ച് പരിശോധിച്ചശേഷം കിരണ്‍ പറഞ്ഞു.
”മരിച്ചെങ്ങാനും പോയോ.” അത്ര നിസംഗതയോടെ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് ജോസഫിന് തോന്നി.
അതുകൊണ്ട്തന്നെ അവന്‍ പെട്ടന്ന് പറഞ്ഞു, ”വേഗം ആശുപത്രിയിലെത്തിക്കാം.”
പരിചയക്കാരെക്കൂടി വിളിച്ച് ജോസഫിന്റെ വണ്ടിയില്‍ത്തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
പക്ഷേ അതിനും വളരെ മുമ്പേതന്നെ, ഒരില, മെല്ലെ അടര്‍ന്നുവീഴുന്നതുപോലെ ഹരിനാരായണന്‍ ജീവിതം വിട്ടൊഴിഞ്ഞുപോയിരുന്നു.
അതൊരു പ്രതിഷേധമായിരുന്നോ പ്രതികാരമായിരുന്നോ, അവനാഗ്രഹിച്ചതാണോ ആകസ്മികമാണോ എന്നൊന്നും ഞങ്ങള്‍ക്കാര്‍ക്കും തീര്‍ച്ചയില്ലായിരുന്നു.
എന്തായാലും ഹരിനാരായണനുമായി പൊരുത്തപ്പെട്ട് മുന്നോട്ടുപോകാന്‍ അവന്റെ ഹൃദയത്തിന് താല്പര്യമില്ലായിരുന്നു.
ആശുപത്രിയില്‍ നിന്നുകൊണ്ട് കിരണും ജോസഫും മാറിമാറി അമലാ പ്രസാദിനെ വിളിച്ചുകൊണ്ടിരുന്നു. അവള്‍ ഫോണെടുക്കുന്നുണ്ടായിരുന്നില്ല.
”അഞ്ചുമണിയോടെ എടുക്കാം. ഇനി ആരും വരാനില്ല. എങ്കിലും ഇത്തിരിനേരം കൂടി നോക്കാം. ജോലിസ്ഥലത്തുനിന്ന് ആരെങ്കിലും വരാനുണ്ടെങ്കിലോ?”ബന്ധുക്കളാണ്.
ജോസഫ് വാച്ചില്‍നോക്കി. ഇനിയും ഒരു മണിക്കൂറുണ്ട്.
അവന്‍ വീണ്ടും ഫോണെടുത്ത് അമലാ പ്രാദിനെ വിളിച്ചു. പഴയതുപോലെ റിംഗ് ചെയ്യുന്നുണ്ട്.
ഇവള്‍ എവിടെയാണ്?
വിവാഹപ്രഖ്യാപനത്തിനുശേഷം ഹരിനാരായണനെ കണ്ടുകിട്ടാന്‍തന്നെ പാടായിരുന്നു. കൃത്യസമയത്ത് ഓഫീസിലെത്തും. കൃത്യസമയത്തിറങ്ങും. ചുരുക്കം ചില ദിവസങ്ങളിലൊഴികെ പറയും, ”നിങ്ങള്‍ വിട്ടോളൂ. ഞാനങ്ങ് വന്നോളാം.”
അപ്പോള്‍ താഴെ സ്‌കൂട്ടറുമായി അമലാ പ്രസാദ് കാത്തുനില്ക്കുന്നുണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ആറുമാസമായി കാര്യങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെയായിരുന്നു.
എന്നത്തേക്കാണ് വിവാഹം എന്നു ചോദിച്ചവരോടൊക്കെ അവന്‍ പറഞ്ഞു, ”ഉടനുണ്ടാകും.”
കാലത്തിന്റെ എല്ലാ പരിഷ്‌കാരങ്ങള്‍ക്കും അഭിരുചികള്‍ക്കും ഒപ്പം സഞ്ചരിക്കുന്നവളായിരുന്നു അമലാ പ്രസാദ്. ഹരിനാരായണനാകട്ടെ മാമൂലുകളെയും ആചാരങ്ങളെയും പാരമ്പര്യത്തയും മുറുകെപ്പിടിക്കുന്നയാളും.
ഇവര്‍ രണ്ടുപേരും എങ്ങനെ ഒന്നിച്ചുപോകുമെന്ന് രണ്ടുപേരെയും പരിചയമുള്ളവരെല്ലാം സന്ദേഹിച്ചിരുന്നു.
