ജാതി നിലനില്ക്കുവോളം സാമൂഹ്യനീതിക്കായി ശബ്ദിക്കും

നെടുമങ്ങാട്:ജാതി വ്യവസ്ഥിതിയും സംവരണവും നിലനില്‍ക്കുന്നിടത്തോളം കാലം യോഗത്തിന്റെ കസേരയിലിരുന്ന് സാമൂഹ്യനീതിക്കുവേണ്ടി സംസാരിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു. ആര്യനാട്, നെടുമങ്ങാട് യൂണിയനുകളുടെ ശാഖാ നേതൃസംഗമം ഉഴമലയ്ക്കല്‍ പി. ചക്രപാണി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈക്കം സത്യഗ്രഹ സമരത്തിന് കാരണമായത് ഗുരുവിനെ തടഞ്ഞതാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ചരിത്ര സത്യം മറന്നു സംസാരിക്കുമ്പോള്‍ അതു തുറന്നു പറയാന്‍ ധൈര്യം കാണിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണെന്നും വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു ഈഴവ, പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്ക് സാമ്പത്തിക വിദ്യാഭ്യാസ നീതി ലഭിക്കുന്നില്ല. രാജ്യത്തിന്റെ സമ്പദ്ഘടന ന്യൂനപക്ഷങ്ങള്‍ തട്ടിയെടുക്കുന്നത് മനസ്സിലാക്കിയിട്ടും ഇടതുവലത് കക്ഷികള്‍ക്ക് മിണ്ടാട്ടമില്ല. മലബാറില്‍ സാമൂഹ്യനീതി നിഷേധത്തിനെതിരെയാണ് ഞാന്‍ പ്രതികരിച്ചത്. എന്നാലതിനെ മുസ്ലീം വിരോധമാക്കി മാറ്റി എന്നെ ക്രൂശിക്കാനും വ്യക്തിപരമായി അധിക്ഷേപിക്കാനുമാണ് സംഘടിതമായ നീക്കങ്ങള്‍.
ചില സമുദായ നേതാക്കള്‍ മതേതരത്വത്തെപ്പറ്റി സംസാരിക്കുകയും പാകിസ്ഥാന് അനുകൂല നിലപാട് സ്വീകരിക്കുകയുമാണ്. ഇതൊന്നും മതവിദ്വേഷമായി ആരും കാണുന്നില്ല. ലീഗിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ് സംസ്കാരത്തിന് യോജിക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ആര്. ശങ്കറിനു ശേഷം ഇതുവരെ അര്‍ഹിക്കുന്ന പരിഗണന സമുദായത്തിന് ലഭിച്ചിട്ടില്ല. കാലാകാലങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ന്യൂനപക്ഷങ്ങള്‍ മുഴുവന്‍ ആനുകൂല്യങ്ങളും തട്ടിയെടുക്കുകയായിരുന്നു. എല്ലാ ദേവസ്വം ക്ഷേത്രങ്ങളിലും കൊള്ളയാണ് നടക്കുന്നത്. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സമുദായാംഗങ്ങള്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ശ്രമിക്കണമെന്നും വെള്ളാപ്പള്ളി നടേശന് ഓര്‍മ്മിപ്പിച്ചു.
യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നല്കി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സന്ദേശം നല്കി. ആര്യനാട്, നെടുമങ്ങാട് യൂണിയനുകളുടെ ഉപഹാരം യൂണിയന് നേതാക്കള്‍ വെള്ളാപ്പള്ളിനടേശന് സമര്‍പ്പിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയന്, പത്തനംതിട്ട യൂണിയന് സെക്രട്ടറി കെ. പത്മകുമാര്‍, സിനില്‍ മുണ്ടപ്പള്ളി, പച്ചയില്‍ സന്ദീപ്, ആര്യനാട് യൂണിയന് പ്രസിഡന്റ് വീരണകാവ് സുരേന്ദ്രന്, സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രന്, നെടുമങ്ങാട് യൂണിയന് പ്രസിഡന്റ് എ. മോഹന്‍ദാസ്, സെക്രട്ടറി നെടുമങ്ങാട് രാജേഷ്, ആര്യനാട് യൂണിയന് വൈസ്പ്രസിഡന്റ് മീനാങ്കല്‍ സന്തോഷ്, യൂണിയന് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.വനിതാ യൂത്ത്മൂവ്മെന്റ് അംഗങ്ങളുള്‍പ്പെടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഉഴമലയ്ക്കല്‍ ചക്രപാണിപുരത്തേക്ക് ഒഴുകിയെത്തി.
വിശാലമായ ഓഡിറ്റോറിയത്തിന് പുറമെ ശ്രീലക്ഷ്മിമംഗലം ദേവീക്ഷേത്ര വളപ്പില്‍ രണ്ടു പന്തലുകള്‍ കൂടി ഒരുക്കിയിട്ടും തിങ്ങി നിറഞ്ഞ പ്രവര്‍ത്തകരുടെ നിര റോഡിലേക്കും നീണ്ടു. എസ്.എന്‍.ഡി.പി യോഗത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന വീഡിയോ പ്രദര്‍ശനവും യോഗം നേതൃസ്ഥാനത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കര്‍മ്മോജ്ജ്വലമായ ജീവിതാനുഭവങ്ങളുടെ ദൃശ്യാവിഷ്കാരവും പ്രവര്‍ത്തകരെ ആവേശഭരിതരാക്കി.






