നിതീഷ്‌കുമാറിന്റെ വിജയവും പിന്നാക്ക വികാരവും

മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ബീഹാറില്‍ ജാതിസെന്‍സസ് ഫലപ്രദമായും, വിജയകരമായും നടത്തുകയും, അതിന്റെ അടിസ്ഥാനത്തില്‍ ജാതിസംവരണം പുനര്‍നിശ്ചയിക്കുകയും ചെയ്തു. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഓരോ സമുദായത്തിനും സംവരണ ശതമാനം അവിടെ നടപ്പിലാക്കുകയും ചെയ്തിരിക്കുകയാണ്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിയമയുദ്ധം നടത്തിയാണ് അദ്ദേഹം ജാതിസെന്‍സസിന്റെ അടിസ്ഥാനത്തിലുള്ള സംവരണം അവിടെ നടപ്പിലാക്കിയത്. മഹാഭൂരിപക്ഷം വരുന്ന ന്യൂനപക്ഷങ്ങളിലെ അടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ ചിരകാലാഭിലാഷം അവിടെ സാധിച്ചെടുത്തിരിക്കുകയാണ്. ഇതിന് നേതൃത്വപരമായ പങ്കുവഹിച്ച നിതീഷ്‌കുമാറിന്റെ പിന്നില്‍ ജനങ്ങള്‍ അണിനിരന്നതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല.

നമ്മുടെ രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും പിന്നോക്ക-ദളിത് വിഭാഗങ്ങളാണ്. അടിമകള്‍ക്ക് സമാനമായ ഒരു സ്ഥിതിയാണ് ഇക്കൂട്ടര്‍ക്ക് ഉണ്ടായിരുന്നത്. ഇന്നും ഈ സ്ഥിതി അപ്പാടെ അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് മറ്റൊരു കാര്യം. ബീഹാര്‍ മുഖ്യമന്ത്രിയും, സോഷ്യലിസ്റ്റുമായിരുന്ന കര്‍പ്പൂരി താക്കൂര്‍ ആണ് ആദ്യമായി പിന്നാക്ക സംവരണം ഒരു സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. പൂര്‍ണ്ണമായ ഒരു സമുദായ സംവരണം ഇതിലില്ലായിരുന്നെങ്കിലും പിന്നാക്ക സംവരണത്തിന് തുടക്കം കുറിക്കാന്‍ ഈ നടപടിക്ക് കഴിഞ്ഞിട്ടുണ്ട്. അന്നും പിന്നാക്ക സംവരണത്തിന് എതിരായി വലിയ പ്രതിഷേധങ്ങള്‍ ബീഹാറില്‍ നടന്നിരുന്നു. അതിനെ നേരിട്ടുകൊണ്ടാണ് മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂര്‍ പിന്നാക്ക സംവരണം ആ സംസ്ഥാനത്ത് നടപ്പിലാക്കിയത്. പിന്നാക്ക സംവരണത്തിന്റെ വളര്‍ച്ചയുടെ അടിത്തറയായ മണ്ഡല്‍ക്കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനായുള്ള പ്രക്ഷോഭണത്തിലും ഏറ്റവും സുപ്രധാനമായ പങ്കാണ് ബീഹാര്‍ ജനത വഹിച്ചിട്ടുള്ളത്.

രാജ്യത്ത് മുന്നാക്ക-സവര്‍ണ്ണ വിഭാഗങ്ങള്‍ 10 ശതമാനത്തിനും താഴെമാത്രമാണെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗങ്ങളെ കൂടിചേര്‍ത്താല്‍ ഈ രാജ്യത്തെ പിന്നാക്ക-ദളിത് വിഭാഗങ്ങളുടെ ശതമാനം 90 നും മുകളിലാണ്. എന്നാല്‍ രാഷ്ട്രീയ – ഭരണരംഗങ്ങളില്‍ 65 ശതമാനത്തോളം സീറ്റുകള്‍ മുന്നാക്ക-സവര്‍ണ്ണവിഭാഗങ്ങള്‍ കൈയടക്കി വച്ചിരിക്കുകയാണെന്നുള്ളതാണ് ഒരു യാഥാര്‍ത്ഥ്യം. നീതികരണമില്ലാത്ത ഈ അവസ്ഥയ്ക്ക് അടിയന്തിരമായി പരിഹാരം കണ്ടേമതിയാവൂ എന്ന് രാജ്യത്തെ ചുരുക്കം ചില പ്രതിപക്ഷപാര്‍ട്ടികളും, പിന്നാക്ക-ദളിത് ന്യൂനപക്ഷ സംഘടനകളും ദശാബ്ദങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ദുസ്ഥിതിക്ക് പരിഹാരം കാണാന്‍ കേന്ദ്രത്തിലെയോ, സംസ്ഥാനങ്ങളിലേയോ ഭരണാധികാരികൾ തയ്യാറാകാത്ത സ്ഥിതിയാണുണ്ടായിരുന്നത്.