ഒരു ഞായറാഴ്ച രാവിലെ അപ്രതീക്ഷിതമായിട്ടായിരുന്നു അമല പ്രസാദ് ഞങ്ങളുടെ മുറിയിലേക്ക് കയറിവന്നത്. കതക് ചാരിയിട്ടേയുള്ളായിരുന്നുവെങ്കിലും അനുവാദം ചോദിച്ചിട്ട് മാത്രമാണ് അവള്‍ അകത്തേക്ക് വന്നത്.
അവള്‍ ഞങ്ങളുടെ മുറിയിലേക്ക് രണ്ടാമത്തെ തവണയായിരുന്നു വരുന്നത്. ഹരിനാരായണന്‍ തലേദിവസം വൈകിട്ട് വീട്ടിലേക്ക് പോയിരുന്നു. ഇനി അവന്‍ അടുത്തദിവസം രാവിലെയേ വരികയുള്ളു. അതറിയാതെയാണ് അമലപ്രാസാദ് ലോഡ്ജിലേക്ക് വന്നതെന്നാണ് ഞങ്ങള്‍ കരുതിയത്.
പക്ഷേ ഹരി ഇല്ലെന്നറിഞ്ഞുകൊണ്ട് തന്നെയാണ് അവള്‍ ഞങ്ങളെ കാണാന്‍ വന്നത്.
ഇത്തവണ അവള്‍ കസേരയില്‍ ഇരുന്നില്ല. മുറിയിലെ മേശമേല്‍ ചാരിനില്‍ക്കുകയായിരുന്നു. കസേര നീക്കിയിട്ടുകൊടുത്തിട്ട് അവള്‍ അതുശ്രദ്ധിക്കുന്നതേയുണ്ടായിരുന്നില്ല.
ആമുഖമൊന്നുമില്ലാതെ അവള്‍ പറയാന്‍ തുടങ്ങി.
”നോക്കൂ, നിങ്ങള്‍ രണ്ടുപേരുമാണല്ലോ ഹരിയുടെ ഇന്റിമേറ്റ് ഫ്രണ്ട്‌സ്. അവനെന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട്. നിങ്ങള്‍ക്കെന്തെങ്കിലും തോന്നിയിട്ടുണ്ടോ?”
ഞങ്ങള്‍ അമ്പരന്ന് അവളുടെ മുഖത്തേക്ക് നോക്കി. പിന്നെ പരസ്പരം നോക്കി, എന്താണ് അവളുദ്ദേശിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല.
ഞങ്ങളുടെ മറുപടിക്ക് കാക്കാതെ അവള്‍ തുടര്‍ന്നു. ”ഡിസംബറില്‍ ഞങ്ങളുടെ കല്യാണം തീരുമാനിച്ചിരിക്കുകയാണ്. ഇനി മൂന്നുമാസം കൂടിയേയുള്ളു. പക്ഷേ അവനിപ്പോള്‍ പതിനാറാം നൂറ്റാണ്ടിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. എനിക്ക് ഒട്ടും പൊരുത്തപ്പെടാന്‍ കഴിയുന്നില്ല.”
കാര്യങ്ങളൊന്നും ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. അതവളോട് ഞങ്ങള്‍ പറയുകയും ചെയ്തു. അവള്‍ വിശദീകരിച്ചു.
”ഇനിയുള്ള എല്ലാ ഞായറാഴ്ചകളിലും ഏതൊക്കെയോ അമ്പലത്തില്‍പോയി പൂജ നടത്തണമെന്നാണ് അവന്റെ ഒരു ഡിമാന്റ്. അതിന് ഞാനും ഒപ്പം ചെല്ലണം. മംഗല്യപൂജ, സന്താനപൂജ, …. അങ്ങനെ കുറേയെണ്ണം. എനിക്ക് ഇത്തരം ഭ്രാന്തുകള്‍ കേള്‍ക്കുന്നതേ കലിയാണ്. ഇവനേതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്?”
”അവനങ്ങനെ അമ്പലങ്ങളിലൊന്നും പോകുന്നത് ഞങ്ങള്‍ കാണാറില്ലല്ലോ. പിന്നീടിപ്പോഴെന്തുപറ്റി?” കിരണ്‍ ചോദിച്ചു.
