ആരെയും കണ്ണീര്‍ കുടിപ്പിച്ചില്ല; കണ്ണീരൊപ്പി

സുല്‍ത്താന്‍ ബത്തേരി: താന്‍ ആരുടെയും കണ്ണീര്‍ കുടിക്കുകയോ കുടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും പാവങ്ങളുടെ കണ്ണീരൊപ്പുക മാത്രമാണ് ചെയ്തതെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പുല്‍പ്പള്ളി, കല്‍പ്പറ്റ, നീലഗിരി, ബത്തേരി എസ്.എന്‍.ഡി.പി യോഗം ശാഖാ നേതൃത്വ സംഗമത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
തെറ്റെന്ന് തോന്നുന്ന കാര്യങ്ങള്‍ തിരുത്തിയാണ് മുന്നോട്ട് പോകുന്നത്. പാവപ്പെട്ടവര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും വേണ്ടിയാണ് തന്റെ പ്രവര്‍ത്തനം. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഏറെ പിന്നാക്കം നിന്ന സമുദായത്തെ മുന്നേറ്റ നിരയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് യോഗനേതൃത്വത്തിലിരുന്ന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പ്രവര്‍ത്തിച്ചത്. വിശക്കുന്നതിന് പ്രാര്‍ത്ഥിച്ചിട്ട് കാര്യമില്ല. ദാരിദ്ര്യവും ദുഃഖവും ഇല്ലാതാക്കിയിട്ട് വേണം ആത്മീയതയിലേക്ക് പോകാന്‍. അതിന് വേണ്ടിയാണ് മൈക്രോഫിനാന്‍സ് കൊണ്ടുവന്നത്. ഇത് വിരലിലെണ്ണാവുന്ന ചിലര്‍ ദുര്‍വിനിയോഗം ചെയ്തു. അവരാണ് ഇപ്പോള്‍ യോഗനേതൃത്വത്തെ തെറി പറഞ്ഞ് നടക്കുന്നത്.

മറ്റ് സമുദായങ്ങള്‍ അവരുടെയുള്ളില്‍ എന്തെല്ലാം വിദ്വേഷമുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ ഒറ്റക്കെട്ടായി നിലകൊള്ളും. ഇനിയെങ്കിലും നാം ഒന്നായി നിന്നില്ലെങ്കില്‍ എല്ലാ മേഖലകളില്‍ നിന്നും പിന്തള്ളപ്പെട്ട് പോകും. എം.പി. മാരെ നോമിനേറ്റ് ചെയ്യുന്ന കാര്യത്തില്‍ പോലും ഈഴവ സമുദായം തഴയപ്പെട്ടു. എസ്.എന്‍.ഡി.പി യോഗം ഒരു സമരസംഘടനയാണ്. അര്‍ഹതപ്പെട്ട അധികാരങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിനും, വിവേചനങ്ങള്‍ക്കെതിരെയും പ്രക്ഷോഭം നയിച്ചുകൊണ്ടായിരുന്നു യോഗത്തിന്റെ തുടക്കം. ഇത് തകര്‍ക്കാന്‍ പലരും മുന്നോട്ട് വന്നെങ്കിലും യോഗത്തിന്റെ അജയ്യശക്തിക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നല്‍കി. കല്‍പ്പറ്റ യൂണിയന്‍ സെക്രട്ടറി എം. മോഹനന്‍ ഉപഹാര സമര്‍പ്പണം നടത്തി. സുല്‍ത്താന്‍ ബത്തേരി യൂണിയന്‍ കണ്‍വീനര്‍ എന്‍.കെ. ഷാജി സ്വാഗതവും നീലഗിരി യൂണിയന്‍ സെക്രട്ടറി പി.വി. ബിന്ദുരാജ് നന്ദിയും പറഞ്ഞു.
വയനാട് ,നീലഗിരി ജില്ലകളിലെ യൂണിയനുകളുടെ നേതൃത്വത്തില്‍ ശാഖകളുടെയും പോഷക സംഘടന ഭാരവാഹികളുമാണ് സംഗമത്തില്‍ പങ്കെടുത്തത്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, കാര്‍ത്തികപ്പള്ളി യൂണിയന്‍ പ്രസിഡന്റ് അശോകപണിക്കര്‍, കല്‍പ്പറ്റ യൂണിയന്‍ പ്രസിഡന്റ് കെ.ആര്‍. കൃഷ്ണന്‍, സെക്രട്ടറി എം. മോഹനന്‍, നീലഗിരി യൂണിയന്‍ പ്രസിഡന്റ് പീതാംബരന്‍, ബത്തേരി യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. എന്‍.കെ. ബാബുരാജ്, പുല്‍പ്പള്ളി യൂണിയന്‍ കണ്‍വീനര്‍ കെ.എസ്. സജി, നീലഗിരി യൂണിയന്‍ വൈസ്പ്രസിഡന്റ് സി.കെ. ഹരിദാസ്, ബോര്‍ഡ് മെമ്പര്‍ കെ.വി. അനില്‍, കല്‍പ്പറ്റ യൂണിയന്‍ വൈസ്പ്രസിഡന്റ് എന്‍. മണിയപ്പന്‍, ബോര്‍ഡ്‌മെമ്പര്‍ സാജന്‍ പൊരുന്നിക്കല്‍, ബത്തേരി യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ പി.സി. ബിജു, രോഹ്‌നബിജു, എം.ഡി. സാബു എന്നിവര്‍ പ്രസംഗിച്ചു. ബത്തേരി യൂണിയന്‍ കണ്‍വീനര്‍ എന്‍.കെ. ഷാജി സ്വാഗതവും നീലഗിരി യൂണിയന്‍ സെക്രട്ടറി പി.വി. ബിന്ദുരാജ് നന്ദിയും പറഞ്ഞു.

Author

74 Views
Scroll to top
Close
Browse Categories