ആശാനും വടയാര്‍ പ്രസംഗവും
തിരുവിതാംകൂറിലെ ഏറ്റവും വലിയ നികുതിദായകനായ ധനാഢ്യന്‍ ആലുമ്മൂട്ടില്‍ ചാന്നാര്‍ക്കും അവര്‍ണനായതിനാല്‍ തീണ്ടലായിരുന്നു. ഇറക്കുമതി ചെയ്ത കാറു പോലും അദ്ദേഹത്തിന് പൊതുവഴിയില്‍ പ്രത്യേകിച്ചും അമ്പലവഴികളില്‍ ഓടിക്കാനോ അതിലൂടെ സഞ്ചരിക്കാനോ സ്വാതന്ത്ര്യമില്ലായിരുന്നു. മാവേലിക്കരയിലെ പ്രാചീന ബൗദ്ധവിഹാരം അഥവാ പുത്തരുടെ അഥവാ പുത്തരച്ചന്റെ പള്ളിയായിരുന്ന കണ്ടിയൂര്‍ അമ്പലത്തിനയലത്തു വരുമ്പോള്‍ ചാന്നാര്‍ സ്വന്തം കാറില്‍ നിന്നും ആനപ്പുറത്തു നിന്നും ഇറങ്ങി തീണ്ടാപ്പാടു മാറി വയലും തോടും താണ്ടി വഴിമാറി വരണം. ശൂദ്രനോ മുസ്ലീമോ ആയ ഡ്രൈവര്‍മാര്‍ക്കും ആനപ്പാപ്പാന്മാര്‍ക്കും തീണ്ടലില്ലതാനും.

മരണത്തിനു തൊട്ടുമുമ്പത്തെ വര്‍ഷം 1923ല്‍ ഗുരുശിഷ്യനായ മഹാകവി കുമാരനാശാന്‍ വൈക്കത്തിനടുത്തു വടയാറില്‍ പ്രാചീനമായ ഈളംകാവിനടുത്തുള്ള പാടത്ത്, എസ്. എന്‍. ഡി. പി സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ പ്രസംഗിച്ചത് ദളവാക്കുളത്തിലെ ധീരരായ മുന്‍ഗാമികളെ കുറിച്ചാണ് (നാരായണന്‍ 2018 (1968)). 1924 ജനുവരിയില്‍ അകാലത്തില്‍ പൊലിഞ്ഞില്ലാതായിരുന്നെങ്കില്‍ വൈക്കം സത്യഗ്രഹവേദിയിലെത്തി അദ്ദേഹം അവരെ ഓര്‍ത്തേനേ. കോണ്‍ഗ്രസിലും കമ്യൂണിസ്റ്റു പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ച് പില്‍ക്കാലത്ത് തലയോലപ്പറമ്പ് എസ്. എന്‍. ഡി. പി. യൂണിയന്‍ നേതാവായ കെ. ആര്‍. നാരായണനാണ് ആശാന്റെ വടയാര്‍ പ്രസംഗത്തെ പരാമര്‍ശിക്കുന്നത്. 1923 ലെ ടി. കെ. മാധവന്റെ ദേശാഭിമാനിയുടെ രണ്ടു ലേഖനങ്ങളില്‍ താന്‍ വടയാര്‍ പ്രസംഗം പരാമര്‍ശിച്ചതായി മാധവനെ തന്റെ രാഷ്ട്രീയഗുരുവായി കണ്ട നാരായണന്‍ രേഖപ്പെടുത്തുന്നു. 2018ല്‍ തലയോലപ്പറമ്പ് കെ. അര്‍. നാരായണന്‍ സ്മാരക യൂണിയന്‍ പ്രസിദ്ധീകരിച്ച എ. വി. അശോകന്റെ കെ. ആര്‍. നാരായണന്‍ എന്ന ജീവചരിത്ര ഗ്രന്ഥത്തിലും കെ. ആര്‍. നാരായണന്‍ എഴുതിയ വൈക്കം ജാതിവിരുദ്ധ പോരാട്ടങ്ങളേയും ദളവാക്കുളത്തേയും ആശാന്‍ നടത്തിയ വടയാര്‍ പ്രസംഗത്തെക്കുറിച്ചും പരാമര്‍ശിക്കുന്ന ലേഖനം ഉണ്ട്. നാരായണനെ കുറിച്ചുള്ള പടത്തലവന്‍ എന്ന എം. പി. അപ്പന്‍ കവിതയും അതിലുണ്ട് (അശോകന്‍ 2018).
