ഗുരുവിന്റെ അനുഗ്രഹവും കരുതലും

എവിടെ ഒരാള്‍ കടക്കാന്‍ പാടില്ലെന്നു പറയുന്നുവോ അവിടെ അവന്‍ കടക്കണം. അതില്‍ വരുന്ന സങ്കടങ്ങള്‍ അനുഭവിക്കണം. അടിച്ചാല്‍ കൊള്ളണം. അങ്ങോട്ട് അടിക്കരുത്. എന്നാല്‍ വേലികെട്ടിയാല്‍ ഇങ്ങേപ്പുറത്തു നില്‍ക്കരുത്. അതിന്റെ മീതെ കൂടി കയറണം. റോഡില്‍ മാത്രം നടന്നാല്‍ പോരാ, ക്ഷേത്രത്തില്‍ തന്നെ കയറണം. അത് ഒരിടത്തു പോരാ, എല്ലാ ക്ഷേത്രങ്ങളിലും കയറണം. എന്നും കയറണം, എല്ലാവരും കയറണം. പാല്‍പ്പായസം വച്ചു വയ്ക്കുമ്പോള്‍ ചെന്നു കോരിക്കുടിക്കണം. സദ്യയില്‍ ചെന്നു പന്തിയില്‍ ഇരിക്കണം. വിവരങ്ങള്‍ എല്ലാം അപ്പഴപ്പോള്‍ ഗവണ്‍മെന്റിനെ അറിയിക്കണം. മരിക്കാനും മടിക്കരുത്. മനുഷ്യനെ തൊട്ടാല്‍ മനുഷ്യന്‍ അശുദ്ധിയാകുമെന്നു വിചാരിക്കുന്നവര്‍ക്ക് യാതൊന്നും ശുദ്ധമായിരുന്നു പ്രവര്‍ത്തിക്കാന്‍ ഇടകൊടുക്കരുത്. ഇങ്ങനെയാണ് നമ്മുടെ അഭിപ്രായം.ഇതെല്ലാം പത്രത്തിലും എഴുതണം- ട്രെയിനിൽ അനുയായിയുമായി നടത്തിയ സംഭാഷണത്തിൽ ഗുരു പറഞ്ഞു.

