അഡ്വ. എന്‍.എന്‍. സുഗുണപാലന് പ്രണാമം

കൊച്ചി: കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും കുമ്പളങ്ങി തെക്ക് ശ്രീനാരായണ ധര്‍മ്മപ്രബോധിനി സഭ രക്ഷാധികാരിയുമായ അഡ്വ. എന്‍.എന്‍. സുഗുണപാലന് (86) അന്ത്യാജ്ഞലി.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കുമ്പളങ്ങിയിലെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിച്ചു
40 വര്‍ഷത്തിലേറെയായി എറണാകുളത്തെ പ്രമുഖ അഭിഭാഷക സ്ഥാപനമായ ചന്ദ്രശേഖരന്‍ ആന്റ് ചന്ദ്രശേഖര മേനോന്‍ അസോസിയേറ്റ്‌സിന്റെ സീനിയര്‍ പാര്‍ട്ണറായിരുന്നു. ആറ് പതിറ്റാണ്ടായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടര്‍ന്നിരുന്ന അപൂര്‍വം അഭിഭാഷകരില്‍ ഒരാളാണ്. കൊച്ചി, കോഴിക്കോട് വിമാനത്താവള കമ്പനികള്‍, ഇന്ത്യന്‍ ടെലിഫോണ്‍ ഇൻഡസ്‌ട്രീസ്, കേന്ദ്ര പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, കൂടല്‍മാണിക്യം ദേവസ്വം തുടങ്ങി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടേത് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ ഹൈക്കോടതിയിലെ സ്റ്റാന്റിംഗ് കോണ്‍സലായിരുന്നു. ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലേക്ക് സുപ്രീംകോടതി നിയോഗിച്ച മൂന്ന് ഉപദേശക സമിതി അംഗങ്ങളില്‍ ഒരാളും എറണാകുളം എസ്.എന്‍.വി. സദനം, ആലുവ ശ്രീനാരായണഗിരി തുടങ്ങിയ ശ്രീനാരായണപ്രസ്ഥാനങ്ങളുടെ ഉപദേശക സമിതി അംഗവുമായിരുന്നു.
കുമ്പളങ്ങി നെടുങ്ങയില്‍ പരേതനായ നാരായണന്റെയും ജാനകിയുടെയും മകനാണ്. പ്രശസ്ത പത്രപ്രവര്‍ത്തകനും കേരള മീഡിയ അക്കാദമി കോഴ്‌സ് ഡയറക്ടറുമായിരുന്ന പരേതനായ എന്‍.എന്‍. സത്യവ്രതന്‍, പരേതനായ ഡോ. എന്‍.എന്‍. അശോകന്‍, എന്‍.എന്‍. നന്ദിനി, ഡോ. എന്‍.എന്‍. ശാന്തിമതി എന്നിവര്‍ സഹോദരങ്ങളാണ്. മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോള്‍ എന്‍.സി.സി.യുടെ ബെസ്റ്റ് കേഡറ്റ് മെഡല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്.
ഭാര്യ: ഡോ. മോഹനസുഗുണപാലന്‍, മക്കള്‍: ഡോ. നിഷ, അഡ്വ. നിത, മരുമക്കള്‍: ശ്രീകുമാര്‍ (എന്‍ജിനീയര്‍, മസ്‌കറ്റ്), അഡ്വ. എസ്. സുജിന്‍ (കേരള ഹൈക്കോടതി).

Author

53 Views
Scroll to top
Close
Browse Categories