ഇതെല്ലാം വൈക്കത്തെ പഴമക്കാരായ അവര്‍ണ ജനങ്ങളുടെ ഓര്‍മകളില്‍ സജീവമാണ്. വൈക്കത്തെ പ്രാദേശിക ചരിത്രകാരനായ ദലിത്ബന്ധു എന്‍. കെ. ജോസ് ദളവാക്കുളം കൂട്ടക്കൊലയെ കുറിച്ച് ഒരു പുസ്തകം തന്നെ രചിച്ചു (ദലിത്ബന്ധു 2006, 2016). നങ്ങേലിയെക്കുറിച്ചും ആറാട്ടുപുഴയെക്കുറിച്ചും അന്തരിച്ച ഈ ബഹുജനചരിത്രകാരന്‍ പുസ്തകമെഴുതിയിറക്കി. ഇതെല്ലാം കെട്ടുകഥകളാണെന്നു വാദിക്കുന്ന സവര്‍ണപ്രേരിതരായ ലാവണപ്രേമികളായ കൂലിയെഴുത്തുകാരുടെ ഉപജീവനാഖ്യാനങ്ങളും ധാരാളമാണ്. അധീശ സമ്മര്‍ദ്ദ കുതന്ത്രങ്ങളിലൂടെയാണ് മലയാളി കുലീനത നിരന്തരം നിലനില്‍ക്കുന്നത്. തെളിവുകള്‍ അധീശമായി മായിച്ചും മറച്ചും നശിപ്പിച്ചും ചെമ്പുപട്ടയവും തിട്ടൂരവും വട്ടെഴുത്തുരേഖയുമാവശ്യപ്പെടുന്ന പോഴത്തമാണത്.
ആധുനിക കാലത്തു നടന്ന ജാതിവിരുദ്ധമായ മനുഷ്യാവകാശ, സഞ്ചാര സ്വാതന്ത്ര്യസമരങ്ങളില്‍ ലോകശ്രദ്ധയാകര്‍ഷിച്ചതാണ് വൈക്കം സത്യഗ്രഹം. അമേരിക്കന്‍ പൗരാവകാശ പ്രക്ഷോഭകനായ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ ഇളമുറക്കാരി മേരി കിങ്ങുപോലും വൈക്കത്തെത്തിയത് അഭൂതപൂര്‍വമായ ഈ ആധുനിക പൗരാവകാശ, മനുഷ്യാവകാശ, സഞ്ചാരസ്വാതന്ത്ര്യ സമരത്തെ കുറിച്ചറിയാനും പുസ്തകമെഴുതാനുമാണ് (കിങ്ങ് 2015). ഇന്നുകാണുന്ന ഹൈന്ദവമെന്നു പറയുന്ന അമ്പലങ്ങളുടെ വാസ്തുശില്പ, ശില്പശൈലീ ചരിത്രങ്ങളെ കുറിച്ചു പഠിച്ചു പുസ്തകങ്ങളെഴുതിയ യൂറോപ്യന്‍ കലാചരിത്രകാരിയായ സ്റ്റെല്ല ക്രാംറീച്ചിനെ വൈക്കത്തേക്കാകര്‍ഷിച്ചതും ഈ ചരിത്രപുരാവസ്തു ഭൂമികയാണ് (ക്രാംറീച്ച് 1980). 1539 ലാണ് വൈക്കത്തെ ബ്രാഹ്മണിക ശൈവലിംഗം സ്ഥാപിതമായതെന്നവരെഴുതി. അതുവരെ അതൊരു ബൗദ്ധമായ മഹായാന പെരുംപള്ളിയായിരുന്നു. അതാണ് വൈക്കം ക്രൈസ്തവ പള്ളി അതിനു തൊട്ടുപടിഞ്ഞാറായി വേലുത്തമ്പി 1800 കളുടെ തുടക്കത്തില്‍ മാറ്റുന്നത് വരെ വൈക്കം ജട്ടിക്കടുത്തായി നിലനിന്നതെന്ന് ദലിത്ബന്ധുവുമെഴുതി. 1546ല്‍ മാത്രമാണ് അമ്പലപ്പുഴ വിഹാരത്തെ ബ്രാഹ്മണിക വൈഷ്ണവ ക്ഷേത്രമാക്കിയതെന്ന് പ്രാദേശിക ചരിത്രങ്ങളും ക്ഷേത്രചരിത്രവും സമര്‍ത്ഥിക്കുന്നു. അമ്പനാട്ടു പണിക്കന്മാരുടെ ബൗദ്ധമായ പള്ളിയായിരുന്നു അത്. വില്വമംഗലം ചാമിയാരാണവിടെ ദേവനാരായണനെന്ന ബ്രാഹ്മണഭരണാധികാരിയെ കൊണ്ടതു ചെയ്യിച്ചത്. ഇങ്ങനെ പതിനാറാം നൂറ്റാണ്ടില്‍ മാത്രമാണ് പല ബുദ്ധപ്പള്ളികളും ഹിന്ദു ബ്രാഹ്മണിക ക്ഷേത്രങ്ങളാക്കി മാറ്റിയെടുത്തത് (ശേഖര്‍ 2018, 2021). ഈ ചരിത്രത്തെയാണ് ജാതിഹിന്ദു പെഡഗോജി എന്ന സവര്‍ണവിദ്യാഭ്യാസതന്ത്രം മറച്ച് അനാദികാലം മുതല്‍ കേരളമെല്ലാം ഹിന്ദുവാണെന്നു പഠിപ്പിക്കുന്നത്. ജാതിഹിന്ദുത്തം വെട്ടിമാറ്റിമൂടിയ ബൗദ്ധമായ അശോകന്‍ കേരള ചരിത്രത്തെ പുറത്തു കൊണ്ടുവന്നാലേ നമുക്കു ഭാവിയുള്ളു. നേരിനും നീതിക്കും മുകളില്‍ മാത്രമേ നമുക്കു പുതു സമസമൂഹം കെട്ടിപ്പടുക്കാനാവൂ. ഹിന്ദു എന്ന നുണ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. സവര്‍ണജാഥയും ഗാന്ധിയന്‍ സത്യഗ്രഹവും പോലെ വൈക്കം പോരാട്ടപരമ്പര തകര്‍ക്കുന്ന മിത്താണ് ഹിന്ദു.