”ഞാന്‍ ഒരു ഹിന്ദുവാണ്. തീണ്ടലും അയിത്തവും അകറ്റുന്നതിനുള്ള ആവശ്യകതയിലും നീതിയിലും ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു. തീണ്ടല്‍ജാതിക്കാര്‍ക്ക് പൊതുസ്ഥലങ്ങളില്‍ കൂടി സഞ്ചാര സ്വാതന്ത്ര്യം ഉണ്ടാക്കിക്കൊടുക്കുന്നതിനായി ഞാന്‍ നിരന്തരം പരിശ്രമിക്കുന്നതാണ്” ഈ പ്രതിജ്ഞ ചെയ്തുകൊണ്ടാണ് സത്യഗ്രഹ വാളണ്ടിയര്‍മാര്‍ വൈക്കത്ത് സത്യഗ്രഹം തുടങ്ങിയത് .വൈക്കം ക്ഷേത്രത്തിന് സമീപത്തുള്ള പൊതുവഴിയില്‍ അവര്‍ണര്‍ക്ക് പ്രവേശനം ലഭിക്കുന്നതിനായി നടത്തിയ 603 ദിവസം നീണ്ടുനിന്ന ഐതിഹാസിക സമരം 1925 നവംബര്‍ 23 ന് സമാപിച്ചു.
വൈക്കം ക്ഷേത്രത്തിന് സമീപത്തെ പൊതുവഴിയില്‍ ഒരിക്കല്‍ ശ്രീനാരായണഗുരുവിനെ അയിത്തത്തിന്റെ പേരില്‍ സവര്‍ണര്‍ തടഞ്ഞു. ഗുരു ശിഷ്യനും എസ്.എന്‍.ഡി.പി യോഗം സംഘടനാ സെക്രട്ടറിയുമായിരുന്ന ടി.കെ. മാധവന് അത് സഹിക്കാവുന്നതിലപ്പുറമായിരുന്നു. ഗുരുവിന്റെ വഴി തടഞ്ഞ ജാതിവിവേചനമാണ് ടി.കെ. മാധവനെ വൈക്കം സത്യഗ്രഹത്തിന്റെ സംഘാടനത്തിലേക്ക് നയിച്ചത്. ഗുരുവിന്റെ അനുഗ്രഹവും കരുതലും സത്യഗ്രഹത്തിന് കരുത്തു പകരുകയായിരുന്നു.
ഗുരുവിന്റെ അനുഗ്രഹവും കരുതലുംവ്യക്തമാക്കുന്ന വിവരങ്ങൾ അക്കാലത്ത് ടി.കെ. മാധവന്റെ’ദേശാഭിമാനി’യിലും ‘മാതൃഭൂമി’യിലുംപ്രസിദ്ധീകരിച്ച ലേഖനങ്ങളിലും അഭിമുഖങ്ങളിലും കാണാം.
1923-ല്‍ കുമാരനാശാന്റെ അദ്ധ്യക്ഷതയില്‍ കൊല്ലത്തുവച്ചു കൂടിയ എസ്.എന്‍.ഡി. പി.യോഗത്തിന്റെ വാര്‍ഷികയോഗത്തിലെ പ്രമേയം:
‘അയിത്തം (തീണ്ടലും തൊടീലും) മഹാരാജാവുതിരുമനസ്സുകൊണ്ട് കല്പിച്ചനുവദിച്ചിട്ടുള്ള വല്ല ചട്ടങ്ങളിലോ തിരുവിതാംകൂര്‍ ഗവണ്മെന്റുവകയായി പ്രസിദ്ധം ചെയ്തിട്ടുള്ള റദ്ദുചെയ്യപ്പെട്ടിട്ടില്ലാത്ത നിയമങ്ങളിലോ വ്യവസ്ഥപ്പെടുത്തിയിട്ടില്ലാത്ത പൈശാചികമായ ഒരു ദുരാചാരവും, അതിന്റെ ലംഘനം രാജ്യത്തിന്റെ പൊതുക്ഷേമത്തിന് ആവശ്യമെന്നു ഗവണ്‍മെന്റുതന്നെ സ്വപ്രവൃത്തികളെക്കൊണ്ട് വെളിപ്പെടുത്തിത്തന്നിട്ടുള്ളതും ആകയാല്‍, അതിനെ നാം അശേഷം ആചരിക്കുകയോ ആദരിക്കുകയോ ചെയ്യേണ്ടതില്ലെന്ന് പ്രത്യേക സ്വത്തല്ലാത്ത എല്ലാ പബ്ലിക് സ്ഥലങ്ങളിലും ഈഴവര്‍ക്ക് പ്രവേശിക്കാനുള്ള അവകാശത്തെ നിര്‍ഭയമായി അവര്‍ ഉപയോഗപ്പെടുത്തേണ്ടതാണെന്നും ഈ യോഗം സമുദായാംഗങ്ങളെ ഉല്‍ബോധിപ്പിക്കുന്നു.”
