കടലും കലയും

കവിതയിൽ കടലിന്റെ ഇരമ്പൽ കേൾപ്പിക്കുന്നവരൊക്കെയും കനത്ത സംഘ സംഗീതത്തെയാണ് ഉല്പാദിപ്പിക്കുന്നത്.ഭാഷയുടെ വേനലിനെയും വന്ധ്യതയെയും കുടിച്ചു തീർത്തവരൊക്കെയും കടലിൽനിന്ന് പ്രചോദനം പേറി ശരിപ്പെട്ടവരാണ്. കടലിനെക്കുറിച്ച് കവിതയെഴുതിയിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. കരയിലേക്ക് വന്ന് പൊഴിയുന്ന ഓരോ തിരകളെയും
തകർന്ന സ്ഫടിക കൊട്ടാരം എന്നാണ് എ അയ്യപ്പൻ വിളിച്ചത്.

ദി ആക്‌ട്രെസ് ‘ എന്ന നാടകം എഴുതിയ റൂത്ത് ഡ്രാപർ ഭൂമിയെ ബലാൽക്കാരമായി കയ്യടക്കുന്ന കടലിന്റെ പ്രകൃതത്തെക്കുറിച്ച് പറയാൻ ആദ്യം തിരയുന്നത് അതിന്റെ മൃദുലതയെയാണ്. അതിനവർ ഉപയോഗിച്ച ഒരു പ്രസ്താവന ഇങ്ങനെയാണ് – “കടലിന്റെ ചിത്രം വരയ്ക്കുമ്പോൾ ക്യാൻവാസിന്റെ വരൾച്ചയ്ക്ക് മാറ്റം സംഭവിക്കുന്നു”. കടൽ എന്ന പ്രതീകത്തിൽ പ്രതീക്ഷ എന്ന ആശയം നിഗൂഢമായിട്ടാണ് പലപ്പോഴും അവതരിപ്പിക്കപ്പെടുന്നത്. എഴുത്തുകാർ കടലിനെ നോക്കിയിരുന്ന് ഉള്ളിലെ ഉഷ്ണമേഖലാപ്രദേശങ്ങളിൽ സാന്ദ്രമായ പച്ച നിറമുള്ള ഉദ്യാനങ്ങളെ സൃഷ്ടിച്ചെടുത്തതിന്റെ വലിയ ഉദാഹരണങ്ങൾ ലോക സാഹിത്യത്തിലുണ്ട്. അതുകൊണ്ടാണ് വാർഡ് ഹിൽ ലമോൺ എഴുതിയ ഓർമ്മക്കുറിപ്പിൽ കടൽത്തിരയെ ഇങ്ങനെ വിശേഷിപ്പിച്ചത് – ‘ കടലിന്റെ രജത ശോഭയുള്ള ശിഖരങ്ങളാണ് തിരകൾ ‘.കടലിലെ തിരകൾക്ക് ഒരാളുടെ തീരുമാനങ്ങളെ സൃഷ്ടിക്കാൻ കഴിയുമെന്ന് തോമസ് കാർലൈൻ നിരീക്ഷിച്ചിട്ടുണ്ട്. കടൽ ചിലപ്പോൾ യാഥാർത്ഥ്യത്തിന്റെ പ്രതീകമായി മാറും. ഒരാൾ വൈകുന്നേരം തന്റെ കാലുകളെ തിര തൊടുവിച്ച് വീട്ടിലേക്ക് ഉറങ്ങാൻ പോകുന്നു.രാത്രിയിൽ അയാളുടെ ഉറക്കത്തിൽ കടൽ ഇരമ്പിയെത്തുന്നു. അയാൾ ഉണരുമ്പോൾ കാണുന്നത് ചുറ്റും ഒരു കടുംരക്തക്കടലാണ്.