ഗുരുവിന്റെ ഹൈന്ദവദേശീയതാവിമര്‍ശവും ആധുനികതയെന്ന ഗുരുക്കന്മാരും സനാതനധര്‍മമെന്ന വര്‍ണാശ്രമധര്‍മത്താല്‍ തൊട്ടുകൂടാത്തവരാക്കി മാറ്റപ്പെട്ട ജാതിബാഹ്യരായ അവര്‍ണരുടെ പൊതുവഴിനടപ്പിനായിട്ടായിരുന്നു ആ നീണ്ട സമരം. മധ്യകാലത്തോടെ ജാതിഹിന്ദുത്തം അഥവാ സവര്‍ണത വംശഹത്യാപരമായ ഹിംസകളിലൂടെ സ്വന്തമാക്കിയ അമ്പലങ്ങള്‍ക്കടുത്തുള്ള പൊതുവഴികളിലേക്ക് 1924ല്‍ പോലും അവര്‍ണര്‍ക്കു കടക്കാന്‍ വിലക്കായിരുന്നു. കാരണം പൂര്‍വബൗദ്ധര്‍ സംഘടിച്ചടുത്തു വന്നാല്‍ അവര്‍ സ്വന്തം പള്ളികളും വിഹാരങ്ങളും വീണ്ടെടുക്കും എന്ന് കയ്യേറ്റക്കാരും അവരുടെ പാദജരും പേടിച്ചുപോന്നു. അതാണ് അവര്‍ണരുടെ അമ്പലവഴിവിലക്കിനാധാരം. ചത്തും കൊന്നും അതു തടയുകയായിരുന്നു നാലാംവര്‍ണക്കാരായ ഹിന്ദു ശൂദ്രരുടെ കുലധര്‍മം എന്ന വര്‍ണാശ്രമധര്‍മം. തമ്പിയങ്ങുന്നിന്‍ തിട്ടൂരമതായിരുന്നു. പപ്പനാവപിള്ളയും കുഞ്ചിപ്പിള്ളയും കുതിരപ്പക്കിയും അതു നടപ്പാക്കി.
2023ല്‍ വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തിലേക്കു നാം കടക്കുമ്പോള്‍ അതില്‍ ഗുരുവും ടി. കെ. മാധവനെ പോലുള്ള ശിഷ്യരും നടത്തിയ ഇടപെടലുകള്‍ ഏറെ വിലപ്പെട്ടതും വിമര്‍ശവിചിന്തനം ചെയ്യേണ്ടതുമായി വിലയിരുത്തപ്പെടുന്നു (രവീന്ദ്രന്‍ 1980, ശേഖര്‍ 2016).

ഗുരുവിന്റെ ദേശീയതാവിമര്‍ശവും
ഗാന്ധിയോടുള്ള ഉപദേശവും
ഗുരു വൈക്കം സത്യഗ്രഹത്തില്‍ നേരിട്ടു നേതൃത്വമോ പങ്കാളിത്തമോ വഹിച്ചിട്ടില്ല.വൈക്കം പോരാട്ടം സന്ദര്‍ശിച്ച് അതിന് ഉൗർജം പകര്‍ന്നു, പ്രാതിനിധ്യ പ്രവേശ സന്ദേശങ്ങള്‍ കൊടുത്തു. ജാതിവിരുദ്ധ മനുഷ്യാവകാശ സമരമെന്ന തലത്തില്‍ ശിഷ്യരെ കാര്യക്കാരാക്കി ചുമതലപ്പെടുത്തി. മാധവന്‍ ശ്രമിച്ചതിനാല്‍ ഗാന്ധിവന്നു. സഹോദരനും ശ്രമിച്ചതുകൊണ്ടാണ് പെരിയോരുപോലും ഗുരുവില്‍ പ്രചോദിതനായി വൈക്കത്തുവന്നു കല്‍ത്തുറങ്കു പൂകിയത്. ഗുരുവതിനെ തികഞ്ഞ ദേശീയ, രാജ്യാന്തര സമരമാക്കി മാറ്റാന്‍ ഭാവനചെയ്തു. വര്‍ക്കലയും ഹുണ്ടിക സ്ഥാപിച്ചു. എന്നാല്‍ ദേശീയവാദ സമരത്തില്‍ നിന്നുമകലം പാലിച്ചു. ഗാന്ധിസത്തെ വിമര്‍ശിച്ചു. ഗാന്ധിയെ 1925ല്‍ തന്നെ വന്നു കണ്ടപ്പോഴും വര്‍ണാശ്രമധര്‍മവുമായുള്ള നിലപാടില്‍ തിരുത്താൻ ഉപദേശിച്ചു. പക്ഷേ ഗാന്ധി 1936ല്‍ വര്‍ണാശ്രമധര്‍മം എന്ന പുസ്തകമെഴുതിയടിച്ചു വിറ്റു.1925ല്‍ തന്നെ സഹോദരന്‍ ഗാന്ധിസന്ദേശം എന്ന നിശിതമായ ഗാന്ധിവിമര്‍ശ കവിതയുമെഴുതി. നായിലും നാണംകെട്ടു ചവിട്ടുന്ന ബ്രാഹ്മണപാദം നക്കുന്ന വര്‍ണാശ്രമിയും നല്ലഹിന്ദുവുമായ വൈശ്യനായ ഗാന്ധിയെ സഹോദരന്‍ ചരിത്രത്തില്‍ 1925ല്‍ കവിതയിലടയാളപ്പെടുത്തി. ഇന്നു പ്രധാനമന്ത്രിമാരും പെരുമാക്കന്മാരുമെല്ലാം ഇത്തരം നല്ല വര്‍ണാശ്രമികളായി രാമരാജ്യത്തിലേക്കു കുതിക്കുകയാണ്.

