വർഷംതോറും ജനപിന്തുണ വര്‍ദ്ധിക്കുന്നു: മന്ത്രി കെ.എന്‍. ബാലഗോപാല്‍

കൊല്ലം: ഒരു പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് 30 വര്‍ഷം തുടരുന്നത് ചെറിയ കാര്യമല്ലെന്നും ഓരോ വര്‍ഷം കഴിയുംതോറും സംഘടനയില്‍ വെള്ളാപ്പള്ളി നടേശനുള്ള പിന്തുണ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍.ട്രസ്റ്റിന്റെയും അമരത്ത് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിലൊരുക്കിയ സ്‌നേഹാദരവ് മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളി അമരത്ത് എത്തിയ ശേഷം യോഗത്തിന്റെയും ട്രസ്റ്റിന്റെയും സ്ഥാപനങ്ങളുടെ എണ്ണം മൂന്നിരട്ടിയായി. പ്രസ്ഥാനത്തിന്റെ ബഡ്ജറ്റ് പലമടങ്ങ് വര്‍ദ്ധിച്ചു, അനുബന്ധ പ്രസ്ഥാനങ്ങള്‍ എല്ലാം ഇരട്ടിയായി. ശാഖകള്‍, ഘടകങ്ങള്‍ എന്നിവയുടെ എണ്ണവും വളര്‍ന്നു. വളരെ ശക്തമായ അഭിപ്രായങ്ങളാണ് വെള്ളാപ്പള്ളിയുടേത്. അവ അവഗണിക്കാന്‍ കഴിയില്ല. കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ ഭരണസമിതി ഭാരവാഹിയായിട്ടാണ് അദ്ദേഹം പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. അക്കാലങ്ങളില്‍ ക്ഷേത്രത്തില്‍ നിലനിന്നിരുന്ന വേലപടയണി എന്ന ആചാരം നിറുത്തലാക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് അദ്ദേഹമാണ്. അദ്ദേഹം ശക്തമായ അഭിപ്രായങ്ങള്‍ പറയാറുണ്ട്. കേരളത്തില്‍ വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായങ്ങള്‍ക്ക് വിലയുണ്ടെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

മനസില്‍ ഒന്നുവച്ച് വേറൊന്നു പറയില്ല: രമേശ് ചെന്നിത്തല

കൊല്ലം: മനസ്സില്‍ ഒന്നുവച്ച് പുറത്ത് വേറൊന്നു പറയുന്ന ആളല്ല വെള്ളാപ്പള്ളി നടേശനെന്നും ഉള്ള കാര്യം തുറന്നു പറയുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ വെള്ളാപ്പള്ളി നടേശന്‍ അതുപോലെ തന്നെ സ്‌നേഹവും ഏറ്റുവാങ്ങി. എസ്.എന്‍.ഡി.പി യോഗത്തെ കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെപ്പറ്റി ആലോചിച്ചാണ് വെള്ളാപ്പള്ളിനടേശന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത്. ഉച്ചനീചത്വങ്ങള്‍ക്കെതിരെ യോഗത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ന്നു. ഏറ്റവും അഭിനന്ദനാര്‍ഹമായ പദ്ധതി മൈക്രോഫിനാന്‍സാണ്. ദാരിദ്ര്യവും തൊഴില്‍ ഇല്ലായ്മയും പരിഹരിക്കാനുള്ള കണ്ടെത്തലുകളും അഭിനന്ദനാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു

പകരക്കാരനില്ലാത്ത അമരക്കാരന്‍: എന്‍.കെ. പ്രേമചന്ദ്രന്‍

കൊല്ലം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പകരക്കാരനില്ലാത്ത അമരക്കാരനാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. നേതൃദാരിദ്ര്യവും നേതൃപരമായ അനാഥത്വവും ഉണ്ടായിരുന്ന സമയത്താണ് എസ്.എന്‍.ട്രസ്റ്റിന്റെ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്ന് അധികം വൈകാതെ എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്നുമുതല്‍ ഇന്നുവരെ അപ്രതിരോധ ശക്തിയായി ശ്രീനാരായണ പ്രസ്ഥാനത്തിന്റെ കരുത്തനായ അമരക്കാരനായി കടുത്ത പ്രത്യാഘാതങ്ങളെ പോലും വളരെ ആത്മവിശ്വാസത്തോടെ അചഞ്ചലമായി പ്രതിരോധിച്ച് അതിജീവിച്ച് മുന്നേറുകയാണ് അദ്ദേഹം. മികവുള്ള സ്വഭാവസവിശേഷതയും നേതൃപാടവവും സംഘടനയെ ഉയരത്തിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

പരിവര്‍ത്തനത്തിന് കാരണക്കാരനായ നേതാവ് : രാജീവ് ചന്ദ്രശേഖര്‍

കൊല്ലം: വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ പരിവര്‍ത്തനത്തിന് കാരണക്കാരനായ നേതാവാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 30 വര്‍ഷം ഒരു പ്രസ്ഥാനത്തിന്റെ അമരത്ത് തുടരുന്നതും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതും ചെറിയ കാര്യമല്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം, പ്രതിബദ്ധത, ആത്മവിശ്വാസം ഇതെല്ലാം പൊതുപ്രവര്‍ത്തന രംഗത്തുള്ള ഓരോരുത്തരും കണ്ട് പഠിക്കേണ്ടതാണ്. സമൂഹത്തിന്റെ വികസനത്തിന് വേണ്ടി 30 വര്‍ഷം അദ്ദേഹം അദ്ധ്വാനിച്ചു. വികസിത കേരളം എന്നലക്ഷ്യത്തെ അദ്ദേഹം പിന്തുണയ്ക്കുന്നുവെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

Author

46 Views
Scroll to top
Close
Browse Categories