നിതീഷ് കുമാർ

പിന്നാക്ക ജനവിഭാഗങ്ങള്‍ എത്രയാണ് ഈ രാജ്യത്തുള്ളതെന്ന ഒരു കണക്കും ഇന്നില്ല. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ ഭൂരിപക്ഷവും കൈയടക്കുന്നത് കൂടാതെ സവര്‍ണ്ണ വിഭാഗങ്ങള്‍ ഇപ്പോള്‍ പല നിയോജക മണ്ഡലങ്ങളിലും തങ്ങളാണ് ഭൂരിപക്ഷമെന്ന് പറഞ്ഞുകൊണ്ട് നിയമസഭ – ലോക്‌സഭാ സീറ്റുകള്‍ തട്ടിയെടുക്കുന്ന പ്രവണത അനുസ്യൂതം ഇവിടെ തുടരുകയുമാണ്. സവര്‍ണ്ണ വിഭാഗങ്ങള്‍ വളരെ ന്യൂനപക്ഷമായ നിയോജക മണ്ഡലങ്ങളിലും തങ്ങളാണ് ഭൂരിപക്ഷമെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ നിയമസഭകളിലെ സീറ്റുകളുടെ അവകാശികളായി മാറുന്നത്. 10 ശതമാനത്തിന് താഴെ മാത്രം ജനസംഖ്യയുള്ള മുന്നോക്കവിഭാഗങ്ങളുടെ കള്ളക്കണക്കുകള്‍ അംഗീകരിക്കുകയാണ് രാജ്യത്തെ പ്രബലരാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ചെയ്യുന്നത്. ജാതി വിവരങ്ങള്‍ സംബന്ധിച്ച ഒരു സ്ഥിതിവിവരകണക്കും ലഭ്യമല്ലാത്തതാണ് കാരണം.
ഈ സാഹചര്യം അവസാനിപ്പിച്ചെ മതിയാവൂ എന്ന ബഹുജനാഭിപ്രായത്തെ മാനിച്ചുകൊണ്ടാണ് ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ്‌കുമാര്‍ ജാതി സെന്‍സസ് ആവശ്യം ഈ രാജ്യത്ത് മുന്നോട്ട് വയ്ക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു അഖിലേന്ത്യാ നേതൃത്വയോഗം തന്നെ പാട്‌നയില്‍ വിളിച്ചുകൂട്ടുകയും, ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന പ്രമേയം ആ യോഗത്തെകൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളും, മറ്റുജനാധിപത്യപാര്‍ട്ടികളുമെല്ലാം ഈ യോഗത്തില്‍ സംബന്ധിച്ചിരുന്നു. തുടര്‍ന്ന് ബോംബെ, ന്യൂഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചും ദേശീയ പാര്‍ട്ടികളുടെ അഖിലേന്ത്യാ പ്രതിനിധി സമ്മേളനം ചേരുകയും ജാതി സെന്‍സസ് ആവശ്യം വീണ്ടു ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ഇന്ത്യാമുന്നണിക്ക് രൂപം നല്‍കുന്നത് ജെഡിയു നേതാവ് നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ വച്ചായിരുന്നു എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കുവാന്‍ സാധ്യമല്ല. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളേയും, ഏറ്റവും ഒടുവില്‍ ബിജെപി യെക്കൊണ്ടുപോലും ജാതി സെന്‍സസ് അംഗീകരിപ്പിക്കാന്‍ സാധിച്ചത് നിതീഷ്‌കുമാറിന്റെ നേട്ടം തന്നെയാണ്.
മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ബീഹാറില്‍ ജാതിസെന്‍സസ് ഫലപ്രദമായും, വിജയകരമായും നടത്തുകയും, അതിന്റെ അടിസ്ഥാനത്തില്‍ ജാതിസംവരണം പുനര്‍നിശ്ചയിക്കുകയും ചെയ്തു. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഓരോ സമുദായത്തിനും സംവരണ ശതമാനം അവിടെ നടപ്പിലാക്കുകയും ചെയ്തിരിക്കുകയാണ്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിയമയുദ്ധം നടത്തിയാണ് അദ്ദേഹം ജാതിസെന്‍സസിന്റെ അടിസ്ഥാനത്തിലുള്ള സംവരണം അവിടെ നടപ്പിലാക്കിയത്. മഹാഭൂരിപക്ഷം വരുന്ന ന്യൂനപക്ഷങ്ങളിലെ അടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ ചിരകാലാഭിലാഷം അവിടെ സാധിച്ചെടുത്തിരിക്കുകയാണ്. ഇതിന് നേതൃത്വപരമായ പങ്കുവഹിച്ച നിതീഷ്‌കുമാറിന്റെ പിന്നില്‍ ജനങ്ങള്‍ അണിനിരന്നതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല.
ജാതിസെന്‍സസും അതിന്റെ അടിസ്ഥാനത്തിലുള്ള സംവരണം നടപ്പിലാക്കുന്ന കാര്യത്തിലുമെല്ലാം പ്രതിപക്ഷത്തുള്ള ഇന്ത്യാമുന്നണിയിലെ ജനവിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള ആര്‍ ജെ ഡി യും, കോണ്‍ഗ്രസ്സും, ഇടത് പാര്‍ട്ടികളും അനുകൂലമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ഗാന്ധി ജാതിസെന്‍സസിനുവേണ്ടി ശക്തമായി വാദിച്ചിട്ടുണ്ട്. എന്നാല്‍ ജാതിസെന്‍സസിന്റേയും സംവരണ ശതമാനം കൂട്ടലിന്റേയും ജനയിതാവ് എന്ന നിലയില്‍ നിതീഷ്‌കുമാറിന് പിന്നാക്കജനവിഭാഗങ്ങളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ പിന്തുണ പ്രതിപക്ഷത്തുള്ള ഒരു പാര്‍ട്ടിക്കും നേടാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