ഹൈന്ദവപുനരുത്ഥാനപരവും ബ്രാഹ്മണികവുമായ വരേണ്യ ദേശീയവാദവുമായി ഗുരു ഒരിക്കലും രാജിയായിട്ടില്ല. പാശ്ചാത്യ അധുനികതയെ നമ്മുടെ ഗുരുക്കളായി കണ്ട ഗുരുവാണ് കേരള ആധുനികതയുടെ വിധാതാവായത്. ദേശീയവാദ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച കോമലീഴത്തെ ശിഷ്യനായ ടി. കെ. മാധവനിലൂടെയാണ് ഗുരു വൈക്കം സത്യഗ്രഹത്തെ ആശീര്‍വദിച്ചത്. പൊതുമണ്ഡലപ്രവേശവും സാമൂഹ്യപങ്കാളിത്തവും പ്രാതിനിധ്യവാദവും ഊന്നുന്ന നിരവധി പ്രസ്താവനകള്‍ ഗുരുവില്‍ നിന്നുണ്ടായിട്ടുണ്ട്. മാനവികതയ്ക്കും സഞ്ചാരസ്വാതന്ത്ര്യത്തിനുമായുള്ള സമരമെന്ന നിലയില്‍ അദ്ദേഹം വൈക്കത്തെ സ്വന്തം വെല്ലൂര്‍മഠം സത്യഗ്രഹത്തിനായി വിട്ടുകൊടുത്തു. ആയിരം രൂപ അന്നു സംഭാവനയും ചെയ്തു. പരോക്ഷമായി അദ്ദേഹം പോരാട്ടപരമ്പരയെ വഴിനടത്തി. വെല്ലൂര്‍മഠം വാങ്ങാനായി 1920കളുടെ തുടക്കത്തില്‍ വടയാര്‍ വരുമ്പോള്‍ പറഞ്ഞു അതുകൊണ്ടൊരുകാര്യം സാധിക്കാനുണ്ട് എന്ന് (നാരായണന്‍).
ജാതിയും വര്‍ണവും മണത്തറിഞ്ഞ് അടികണക്കാക്കി ഇണ്ടംതുരുത്തിയുടെ ഇറയത്തിരിക്കേണ്ടിവന്ന ഗാന്ധിപോലും വൈക്കത്തുവന്നു മൂന്നുദിനം അന്തിയുറങ്ങി താമസിച്ചത് ഗുരുവിന്റെ വെല്ലൂര്‍ മഠത്തിലായിരുന്നു. സ്വന്തം നിലയ്ക്കു ഗുരു 1924ല്‍ ആയിരം രൂപ ബഹുജന സഞ്ചാരസ്വാതന്ത്ര്യ പ്രാതിനിധ്യ പ്രവേശ പോരാട്ടത്തിനായി കൊടുക്കുകയും വര്‍ക്കല ഹുണ്ടിക സ്ഥാപിച്ച് വിപുലമായി സമുദായത്തില്‍ നിന്നും ധനസമാഹരണം വേറേ നടത്തുകയും ചെയ്തു. ബുദ്ധഭിക്ഷുണിമാരെ പോലെ ഒരു നേരം മാത്രം കഞ്ഞികുടിച്ച് മക്കളെ ഊട്ടിയ ഗുരുവിന്റെ അനുയായികളായ ഈഴവസ്ത്രീകളാണ് പിടിയരി പിടിച്ചു ശേഖരിച്ച് വെല്ലുര്‍മഠത്തിലെത്തിച്ചതും ധനസഹായമെത്തിച്ചതും. അകാലികള്‍ ജാതിവിരുദ്ധ പോരാട്ടമെന്ന നിലയില്‍ ഭോജനശാല നടത്തിയതും ഗുരുവിന്റെ വൈക്കത്തെ അസ്ഥാനമായ വെല്ലൂര്‍ മഠത്തിലാണ്. ബ്രാഹ്മണരും അവരുടെ പാദജരായ ശൂദ്രരും കൂടി തന്‍ വണ്ടി തടഞ്ഞു നിലത്തിറക്കിയപ്പോഴും ഗുരു പറഞ്ഞത് ഇവിടേയും നാമൊരു നിമിത്തമായല്ലോ എന്നാണ്. ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല ഇവരോടു പൊറുക്കേണമേ എന്ന ക്രിസ്തുവചനമാണവിടെ ഗുരുമൊഴിയില്‍ നിറയുന്നത്. മൂലുരതിനെയും പദ്യത്തിലാക്കി റിക്കോഡാക്കി അഥവാ കവിമൊഴിയില്‍ ചരിത്രരേഖയാക്കി. ഭരണഘടനയുടെ അടിത്തറയായ ജനായത്ത പ്രാതിനിധ്യത്തെ അട്ടിമറിക്കാന്‍ ശൂദ്രരുടെ കൂടെ നില്‍ക്കുന്ന പല സുറിയാനികളും ചെയ്യുന്നതും അവരറിയുന്നില്ല. ഭരണഘടനയുടെ അടിത്തറ തകര്‍ത്താല്‍ ന്യൂനപക്ഷാവകാശങ്ങളും മനുഷ്യാവകാശങ്ങളും പൗരത്വവും പോലും നിലനില്‍ക്കില്ല എന്ന പ്രാഥമിക വസ്തുത നമ്മുടെ ക്രൈസ്തവ സോദരര്‍ വൈകിയെങ്കിലും മനസ്സിലാക്കട്ടെ. കുലീനതയുടെ ബാധയിലവര്‍ തലമറന്നെണ്ണ തേക്കുന്നു.