”അവന്‍ പണ്ടേ ഇങ്ങനൊക്കെത്തന്നെയാണ്. നിങ്ങളോടൊന്നും അക്കാര്യങ്ങള്‍ പറയാറില്ലെന്നേയുള്ളു. ഞങ്ങളുടെവീടുകളില്‍ ചെറിയ എതിര്‍പ്പൊക്കെയുണ്ട്. അതുകൊണ്ട് രജിസ്റ്റര്‍ മാര്യേജ് മതിയെന്ന് ഞാന്‍ പരമാവധി പറഞ്ഞതാണ്. അല്ലെങ്കില്‍ത്തന്നെ എന്തിനാണീ അനാവശ്യമായ ആര്‍ഭാടങ്ങള്‍? പരസ്പരം മനസ്സിലാക്കലല്ലേ പ്രധാനം.”
അവള്‍ പറയുന്നതിനോട് പൂര്‍ണമായി യോജിപ്പില്ലെങ്കിലും അതില്‍ ശരിയുണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.
”അവരവരുടെ വിശ്വാസങ്ങള്‍ അവര്‍ക്കു വിട്ടുകൊടുത്തേരെ. അതില്‍ നമ്മളിടപെടാതിരിക്കുന്നതല്ലേ നല്ലത്?” ഒരു ഒത്തുതീര്‍പ്പ് നിലപാടില്‍നിന്നുകൊണ്ട് ജോസഫ് പറഞ്ഞു.
”ഇതു ഞാന്‍ പ്രതീക്ഷിച്ച മറുപടിയാണ്. ഇനിയുമുണ്ട് ഭ്രാന്തുകള്‍. ഒരുദിവസം എന്നെയും വിളിച്ചുകൊണ്ട് ക്ഷേത്രത്തില്‍പോയി പൂജാരിയെക്കൊണ്ട് ഒരു പെട്ടകം പൂജിച്ച് വാങ്ങി. അതില്‍തൊട്ട് നെറുകയില്‍ വയ്ക്കാനും പ്രാര്‍ത്ഥിക്കാനും എന്നോട് പറഞ്ഞു. എന്താണതിനുള്ളിലെന്ന് എത്ര ചോദിച്ചിട്ടും പറഞ്ഞില്ല. അതൊന്നും നീയറിയേണ്ട എന്നായിരുന്നു മറുപടി. അവിടെ വച്ചായതിനാല്‍ ഞാന്‍ എതിര്‍ത്തില്ല. പക്ഷേ എന്നെക്കൊണ്ടിതൊന്നും പറ്റില്ല. അയാളീ കാലത്തില്‍ തന്നെയാണോ ജീവിക്കുന്നത്?”
അവളുടെ സംശയം ന്യായമാണെന്ന് ഞങ്ങള്‍ക്കും തോന്നി. അവനിങ്ങനെയുള്ള കുഴപ്പങ്ങളുണ്ടെന്ന് ഞങ്ങളറിഞ്ഞിരുന്നുമില്ല. അവന്റെ കയ്യിലെ പെട്ടകത്തെക്കുറിച്ച് ഞങ്ങള്‍ക്കറിയാമെന്നും അതിനുള്ളിലെന്താണെന്ന് എത്ര നിര്‍ബ്ബന്ധിച്ചിട്ടും അവന്‍ പറഞ്ഞിട്ടില്ലെന്നും ഞങ്ങളറിയിച്ചു.
”തീര്‍ന്നില്ല. കല്യാണത്തിന് തലേ ദിവസം ഏഴു ക്ഷേത്രങ്ങളില്‍പോയി സര്‍വ്വമംഗളപൂജ നടത്തണമെന്നും ഞാനും ഒപ്പം ചെല്ലണമെന്നുമാണ് അവസാനത്തെ ആവശ്യം. അന്ന് രാത്രി ഏതോ ആശ്രമത്തില്‍വച്ച് ദീര്‍ഘായുസ്സിനുവേണ്ടിയുള്ള ഒരു പൂജയുണ്ടെന്നും അതുകൂടിക്കഴിഞ്ഞേ ഞാന്‍ മടങ്ങാവൂ എന്നും. കല്യാണത്തിന് തലേ ദിവസത്തെ കാര്യങ്ങളാണിതെന്നോര്‍ക്കണം.”