ഈ അനുഭവം ഉണ്ടായപ്പോൾ അയാളുടെ രക്തം ഇറ്റിറ്റു വീണു ചുറ്റും ഒരു രക്തക്കടൽ തീർക്കുകയായിരുന്നു.. കണ്ണു വറ്റാത്തത് പോലെ തന്നെയാണ് കടലും വറ്റാത്തത് എന്ന് പറയാൻ ഒരു കലാകാരന് ഭ്രാന്തിന്റെ വെളിച്ചത്തിലേക്ക് തിടുക്കത്തിൽ സഞ്ചരിക്കേണ്ടതില്ല. ഇരുണ്ട മുഖഭാവമുള്ള സ്ത്രീയായിരുന്നു ഉനാമുനോയ്ക്ക് കടൽ.അതിന്റെ പേടിപ്പിക്കുന്ന തുറിച്ചുനോട്ടങ്ങളെ വലത്തെ കണ്ണു കൊണ്ട് വലിച്ചെടുക്കാൻ ആണ് ജിബ്രാൻ, റൂമി തുടങ്ങിയ മിസ്റ്റിക്കുകൾ ശ്രമിച്ചത്. ജീവിതത്തിന്റെ വേദനകളെക്കുറിച്ച് ഭാവന ചെയ്യാനുള്ള ഏറ്റവും കരുത്തുറ്റ പ്രതീകം കടലാണെന്നും അത് ജീവിതം എന്ന പ്രതിഭാസത്തിന്റെ നാടകവേദിയാണെന്നും വാദിച്ചത് ഇതേ മിസ്റ്റിക്കുകൾ തന്നെയാണ്. കടലിന്റെ മുന്നിലിരിക്കുന്ന ഒരാൾ കടലിന് രംഗവേദിയാണ്. അയാളുടെ അകവും പുറവും ഈ അഭിനയ വേട്ടയ്ക്കുള്ള ഇടമായി മാറിമറിയുന്നു. കടലിന്റെ പൊതുജനം അതിന്റെ തിരകളാണ്.അവ കടലിൽ നിന്ന് കരയിലേക്ക് വരുമ്പോൾ കടലിന്റെ കാണിയായി മാറുകയാണ് ചെയ്യുന്നത്.കടലിന്റെ ദൃശ്യരൂപത്തിലുള്ള ഈ ആത്മഗതത്തെയാണ് നമ്മുടെ കലാകാരന്മാർ പിന്തുടരുന്നത്. കലാകാരന്റെ സൃഷ്ടിക്കുള്ള ഇച്ഛാശക്തിയും അതിന്റെ ലഹരിയും സൃഷ്ടിക്കുന്നത് കടൽ കൊണ്ടുകൊടുക്കുന്ന അനുഭവവൈവിധ്യങ്ങളുടെ പിൻബലം കൊണ്ടാണ്. ടി പത്മനാഭൻ ‘കടൽ ‘ എന്ന് ശീർഷകപ്പെടുത്തിയതിനെ ഇത്തരം ഒരു ആംഗിളിൽ നിന്നും വായിക്കേണ്ടതുണ്ട്. ഹെമിംഗ് വേയുടെ ‘The old man and the sea ‘ ലോകം കണ്ട ഏറ്റവും നല്ല കടലാഖ്യാനമാണല്ലോ.ഒഴുകി നടക്കുന്ന ഈ നീലമല നമ്മുടെ കലാകാരന്മാരെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്ന് മാത്രം. നോക്കാം.