1924 സെപ്തംബര്‍ 27-ാംതീയതി (1100 കന്നി 12) സ്വാമി സത്യാഗ്രഹാശ്രമം സന്ദര്‍ശിച്ച റിപ്പോര്‍ട്ട് ‘ദേശാഭിമാനി’യില്‍ പ്രസിദ്ധീകരിച്ചു:
….. ബ്രഹ്മശ്രീ ശ്രീനാരായണഗുരുസ്വാമികള്‍ ഇന്നുച്ചബോട്ടിന് ഇവിടെ സത്യാഗ്രഹാശ്രമത്തില്‍ വിജയം ചെയ്തിരിക്കുന്നു. ഈ വിശിഷ്ടാഗമനം പ്രമാണിച്ച് ആശ്രമത്തിലെ വാളണ്ടിയര്‍മാരും മറ്റനേകം ജനങ്ങളും നേരത്തേ, ബോട്ടുജെട്ടിയില്‍ കൂടിയിരുന്നു. ബോട്ടില്‍നിന്നും ഇറങ്ങുന്നതിനു മുമ്പായിത്തന്നെ മെമ്പറിന്‍ ചാര്‍ജ്ജായ ശ്രീമാന്‍ എന്‍. നാരായണന്‍ അകത്തു കടന്ന് സ്വാമികള്‍ക്കു മനോഹരമായ ഒരു ഖദര്‍ഹാരം അണിയിക്കുകയുണ്ടായി. സാധാരണ പതിവില്ലാത്ത വിധത്തില്‍ ഈ മാല അദ്ദേഹം വളരെ നേരം കഴുത്തില്‍ത്തന്നെ ഇട്ടുകൊണ്ടിരുന്നതും അതിനെപ്പറ്റി തുടര്‍ന്നുണ്ടായ സംഭാഷണവും മറ്റുംകൊണ്ട് സ്വാമിയുടെ ഖദര്‍ പ്രേമം ധാരാളം വ്യക്തമാകുന്നുണ്ട്. പല നിറത്തിലുള്ള ഖദര്‍ നൂല്‍കൊണ്ട് കെട്ടപ്പെട്ടിരുന്ന ആ ഹാരം വളരെ കൗതുകകരമായി തോന്നി. സ്വാമികള്‍ അതെന്താണെന്നു ചോദിക്കുകയും ഖദറാണെന്ന് പറഞ്ഞു കേട്ടപ്പോള്‍ നിങ്ങള്‍ ഉണ്ണുന്നതും ഖദറാണോ എന്നു സ്വതഃസിദ്ധമായ ഫലിതത്തില്‍ പ്രസ്താവിക്കുകയും ചെയ്തു. സ്വാമികള്‍ ഖദര്‍മാല മണത്തുനോക്കീട്ട് ‘ഇതിനു വാസനയില്ല, അകത്തായിരിക്കും വാസന” എന്നും അരുളിച്ചെയ്തു. സ്വാമികള്‍ ധരിച്ചിരുന്നത് ഒരു ഖദര്‍മുണ്ടും ഷാളും ആണ്. സ്വാമികളുടെ വക, ആലുവാ അദ്വൈതാശ്രമത്തിലേക്ക് മുപ്പതു നൂല്‍ച്ചക്രങ്ങള്‍ ഇവിടെനിന്നു പണിഞ്ഞയയ്ക്കുവാന്‍ ഏര്‍പ്പാടുചെയ്തിരിക്കുന്നു. കൂടാതെ അദ്ദേഹത്തിന് പ്രത്യേകം ഒരു ചര്‍ക്ക പണിയാനും അതില്‍ നൂല്‍നൂല്‍ക്കാനും അദ്ദേഹം നിശ്ചയിച്ചിട്ടുണ്ട്. ബോട്ടുജെട്ടിയില്‍നിന്ന് ആശ്രമത്തിലേക്കു