യോഗാഭ്യാസ പരിശീലനം

ബന്ധങ്ങളെല്ലാം ബന്ധനങ്ങളാണ്. സന്ന്യാസിയുടെ മനസ്സുമായി കഴിയുന്ന ഒരാള്‍ക്ക് എല്ലാം ഉപേക്ഷിക്കേണ്ടിവരും. ആഗ്രഹങ്ങളെയും, അതു നേടിയെടുക്കാനുള്ള കര്‍മ്മങ്ങളുടെയും പരിത്യാഗത്തെയാണ് സന്ന്യാസം എന്നു പറയുന്നത്. അതുകൊണ്ടാണ് ജനിച്ചുവളര്‍ന്ന വീടും ബന്ധുജനങ്ങളെയും വിട്ടൊഴിഞ്ഞ് ഏകനായി അലക്ഷ്യനായി സഞ്ചാരം തുടങ്ങിയത്.
നാണു ആശാനും കുഞ്ഞന്‍പിള്ള ചട്ടമ്പിയും ഒരേ ലക്ഷ്യത്തോടെ കഴിയുന്നവരാണ്. അവര്‍ തമ്മില്‍ കണ്ടു. പരസ്പരം മനസ്സിലാക്കിയപ്പോള്‍ നല്ല കൂട്ടുകാരായി മാറി. ഒരുമിച്ചാണ് യാത്ര. എത്തിയേടത്ത് വിശ്രമം. കിട്ടുന്നത് ഭക്ഷിക്കും.

കുഞ്ഞന്‍പിള്ള ചട്ടമ്പി തൈക്കാട്ട് അയ്യാവ് എന്ന ഗുരുവിന്റെ കീഴില്‍ യോഗാഭ്യാസം പഠിച്ചിട്ടുണ്ട്. നാണു ആശാന്‍ കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്റെ കീഴില്‍ യോഗാഭ്യാസം പഠിച്ചിരുന്നുവെങ്കിലും പൂര്‍ണ്ണമായി ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തൈക്കാട്ട് അയ്യാവിന്റെ കീഴില്‍ കുറച്ചുകൂടി യോഗാഭ്യാസം പഠിക്കണം. നാണു ആശാന്‍ തന്റെ ആഗ്രഹം കുഞ്ഞന്‍പിള്ള ചട്ടമ്പിയെ അറിയിച്ചു.