കടലും
ഫിക്ഷനും
കടൽ ഒരു ഫിക്ഷനിസ്റ്റിനെ മാന്ത്രികശക്തി കൊണ്ടെന്നപോലെ വശീകരിക്കാറുണ്ട്. അത് ജിജ്ഞാസയുടെ ഉൽപ്പന്നങ്ങൾ നൽകിക്കൊണ്ടിരിക്കും. മനുഷ്യരുടെ ന്യൂനതകൾ എന്തൊക്കെയാണെന്ന് കടലിൽ നിന്ന് പഠിക്കാമെന്ന് പറഞ്ഞു വയ്ക്കുന്ന ചില എഴുത്തുകൾ നമ്മുടെ ഭാഷയിലും ഉണ്ടായിട്ടുണ്ട്. ഒരു പ്രത്യേകതരം നിയമരാഹിത്യമാണ് കടലിനുള്ളത്.അതിനെതിരെയും അനുകൂലമായും വിധിതീർപ്പ് നടത്തുന്ന കോടതിയാണ് എഴുത്തുകാരൻ. കടലിനെ തൊടാൻ ആഗ്രഹിക്കുന്ന ഒരു എഴുത്തുകാരനെ തിര തൊടുന്നതിനെ കടലിന്റെ തൊടാനുള്ള തിരഞ്ഞെടുപ്പായി വേണം മനസ്സിലാക്കാൻ. വിചിത്രമായ മേൽക്കൂരകൾ ആണ് തിരകൾ എന്ന് ഒരെഴുത്തുകാരന്റെ പാദം തിരിച്ചറിയുന്നത് എഴുത്തിനു മുമ്പുള്ള തിരതൊടലിൽ നിന്നാണ്. കടൽ നൽകുന്ന ഓരോ പാഠങ്ങളും പഴയ കാലങ്ങളിലെ സിനിമ പോലെ ബ്ലാക്ക് ആൻഡ് വൈറ്റിലാണ് രൂപപ്പെടുന്നത്.പി എഫ് മാത്യൂസിനെ പോലെയുള്ളവർ നടത്തിയ കടലെഴുത്തുകൾക്ക് പിന്നിൽ മുകളിൽ വിവരിച്ച ധാരണകൾ പ്രബലമായി തുടരുന്നത് കാണാം. ഇതുപോലെ തന്നെയാണ് കടലിന്റെ മാരകമായ വസന്തത്തെ അനാവരണപ്പെടുത്താൻ ബർഗ്മാൻ തോമസ് “പനിയടിമ ” എന്ന നോവൽ എഴുതിയത്. കടൽ തലയിൽ പൂട്ടിട്ടു പിടിച്ച പനിയടിമ എന്ന കഥാപാത്രത്തിലൂടെ കടലിന്റെ ജീവശാസ്ത്രത്തെയാണ് ബർഗ്മാൻ പങ്കുവെക്കുന്നത്.
ചില തത്വചിന്തകൾ രൂപപ്പെടുന്നത് എതിർപ്പാട്ടുകാരിൽ നിന്നും തീപ്പക്ഷികളിൽ നിന്നുമാണ്. ബർഗ്മാന്റെ പനിയടിമയിലെ പനിയടിമ എന്ന കഥാപാത്രം ഒരു തത്വചിന്തകനാണ്. ശബ്ദസ്പർശരൂപ ഗുണമുള്ള അഗ്നിയുടെ ചൈതന്യ മുഖവുമായിട്ടാണ് പനിയടിമ രാഷ്ട്രീയ /നിയമ / ഭരണകൂട വിദഗ്ധർക്കു മുമ്പിൽ പ്രത്യക്ഷമാകുന്നത്. അർഹതപ്പെട്ടവനെ അറിവുകൊണ്ട് കുളിപ്പിക്കുന്ന പള്ളിക്കൂടമാണ് കടൽ. അജ്ഞാനികളെ അസ്തമിപ്പിക്കുന്ന മെതിക്കളവുമാണ് കടൽ.ഇതിനെ പനിയടിമ എന്ന കേന്ദ്രകഥാപാത്രം പങ്കുവെക്കുന്ന ചില ദർശനങ്ങൾ ക്രമമായി രേഖപ്പെടുത്താം.