പോരുന്നതിനുവേണ്ടി ഏര്‍പ്പാടുചെയ്തിരുന്നുവെങ്കിലും സ്വാമികള്‍ കാല്‍നടയായി മാത്രമാണ് തിരിച്ചത്. ആശ്രമത്തിനു സമീപമെത്തിയപ്പോള്‍ ആശ്രമവളപ്പിനരികത്തെ കെട്ടിടങ്ങള്‍ കണ്ടിട്ട് അത്ഭുത രസത്തില്‍, ഇതെല്ലാം എന്താണെന്നു ചോദിക്കയുണ്ടായി. ആശ്രമത്തിലെത്തി, കുറെ വിശ്രമിച്ചശേഷം ഓരോ ഡിപ്പാര്‍ട്ടുമെന്റുകളും സന്ദര്‍ശിച്ചു. സെക്രട്ടറിയുടെ ഓഫീസ്, പബ്ലിസിറ്റി ഓഫീസ്, ക്യാപ്റ്റന്റെ ഓഫീസ്, വായനശാല, വാളണ്ടിയര്‍മാരുടെ ശയനസ്ഥലം, ആശുപത്രി, അടുക്കള, ഭക്ഷണശാല, സ്റ്റോര്‍, നൂല്‍നൂല്‍പ്പു ഡിപ്പാര്‍ട്ടുമെന്റിന്റെ ശാഖകള്‍, നെയ്ത്തുതറികള്‍, സാനിട്ടറി ഡിപ്പാര്‍ട്ടുമെന്റ് ഇവയെല്ലാം സ്വാമികള്‍ സന്ദര്‍ശിച്ചു. ഓരോ ഡിപ്പാര്‍ട്ടുമെന്റിലും സ്വാമികള്‍ ചെന്നപ്പോള്‍ ഓരോരുത്തര്‍ യഥാക്രമമുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. നൂലെടുപ്പു സംബന്ധിച്ച് ഇവിടെ നടക്കുന്ന എല്ലാ ജോലിക്രമങ്ങളും പഴയകാലം മുതല്‍ക്കേ ഇന്ത്യയില്‍ നടന്നുവരുന്നവ മാത്രമാണെന്നു കണ്ട് സ്വാമി പ്രത്യേകം സന്തോഷിച്ചു. കിച്ചന്‍ ഡിപ്പാര്‍ട്ടുമെന്റ് സന്ദര്‍ശിച്ചപ്പോള്‍ അതിനകത്ത് ഒരു രണ്ടുമൂന്നു വയസ്സു പ്രായമുള്ള കുട്ടി നില്‍ക്കുന്നതു കണ്ട് ഇതേതാണെന്നു ചോദിക്കുകയും ഇവിടെ എടുത്തു വളര്‍ത്തുന്ന ഒരു പുലയക്കുട്ടിയാണെന്നറിഞ്ഞപ്പോള്‍ വലിയ ആനന്ദത്തോടെ പൊട്ടിച്ചിരിക്കുകയുണ്ടായി. ”അപ്പോള്‍ നിങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ പിന്നോക്കം പോകയാണ്. പണ്ടത്തെപ്പോലെ ജീവിക്കാന്‍ പോകയാണല്ലൊ, കൊള്ളാം.” എന്നടുനെ സ്വാമികള്‍ പ്രസ്താവിച്ചു. ആശ്രമത്തിലെ എല്ലാ വിഭാഗങ്ങളും സന്ദര്‍ശിച്ചു തൃപ്തനായി, ഇവിടെത്തന്നെ തയ്യാര്‍ ചെയ്തിരുന്ന മഠത്തില്‍ വിശ്രമിച്ചു വരുന്നു. വാളണ്ടിയര്‍ സംഘങ്ങള്‍ സത്യാഗ്രഹത്തിനായി പോകുമ്പോഴും തിര്യെ ഓരോ നടയില്‍ നിന്നു മടങ്ങുമ്പോഴും സ്വാമികള്‍ പ്രത്യേകം അനുകമ്പയോടും കൗതുകത്തോടും നോക്കിനില്‍ക്കുക പതിവാണ്.