ഇപ്പോള്‍ ഞങ്ങള്‍ക്ക് മറുപടികളുണ്ടായിരുന്നില്ല. ഇവനിതെന്തുപറ്റി എന്നായിരുന്നു അപ്പോള്‍ ഞങ്ങളാലോചിച്ചത്. ഞങ്ങളില്‍നിന്ന് അഭിപ്രായങ്ങളൊന്നും പ്രതീക്ഷിക്കാത്തപോലെ അവള്‍ തുടര്‍ന്നു.
”ഇത്രയുമൊക്കെ വേണമെങ്കില്‍ ഞാനങ്ങ് സഹിക്കാമായിരുന്നു. പക്ഷേ….”
അവള്‍ ഒന്നു നിര്‍ത്തി. ആകാംഷാഭരിതമായ ചെറിയൊരിടവേളയ്ക്ക്‌ശേഷം അവള്‍ തുടര്‍ന്നു. . ആദ്യരാത്രിയില്‍ നാരീപൂജ ചെയ്യണം. പിന്നെ ബ്രാഹ്മമുഹൂര്‍ത്തം കൃത്യമായി നോക്കണം. തുടക്കം അങ്ങനെതന്നെയാകണം.
ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കൊന്നും പറയാന്‍ കഴിയുമായിരുന്നില്ല എന്നതാണ് വാസ്തവം. മാത്രവുമല്ല അമലയോട് ഞങ്ങള്‍ക്ക് അത്രവലിയ അടുപ്പവുമുണ്ടായിരുന്നില്ല. അതുകൊണ്ട് കൂടുതല്‍ സ്വാതന്ത്ര്യമെടുത്ത് സംസാരിക്കുവാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.
ഞങ്ങളുടെ പരിമിതി അവള്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. അവള്‍ ഞങ്ങളില്‍നിന്നും മറുപടി ഒന്നും പ്രതീക്ഷിക്കുന്നില്ലായെന്നും തോന്നി.
”നിങ്ങളറിയുന്ന ഹരിനാരായണന്‍ ഇങ്ങനെയൊന്നുമല്ലായിരിക്കും. പക്ഷേ ശരിക്കും ഇങ്ങനെയാണയാള്‍. അയാളൊരു സോഫ്റ്റവെയര്‍ എഞ്ചിനീയര്‍ ആണെന്നുകൂടി ഓര്‍ക്കണം. ഒരുപക്ഷേ ഞങ്ങള്‍ രണ്ടുവഴികളിലേക്കുപോയാലും അതെന്റെ കുറ്റംകൊണ്ടായിരിക്കില്ല എന്ന് നിങ്ങളെ ഒന്നു ബോധ്യപ്പെടുത്താനാണ് ഞാന്‍ വന്നത്.” അലപനേരം നിശ്ശബ്ദയായിനിന്നിട്ട് ദീര്‍ഘമായൊന്നു ശ്വസിച്ച് അവള്‍ പറഞ്ഞു ”ഞാന്‍ പോകുന്നു.”
വാതില്‍ക്കല്‍ വരെയെത്തിയ ശേഷം തിരിഞ്ഞുനിന്ന് ഞങ്ങളെ രണ്ടുപേരെയും നോക്കി ഒന്നു മന്ദഹസിച്ചശേഷം അവള്‍ പറഞ്ഞു, ”ബട്ട് ഫ്രണ്ട്‌സ്, ഇപ്പോഴും ഞാനയാളെ വല്ലാതെ ഇഷ്ടപ്പെടുന്നുണ്ട്.” അവള്‍ പുറത്തേക്ക് പോയി.
ഞങ്ങള്‍ക്ക് ഞങ്ങളെക്കുറിച്ചുതന്നെ അവജ്ഞതോന്നി. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഇങ്ങനെ നിസംഗരായി നിന്നത് ശരിയല്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അവളുടെ അപ്രതീക്ഷിതമായ കടന്നുവരവും സംസാരവുമെല്ലാം എങ്ങനെ അതിനെ നേരിടണമെന്നറിയാത്ത ഒരവസ്ഥയില്‍ ഞങ്ങളെ കൊണ്ടെത്തിച്ചെന്നുള്ളതാണ് വാസ്തവം.
”ഇവളിതെവിടെപോയി കിടക്കുന്നു?” കിരണിന് ദേഷ്യം വരുന്നുണ്ടായിരുന്നു. അവനും ജോസഫും മാറിമാറി ഇരുപത്തയഞ്ചുതവണയെങ്കിലും അവളെ വിളിച്ചുകാണും. എല്ലായ്‌പ്പോഴും ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടായിരുന്നു.