  1. ഒരു തയ്യ്‌ നടുമ്പം നമ്മള് മറ്റൊരു വീടാണ് നടണത്.
  2. ഉപ്പോളം വരില്ല ഉപ്പിലിട്ടത്.
  3. കടലാണ് നമ്മട സൊർക്കം
  4. സത്തിയം എന്നത് പെറപ്പിനും ചാവിനുമെടയിലെ വാഴ്‌വ്.
  5. കടല് ഏഴകളുടെ ചോറ്.
  6. കടല് അമ്മയാണ് അമ്മയെ മാനഭംഗം ചെയ്യരുത്.

വികാരം നിറഞ്ഞ പ്രകോപനങ്ങളാണ് ഇവിടെ തത്വചിന്തയായി രൂപമെടുക്കുന്നത്. സാഹചര്യങ്ങളുടെ ഉന്നതമർദ്ദത്താലാണ് ഇവിടെ ദർശനം സൃഷ്ടിയെടുക്കുന്നത്. കടൽ ഒരു കലാകാരനെ സംബന്ധിച്ച് ഒരിക്കലും വായിച്ചുതീരാത്ത ഒരു ബൃഹത് ഗ്രന്ഥമാണ്. എങ്കിൽ പോലും നോവൽകലയുടെ ലോകവിപണിയിലേയ്ക്ക് എൻട്രി ലഭിക്കാൻ സാധ്യതയുള്ള ഒരപൂർവ നിർമിതിയാണ് ബർഗ്മാന്റെ പനിയടിമ.