1924 ഒക്ടോബര്‍ 11-ാംതീയതി ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ച മുഖപ്രസംഗം:

ശ്രീനാരായണഗുരുസ്വാമികളും
വൈക്കം സത്യാഗ്രഹവും
ശ്രീനാരായണഗുരുസ്വാമിതൃപ്പാദങ്ങള്‍ വൈക്കത്തെത്തി ഏതാനും ദിവസം സത്യാഗ്രഹാശ്രമത്തില്‍ താമസിച്ച് അവിടത്തെ നടപടികള്‍ സന്ദര്‍ശിച്ചു തൃപ്തിപ്പെട്ടു മടങ്ങിയിരിക്കുന്നു. സ്വാമികള്‍ ആശ്രമത്തില്‍ സാന്നിദ്ധ്യം ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ അവിടത്തെ ഓരോ ഏര്‍പ്പാടുകളും പ്രത്യേകം ശ്രദ്ധിച്ചു മനസ്സിലാക്കുകയും ആവശ്യമെന്നു കണ്ട് കൂടുതല്‍ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് അയിത്തോച്ചാടനക്കമ്മിറ്റി ആരംഭിച്ചിരിക്കുന്ന വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തില്‍ ആരും അവിശ്വസിച്ചിട്ടാവശ്യമില്ലെന്നും അത്രമാത്രം സത്യധര്‍മ്മങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രസ്ഥാനം നയിക്കുന്നതെന്നും തന്നെയാണ് സ്വാമികളുടെയും അഭിപ്രായം. ചര്‍ക്കയിലും നൂല്‍നൂല്‍പ്പിലും സ്വാമികള്‍ക്കുള്ള താല്പര്യവും തൃപ്തിയും ദേവപ്രതിഷ്ഠചെയ്യുന്ന അദ്ദേഹത്തിന്റെ പരിപാവനമായ കരങ്ങളെക്കൊണ്ട് അതു ചെയ്യാന്‍ കൂടെ സന്നദ്ധനായതില്‍ നിന്ന് പ്രത്യക്ഷപ്പെടുന്നുണ്ട്. ഉടുപ്പും തൊപ്പിയും ധരിക്കുന്നത് തനിക്കിഷ്ടമല്ലെങ്കിലും തല്‍ക്കാലത്തേക്കതു ധരിച്ച് ഒരു വാളന്റിയറായി പോയി സത്യാഗ്രഹമനുഷ്ഠിക്കുന്നതിനും താന്‍ സന്നദ്ധനെന്നും തൃപ്പാദങ്ങള്‍ പ്രസ്താവിക്കയുണ്ടായി. മഹാത്മാഗാന്ധിയുടെ ആരോഗ്യത്തിന് പ്രാര്‍ത്ഥിക്കാന്‍ സ്വാമികളുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഒരു സഭയില്‍ സ്വാമികളും ഈ പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളാന്‍ സംഗതിയായത് നമ്മുടെ മഹാഭാഗ്യമെന്ന് സത്യവ്രതസ്വാമികള്‍ പ്രസംഗിച്ചപ്പോള്‍ ”പങ്കുകൊള്ളാനല്ല പ്രാര്‍ത്ഥിക്കാനാണ് പ്രധാനമായി തുടങ്ങുന്നത്” എന്നു കല്പിക്കുകയും എഴുന്നേറ്റുനിന്ന് ഏതാനും മിനിറ്റുനേരം ധ്യാനിക്കുകയും ചെയ്തു. സ്വാമിപാദങ്ങള്‍ ആള്‍ക്കൂട്ടത്തില്‍ പരസ്യസ്ഥലത്തുവച്ച് ഒരു ധ്യാനം നടത്തുന്നത് ഇതാദ്യമായിട്ടാണെന്ന് തോന്നുന്നു. വെറും ഒരു സന്ദര്‍ശകന്റെ നിലയിലല്ല സത്യാഗ്രഹനേതാവായ ഒരുപദേഷ്ടകന്റെ സ്ഥാനമാണ് സ്വാമികളുടെ സാന്നിദ്ധ്യംമൂലം വൈക്കം സത്യാഗ്രഹികള്‍ക്ക് അനുഭവമായിത്തീര്‍ന്നിരിക്കുന്നത്. ഈ അനുഭവം അവര്‍ക്കൊരു നവജീവന്‍ ഉണ്ടാക്കിയിരിക്കുമെന്നുള്ളതിന് സംശയമില്ല. തൃപ്പാദപാദത്തണലിനെ ആശ്രയിച്ചു കഴിയുന്നവരും അസ്വാസ്ഥ്യങ്ങളും അസമത്വങ്ങളും ദൂരീകരിക്കുന്നതിനായി നിരന്തരം പ്രയത്‌നിക്കുന്നവരുമായ ഈഴവര്‍ക്ക് ഈ സംഗതി ഏറ്റവും ചാരിതാര്‍ത്ഥ്യത്തിനും സന്തോഷത്തിനും ഇടയായിട്ടുണ്ട്. മഹാത്മാഗാന്ധി വൈക്കം സത്യാഗ്രഹത്തിന്റെ പൂര്‍ണ്ണചുമതല കയ്യേറ്റതും ശ്രീനാരായണഗുരുസ്വാമികള്‍ വൈക്കത്തെത്തി ഈ പ്രസ്ഥാന ത്തോട് അദ്ദേഹത്തിനുള്ള സമ്പൂര്‍ണ്ണമായ ആനുകൂല്യം പ്രത്യക്ഷപ്പെടുത്തിയതും മിക്കവാറും ഏകകാലത്തായിരുന്നു. ഈ ‘കാകതാലീയം’ വൈക്കം സത്യാഗ്രഹത്തിന്റെ വിജയം ശുഭകരവും ശീഘ്രതരവുമെന്ന് സ്പഷ്ടമാക്കുകയാണ് ചെയ്യുന്നതെന്ന് വിശ്വസിക്കുന്നതില്‍ അശേഷം അബദ്ധമില്ല.