രാഷ്ട്രീയ പ്രാതിനിധ്യവും
സഞ്ചാര സ്വാതന്ത്ര്യവും ജനായത്തവും
ജാതിയിരുട്ടില്‍ നിന്നും വര്‍ണാശ്രമ ക്ഷുദ്രതയില്‍ നിന്നും കേരളത്തെ കേരളമാക്കി മതേതരമായി മാനവീകരിച്ച ഗുരുവിനും വിലക്കോ എന്ന ചോദ്യം ഉയര്‍ത്തിയാണ് ടി. കെ. മാധവന്‍ പോരാട്ടത്തിനിറങ്ങുന്നതും 1917 ലെ സ്വന്തം ദേശാഭിമാനിയില്‍ സഞ്ചാരസ്വാതന്ത്ര്യ, ആരാധനാ സ്വാതന്ത്ര്യങ്ങള്‍ക്കായുള്ള മുഖപ്രസംഗം സി. വി. കുഞ്ഞുരാമനുമായി ചേര്‍ന്ന് എഴുതുന്നതും തൊഴുംതോറും തൊഴിക്കുകയും തൊഴിക്കുന്തോറും തൊഴുകയും ചെയ്യുന്ന വ്യവസ്ഥിതിയായ ചാതുര്‍വര്‍ണ്യ ഹിന്ദുമതം ഇനി അധികകാലം തുടരില്ല എന്നും സി. വി. കുറിച്ചു. ഗുരു വിഭാവനം ചെയ്ത കേരള നവോത്ഥാന ആധുനികതയുടെ കാതല്‍ ജനായത്തപരമായ സാമൂഹ്യ പങ്കാളിത്തവും സംതുലനവും പ്രാതിനിധ്യ ചിന്തയുമായിരുന്നു. സമഗ്രജീവിതവഴികളിലും പൊതുമണ്ഡലങ്ങളിലും ആരാധനായിടങ്ങളിലും മനുഷ്യര്‍ക്കെല്ലാം പ്രവേശം വേണം. മതിയായ പ്രാതിനിധ്യമാണ് മാനവികസമൂഹത്തെ ജനായത്തപരമാക്കുന്നത്. ഏതാനും കുത്തകക്കാരായ ശൂദ്രരുടെ അമിതപ്രാതിനിധ്യ ഒസ്യത്തല്ല മനുഷ്യസമൂഹം.
വേലി കെട്ടി സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തിയാല്‍ അതിനു മീതേകൂടി കയറണമെന്നും മനുഷ്യരെ തൊട്ടാല്‍ അശുദ്ധിയെന്നു കരുതുന്നവരെ ഒന്നിനും സ്വതന്ത്രമായി വിടരുതെന്നും ഏതുപന്തിയിലും കടന്നിരിക്കണമെന്നും പ്രവേശനം നിഷേധിക്കപ്പെടുന്നിടത്തെല്ലാം മനുഷ്യര്‍ എന്ന നിലയില്‍ കടന്നു കയറണമെന്നും അതിനായി എത്രയും അടിയും ചവിട്ടും പോലും കൊള്ളണമെന്നും ജീവന്‍ പോലും അര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജാതിയാണതിനു കാരണമെങ്കില്‍ ആ ജാതിയെ ഇല്ലാതാക്കുകയും മതത്തെ വ്യക്തികാര്യമാക്കുകയും മതസ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും ചെയ്യണമെന്നദ്ദേഹം നിര്‍ദേശിച്ചു. വിലക്കപ്പെട്ട മൂടിവച്ചിരിക്കുന്ന പാല്‍പായസം എടുത്ത് യഥേഷ്ടം കുടിക്കണമെന്നദ്ദേഹം പ്രത്യേകം ഓര്‍മിപ്പിച്ചു. ജാതിഹിന്ദുക്കള്‍ കുത്തകയാക്കി വച്ചിരിക്കുന്ന രാഷ്ട്രീയാധികാരത്തെയാണ് ഗുരു പാല്‍പായസ രൂപകത്തിലൂടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനുമായി ദാഹിച്ച ജനതയുടെ ഉള്ളിലേക്കു കടത്തിവിട്ടത്. പ്രാതിനിധ്യത്തിന്റെ പുതുരാഷ്ട്രീയമായ ജനായത്തമായിരുന്നു ഗുരുവിനു പാല്‍പായസം. ബുദ്ധനിലാണതു തുടങ്ങുന്നത്. അംബേദ്കറും സഹോദരനുമാണത് ഇന്ത്യയിലും കേരളത്തിലും രാഷ്ട്രീയഭൗതികമൂര്‍ത്തമാക്കിയെടുത്തത് (ശേഖര്‍ 2012, 2015).
