ശ്രീനാരായണഗുരു മഹാനിഘണ്ടു

ശങ്കരാചാര്യര്‍:
അദ്വൈതസിദ്ധാന്തത്തിന് സമഗ്ര ആവിഷ്‌ക്കാരം നല്‍കിയ ആദിശങ്കരനെ ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ചിന്തകനായി കണക്കാക്കുന്നു. A.D. 788-820 കാലഘട്ടത്തില്‍ ജീവിച്ച ശങ്കരാചാര്യര്‍ ജനിച്ചത് കേരളത്തിലെ കാലടിയിലാണ്. പിതാവിന്റെ മരണശേഷം സന്യാസദീക്ഷ സ്വീകരിച്ചു . ഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. വേദവേദാന്തങ്ങളും പുരാണേതിഹാസങ്ങളും ഹൃദിസ്ഥമാക്കിയിരുന്ന ശങ്കരന്‍ എതിരറ്റ ദാര്‍ശനികപ്രതിഭയായി വളര്‍ന്നു. ബ്രഹ്‌മസൂത്രം, ഉപനിഷത്തുകള്‍ തുടങ്ങിയവയുടെ വ്യാഖ്യാനമെഴുതി അദ്വൈതസിദ്ധാന്തത്തിന് പ്രാമാണ്യം നല്‍കി. വേദാന്തത്തിന്റെ പ്രചാരണത്തിനായി ഇന്ത്യയില്‍ നാല് മഠങ്ങള്‍ സ്ഥാപിച്ചു. ബദരീനാഥ്, പുരി, ദ്വാരക, ശൃംഗേരി. ദ്വൈതം, ബൗദ്ധം, ജൈനം തുടങ്ങി വിവിധ ചിന്താപദ്ധതികളുടെ മേല്‍ അദ്വൈതത്തിന്റെ കൊടിപാറിച്ച് ശങ്കരാചാര്യര്‍ ദിഗ്‌വിജയം നടത്തി സര്‍വ്വജ്ഞപീഠം കയറി.
ശ്രീനാരായണഗുരു ശങ്കരാചാര്യരുടെ വേദാന്തപദ്ധതി പിന്‍തുടര്‍ന്നുവെങ്കിലും അവയെ കാലോചിതമായി പരിഷ്‌ക്കരിച്ചു. മഹാദാര്‍ശനികനായ ശങ്കരാചാര്യര്‍ക്കു ചിലയിടങ്ങളില്‍ തെറ്റുപറ്റിയെന്ന് സധൈര്യം തുറന്നു പറഞ്ഞു. അദ്വൈതചിന്തയെ പ്രയോഗമാര്‍ഗ്ഗത്തിലെത്തിക്കുകയെന്ന കര്‍ത്തവ്യമാണ് ഗുരു നിര്‍വ്വഹിച്ചത്.
”ശങ്കരാചാര്യര്‍ക്കു തെറ്റി”:
ബ്രഹ്‌മസൂത്രങ്ങളിലെ അപശൂദ്രാധികരണത്തെപ്പറ്റിയുള്ള ശങ്കരഭാഷ്യം പിന്നൊരിക്കല്‍ ചിന്താവിഷയമായി. ‘അവിടെ ശങ്കരനു തെറ്റിപ്പോയി’ എന്നു സ്വാമി ഒരു കൂസല്‍ കൂടാതെ പറഞ്ഞു. ശൂദ്രജാതിയില്‍ ജനിച്ചുപോയി എന്നതുകൊണ്ട് ഒരുവനു വേദം പഠിച്ചുകൂടാ എന്ന് ഏതു ഭഗവാന്‍ പറഞ്ഞാലും അത് ഇന്നാരും വകവച്ചു കൊടുക്കുകയില്ലല്ലോ. ഒരു വിധത്തിലും ന്യായീകരിക്കാന്‍ വയ്യാത്ത ഒരു വ്യവസ്ഥയാണിത്. സമാരാധ്യനായ പൂര്‍വ്വാചാര്യന്റെ വിധിയേയും തെറ്റാണെന്ന് കണ്ടാല്‍ എതിര്‍ക്കാനുള്ള ധീരമായ സന്നദ്ധത ശ്രീനാരായണഗുരുവിനെപ്പോലെ മറ്റൊരിന്ത്യന്‍ സന്യാസിയും ഇങ്ങനെ നിശ്ശങ്കം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. ഏകജാതിയുടെ വക്താവായ അദ്ദേഹത്തിന് ഈദൃശവിഷയങ്ങളുടെ സ്വതന്ത്രമായ നിരൂപണം ഒരാവശ്യവുമായിരുന്നു. (കുറ്റിപ്പുഴ കൃഷ്ണപിള്ള)