ഗുരുവിന്റെ സത്യാഗ്രഹാശ്രമ
സന്ദര്‍ശനത്തെകുറിച്ച് ‘മാതൃഭൂമി’ പത്രം
”കേരളത്തിലെ അവശസമുദായങ്ങളുടെ നേതാവും ത്രാതാവുമായ ശ്രീനാരായണഗുരുസ്വാമികളുടെ ആശിസ്സുമാത്രമല്ല, സര്‍വ്വവിധസഹായവും കൂടി വൈക്കം സത്യാഗ്രഹത്തിനു ലഭിച്ചത് ഓരോ ഘട്ടത്തിലും വലിയൊരനുഗ്രഹമായി. വര്‍ക്കലയിലെ ശിവഗിരി ആശ്രമത്തില്‍ അദ്ദേഹം സത്യാഗ്രഹഫണ്ടിലേക്ക് ഒരു ഭണ്ഡാരം ഏര്‍പ്പെടുത്തി. അവിടത്തെ സന്ന്യാസിമാര്‍ എല്ലാ സായാഹ്നങ്ങളിലും അതെടുത്തു വീടുതോറും കയറി ധനം ശേഖരിക്കുക പതിവായിത്തീര്‍ന്നു. ഗുരുദേവന്‍ കാല്‍നടയായി വൈക്കത്തെത്തി സത്യാഗ്രഹാശ്രമം സന്ദര്‍ശിച്ചതും ധര്‍മ്മഭടന്മാരെ ആശീര്‍വദിച്ചു കൊണ്ട് സത്യാഗ്രഹത്തിനു തന്റെ സ്വന്തം സംഭാവനയായി ആയിരം ഉറുപ്പിക സമ്മാനിച്ചതും സമരത്തില്‍ ഉടനീളം അദ്ദേഹം പ്രകടിപ്പിച്ച താല്പര്യത്തിനു ദൃഷ്ടാന്തമായിരുന്നു.”