രാഷ്ട്രീയ പ്രാതിനിധ്യവും ഭരണപങ്കാളിത്തവുമുണ്ടായാലേ യഥാര്‍ഥ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും തുല്യതയും ഉണ്ടാകൂ. ജനായത്തത്തിന്റെ അടിത്തറയാണ് സാമൂഹ്യ പ്രാതിനിധ്യം. അതു സാമ്പത്തികമല്ല. എല്ലാവരും കുബേരരായ സമുദായത്തിനും ജനായത്തത്തില്‍ രാഷ്ട്രീയ പ്രാതിനിധ്യം വേണം. തിരുവിതാംകൂറിലെ ഏറ്റവും വലിയ നികുതിദായകനായ ധനാഢ്യന്‍ ആലുമ്മൂട്ടില്‍ ചാന്നാര്‍ക്കും അവര്‍ണനായതിനാല്‍ തീണ്ടലായിരുന്നു. ഇറക്കുമതി ചെയ്ത കാറു പോലും അദ്ദേഹത്തിന് പൊതുവഴിയില്‍ പ്രത്യേകിച്ചും അമ്പലവഴികളില്‍ ഓടിക്കാനോ അതിലൂടെ സഞ്ചരിക്കാനോ സ്വാതന്ത്ര്യമില്ലായിരുന്നു. മാവേലിക്കരയിലെ പ്രാചീന ബൗദ്ധവിഹാരം അഥവാ പുത്തരുടെ അഥവാ പുത്തരച്ചന്റെ പള്ളിയായിരുന്ന കണ്ടിയൂര്‍ അമ്പലത്തിനയലത്തു വരുമ്പോള്‍ ചാന്നാര്‍ സ്വന്തം കാറില്‍ നിന്നും ആനപ്പുറത്തു നിന്നും ഇറങ്ങി തീണ്ടാപ്പാടു മാറി വയലും തോടും താണ്ടി വഴിമാറി വരണം. ശൂദ്രനോ മുസ്ലീമോ ആയ ഡ്രൈവര്‍മാര്‍ക്കും ആനപ്പാപ്പാന്മാര്‍ക്കും തീണ്ടലില്ലതാനും.
സഞ്ചാരസ്വാതന്ത്ര്യ പ്രക്ഷോഭം അജയ്യമാക്കിയ അയ്യങ്കാളിക്ക് തമിളകത്തു നിന്ന് വില്ലുവണ്ടി വാങ്ങിവരുത്താന്‍ കഴിഞ്ഞു, പക്ഷേ അതു തിരുവിതാംകൂറില്‍ ഓടിക്കാന്‍ ജാതിവിലക്കായിരുന്നു. സാമ്പത്തികമല്ലായിരുന്നു വിവേചനവും അസമത്തവും അനീതിയും. തികച്ചും ജാതിയും വര്‍ണവുമായിരുന്നു അവര്‍ണരുടെ വിദ്യാഭ്യാസവും പുരോഗതിയും പ്രാതിനിധ്യവും മാനവികവികാസവും അധികാരപങ്കാളിത്തവും ജനായത്ത പ്രവേശവും തടഞ്ഞത്. കേരളത്തേയും ഇന്ത്യയേയും ഇന്നും തകര്‍ക്കുന്നതും മാനവികമായ ക്ഷേമവും പുരോഗതിയും ഐക്യവും തടയുന്നതും ജാതിയും വര്‍ണവും തന്നെ. ഇതിനെ നൈതികമായും മാനവികമായും കാരുണികമായും ചെറുത്ത ധീരനായ പടനായകനായിരുന്നു സഹോദരഭാഷയില്‍ ഗുരു. ജാതിക്കും സനാതന വൈദിക വര്‍ണാശ്രമധര്‍മത്തിനും ഏതിരായി അണിനിരത്തിയ സമഗ്രമായ സാംസ്‌കാരിക സമരങ്ങളാണ് ഇന്ന് കേരളത്തിനും ഇന്ത്യക്കും മാതൃക. ജാതിഹിന്ദു അമിതാധികാരവും അമിത പ്രാതിനിധ്യവും സവര്‍ണ അധികാര കുത്തക ഇരട്ടിപ്പിക്കുന്ന സാമ്പത്തിക സംവരണവും മറ്റും ഇന്ത്യയുടെ നൈതിക ആധാരമായ ഭരണഘടനയെ അട്ടിമറിക്കുമ്പോള്‍ പ്രത്യേകിച്ചും.