ആരെങ്കിലും പറഞ്ഞ് അവളറിഞ്ഞുകാണുമോ? അവളുടെ ബന്ധം അറിയാവുന്ന ധാരാളം ആള്‍ക്കാരുണ്ടല്ലോ. അങ്ങനെയെങ്കില്‍ അവള്‍ വരേണ്ടതല്ലേ? അല്ലെങ്കില്‍ ഫോണെടുക്കേണ്ടതല്ലേ?
സമയമടുക്കുന്തോറും ആള്‍ക്കാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.
ചുറ്റുപാടുംനിന്ന് ഹരിനാരായണന്റെ നന്മകള്‍ കാതില്‍ പതിച്ചുകൊണ്ടിരുന്നു. ഓരോന്നും കേള്‍ക്കുമ്പോള്‍ ജോസഫിന്റെ ചുണ്ടില്‍ പരിഹാസച്ചിരി വിരിയുന്നുണ്ടായിരുന്നു.
”മുത്തച്ഛനായിരുന്നു അവന്റെ റോള്‍ മോഡല്‍.”
”ഒരുകാലത്ത് കിരീടം വയ്ക്കാത്ത രാജാവായിരുന്നില്ലേ അങ്ങേര്.”
”അതൊക്കെ ഒരുകാലം. ഇന്നതൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ?”
”ഹരിയുടെ മടിയില്‍ കിടന്നാ അങ്ങേര് മരിച്ചത്.”
”അതാണ് അതിന്റെയൊരു ദൈവീകം. അച്ഛനെക്കാളും അമ്മയെക്കാളും അവനിഷ്ടം മുത്തച്ഛനെയായിരുന്നല്ലോ.”
”ഇപ്പോഴും അവന്റെ മുറിയില്‍ മുത്തച്ഛന്റെ ഫോട്ടോ മാലയിട്ടുവച്ചിട്ടുണ്ട്. എല്ലാ ദിവസവും അതിനുമുന്നില്‍ വിളക്ക് കത്തിക്കും. അവനില്ലാത്ത ദിവസങ്ങളില്‍ അച്ഛനോ അമ്മയോ ചെയ്യും.”
പ്രായമുള്ള രണ്ടയല്‍ക്കാരാണ്. അവര്‍ സംഭാഷണം തുടരുകയാണ്. തിരക്ക് വര്‍ദ്ധിച്ചതോടെ ഞങ്ങള്‍ ഒഴിഞ്ഞസ്ഥലത്തേക്ക് മാറിനിന്നു. ബോഡിയെടുക്കാന്‍ സമയമാകുന്നു. അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങളാണ്.
ഞങ്ങള്‍ വീണ്ടും അമലാ പ്രസാദിനെ വിളിച്ചു.
റിംഗ് ചെയ്യുന്നു. മറുപടിയില്ല.
ഞങ്ങള്‍ അകലെ മാറി നിശ്ശബ്ദരായ കാഴ്ചക്കാരായി.
കര്‍മ്മങ്ങള്‍ കഴിഞ്ഞ് ബോഡി പുറത്തേക്കെടുത്തു.
വീടിനുള്ളില്‍നിന്ന് വീണ്ടുമൊരു കൂട്ടക്കരച്ചിലുയര്‍ന്നു…..
പുറത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് അവസാനമായി കാണേണ്ടവര്‍ക്കായി കുറച്ചുനേരം കിടത്തി.
ഒരിക്കല്‍കൂടി ഞങ്ങള്‍ റോഡിലേക്ക് നോക്കി. അമലയ്ക്ക് വേണ്ടി.
ഹരിനാരായണന്റെ ശരീരം ചിതയില്‍ വച്ചുകഴിഞ്ഞതോടെ ഞങ്ങളിറങ്ങി.
അവിടെനിന്ന് ലോജ്ഡിലെത്തുവോളം ഞങ്ങളൊന്നും സംസാരിച്ചില്ല.
അമല കാര്യങ്ങള്‍ അറിഞ്ഞിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ അറിയുമ്പോഴുള്ള പ്രതികരണം എന്തായിരിക്കുമെന്നുമുള്ള ചിന്ത ഞങ്ങളെ അസ്വസ്ഥരാക്കിക്കൊണ്ടിരുന്നു.