ശങ്കരാനന്ദസ്വാമികള്‍ :
1943 മുതല്‍ 1959 വരെ ശിവഗിരി മഠാധിപതി, ആലുവ അദ്വൈതാശ്രമം ഭരണാധികാരി എന്നീ ചുമതലകള്‍ വഹിച്ചു. തൃശൂര്‍ ജില്ലയിലെ പുതുക്കാട് കോമത്തുകാട് തറവാട്ടില്‍ 1061 മീനത്തില്‍ ശങ്കരന്‍ ജനിച്ചു. ആലത്തൂര്‍ ബ്രഹ്‌മാനന്ദശിവയോഗിയുടെ ശിഷ്യനായി തുടങ്ങി പിന്നീട് ശ്രീനാരായണഗുരു ശിഷ്യപരമ്പരയില്‍ ചേര്‍ന്നു. ശ്രീനാരായണ ധര്‍മ്മസംഘം സ്ഥാപകാംഗം. 1976 ജനുവരി 12 ന് ശിവഗിരിയില്‍ സമാധിയായി.
ശങ്കു, കെ. എസ്:
ശ്രീനാരായണഗുരുവിന്റെ സെക്രട്ടറിയായി ജോലി ചെയ്തിട്ടുണ്ട്. പഠിത്തം കഴിഞ്ഞ് എഞ്ചിനീയറിംഗ് ഓഫീസില്‍ ജോലി കിട്ടിയെങ്കിലും അത് രാജിവെച്ച് സമുദായ പ്രവര്‍ത്തനത്തിനു രംഗത്തിറങ്ങി.
”ശവം എന്തു ചെയ്യണം”:
ഒരിക്കല്‍ ജഡ്ജി ഈ.കെ. അയ്യാക്കുട്ടി അവര്‍കള്‍ സ്വാമികളോട് ഇങ്ങനെ ചോദിച്ചു: നമ്മുടെ ശവം ദഹിപ്പിക്കുന്നതോ കബറടക്കം ചെയ്യുന്നതോ മണ്ണില്‍ കുഴിച്ചു മൂടുന്നതോ ഏതായിരിക്കും നല്ലതെന്ന് ഒന്നറിവാന്‍ ആഗ്രഹമുണ്ട്.
ഇതുകേട്ട് സ്വാമികള്‍ ഇങ്ങനെ കല്പിച്ചു: ശവങ്ങള്‍ ചക്കിലിട്ടാട്ടി വളമായിട്ടതു കൃഷിക്ക് ഉപയോഗിക്കുന്നതല്ലേ നല്ലത്?
ജഡ്ജി : അയ്യോ! അതു സങ്കടമാണ്.
സ്വാമി : എന്താ നോവുമോ? എന്നു ചോദിച്ചു ചിരിച്ചു. (ധര്‍മ്മം മാസിക)

ശാരദാമഠം:
1087 മേടം 18-ാം (1912 മേയ് 1 പുലര്‍ച്ച 5 മണിക്ക്) തിയ്യതിയാണ് ശിവഗിരിയില്‍ ഗുരു ശാരദാ പ്രതിഷ്ഠ നടത്തിയത്. അന്നേ ദിവസം രാത്രി 3 മണിക്ക് മഹാദേവപ്രതിഷ്ഠയും പുലര്‍ച്ചെ 5 മണിക്കു മധ്യേ ശാരദാ പ്രതിഷ്ഠയും ഗുരു നിര്‍വ്വഹിച്ചു. ശാരദാക്ഷേത്രത്തിന്റെ ആകൃതി ധാരാളം വെളിച്ചം കടക്കത്തക്കവിധത്തില്‍ എട്ടു പട്ടത്തോടു കൂടിയ വര്‍ണ്ണച്ചില്ലു ജനാലകള്‍ ഘടിപ്പിച്ചതാണ്. വിദ്യയുടെ ദേവതയായ ശാരദയെ പ്രതിഷ്ഠിക്കുക വഴി ജനങ്ങളില്‍ വിദ്യാഭ്യാസത്തിനായുള്ള പ്രേരണ ചെലുത്തുക കൂടിയാണു ചെയ്തത്. താമരയില്‍ സ്ഥിതിചെയ്യുന്ന ശാരദാരൂപമാണ് പ്രതിഷ്ഠ. താന്ത്രികവിധി പ്രകാരമുള്ള പൂജാദികര്‍മ്മങ്ങള്‍ ഇവിടെ ഇല്ല. നിവേദ്യവും ഇല്ല. ‘ശാരദക്ക് പുഷ്പവും വെള്ളവും മാത്രം.’ മറ്റു ഭക്ഷ്യപേയങ്ങള്‍ നിവേദിക്കരുതെന്ന ഗുരുശാസന ഇവിടെ പാലിക്കപ്പെടുന്നു.