അമിത പ്രാതിനിധ്യ കുത്തകയും
ഒളിഗാര്‍ക്കിയും ഒറ്റജാതിയുടെ ഭരണവും
വൈദിക സനാതന പൗരോഹിത്യ പുരുഷാധിപത്യം ചാതുര്‍വര്‍ണ്യം സ്ഥാപിച്ച എട്ടാം നൂറ്റാണ്ടോടെ തുടങ്ങിയ ജാതിയുടെ ഇരുട്ടില്‍ നിന്നും ആധുനികതയുടെ സന്ദര്‍ഭത്തില്‍ കേരളത്തെ മോചിപ്പിച്ച ഗുരുവിന്റെ വണ്ടിക്കുപോലും ജാതിക്കോയ്മ തടയിട്ടു. ഗുരുവിന്റെ സാഹോദര്യജനായത്ത വേഗങ്ങള്‍ സ്മൃതിശാസ്ത്രികളെ ഇളകിവശാക്കി. അദ്ദേഹത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം പോലും ഒളിഗാര്‍ക്കിയുടെ ക്ഷുദ്രമായ കുത്തകയെ അലോസരപ്പെടുത്തി. വേഗതയുടെ ജനായത്തവും ബഹുജന ചാലകതയും ബ്രാഹ്മണ്യത്തിനും സനാതന വൈദിക വര്‍ണജാതി വ്യവസ്ഥയ്ക്കും എന്നും ഉള്‍ക്കിടിലമായിരുന്നല്ലോ. കടലു കടന്നാല്‍ ജാതിയില്ല.
തീവണ്ടി വന്നപ്പോള്‍ ചണ്ടാലര്‍ വൈക്കത്തമ്പലത്തിലേക്കു വരുമെന്നാണ് പല മലയാളി കുലീനരും പരിശുദ്ധപിതാക്കളും പറഞ്ഞത്. ഹിന്ദുമതത്തിന്റെ കീഴില്‍ മനുസ്മൃതി പ്രയോഗിച്ച് ചവിട്ടി ചണ്ടാലരാക്കപ്പെട്ട ബൗദ്ധജനത തങ്ങളുടെ കാവുകളും വിഹാരങ്ങളായ പള്ളികളും തിരിച്ചുപിടിക്കാന്‍ സദാ ജാഗരൂകരാണെന്ന് ബ്രാഹ്മണ്യ പൗരഹിത്യ ശൂദ്ര പടയാളി സഖ്യം എന്നും ഉള്ളില്‍ കിടിലം കൊണ്ടുപോന്നു. വടയാര്‍ ബ്രാഹ്മണ സമൂഹവും സവര്‍ണരും കൊടുത്ത പരാതിയില്‍ വൈക്കത്തുകൂടി വരേണ്ട തീവണ്ടിമാര്‍ഗം ഗതിമാറ്റി പിറവത്തുകൂടി കോട്ടയത്തേക്കു പോകുന്നു. ഗുരുവിന്റെ കാറിന്റെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്ന ദുരവസ്ഥയും ഇടയ്ക്കുണ്ടായി. ഗുരുവിന്റെ റിക്ഷാവണ്ടി പോലും ജാതിക്കോമരങ്ങള്‍ തടഞ്ഞു വൈക്കത്തെ അമ്പലവഴിയില്‍. കാരണം പതിനാറാം നൂറ്റാണ്ടുമുതല്‍ അവര്‍ണരായ പൂര്‍വബൗദ്ധരുടെ നിഴലുപോലും വീഴാതെ ബ്രാഹ്മണ്യത്തിന്റെ ശുദ്ധവരേണ്യരായ പാദജര്‍ പടജനങ്ങള്‍ വൈക്കത്തെ നമ്പിയാതിരിക്കായി കാക്കുകയായിരുന്നല്ലോ. വൈശ്യനായ മോദ്ഗാന്ധി സമുദായക്കാരനായ രാഷ്ട്രപിതാവിനേയും ഇണ്ടംതുരുത്തി മനയില്‍ കയറാന്‍ അനുവദിച്ചില്ല.