ലോഡ്ജിലെത്തി ഒന്നുകുളിച്ചുകഴിഞ്ഞതോടെ ഉന്മേഷമായി. ഒരിക്കല്‍കൂടി ഞങ്ങള്‍ രണ്ടുപേരും അമലാ പ്രസാദിനെ വിളിച്ചു. പ്രിതികരണമില്ല.
രാവിലെ തിരക്കിനിടയില്‍ ഹരിയുടെ മുറി പൂട്ടിയിരുന്നില്ല. ചേര്‍ത്തടച്ചതേയുണ്ടായിരുന്നുള്ളു.
”വാ, നമുക്കവന്റെ റൂമൊന്നു നോക്കാം.” കിരണ്‍ പറഞ്ഞു.
ഞങ്ങള്‍ ഹരിയുടെ മുറി തുറന്ന് അകത്തു പ്രവേശിച്ചു.
അവന്റെ മൊബൈല്‍ ഫോണ്‍ മേശപ്പുറത്തിരിപ്പുണ്ട് തിരക്കിനിടയില്‍ അതൊന്നുമെടുക്കാന്‍ ഞങ്ങളോര്‍ത്തിരുന്നില്ല.
ജോസഫ് മൊബൈല്‍ ഫോണെടുത്തുനോക്കി. ഡെസ്‌ക്‌ടോപ്പില്‍ അമലയുടെ തോളില്‍ കയ്യിട്ടുനില്‍ക്കുന്ന ഹരിനാരായണണ്‍. കുറച്ചുനേരം അതില്‍ത്തന്നെ നോക്കിനിന്നശേഷം ജോസഫ് ഫോണ്‍ താഴെവച്ചു.
അപ്പോഴാണ് മേശപ്പുറത്തിരുന്ന അവന്റെ സന്തസഹചാരിയായ പെട്ടകം അവര്‍ ശ്രദ്ധിച്ചത്.
ജോസഫ് അത് കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി. അതിലെന്താണെന്നറിയാനുള്ള ആകാംക്ഷ ഇരുവര്‍ക്കുമുണ്ടായി.
”തുറക്ക്. എന്താണെന്നറിയാമല്ലോ.” കിരണ്‍ പറഞ്ഞു.
ജോസഫ് പെട്ടകം തുറന്നു.
ചിവന്ന വെല്‍വെറ്റ് തുണിക്കുള്ളില്‍ എന്തോ പൊതിഞ്ഞുവച്ചിരിക്കുന്നു. ജോസഫ് പൊതിയെടുത്ത് അഴിച്ചുനോക്കി.
രണ്ട് മെതിയടികള്‍!
തേഞ്ഞുതീരാറായ രണ്ടു മെതിയടികള്‍!
വാടിത്തുടങ്ങിയ രണ്ടുമൂന്ന് പൂക്കള്‍!
മെതിയടിയുടെ തടികൊണ്ടുള്ള മകുടത്തില്‍ ഓരോ ചന്ദനപ്പൊട്ട്!
ജോസഫും ഹരിയും പരസ്പരം നോക്കി. ഇപ്പോള്‍ ജോസഫിന് ചിരി വന്നില്ല.
ഹരിയുടെ മൊബൈല്‍ റിംഗ് ചെയ്യുന്നു.
അമലാ പ്രസാദ്
രണ്ടുപേരും ഒന്നു നടുങ്ങുകതന്നെ ചെയ്തു.
അവര്‍ ഫോണ്‍ തൊട്ടില്ല. നിശ്ശബദരായി പുറത്തിറങ്ങി കതകുപൂട്ടി.
റൂമിലെത്തുമ്പോള്‍ ജോസഫിന്റെ ഫോണ്‍ റിംഗ് ചെയ്യുന്നു.
അമലാപ്രസാദ്.
അയാള്‍ ഫോണെടുത്തില്ല.
കിരണിന്റെ ഫോണ്‍ റിംഗ് ചെയ്യുന്നു.
അവള്‍ തന്നെ.
ഒരു വിലാപംപോലെ ഫോണ്‍ശബ്ദം പെയ്‌തൊടുങ്ങി.
രണ്ടുപേരും ഫോണെടുത്ത് സ്വിച്ചോഫ് ചെയ്തു.

Author

41 Views
Scroll to top
Close
Browse Categories