ഗുരുവുമായി അഭിമുഖം
ഒരു തീവണ്ടി യാത്രക്കിടയിൽ ഗുരുവുമായി അനുയായി വൈക്കം സത്യഗ്രഹത്തെ കുറിച്ച് സംസാരിച്ചു. 1924 മെയ് 31-ലെ ‘ദേശാഭിമാനി’യില്‍ പ്രസിദ്ധീകരിച്ചത്.ഗുരു വൈക്കം സത്യഗ്രഹാശ്രമം സന്ദർശിക്കുന്നതിന് നാലുമാസം മുമ്പാണ് ‌ഈ അഭിമുഖം.

ചോദ്യം:തൃപ്പാദങ്ങള്‍ അരുളിച്ചെയ്തിട്ടുള്ള മിശ്രഭോജനം ഇപ്പോള്‍ വൈക്കത്തു നടക്കുന്നതുപോലെ എങ്ങും നടക്കുന്നില്ല. സത്യാഗ്രഹം നിമിത്തം വൈക്കത്ത് അനവധി കാര്യങ്ങള്‍ ഇപ്പോള്‍ത്തന്നെ സാധിച്ചുകഴിഞ്ഞിരിക്കുന്നു.
സ്വാമികള്‍: വൈക്കത്തു പോയിരുന്നോ?

ചോദ്യം: എസ്.എന്‍.ഡി.പി.യോഗം നടക്കുന്ന അവസരത്തില്‍ പോയിരുന്നു.
സ്വാമികള്‍: മിശ്രഭോജനം എങ്ങനെ നടക്കുന്നു?

ചോദ്യം:ഇതിലധികം ഭംഗിയായി നടക്കാനില്ല. അരിവയ്ക്കുന്നതും വിളമ്പുന്നതും പല ജാതിക്കാര്‍, അരയ്ക്കുന്നത് ഈഴവത്തിയാണെങ്കില്‍ കറിവയ്ക്കുന്നതു നായര്‍, കറിക്കുവെട്ട് നായരും പുലയനും നമ്പൂരിയും കൂടിയാണ്. വിളമ്പുന്നത് നമ്പൂരിയും അകാലിയും നായരും ഈഴവനും പുലയനും കൂടിയാണ്. ഉണ്ണുന്നത് എല്ലാ ജാതിക്കാരും ചേര്‍ന്നുതന്നെ.
സ്വാമികള്‍: അതില്‍ പല ജാതിയില്ലല്ലോ. മനുഷ്യന്‍ എന്ന ഒരു ജാതിയല്ലേ ഉള്ളൂ?

ചോദ്യം: അതെ, അതു ശരിയാണ്. സാധാരണ അജ്ഞാനികളായ മനുഷ്യര്‍ ധരിച്ചുവച്ചിരിക്കുന്ന പ്രകാരം പല ജാതിക്കാരുണ്ടെന്നേയുള്ളു.
സ്വാമികള്‍: അതെ, അതു നാം പറഞ്ഞില്ലേ, വിവേകോദയം വേണമെന്ന്. അതില്ലാത്തതുകൊണ്ടുള്ള ദൂഷ്യമാണ്. ഈഴവന്‍ എന്നതുതന്നെ ജാതിപ്പേരാണോ? ദേശപ്പേരല്ലേ? ദേശപ്പേരുവേണമെങ്കില്‍ വളരെക്കാലമായി ഇവിടെ കുടിയേറിപ്പാര്‍ത്തു വരുന്ന ഈഴവര്‍ക്ക് ഇനിയെങ്കിലും ‘മലയാളി’ യെന്നു പറയുന്നതല്ലേ നല്ലത്? മലയാളത്തുള്ളവന്‍ മലയാളി. ഇംഗ്ലണ്ടിലുള്ളവന്‍ ഇംഗ്ലീഷുകാരന്‍. ജാതി ദൈവം സൃഷ്ടിച്ചതല്ലല്ലോ. മനുഷ്യന്‍ കല്പിച്ചുണ്ടാക്കിയതല്ലേ? അങ്ങനെയുള്ള ജാതി വേണമെങ്കില്‍ എല്ലാവരും ബ്രാഹ്മണരാകട്ടെ, ശൂദ്രനെന്നോ മറ്റോ പറഞ്ഞാല്‍ താണവന്‍ എന്നും സ്വയം സമ്മതിക്കുകയല്ലേ? അതൊരിക്കലും പാടില്ല…. വൈക്കം സത്യാഗ്രഹം ഇപ്പോള്‍ എങ്ങനെയിരിക്കുന്നു?