ഗുരു വൈദിക പുരുഷസൂക്തത്തെ വിമര്‍ശിച്ചു പരിഹസിച്ചു ചോദിച്ചപോലെ മരംപൊട്ടിമുളക്കുന്ന പോലെ ബ്രഹ്മപുരുഷന്റെ തലയിലൂടെ ബ്രാഹ്മണരും, കരത്തിലൂടെ ക്ഷത്രിയരും തുടയിലൂടെ വൈശ്യരും പിറന്നു. സ്ത്രീകളുടെ യാതൊരറിവും സഹായവുമില്ലാതെ. പാദത്തില്‍ നിന്നല്ലോ ശൂദ്രരുടെ ജനനം. അതിനാല്‍ ഗുരു പ്രബുദ്ധരായ ബഹുജനങ്ങളെ അവര്‍ണരെ വിളിച്ചത് സ്വയംഭൂക്കളായ ദേവകളെന്നത്രേ, കാരണം അവരെ കുറിച്ചും വൈദിക പുരുഷസൂക്തം മിണ്ടുന്നില്ല. 1918 ല്‍ ശ്രീലങ്ക ആദ്യവട്ടം സന്ദര്‍ശിച്ചപ്പോള്‍ തന്നെ പ്രഖ്യാപിച്ചു നമ്മുടേതും ബുദ്ധമതം തന്നെ. അമരമുദ്ധരിച്ച് അദ്വയവാദിയായ വിനായകനായ ബുദ്ധന്റെ വഴിയിലാണു താനെന്നു വ്യക്തമായി പറഞ്ഞു. രണ്ടാം വട്ടം 1926ല്‍ മലയാളത്തിലേക്കു താനിനിയില്ല എന്നും പറഞ്ഞു. ശിഷ്യര്‍ കൈകാല്‍ പിടിച്ചു തിരികെ കൊണ്ടുപോരികയായിരുന്നു. മലയാളി കുലീനതയോടുള്ള ഗുരുവിന്റെ വിമര്‍ശവിഛേദം അത്ര തീവ്രമായിരുന്നു. ബാലാരിഷ്ടത മാറാത്ത സാമൂഹ്യവിഭാഗത്തെ കുറിച്ചുള്ള പ്രസ്താവവും ഇവിടെയോര്‍ക്കാം. ഗുരുവിനെ ശിശുനാമകൈശോരകരുടെ ശിഷ്യനാക്കാനാണ് പ്രാതിനിധ്യത്തിനെതിരേ കേസുനടത്തുന്ന കുലീന കൊട്ടേഷന്‍കാരുടെ കഴിഞ്ഞ പത്തുനാല്‍പ്പതു കൊല്ലമായുള്ള പരിശ്രമം. നിരന്തരം അവര്‍ത്തിച്ച് കള്ളത്തെ പരമാര്‍ഥമാക്കുന്ന ഫാസിസ്റ്റ് കാര്യപരിപാടിയാണിത്.
ഇവിടെ ബുദ്ധിസത്തെ തീര്‍ത്തുറപ്പിക്കപ്പെട്ട ജാതിഹിന്ദുത്തവും അതിന്റെ പാഠങ്ങളും തിരികെവരികയാണ്. സ്മൃതിശ്രുതിപുരാണ പട്ടത്താനങ്ങള്‍ നടമാടുകയാണ്, ശൂദ്രലഹള 2018ല്‍ ഭരണഘടനയും അട്ടിമറിച്ചു. ശൂദ്രമക്ഷരസംയുക്തം ദൂരത പരിവര്‍ജയേ എന്നു മനുസ്മൃതിയും ഈ ചാതുര്‍വര്‍ണ്യം മയാസൃഷ്ടമെന്നു ഗീതയും പറയുന്നു. ഗുണകര്‍മങ്ങള്‍ അനുനിമിഷം മാറുമ്പോള്‍ എങ്ങനെ വര്‍ണം നിശ്ചയിക്കും എന്നു ഗുരു തിരിച്ചു ചോദിച്ചു, പക്ഷേ അദ്ദേഹത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ചിലര്‍ പിന്നീട് ഗീതാസ്വാധ്യായവും വേദാന്തവ്യാഖ്യാനങ്ങളും വരെ എഴുതിക്കൊടുത്തു, സാമ്പത്തിക സംവരണത്തെയും ഇക്കൂട്ടര്‍ അനുകൂലിച്ചു പറഞ്ഞു. ഗുരുവിന്റെ പേരുപയോഗിച്ചു പേരെടുത്ത ചെറിയ മനസ്സുകള്‍ക്കു പറ്റിയ കരുതലും ചിന്തയുമില്ലാത്ത ഈ വീഴ്ച്ചകളാണ് ഇന്ന് ജാതിഹിന്ദുത്തത്തിന് മുതല്‍ക്കൂട്ടുന്നത്. നൈതിക കരാറിനേയും അട്ടിമറിക്കാന്‍ കുലീനര്‍ അതെല്ലാം ദുരുപയോഗം ചെയ്യുന്നു. സാമൂഹ്യ രാഷ്ട്രീയ സാക്ഷരത ആര്‍ജിക്കുന്നവരേ എഴുതാവൂ, പൊതുഭാഷണങ്ങള്‍ നടത്താവൂ,
പൊതുകാര്യവ്യക്തിത്വങ്ങളായി രംഗത്തുവരാവൂ. ജനായത്ത വിദ്യാഭ്യാസവും ഭരണഘടനാ സാക്ഷരതയും ഉള്ളവരേ ഗുരുവിനേയും മറ്റും വ്യാഖ്യാനിക്കാവൂ എന്നതാണ് സാഹചര്യങ്ങളും ഇത്തരം അനുഭവങ്ങളും വിശദമാക്കുന്നത്. നൈതികവും മാനവികവുമായ വിദ്യാഭ്യാസം ബഹുഭാഷകളിലും പ്രത്യേകിച്ച് ആധുനിക ലോകഭാഷകളില്‍ അവശ്യമാകുന്നു.
(തുടരും)
98957 97798






