ഗുരുനാരായണീയം
സാമാന്യമായ പഠനവും അദ്ധ്യാപനവും കഴിഞ്ഞ് അതിനെക്കാൾ ഗൗരവവും അർത്ഥവത്തുമായ മനനത്തിൽ മുഴുകിക്കഴിയുന്ന ഒരു ജ്ഞാനവൃദ്ധൻ ധർമ്മവൃദ്ധൻകൂടിയായി മാറുന്നത് ഗ്രന്ഥകർത്താവിൽ നാം കാണുകയാണ്. അദ്ദേഹം പ്രശസ്തി കാംക്ഷിയ്ക്കുന്നുണ്ടാവില്ല. സുഗന്ധവും പ്രകാശവും സ്വഭാവേന പരക്കുമല്ലോ!

ഇതാ ഒരു ‘ഗുരുനാരായണീയം’ കിളിപ്പാട്ടും ഉണ്ടായിവന്നിരിക്കുന്നു. ഗുരുവിനെ അധികരിച്ച് സമാനമായ പരിശ്രമങ്ങൾ മുൻപും ഏറെ ഉണ്ടായിട്ടുണ്ട്. ഇത് അവയുടെ അനുകരണമോ വ്യത്യസ്തത ലക്ഷ്യമിട്ട് രചിയ്ക്കപ്പെട്ടതോ അല്ലെന്നു വ്യക്തം. ഗുരുവിനെ ദീർഘകാലം മനനം ചെയ്തപ്പോൾ സ്വാഭാവികമായി ഉണ്ടായിവന്നതാണിത്, വൃക്ഷത്തിന്റെ കാതൽ രൂപപ്പെട്ടു മുറ്റിയതു പോലെ. അതുകൊണ്ട് ഇത് ചെതുക്കല്ല, ചിതലരിയ്ക്കില്ല എന്നുറപ്പാണ്.
ഇതിലെ ഭാഷ കഠിനമായി തോന്നിയേക്കാം. പക്ഷേ, ഈ സംവിധാനത്തിൽ അത് അങ്ങനെയേ ആകൂ. കാരണം ഇതിന് കാതലിന്റെ മുറ്റും കരുത്തും ഉണ്ടാകുമല്ലോ. ആവർത്തിയ്ക്കുമ്പോൾ ഗുരുമഹിമയോടൊപ്പം ഭാഷയുടെ മർമ്മവും നർമ്മവും കൂടി വായനക്കാരന്, അല്ല, സാധകന് കിട്ടുന്നു. ഇതിന്റെ വായന സാധനയായി മാറുക തന്നെ ചെയ്യും. ഇതിന്റെ രീതി കൊള്ളാം. മറ്റു പലതിലും അനുബന്ധ കാര്യങ്ങളിലേക്കുകൂടി കടന്ന് കാടുകയറിപ്പോകാറുണ്ട്. ഇവിടെ ഗുരുവിലും ഗുരുദർശനത്തിലും ഊന്നി നില്ക്കുന്നു. ഒരിടത്തുതന്നെ കുഴി താഴുന്നതുകൊണ്ട് ഉറവൽ കാണുന്നതിൽ വിജയിച്ചിരിക്കുന്നു.

സാമാന്യമായ പഠനവും അദ്ധ്യാപനവും കഴിഞ്ഞ് അതിനെക്കാൾ ഗൗരവവും അർത്ഥവത്തുമായ മനനത്തിൽ മുഴുകിക്കഴിയുന്ന ഒരു ജ്ഞാനവൃദ്ധൻ ധർമ്മവൃദ്ധൻകൂടിയായി മാറുന്നത് ഗ്രന്ഥകർത്താവിൽ നാം കാണുകയാണ്. അദ്ദേഹം പ്രശസ്തി കാംക്ഷിയ്ക്കുന്നുണ്ടാവില്ല. സുഗന്ധവും പ്രകാശവും സ്വഭാവേന പരക്കുമല്ലോ! ഈ രചന പ്രസക്തമായതുകൊണ്ടുതന്നെ സ്വാഭാവികമായും പ്രശസ്തവുമായിത്തീരും. പലതും പാലു പോലത്രേ! നല്ലതാണെങ്കിലും സമയം പോകെ ചീത്തയാകും. ഇതു പക്ഷേ, നെയ്യായിരിയ്ക്കുന്നു. കാലം ചെന്നാലും കേടാകില്ല.
ഗുരുവിനെ നമിയ്ക്കുന്നു. ഗുരുവിന്റെ അകവും പുറവും കാട്ടിത്തന്ന ഗ്രന്ഥകർത്താവിനെയും നമിച്ചു പോകുന്നു. ഗ്രന്ഥത്തിനും ഗ്രന്ഥകർത്താവ് പ്രൊഫസർ മാലൂർ മുരളീധരനും വിജയമംഗളങ്ങൾ നേരുന്നു.






