സി. കേശവന്‍ പ്രതിഭാശാലിയായ വീരസേനാനി
”ഇനി ഞാന്‍ പറയുന്നത് സര്‍. സി.പി.യെപ്പറ്റിയാണ്. ആ ജന്തു നമുക്കാവശ്യമില്ല. ഈ വിദ്വാന്‍ ഇവിടെ വന്നതില്‍ പിന്നെയാണ് തിരുവിതാംകൂര്‍ രാജ്യത്തെപ്പറ്റി ഇത്ര ചീത്തയായ പേരു പുറത്ത് പരന്നത്. ഈ മനുഷ്യന്‍ പോയെങ്കിലല്ലാതെ രാജ്യം ഗുണം പിടിക്കുകയില്ല”.
അമ്പലപ്പുഴ കിടങ്ങാംപറമ്പില്‍ സി. കേശവനെ തിരുവിതാംകൂര്‍ പട്ടാളം അറസ്റ്റ് ചെയ്തു. ”നിങ്ങളാരും വിഷമിക്കണ്ട. സര്‍. സി.പി. എന്റെ രക്തത്തിനു ദാഹിക്കുന്നു. ഞാനതു കൊടുത്തിട്ടു തിരിച്ചുവരും” എന്നു അവിടെ കൂടിയിരുന്നവരോടു പറഞ്ഞിട്ട് അദ്ദേഹം കല്‍തുറങ്കിലേക്കു പോയി. കീഴ്‌ക്കോടതി അഞ്ഞൂറു രൂപ പിഴയും ഒരു വര്‍ഷം കഠിനതടവുമാണു വിധിച്ചത്. സര്‍ക്കാര്‍ അപ്പീലിനെ തുടര്‍ന്നു തടവ് രണ്ടു വര്‍ഷമാക്കി ഉയര്‍ത്തി. 1937 ആഗസ്റ്റ് 24ന് അദ്ദേഹം ജയില്‍മോചിതനായി. അതേ കിടങ്ങാംപറമ്പില്‍ വച്ചു തന്നെ എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ സി. കേശവന് സ്വീകരണം നല്‍കി. സി. കേശവന്റെ സമരമുഖത്തിന്റെ ഒരദ്ധ്യായമായിരുന്നു കോഴഞ്ചേരി പ്രസംഗവും തുടര്‍ന്നുള്ള ജയില്‍വാസവും.അതിനു മുമ്പും, അതിനു ശേഷവും സി. കേശവന്റെ ജീവിതം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്നവരുടെ അധികാരാവകാശത്തിനു വേണ്ടിയുള്ള തീക്ഷ്ണമായ സമരങ്ങളുടെ അദ്ധ്യായങ്ങളായിരുന്നു.

കോഴഞ്ചേരി സമ്മേളനം
”ഇനി ഞാന്‍ പറയുന്നത് സര്‍. സി.പി.യെപ്പറ്റിയാണ് ആ ജന്തു നമുക്കാവശ്യമില്ല. ഈ വിദ്വാന്‍ ഇവിടെ വന്നതില്‍ പിന്നെയാണ് തിരുവിതാംകൂര്‍ രാജ്യത്തെപ്പറ്റി ഇത്ര ചീത്തയായ പേരു പുറത്ത് പരന്നത്. ഈ മനുഷ്യന്‍ പോയെങ്കിലല്ലാതെ രാജ്യം ഗുണം പിടിക്കുകയില്ല”.
നിവര്‍ത്തന പ്രക്ഷോഭണത്തിന്റെ ഭാഗമായി 1935 മെയ് 11-ാം തീയതി കോഴഞ്ചേരിയില്‍ കൂടിയ ക്രൈസ്തവ-ഈഴവ-മുസ്ലീം രാഷ്ട്രീയ സമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം ജനറല്‍സെക്രട്ടറിയായിരുന്ന സി. കേശവന്‍ പതിനായിരങ്ങളെ സാക്ഷിയാക്കി നടത്തിയ പ്രൗഢഗംഭീരമായ പ്രസംഗത്തിന്റെ അവസാന ഭാഗമായിരുന്നു ഇത്.