ചോദ്യം:അത് ശക്തിയായിത്തന്നെ നടക്കുന്നു. ഇപ്പോള്‍ ഉള്ള മഴയെല്ലാം അവര്‍ നനയുകയായിരിക്കും!
സ്വാമികള്‍: അതെന്തിന്? അവര്‍ക്കു കുട പിടിക്കരുതോ?

ചോദ്യം: സത്യാഗ്രഹികളുടെ സഹനശക്തികൊണ്ടു വിപരീതക്കാരുടേയും ഗവണ്‍മെന്റിന്റേയും അനുകമ്പ സമ്പാദിച്ചു കാര്യം നേടണമെന്നാണ് മഹാത്മാഗാന്ധി പറയുന്നത്.
സ്വാമികള്‍: അതു ശരിതന്നെ, സഹനശക്തി വേണം. അതു മഴ നനയുന്നതിനും പട്ടിണികിടക്കുന്നതിനുമല്ല വേണ്ടത്. എവിടെ ഒരാള്‍ കടക്കാന്‍ പാടില്ലെന്നു പറയുന്നുവോ അവിടെ അവന്‍ കടക്കണം. അതില്‍ വരുന്ന സങ്കടങ്ങള്‍ അനുഭവിക്കണം. അടിച്ചാല്‍ കൊള്ളണം. അങ്ങോട്ട് അടിക്കരുത്. എന്നാല്‍ വേലികെട്ടിയാല്‍ ഇങ്ങേപ്പുറത്തു നില്‍ക്കരുത്. അതിന്റെ മീതെ കൂടി കയറണം. റോഡില്‍ മാത്രം നടന്നാല്‍ പോരാ, ക്ഷേത്രത്തില്‍ തന്നെ കയറണം. അത് ഒരിടത്തു പോരാ, എല്ലാ ക്ഷേത്രങ്ങളിലും കയറണം. എന്നും കയറണം, എല്ലാവരും കയറണം. പാല്‍പ്പായസം വച്ചു വയ്ക്കുമ്പോള്‍ ചെന്നു കോരിക്കുടിക്കണം. സദ്യയില്‍ ചെന്നു പന്തിയില്‍ ഇരിക്കണം. വിവരങ്ങള്‍ എല്ലാം അപ്പഴപ്പോള്‍ ഗവണ്‍മെന്റിനെ അറിയിക്കണം. മരിക്കാനും മടിക്കരുത്. മനുഷ്യനെ തൊട്ടാല്‍ മനുഷ്യന്‍ അശുദ്ധിയാകുമെന്നു വിചാരിക്കുന്നവര്‍ക്ക് യാതൊന്നും ശുദ്ധമായിരുന്നു പ്രവര്‍ത്തിക്കാന്‍ ഇടകൊടുക്കരുത്. ഇങ്ങനെയാണ് നമ്മുടെ അഭിപ്രായം.
ഇതെല്ലാം പത്രത്തിലും എഴുതണം. അതിനാണ് പറയുന്നത്. നമുക്ക് ഇത് പൂര്‍ണ്ണസമ്മതമാണെന്ന് ജനങ്ങള്‍ അറിയട്ടെ. പക്ഷേ, അക്രമം, അടി പിടി ഒന്നും പാടില്ല. അതെല്ലാം വന്നാല്‍ നാം സഹിച്ചുകൊള്ളണം.

ചോദ്യം: ക്ഷേത്രപ്രവേശനം തന്നെയാണ് വൈക്കം സത്യാഗ്രഹികളുടേയും ലാക്ക്. അത് അടുത്ത വര്‍ഷത്തേക്ക് നീട്ടിവച്ചിരിക്കുന്നെന്നേയുള്ളു..
സ്വാമികള്‍: എന്തിന് നീട്ടിവച്ചിരിക്കുന്നു? ഇപ്പോള്‍ത്തന്നെ എത്ര താമസിച്ചു പോയി!

Author

62 Views
Scroll to top
Close
Browse Categories