ജാതിയുള്ള കാലത്തോളം സാമൂഹ്യ നീതിക്കായി ശബ്ദിക്കും

കരുനാഗപ്പള്ളി: ജാതി നിലനില്‍ക്കുന്ന കാലത്തോളം സാമൂഹ്യനീതിക്കായി ശബ്ദമുയര്‍ത്തുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം കരുനാഗപ്പള്ളി, ചവറ യൂണിയനുകള്‍ സംയുക്തമായി സംഘടിപ്പിച്ച ശാഖാ നേതൃത്വ സംഗമത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

‘ജാതിയുടെ പേരില്‍ നീതി നിഷേധിക്കപ്പെടുന്ന വിഭാഗമാണ് ജാതി ചിന്ത ഉണ്ടാക്കിയത്. മറ്റെല്ലാവര്‍ക്കും ജാതി പറയാം. എന്നാല്‍ ഈഴവന് മാത്രം അതായിക്കൂട. ജാതി പറഞ്ഞവരും പറയാത്തവരും എവിടെ നില്‍ക്കുന്നു എന്ന് ചിന്തിക്കണം. ഈഴവ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക, വിദ്യാഭ്യാസ നീതി ലഭിക്കുന്നില്ല. മലബാറില്‍ സാമൂഹ്യനീതി നിഷേധത്തിനെതിരെയാണ് ഞാന്‍ പ്രതികരിച്ചത്. എന്നാല്‍ അതിനെ മുസ്ലീം വിരോധമാക്കി മാറ്റി ക്രൂശിക്കാനും വ്യക്തിപരമായി അധിക്ഷേപിക്കാനുമാണ് സംഘടിതമായ നീക്കങ്ങള്‍ നടന്നത്. നാട്ടില്‍ മതേതരത്വം പറയുകയും പുറത്തുപോയി വര്‍ഗീയത സംസാരിക്കുകയും ചെയ്യുന്നതാണ് ചിലരുടെ രീതി. ഇതൊന്നും മതവിദ്വേഷമായി ആരും കാണുന്നില്ല. ആര്‍. ശങ്കറിനു ശേഷം അര്‍ഹിക്കുന്ന പരിഗണന ഇതുവരെ സമുദായത്തിന് ലഭിച്ചിട്ടില്ല. കാലാകാലങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ന്യൂനപക്ഷങ്ങള്‍ മുഴുവന്‍ ആനുകൂല്യങ്ങളും തട്ടിയെടുത്തു.
ഈഴവരെ എല്ലായിടത്തും താഴ്ത്തിക്കെട്ടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരേ നയമാണ്. ഞാന്‍ ഒരു പാര്‍ട്ടിയുടെയും ഭാഗമല്ല. ഒരു രാഷ്ട്രീയക്കാരന്റെയും ഔദാര്യത്തിന്റെ ആവശ്യമില്ല. ഞാന്‍ ഒരു സാമുദായിക പ്രവര്‍ത്തകനാണ്. അങ്ങനെയുള്ള ആള്‍ക്ക് രാഷ്ട്രീയം പാടില്ല. ഗുരുവിന്റെ പേരില്‍ സര്‍വകലാശാല വന്നപ്പോള്‍ നാമെല്ലാം ഒരുപാട് സന്തോഷിച്ചു. എന്നാല്‍ ഗുരുവിന്റെ ഒരു പടം പോലും കണ്ടിട്ടില്ലാത്ത ഒരാളെ ആദ്യം തലപ്പത്ത് നിയമിച്ചു. ഞാന്‍ പ്രതികരിച്ചു. ആരും ഒപ്പം നിന്നില്ല. ഓരോ വിഷയത്തിലും കൃത്യമായ അഭിപ്രായം പറയാറുണ്ട്. അപ്പോഴെല്ലാം ജാതി പറയുന്നു, വര്‍ഗീയത പറയുന്നു എന്നെല്ലാമണ് ആക്ഷേപം. സ്വര്‍ണപ്പാളിയാണ് ഇപ്പോള്‍ വലിയ വിഷയം. ഇതില്‍ രാഷ്ട്രീയമുണ്ട്. ദേവസ്വം ബോര്‍ഡില്‍ എന്നും കൊള്ളയാണ് നടക്കുന്നത്. ഇത് മാറണമെങ്കില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംവിധാനം വരണം-അദ്ദേഹം പറഞ്ഞു.
ചടങ്ങിന് വെള്ളാപ്പള്ളി നടേശന്‍ ഭദ്രദീപം കൊളുത്തി. കരുനാഗപ്പളളി, ചവറ യൂണിയന്‍ ഭാരവാഹികൾ സംയുക്തമായി അദ്ദേഹത്തിന് പുഷ്പഹാരം അണിയിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. കായംകുളം ശ്രീനാരായണ സാംസ്‌കാരിക സമിതിക്കു വേണ്ടി പ്രസിഡന്റ് ഡോ. പത്മകുമാര്‍, സെക്രട്ടറി പള്ളിയമ്പില്‍ ശ്രീകുമാര്‍ എന്നിവര്‍ ഉപഹാരം നല്‍കി. എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ വിശദീകരണവും യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും നല്‍കി. എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശന്‍, എസ്.എന്‍.ഡി.പി യോഗം ചവറ യൂണിയന്‍ പ്രസിഡന്റ് അരിനല്ലൂര്‍ സഞ്ജയന്‍, സെക്രട്ടറി കാരയില്‍ അനീഷ്, കരുനാഗപ്പള്ളി യൂണിയന്‍ വനിതാസംഘം ട്രഷറര്‍ ഗീതാബാബു എന്നിവര്‍ പങ്കെടുത്തു. കരുനാഗപ്പള്ളി യൂണിയന്‍ സെക്രട്ടറി എ. സോമരാജന്‍ സ്വാഗതവും പ്രസിഡന്റ് കെ. സുശീലന്‍ നന്ദിയും പറഞ്ഞു.

Author

63 Views
Scroll to top
Close
Browse Categories