കടലും
കവിതയും
കവിതയിൽ കടലിന്റെ ഇരമ്പൽ കേൾപ്പിക്കുന്നവരൊക്കെയും കനത്ത സംഘ സംഗീതത്തെയാണ് ഉല്പാദിപ്പിക്കുന്നത്.ഭാഷയുടെ വേനലിനെയും വന്ധ്യതയെയും കുടിച്ചുതീർത്തവരൊക്കെയും കടലിൽനിന്ന് പ്രചോദനം പേറി ശരിപ്പെട്ടവരാണ്. കടലിനെക്കുറിച്ച് കവിതയെഴുതിയിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. കരയിലേക്ക് വന്ന് പൊഴിയുന്ന ഓരോ തിരകളെയും തകർന്ന സ്ഫടിക കൊട്ടാരം
എന്നാണ് എ അയ്യപ്പൻ വിളിച്ചത്. പ്രകോപനത്തോടെ നിൽക്കുന്ന സൗന്ദര്യത്തിന്റെ വക്ര ഗതികളെ കവി കീഴടക്കിക്കൊണ്ട് ദർശനങ്ങൾ തീർക്കുന്ന വിധം മലയാള കവിതയിലുണ്ട്. പി.വൈ.ബാലനും മറ്റും കടലിന്റെ സൗന്ദര്യത്തെ കവർച്ച ചെയ്ത് അർത്ഥത്തിന്റെ രഹസ്യഭാരം വ്യക്തമാക്കാൻ ശ്രമിച്ചതിന്റെ നിരവധിയായ സാക്ഷ്യങ്ങളെക്കുറിച്ച് കെ സജീവ് കുമാർ എഴുതിയ “നീ വിയർത്ത കടലിൽ വട്ടമിട്ട കപ്പലുകൾ ” (പ്രസാധകൻ മാസിക, ഒൿടോബർ 2025 ) എന്ന ലേഖനത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ചിലർ കടലിനെ കുറിച്ച് എഴുതുമ്പോൾ വർഷകാലമിന്നലിൽ പുളയുന്ന ആകാശം നമ്മുടെ കണ്ണിലേക്ക് തള്ളിക്കയറി വരും. ഒരു കവി കാലവർഷത്തിന്റെ രഥോത്സവം ആഘോഷിക്കുന്നത് കടലിനെക്കുറിച്ചെഴുതുമ്പോഴാണ് അല്ലെങ്കിൽ അത് സമ്മാനിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് പറയുമ്പോഴാണ്. പി എൻ ഗോപീകൃഷ്ണനൻ “ചാള” എന്ന പേരിൽ ഒരു കവിത എഴുതിയിട്ടുണ്ട്. ഈ കവിത ഭോജനപ്രിയന്റെ വായ്ത്തട്ടിനെ കടലായി സങ്കൽപ്പിക്കുന്നു. ഇല്ലാത്ത കടലിനെ അതിന്റെ മരണാനന്തരം സൃഷ്ടിക്കാൻ ഗോപികൃഷ്ണന്റെ ഭാവനയ്ക്കാവുന്നു. ജീവനോടെ കണ്ടിട്ടില്ലാത്ത മീനിനെ വായ്ക്കപ്പലിൽ കൊണ്ടുവച്ചിട്ട് ഗോപികൃഷ്ണൻ കവിതയിൽ ഇങ്ങനെ കുറിക്കുന്നു:

നിന്നെ ഓർക്കുന്നു
എന്നതിനർത്ഥം
നിന്റെ രുചി എന്റെ നാവിൽ
വന്നു എന്നാണ്.

നിന്നെ മനസ്സിലാക്കി
എന്നതിനർത്ഥം
എത്ര തരത്തിൽ നിന്നെ
പാചകം ചെയ്യാം എന്നാണ്.