ലാലു പ്രസാദ് യാദവ്

ബീഹാറില്‍ ലാലുപ്രസാദ് യാദവും, ആര്‍ജെഡി യും മറ്റും പിന്നാക്ക ജനവിഭാഗങ്ങളുടെ താല്‍പര്യസംരക്ഷണത്തില്‍ ഒട്ടും പിറകോട്ടല്ല. പി ന്നാക്കക്കാര്‍ക്കിടയിലെ അല്പം ഉയര്‍ന്ന വിഭാഗമായ യാദവരാണ് ആര്‍ജെഡി യുടെ അടിത്തറ. എന്നാല്‍ നിതീഷ്‌കുമാറിന്റെ അടിത്തറയാകട്ടെ യാദവ വിഭാഗത്തിന്റേയും താഴേക്കിടയിലുള്ള അതിപിന്നാക്ക ജനവിഭാഗങ്ങളായ കൂര്‍മ്മികളും മറ്റുമാണ്. ജനസംഖ്യയില്‍ യാദവരേക്കാള്‍ കൂടുതല്‍ ഇക്കൂട്ടരാണ്. ഈ വിഭാഗത്തിന്റെ ഏറ്റവും ശക്തമായ പിന്തുണ നിതീഷ്‌കുമാറിനും മുന്നണിക്കും ലഭിച്ചെന്നുള്ളതാണ് എടുത്തുപറയേണ്ട കാര്യം.
ബീഹാറിലെ ഈ തെരഞ്ഞെടുപ്പില്‍ പിന്നാക്ക രാഷ്ട്രീയം തന്നെയാണ് വെന്നിക്കൊടി നാട്ടിയത്. ജാതി സെന്‍സസ് നടപ്പിലാക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ പിന്നാക്ക സംവരണം നടപ്പിലാക്കുകയും ചെയ്ത നിതീഷ്‌കുമാറിനുള്ള വോട്ടാണ് എന്‍ഡിഎ യ്ക്ക് അവിടെ ലഭിച്ചത്. എന്നാല്‍ പിന്നാക്ക ജനവിഭാഗങ്ങളുടെ ഈ ഉയര്‍ത്തെഴുന്നേല്‍പ്പ് മൂടിവെയ്ക്കാന്‍ നിതീഷ്‌സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളും മറ്റ് വികസനപ്രവര്‍ത്തനങ്ങളുമാണ് വിജയത്തിനാധാരമെന്ന പ്രചരണം ചില മാധ്യമങ്ങള്‍ നടത്തുന്നുണ്ട്. ഇതില്‍ കുറച്ച് യാഥാര്‍ത്ഥ്യമുണ്ടെന്നുള്ളത് വസ്തുതയാണ്. എന്നാല്‍ അടിസ്ഥാനപരമായി ഈ വിജയത്തിന്റെ കാരണം നിതീഷ്‌കുമാറിന്റെ ജാതിസെന്‍സസ് നടത്തലും, അതിന്റെ അടിസ്ഥാനത്തിലുള്ള ജാതിസംവരണം നടപ്പിലാക്കലും തന്നെയാണ്. ജാതിസെന്‍സസും, സംവരണശതമാനം കൂട്ടലുംകൊണ്ട് മുസ്ലീംങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കും വലിയ പ്രയോജനമുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി യെ പിന്തുണച്ചിരുന്ന മുസ്ലീം ജനവിഭാഗങ്ങളില്‍ നല്ലൊരു ശതമാനം ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ യെ പിന്തുണച്ചത്.