1906 ല്‍ തന്നെ ശിവപ്രതിഷ്ഠക്കുള്ള ഒരുക്കങ്ങള്‍ കുന്നിന്‍ മുകളില്‍ നടന്നിരുന്നു. ഭക്തരായ ചില അനുയായികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇതിനു തുടക്കമിട്ടതും അസ്ഥിവാരപ്പണികള്‍ നടത്തിയതും. ഡോ. പല്പു പ്രസിഡണ്ടായ പ്രതിഷ്ഠാകമ്മിറ്റി ഇതിനായി പ്രവര്‍ത്തിച്ചു.
താമര ലക്ഷ്മിയുടെ അഥവാ ഐശ്വര്യത്തിന്റെ പ്രതീകമായി കണക്കാക്കിയാല്‍ സമ്പത്തും വിദ്യയും രഞ്ജിക്കുന്നതാണ് പ്രതിഷ്ഠ. വിദ്യ ആധ്യാത്മികതയെയും ഐശ്വര്യം ഭൗതികതയെയും പ്രതിനിധാനം ചെയ്യുന്നു എന്നൊരു പക്ഷമുണ്ട്. എന്നാല്‍ പ്രാധാന്യം ശാരദയ്ക്ക്, വിദ്യയ്ക്ക് തന്നെ. പ്രതിഷ്ഠയുടെ ഓര്‍മ്മയ്ക്കായി കൊല്ലം തോറും ശ്രീനാരായണധര്‍മ്മ മീമാംസപരിഷത്ത് സംഘടിപ്പിക്കാറുണ്ട്.
പ്രതിഷ്ഠാമുഹൂര്‍ത്തത്തിന്റെ മഹത്ത്വം അതിനു സാക്ഷ്യം വഹിച്ച കുമാരനാശാന്‍ ഇപ്രകാരം രേഖപ്പെടുത്തി: ”വാഗ്‌ദേവിയെ ആ പാവനമായ കരങ്ങളില്‍ വെണ്‍താമരപോലെ പ്രശോഭിക്കുന്ന മന്ദിരമദ്ധ്യത്തിലെ വെള്ളക്കമലമലരുപോലെ വിളങ്ങുന്ന പീഠത്തില്‍ സ്ഥാപിച്ചു. പൂജ ചെയ്തു. സകല ഭാവിശ്രേയസ്സിന്റെയും ആധാരദേവതയാണ്. ആ സമയം ഭജനഗാനങ്ങളും മറ്റു സ്‌തോത്രങ്ങളും മഗംളവാദ്യ പാരായണങ്ങളും കൊണ്ട് ക്ഷേത്രത്തിന്റെ മുഖമണ്ഡപവും പരിസരവും ഹൃദയാവര്‍ജ്ജകമാക്കി” (സമാധി മന്ദിരം, പ്രാര്‍ത്ഥനാമന്ദിരം, ശൂലപ്രതിഷ്ഠ, വൈദികമഠം എന്നിവ കാണുക.)
ശാരദാഷ്ടകം:
ശാരദാ പ്രതിഷ്ഠയുടെ സന്ദര്‍ഭത്തില്‍ ചൊല്ലാനായി, ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം കുമാരനാശാന്‍ രചിച്ചതാണ് ശാരദാഷ്ടകം.
ശിവഗിരിയിലെ ദേവന്‍ ശിവനാണെങ്കിലും തന്റെ സങ്കല്പം സര്‍വ്വദേവതാമയമായ ചൈതന്യമായിട്ടായിരിക്കുമെന്നും അതുകൊണ്ട് സര്‍വ്വ ദേവതാഭക്തന്മാര്‍ക്കും അതു ആരാധനാസ്ഥലമായിരിക്കുമെന്നും ഗുരു കല്പിച്ചിരുന്നു.