ദീര്‍ഘമായ ആ പ്രസംഗം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്നവരുടെ അന്തസ്സും അഭിമാനവും രാഷ്ട്രീയ പ്രാതിനിധ്യവും നേടിയെടുക്കുവാനുള്ള ഒരു പ്രത്യക്ഷ സമരത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു. ജനം ശ്വാസമടക്കി സി. കേശവന്റെ മൂര്‍ച്ചയേറിയ വാക്കുകള്‍ കേട്ടു. ആത്മാഭിമാനത്തിന്റെ ഗര്‍ജ്ജനമായിരുന്നത്.
”1933ല്‍ ആരംഭിച്ച നിവര്‍ത്തന പ്രക്ഷോഭം കാരണം തിരുവിതാംകൂറിലെ ഉദ്യോഗസ്ഥര്‍ രാപകലില്ലാതെ ഭ്രാന്തുപിടിച്ചു ഓടിക്കൊണ്ടു പോവുകയാണ്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഗവണ്‍മെന്റ് അനേകായിരം രൂപ ചെലവഴിച്ചു കൊണ്ടിരിക്കുന്നു” എന്നും ”സാമുദായിക പ്രാതിനിധ്യവാദത്തെ ഭസ്മീകരിക്കുന്നതിനുവേണ്ടി ‘കാര്യക്ഷമതാവാദം’ കൊണ്ട് തങ്ങള്‍ക്കു ഉദ്യോഗം മുഴുവനും കരസ്ഥമാക്കി വയ്ക്കാമെന്നാണ് മറ്റുള്ളവരുടെ മേല്‍ കുതിര കയറി നിന്ന് അഭ്യാസം ചെയ്യുന്ന കുത്തക സമുദായക്കാര്‍ വിചാരിക്കുന്നത്”. എന്നും
”ഏതു പരിഷ്‌കൃതമായ ഗവണ്‍മെന്റും ഉത്തരവാദിത്വ ഭരണവും പ്രായപൂര്‍ത്തി വോട്ടവകാശവും മൗലികമായ തത്വമായി അംഗീകരിച്ച് രാജ്യഭരണം നടത്തണം. ദേശീയ വാദികളില്‍ ചിലര്‍ പ്രായപൂര്‍ത്തി വോട്ടവകാശം ആവശ്യമില്ലെന്നു വാദിക്കുന്നത് എത്ര ലജ്ജാകരം” എന്നും.
”ഹജൂരാഫീസിനുള്ളില്‍ ഒരു ഗര്‍ഭഗൃഹമുണ്ട്. അവിടെ ഈഴവ, ക്രിസ്ത്യന്‍, മുസ്ലീം ഉദ്യോഗസ്ഥര്‍ക്കു പ്രവേശനമില്ല. ഗവണ്‍മെന്റിനു വിശ്വാസമുള്ള ചില നായര്‍ ഉദ്യോഗസ്ഥന്മാരും മറ്റു ചിലരും കൂടി പല ഗൂഢാലോചനകളും അവിടെ നടത്തുന്നുണ്ട്. അത് അംഗീകരിക്കുവാന്‍ വയ്യ” എന്നും