കർപ്പൂരി താക്കൂര്‍

ദേശീയ രാഷ്ട്രീയത്തില്‍ ഒരു ഘട്ടംവരെ കോണ്‍ഗ്രസ് സവര്‍ണ്ണ വിഭാഗത്തിന്റെ വക്താവായിരുന്നു. ഈ അടുത്തകാലം വരെ മൃദു ഹിന്ദുത്വവാദത്തിന്റെ വക്താക്കളുമായിരുന്നു ഈ പാര്‍ട്ടി. എന്നാല്‍ സവര്‍ണ്ണ വിഭാഗങ്ങളാകെ ബിജെപിയുടെ ക്യാമ്പില്‍ എത്തപ്പെട്ട വസ്തുത മനസ്സിലാക്കിയതുകൊണ്ടാണ് കോണ്‍ഗ്രസ് പിന്നോക്ക രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഒടുവില്‍ ജാതിസെന്‍സസിന് അനുകൂലമായ നിലപാട് ആ പാര്‍ട്ടി കൈക്കൊള്ളുന്നതും.
ബിജെപി രാജ്യത്തെ സവര്‍ണ്ണ – മുന്നോക്ക വിഭാഗത്തിന്റെ പാര്‍ട്ടിയാണെന്നുള്ളതില്‍ സംശയമില്ല. എന്നാല്‍ സവര്‍ണ്ണര്‍ രാജ്യത്ത് വെറും 10 ശതമാനത്തിന് താഴെയാണെന്നും, പിന്നോക്ക ജനവിഭാഗങ്ങളുടെ പിന്തുണയില്ലാതെ മുന്നോട്ട് പോകാന്‍ പ്രയാസമാണെന്നുമുള്ള വസ്തുത ഈ വൈകിയവേളയിലെങ്കിലും ഇവര്‍ക്കും ബോധ്യപ്പെട്ടിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ജാതി സെന്‍സസിന് അനുകൂലമായ നിലപാട് ബിജെപി കൈക്കൊള്ളുകയും നിതീഷ്‌കുമാറിനെ നേതൃത്വത്തില്‍ നിര്‍ത്തിക്കൊണ്ട് ബീഹാറില്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുകയും ചെയ്തത്. യഥാര്‍ത്ഥത്തില്‍ ബീഹാര്‍ തെരഞ്ഞെടുപ്പിന്റെയും കൂടിയുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ബിജെപി ജാതി സെന്‍സസ് അംഗീകരിക്കാന്‍ തയ്യാറായത്. ഈ നിലപാട് കൊണ്ടുള്ള വന്‍നേട്ടം അവര്‍ക്കുണ്ടാവുകയും ചെയ്തിരിക്കുന്നു.
ബീഹാറിലെ ഇടത്പക്ഷപാര്‍ട്ടികളായ സിപിഐ (എം എല്‍), സിപിഐ (എം) സിപിഐ എന്നീ പാര്‍ട്ടികളും ഈ തെരഞ്ഞെടുപ്പില്‍ നിന്ന് വിലപ്പെട്ട പാഠങ്ങള്‍ പഠിക്കേണ്ടതായിട്ടുണ്ട്. വളരെ മുന്‍പ് ബീഹാറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിച്ചിരുന്നത് ഭൂമികാര്‍ എന്നറിയപ്പെട്ടിരുന്ന ജന്മവിഭാഗമായിരുന്നു. അതുകൊണ്ട് തന്നെ ഈ പാര്‍ട്ടികള്‍ പലപ്പോഴും പിന്നോക്ക താല്‍പര്യത്തിന് എതിരായിട്ടുമുണ്ട്. അതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ ഈ പാര്‍ട്ടികളില്‍ കാണാനും കഴിയുന്നുണ്ട്. മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ വളരെ താമസിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അതിന് സ്വാഗതം ചെയ്തിട്ടുള്ളതെന്ന വസ്തുതയും വിസ്മരിക്കാന്‍ സാധ്യമല്ല.