തൈക്കാട്ട് അയ്യാവ് സുബ്രഹ്മണ്യ ഭക്തനായിരുന്നു. കുഞ്ഞന്‍പിള്ള ചട്ടമ്പിയും സുബ്രഹ്മണ്യ ഭക്തനായി ഷണ്‍മുഖദാസന്‍ എന്ന പേരു സ്വീകരിച്ചിരുന്നു. തിരുവനന്തപുരം റസിഡന്‍സിയില്‍ ഒരു ഉദ്യോഗസ്ഥനായിരുന്ന അയ്യാവ് അത്ഭുതസിദ്ധികളുള്ള വ്യക്തിയെന്ന നിലയില്‍ ആദരിക്കപ്പെട്ടിരുന്നു.
ഒരു നിമിഷം ഷണ്‍മുഖദാസന്‍ നാണു ആശാനെ നോക്കി. പിന്നെ നാണുവിനെയും വിളിച്ചു തൈക്കാട്ട് അയ്യാവിന്റെ അടുത്തെത്തി. രണ്ടുപേരും അയ്യാവിനെ നമസ്‌ക്കരിച്ചു.
കുഞ്ഞന്‍പിള്ള നാണു ആശാനെ ഗുരുവായ തൈക്കാട്ട് അയ്യാവിനെ പരിചയപ്പെടുത്തി. അയ്യാവ് ശിഷ്യനാവാനെത്തിയ യുവാവിനെ ഒന്നുഴിഞ്ഞുനോക്കി. എന്നിട്ടു പറഞ്ഞു.
”പുസ്തകത്തില്‍ തേന്‍ എന്ന് എഴുതിവെച്ച പദം നക്കിയാല്‍ മധുരം ഉണ്ടാവില്ല. മരത്തിന്റെ മുകളിലോ വല്ല പൊത്തുകളിലോ ആയിരിക്കും തേന്‍ കൂടുണ്ടാവുക. നന്നായി പരിശ്രമിച്ച് അത് എടുത്ത് സ്വാദു നോക്കണം. നല്ല മധുരമായിരിക്കും.”
യോഗാഭ്യാസപഠനം അത്ര പ്രയാസകരമായിരിക്കും എന്ന സൂചനയാണ് അയ്യാസ്വാമി നല്‍കിയതെന്ന് നാണു ആശാന്‍ മനസ്സിലാക്കി. എന്നാല്‍ ആ വിഷമങ്ങളെല്ലാം സഹിക്കാനുള്ള മനസ്സുണ്ടെന്ന് വ്യക്തമാക്കുന്ന ഭാവത്തില്‍ നാണു ആശാന്‍ പ്രസന്നവദനനായി നിന്നു.
അയ്യാസ്വാമി ഒന്നുകൂടി ആ മുഖത്ത് സൂക്ഷിച്ചുനോക്കി. കണ്ണുകളിലെ നിശ്ചയദാര്‍ഢ്യം കണ്ടപ്പോള്‍ തൃപ്തനായി തുടര്‍ന്നു പറഞ്ഞു.
”വെന്ത കലമാണ്. വെള്ളം ഒഴിച്ചു വെച്ചാല്‍ കിനിയുകയോ ചോരുകയോ ചെയ്യില്ല. സല്‍പാത്രം തന്നെ.”
വിദ്യയും ഭിക്ഷയും സല്‍പാത്രത്തില്‍ നല്‍കണമെന്നാണ് വിധി. തന്റെ കൂട്ടുകാരനെപ്പറ്റി ഗുരു പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ കുഞ്ഞന്‍ പിള്ള ചട്ടമ്പിക്ക് സന്തോഷമായി. ഇനി എന്താണു വേണ്ടത് എന്ന ഭാവത്തില്‍ നില്‍ക്കുന്നവരോട് അയ്യാസ്വാമി പറഞ്ഞു.
”അടുത്ത ചിത്രാപൗര്‍ണ്ണമി നാളില്‍ വരട്ടെ, നമുക്കറിയാവുന്നത് പറഞ്ഞുകൊടുക്കുകയും കാണിച്ചുകൊടുക്കുകയും ചെയ്യാം. ഇന്ന് തിരികെ പോവുക.”
രണ്ടുപേര്‍ക്കും സന്തോഷമായി. ചിത്രാപൗര്‍ണ്ണമി നാളെത്താന്‍ ഒരു മാസത്തോളം കഴിയണം. രണ്ടുപേരും പെരുനെല്ലി കൃഷ്ണന്‍ വൈദ്യരുടെ വീട്ടിലെത്തി. അവിടെയും മറ്റു ചിലേടത്തുമായി കഴിഞ്ഞു.
ചിത്രാപൗര്‍ണ്ണമിദിനമായി. നാണു ആശാനും ഷണ്‍മുഖദാസനും തൈക്കാട്ട് അയ്യാസ്വാമിയുടെ വീട്ടിലെത്തി. ഗുരുവന്ദനം നടത്തി.
1056(1877) ചിത്രാപൗര്‍ണ്ണമിദിവസം. തൈക്കാട്ട് അയ്യാസ്വാമിയുടെ കീഴില്‍ ഹഠയോഗം പഠിക്കാന്‍ ശിഷ്യനായി നാണു സ്വാമി ചേര്‍ന്നു.
ജീവിതത്തിന്റെ പുതിയൊരു ഘട്ടം.

Author

45 Views
Scroll to top
Close
Browse Categories