  • പി എൻ ഗോപികൃഷ്ണൻ

കടൽ എന്ന ഭീകരവും കൗതുകകരവുമായ ദൃശ്യവിസ്തൃതിയെക്കുറിച്ച് ചെറിയ വാക്കിന്റെ അലകളും വലിയ വാക്കിന്റെ തരംഗങ്ങളുമുപയോഗിച്ചെഴുതിയ ഒരു കവിത വീരാൻകുട്ടിയുടേതായിട്ടുണ്ട്. അതിൽ അറിവിന്റെ ആശിർവാദമുണ്ട്. ഒരു മിസ്റ്റിക്കിനെ പോലെയാണ് വീരാൻകുട്ടി കടലിനെ തൊടുന്നത്.ആ കവിതയിലെ വാക്കിന്റെ സൂര്യൻ നമ്മിലേക്ക് കടന്നുവന്ന് എല്ലാ മ്ലാനതയെയും അകറ്റുന്നു.

ഓരോ ദിവസം
ഓരോ കടലിനെ
കൂടെ കൊണ്ടു പോകും.

ഇന്നലെ കൊണ്ടുപോന്ന
കടലിനെ
ഒറ്റയോട്ടത്തിന്
കടൽക്കരയിൽ തന്നെ വച്ചിട്ട് പോന്നു.
ഒരു മീൻ കുഞ്ഞാണ്
അതിൽ പെട്ടിരുന്നത്.
വീരാൻകുട്ടി

കടലിന്റെ നാളെകളെപ്പോലും ഇന്നലെകളിൽ നിർത്താൻ വേണ്ടിയാണ് വീരാൻകുട്ടി കൈക്കുമ്പിളിൽ കരുതിയ കടലിനെ കടൽത്തറയിൽ വച്ചിട്ട് പോന്നത്.

ഈ ആഴ്ചയിലെ
പുസ്തകം
ഉപ്പുകാറ്റടിക്കുന്ന സന്ധ്യകളിൽ /
സോമൻ കടലൂർ ( ഒലിവ് ബുക്സ് )

ഓർമ്മയിലെ ബിഭത്സതയുടെ ദൃശ്യകേന്ദ്രമായ കടലിനെ സൗമ്യമായി കോരിയെടുക്കുന്ന എഴുത്തുകാർ നമുക്കുണ്ട്. ഭയാനകതയുടെ നിർമ്മാണവിദ്യ അബോധം എപ്പോഴും പ്രകടിപ്പിക്കുന്ന ഒരു തുറസ്സിലേയ്ക്ക് ഭയങ്കരമാം വിധം മൂടിക്കെട്ടിയ മനസ്സിനെ തുറന്നു വയ്ക്കുന്നവർക്കേ പുതിയ കടൽ ദർശനങ്ങളെ വാക്കിന്റെ ചൂണ്ടയിൽ കോർത്തെടുക്കാനാകൂ. ഭീതിജനകമായ രഹസ്യങ്ങളുടെ ലോകം സൃഷ്ടിക്കുന്ന കടലിൽ നിന്ന് ദർശനങ്ങളുടെ ഒരു ഗോഥിക് അന്തരീക്ഷം ഒരുക്കാൻ സോമൻ കടലൂർ നടത്തിയ ശ്രമങ്ങളാണ് വാക്കുകളായും വരകളായും ഈ പുസ്തകത്തിൽ ഇടം പിടിക്കുന്നത്.. കടൽ അങ്ങേയറ്റം ഭ്രാന്തമായാൽ പോലും അർത്ഥതലത്തിൽ അത് കൂടുതൽ അഗാധമായി തീരുകയാണ് ചെയ്യുന്നതെന്ന് ഇതിലെ വരകളും വരികളും സാക്ഷ്യപ്പെടുത്തുന്നു. ഇവിടെയൊക്കെ കടലിനു കലാപരമായി നിർമ്മിച്ച ഭീകരസൗന്ദര്യമെന്നതിനേക്കാൾ ഒരു വലിയ കത്തികൊണ്ട് ശരീരത്തെ സ്വയം കീറിമുറിച്ച ജലക്കട്ടകളുടെ യോ തിരക്കട്ടകളുടെയോ അലർച്ചയാണുള്ളത്. കടലിന്റെ പേടിപ്പിക്കുന്ന അന്തിമിനുക്കത്തെ കുറിച്ച് പലരും എഴുതിയ കവിതകളും കഥാശകലങ്ങളും കുറിപ്പുകളും ഒക്കെ സോമന്റെ തന്നെ വരകളോടെയാണ് ഇതിൽ പ്രത്യക്ഷമാകുന്നത്. കടലിനുള്ളിലെ ജീവനുള്ള കൊളുത്തുകളാണ് മീനെന്നും അവയിലേയ്ക്ക് എറിഞ്ഞു പിടിപ്പിക്കുന്ന ബലമുള്ള ചൂണ്ടക്കരുക്കുകൾ കുടുക്കുവിട്ട ജീവിതത്തെ പരിശീലിപ്പിക്കും എന്നുമുള്ള ഒരുപാട് ധാരണകൾ ഈ വരയിലും വരികളിലുമുണ്ട്. കടലിന്റെ കനത്ത വാദ്യ സംഗീതം സോമൻ കേൾക്കുന്ന വിധമാണ് ഈ പുസ്തകത്തിലാകമാനമുള്ളത്. കടലിന്റെ ഐഹിക വ്യാകുലതകളും ജീവിതത്തിലെ അനിശ്ചിത പ്രവണതകളും ചരിത്രപരമായ പ്രതിഭാസങ്ങളും ഒക്കെ വിശേഷാനുഭവങ്ങളായി കടൽഭാഷ്യത്തിന്റെ രൂപത്തിൽ ഭാവപ്പെടുകയാണ് ഇവിടെ. അതുകൊണ്ടുതന്നെ സോമൻ കടലൂരിന്റെ വരികൾക്കും വരകൾക്കും ദർശനലാവണ്യം കൂടുതലാണ്. ചില കുറിപ്പുകൾ ഉദ്ധരിക്കുക മാത്രം ചെയ്യാം:

