നീതി ചോദിക്കുമ്പോള്‍ ജാതി പറഞ്ഞ് വിമര്‍ശിക്കുന്നു
കൊല്ലം യൂണിയന്റെ സ്നേഹാദരവിൽ
യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്

കൊല്ലം: തന്നെ കത്തിച്ചാലും പറയേണ്ടത് പറയുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍.ട്രസ്റ്റിന്റെയും അമരത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തില്‍ കന്റോണ്‍മെന്റ് മൈതാനിയില്‍ നല്കിയ സ്നേഹാദരവിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.
മുസ്ലീം സമുദായത്തോട് വിദ്വേഷമില്ല. അവരുമായി ചേര്‍ന്ന് സംവരണത്തിനായി ഒന്നിച്ച് സമരം ചെയ്തവരാണ് നമ്മള്. പക്ഷെ അവര്‍ക്ക് അധികാരം ലഭിച്ചപ്പോള്‍ ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിച്ചില്ല. അര്‍ഹതപ്പെട്ടതിലും അധികമായവ അധികാരം ഉപയോഗിച്ച് അവര്‍ സ്വന്തമാക്കി. നീതി ചോദിക്കുമ്പോള്‍ ജാതി പറഞ്ഞ് വിമര്‍ശിക്കുകയാണ്. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി രൂപീകരിച്ചപ്പോള്‍ ഗുരുവിന്റെ പടം പോലും കാണാത്തയാളെയാണ് ആദ്യം വൈസ് ചാന്‍സലറായി വച്ചത്. അന്ന് കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിയിലും ഈഴവ വിഭാഗത്തില്‍ നിന്നുള്ള വൈസ് ചാന്‍സലര്‍ ഇല്ലാത്ത സ്ഥിതിയായിരുന്നു. ഗുരുവിനെ അറിയാവുന്ന ഒരാളെ വയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ എന്നെ വര്‍ഗ്ഗീയവാദിയാക്കി. ലീഗുകാരെല്ലാം എനിക്കിട്ട് പണിയാന്‍ തുടങ്ങി.


ചിലര്‍ പറയുന്നു ഞാന്‍ ബി.ജെ.പിയാണെന്ന്. ചിലര്‍ പറയും കോണ്‍ഗ്രസുകാരനാണെന്ന്.ചിലര്‍ പറയും പിണറായിയുടെ ആളാണെന്ന്. ഇങ്ങനെ എന്നെ പല നിറത്തിലും വര്‍ണത്തിലുമൊക്കെ കാണാറുണ്ട്. എന്നാല്‍ ഞാന്‍ സാക്ഷാല്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയാണ്. പ്രശ്നാധിഷ്ഠിതമായി അഭിപ്രായം പറയും. ബി.ജെ.പിക്കാര്‍ നല്ലത് പറഞ്ഞാല്‍ നല്ലതെന്ന് പറയും. കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും നല്ലത് ചെയ്താലും നല്ലതെന്ന് പറയും. ഞാന്‍ ഒത്തുപറയില്ല. ഉള്ളത് പറയും. ഒരു പാര്‍ട്ടിയുടെയും വാലാകില്ല’ -വെള്ളാപ്പള്ളി നടേശന് പറഞ്ഞു. സമുദായാംഗങ്ങളുടെ പിന്തുണയും കൂട്ടായ്മയുമാണ് തന്റെ കരുത്തെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ജനങ്ങളുടെ പിന്തുണയില്ലാത്ത ചിലര്‍ തന്നെ വിമര്‍ശിക്കുന്നു. പുറത്തുള്ളവരുടെ സഹായത്തോടെ എസ്.എന്‍.ഡി.പി യോഗത്തെയും എസ്.എന്‍. ട്രസ്റ്റിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. കേസുകള്‍ നല്കി പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിക്കുന്നു. വാട്സ്ആപ്പില്‍ വ്യാജപ്രചരണം നടത്തി ആത്മസംതൃപ്തി അടയുന്നു. താന്‍ വരുന്നതിന് മുമ്പും ശേഷവുമുള്ള എസ്.എന്‍.ഡി.പി യോഗത്തിന്റെയും ട്രസ്റ്റിന്റെയും ആസ്തിയും ബാലന്‍സ് ഷീറ്റും പരിശോധിക്കണം. അതാണ് വിമര്‍ശകര്‍ക്കുള്ള തന്റെ മറുപടി. അധികാര കേന്ദ്രങ്ങളില്‍ നിന്ന് അര്‍ഹതപ്പെട്ടത് വാങ്ങാന്‍ നമുക്ക് സാധിക്കണം. കരയാന്‍ മാത്രം വിധിക്കപ്പെട്ടവരാകരുത്. ആര്. ശങ്കര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോളേജുകള്‍ ഒപ്പിട്ട് എടുക്കുകയായിരുന്നു. അധികാരകേന്ദ്രങ്ങളില്‍ നിന്നു രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ചോദിക്കുന്നത് ജാതി പറച്ചിലല്ല, നീതി ചോദിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡംഗം പ്രീതിനടേശന്‍ ഭദ്രദീപം തെളിച്ചു. കൊല്ലം യൂണിയന് പ്രസിഡന്റ് മോഹന്‍ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.എന്‍. ബാലഗോപാല്‍ സ്നേഹാദരവ് സമ്മേളനം ഉദ് ഘാടനം ചെയ്തു.
മന്ത്രി ജെ. ചിഞ്ചുറാണി, മുന്‍മന്ത്രി രമേശ് ചെന്നിത്തല, എന്‍.കെ. പ്രേമചന്ദ്രന് എം.പി., ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, മേയര്‍ ഹണിബെഞ്ചമിന്‍, യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവര്‍ സംസാരിച്ചു. യൂണിയന് സെക്രട്ടറി എന്‍. രാജേന്ദ്രന് സ്വാഗതവും വൈസ്പ്രസിഡന്റ് രാജീവ് കുഞ്ഞുകൃഷ്ണന്‍ നന്ദിയും പറഞ്ഞു. വെള്ളാപ്പള്ളി നടേശന് അമരത്ത് എത്തിയ ശേഷം യോഗത്തിനും ട്രസ്റ്റിനും ഉണ്ടായ മുന്നേറ്റങ്ങള്‍ ഉള്‍പ്പെടുത്തി കേരള കൗമുദി പ്രസിദ്ധീകരിച്ച 30 ന്റെ മുഴക്കം എന്ന പുസ്തകം സ്നേഹാദരവ് ചടങ്ങില്‍ പങ്കെടുത്ത ആയിരങ്ങള്‍ക്ക് വിതരണം ചെയ്തു. കേരള കൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണന്, കേരള കൗമുദി കൊട്ടിയം റിപ്പോര്‍ട്ടര്‍ പട്ടത്താനം സുനില്‍ എന്നിവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.