ഇന്ത്യാമുന്നണി രൂപീകരണത്തിന് നേതൃത്വപരമായ പങ്ക് വഹിച്ച നിതീഷ്‌കുമാറിന് മുന്നണി കണ്‍വീനര്‍ ആകണമെന്ന ആഗ്രഹമുണ്ടായിരുന്നു. അത് സ്വാഭാവികം മാത്രമാണ്. നിതീഷ്‌കുമാറിനെ ഇന്ത്യാമുന്നണി കണ്‍വീനര്‍ ആക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിരുന്നെങ്കില്‍ നിശ്ചയമായും നിതീഷ്‌കുമാര്‍ ഈ മുന്നണിയില്‍ തന്നെ കാണുമായിരുന്നെന്നതാണ് യാഥാര്‍ത്ഥ്യം. കോണ്‍ഗ്രസ്സിന്റെ തെറ്റായ സമീപനമാണ് നിതീഷ്‌കുമാറിനെ ഇന്ത്യാമുന്നണിയില്‍ നിന്നും അകറ്റിയത്. നിതീഷ്‌കുമാര്‍ ഇന്ത്യാമുന്നണിയോടൊപ്പമുണ്ടായിരുന്നെങ്കില്‍ ബീഹാറില്‍ ഇന്ത്യാമുന്നണിയുടെ പതാക പാറിപ്പറക്കുമായിരുന്നെന്ന കാര്യത്തില്‍ സംശയമില്ല.
ജാതി സെന്‍സസിനെയും സംവരണ ശതമാനം കൂട്ടുന്നതിനേയും ഇപ്പോള്‍ ബീഹാറിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ എതിര്‍ക്കുന്നില്ലെങ്കിലും ഇത് നടപ്പിലാക്കാന്‍ യാതൊരു പങ്കും ഇക്കൂട്ടര്‍ നിര്‍വ്വഹിക്കുന്നില്ല. അതിന്റെ കൂടിയുള്ള തിരിച്ചടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ബീഹാറിലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഇടതുപക്ഷമാണ് കേരളത്തില്‍ അധികാരത്തിലുള്ളത്. രാജ്യത്തെ അര ഡസനോളം സംസ്ഥാനങ്ങള്‍ ജാതി സെന്‍സസ് നടപ്പിലാക്കുന്നതിനുള്ള കാര്യമായ നടപടികള്‍ ഇതിനകം കൈക്കൊണ്ടെങ്കിലും ജാതിസെന്‍സസ് വിഷയത്തില്‍ യാതൊരു അനുകൂലമായ തീരുമാനവും കൈക്കൊള്ളാതിരിക്കുകയാണ് കേരളത്തിലെ ഇടത് സര്‍ക്കാര്‍. ജാതിസെന്‍സസ് നടപ്പിലാക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് പറഞ്ഞ് തങ്ങളുടെ ബാധ്യതയില്‍ നിന്നു ബോധപൂര്‍വ്വം ഒഴിഞ്ഞുമാറുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്യുന്നത്. പിന്നോക്ക ജനവിഭാഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ബീഹാറിലുണ്ടായതെന്നും അത് കേരളത്തിലും സംഭവിക്കാമെന്നുമുള്ള യാഥാര്‍ത്ഥ്യം ഈ വൈകിയ വേളയിലെങ്കിലും ഇടത് പാര്‍ട്ടികള്‍ മനസ്സിലാക്കണം.
ദേശീയ രാഷ്ട്രീയത്തില്‍ ബീഹാറിന് എന്തുകൊണ്ടും വളരെ സുപ്രധാനമായ ഒരു സ്ഥാനമാണുള്ളത്. പൗരാവകാശങ്ങളാകെ രാജ്യത്ത് നിഷേധിക്കപ്പെട്ട അടിയന്തിരാവസ്ഥ പിന്‍വലിക്കാന്‍ സാഹചര്യമുണ്ടാക്കിയ വന്‍ ജനകീയ പ്രക്ഷോഭണത്തിന് നേതൃത്വം നല്‍കിയത് ശ്രീ ജയപ്രകാശ് നാരായണനും, ബീഹാറുമാണെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കും വിസ്മരിക്കാന്‍ കഴിയുന്ന ഒന്നല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തെ ആകെ ഇളക്കി മറിച്ച വന്‍ ജനകീയപ്രക്ഷോഭത്തിനാണ് അന്ന് ബീഹാര്‍ നേതൃത്വം നല്‍കിയത്.
(ലേഖകന്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമാണ്. ഫോണ്‍: 9847132428 ഇമെയില്‍: [email protected])

Author

62 Views
Scroll to top
Close
Browse Categories