കലങ്ങിമറിയുന്ന കടൽ
കലി കയറിയവരുടെ പ്രതിബിംബമാണ്.
ആർത്തിരമ്പുന്ന കടൽ
ശത്രു സൈന്യത്തിന്റെ പ്രതീകമാണ് (34)

എന്നും ഒരേ കടലിലേക്കല്ല
ഞങ്ങൾ ഇറങ്ങുന്നത്.
ചിലർ വേദനയുടെ കടലിൽ മുങ്ങുന്നു
ചിലർ വിവാദത്തിന്റെ കടലിൽ നീന്തുന്നു.
(67)

ഒരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചു തീർക്കുന്ന ജീവിതം എന്ന നാടകത്തിന്റെ എല്ലാ രംഗങ്ങളെയും കടലിന്റെ ക്ഷുബ്ധവും പ്രക്ഷുബ്ധവുമായ അവസ്ഥകളിലൂടെയും കർക്കശമായ വാക്കിന്റെ തിരയിളക്കങ്ങളോടും കൂടിയാണ് സോമൻ കടലൂർ ഈ പുസ്തകത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.

ഈ ആഴ്ചയിലെ
ഇലസ്ട്രേഷൻ
നമ്മുടെ പല ചിത്രകാരന്മാർക്കും കടൽ സാഹചര്യങ്ങളുടെ പ്രചോദനമുണ്ടാകാറുണ്ട്. അതിനെ തികവുറ്റ യുക്തിയിൽ പക്ഷേ ചൂണ്ടിക്കാട്ടാനൊന്നും ഞാൻ ആളല്ല. സൃഷ്ടി നടത്താനുള്ള തീരുമാനത്തിന്റെ സാഹചര്യമായി ചിലരെ കടൽ അങ്ങോട്ട് പോയി പിന്തുടർന്നിട്ടുണ്ട്. ഋതുഭേദങ്ങൾ എല്ലാം തന്നെ നിറം കൊണ്ടുണ്ടാക്കിയ ഭാഷയാണെന്ന് വാദിക്കാൻ റൂത്ത് ഡ്രാപ്പറിനെ പ്രചോദിപ്പിച്ചത് ഇത്തരം ദർശനങ്ങൾ തന്നെയാണ്. എഴുത്തുകാരന്റെ പേനയും ചിത്രകാരന്റെ ബ്രഷും കടലിനു മേൽ വയ്ക്കപ്പെട്ട കത്തികളല്ല. കടൽ വികൃതമായ സ്വരത്തിൽ കരയുന്നതിനെ പേന കുത്തിപ്പിടിച്ച് നിർത്തുന്നത് പോലെ തന്നെയാണ് ബ്രഷുകൾ ആ കരച്ചിലിനെ നിശബ്ദമാക്കി വയ്ക്കുന്നത്. ഈ വിധം നിറങ്ങളുടെ ഡാർക്ക് ഷെയ്ഡുകൾ ഉപയോഗിച്ച് കടലിനെ ആവിഷ്കരിച്ച ചിത്രകാരനാണ് ജോൺ ടി എൽ. ഒരു വൈകുന്നേരം കട്ടമരത്തിൽ നാല് വലപ്പണിക്കാർ മത്സ്യബന്ധനത്തിന് പോകാൻ ഒരുങ്ങുന്നത് ജോൺ ചിത്രീകരിച്ചിട്ടുണ്ട്.സൂര്യൻ കടലിൽ മുങ്ങിയതിനുശേഷമാണ് അവർ വിലയിറക്കാൻ പോകുന്നത് എന്ന പശ്ചാത്തലം കടലിന്റെ പലതരം ശരീരഭാഷകളിൽ ഒന്നുമാത്രമാണിതെന്ന് സ്ഥാപിക്കുന്നതാണ്.കടലിന്റെ ഉഗ്രമായ തിരയിളക്കങ്ങളെ വകവയ്ക്കാത്ത അതിന്റെ കഴുത്തു ഞെരിച്ചു കൊണ്ട് വെള്ളത്തിന്റെ മീതെ നെഞ്ചുവിരിച്ച് നിൽക്കാൻ ഒരു കടൽ പണിക്കാരനെ സാധിക്കുകയുള്ളൂ എന്ന വലിയ ബോധം ആ ചിത്രത്തിൽ ആകമാനം ഉണ്ട്. കടലിന്റെ ആന്തരിക ട്രാജഡികളെ കുറിച്ച് അപാരമായ ജ്ഞാനം കൊണ്ടുനടക്കുന്നത് മത്സ്യബന്ധനക്കാരനാണെന്ന് ഈ കളർ ടോണുകളിൽ നിന്നും വ്യക്തമാണ്.. കടലിലെ ചലിക്കുന്ന മൃതദേഹങ്ങളാണ് മീനുകൾ എന്നെഴുതിയത് ഉനാമുനോയാണ്. എന്ന് വച്ചാൽ മരണം ഉള്ളം കയ്യിൽ കൊണ്ട് നടക്കുന്നവരാണ് മത്സ്യങ്ങൾ എന്നദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. അങ്ങനെ മരിക്കാൻ കിടക്കുന്ന മത്സ്യങ്ങളേതെന്ന് നന്നായി അറിയാവുന്നത് കടൽ പണിക്കാർക്കാണെന്നുള്ള വലിയ ധാരണ കടലിന്റെ പശ്ചാത്തലത്തിലേക്ക് പുറം തിരിഞ്ഞു നിൽക്കുന്ന കടൽ പണിക്കാരിലൂടെ ധ്വനിപ്പിക്കാനാണ് ജോൺ എന്ന ചിത്രകാരൻ ശ്രമിക്കുന്നത്. കടൽ ഒരു കടൽപ്പണിക്കാരന് വൈദ്യനായി മാറുകയും എന്നിട്ട് മധുരിക്കുന്ന മരുന്ന് നിർദ്ദേശിക്കുകയും ചെയ്യുമെന്ന് സ്ട്രിൻ ബർഗ് നിരീക്ഷിച്ചതിന്റെ ദൃശ്യാത്മകമായ ആഖ്യാനമാണിവിടെ ജോൺ എന്ന ചിത്രകാരന് കടൽപ്രമേയചിത്രങ്ങൾ.

ഈയാഴ്ചയിലെ
അഫോറിസം
കടൽ എന്ന
ഉടലിന്റെ
സുതാര്യമായ
കൈകളാണ് തിരകൾ!

Author

93 Views
Scroll to top
Close
Browse Categories