”ഇനിയൊരു കാര്യം പുന്നശ്ശേരി നമ്പിയുടെ ചണ്ഡാള ശാസ്ത്രമാണ്. തിരുവിതാംകൂര്‍ ഗവണ്‍മെന്റ് കുറെ രൂപ ചെലവാക്കി ഒരു ക്ഷേത്രപ്രവേശനക്കമ്മറ്റി റിപ്പോര്‍ട്ടു ഉണ്ടാക്കി. അതില്‍ ഞങ്ങളുടെ ഹിന്ദുമതത്തിലെ പോപ്പായ തരണനെല്ലൂര്‍ നമ്പൂതിരിപ്പാട്ടിലെ പ്രതിനിധിയായി ഒരു നമ്പിയെ അയച്ചു. ആ റിപ്പോര്‍ട്ടില്‍ ഈഴവന്‍ ചണ്ഡാലനാണെന്നു പറഞ്ഞിരിക്കുന്നു. ഈ ചണ്ഡാല ശാസ്ത്രം ഈഴവ യുവാക്കള്‍ക്ക് ഹിന്ദുമതത്തോടു പണ്ടു തന്നെയുണ്ടായിരുന്ന വെറുപ്പിനെ ദ്വിഗുണീഭവിക്കുകയും ഈഴവ സമുദായത്തിലെ വൃദ്ധരെപ്പോലും ക്ഷോഭിപ്പിക്കുകയും ചെയ്തിരിക്കുന്നു” എന്നും പ്രസംഗിച്ച സി. കേശവനെ ”വിദ്ധ്വംസക രാജദ്രോഹം” ചുമത്തി അറസ്റ്റു ചെയ്തു വിചാരണ ചെയ്യുവാന്‍ ഗവണ്‍മെന്റ് ഉത്തരവിട്ടു.
തുടര്‍ന്നു അമ്പലപ്പുഴ കിടങ്ങാംപറമ്പില്‍ എസ്.എന്‍.ഡി.പി യോഗം യൂണിയനില്‍ എത്തിയ സി. കേശവനെ തിരുവിതാംകൂര്‍ പട്ടാളം അറസ്റ്റ് ചെയ്തു. ”നിങ്ങളാരും വിഷമിക്കണ്ട. സര്‍. സി.പി. എന്റെ രക്തത്തിനു ദാഹിക്കുന്നു. ഞാനതു കൊടുത്തിട്ടു തിരിച്ചുവരും” എന്നു അവിടെ കൂടിയിരുന്നവരോടു പറഞ്ഞിട്ട് അദ്ദേഹം കല്‍തുറങ്കിലേക്കു പോയി. കീഴ്‌ക്കോടതി അഞ്ഞൂറു രൂപ പിഴയും ഒരു വര്‍ഷം കഠിനതടവുമാണു വിധിച്ചത്. സര്‍ക്കാര്‍ അപ്പീലിനെ തുടര്‍ന്നു തടവ് രണ്ടു വര്‍ഷമാക്കി ഉയര്‍ത്തി. 1937 ആഗസ്റ്റ് 24ന് അദ്ദേഹം ജയില്‍മോചിതനായി. അതേ കിടങ്ങാംപറമ്പില്‍ വച്ചു തന്നെ എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ സി. കേശവന് സ്വീകരണം നല്‍കി.
സി. കേശവന്റെ സമരമുഖത്തിന്റെ ഒരദ്ധ്യായമായിരുന്നു കോഴഞ്ചേരി പ്രസംഗവും തുടര്‍ന്നുള്ള ജയില്‍വാസവും.അതിനു മുമ്പും, അതിനു ശേഷവും സി. കേശവന്റെ ജീവിതം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്നവരുടെ അധികാരാവകാശത്തിനു വേണ്ടിയുള്ള തീക്ഷ്ണമായ സമരങ്ങളുടെ അദ്ധ്യായങ്ങളായിരുന്നു.

ജിവിതാനുഭവങ്ങളും മാറുന്ന ചിന്തകളും
1891 മേയ് 23-ാം തീയതി മയ്യനാട്ട് കുഞ്ചന്റെയും ചക്കിയുടെയും മകനായി ഒരു കൂട്ടുകുടുംബത്തില്‍ കേശവന്‍ ജനിച്ചു. ”അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും മുള്ളു മുരടു മൂര്‍ഖന്‍ പാമ്പുകള്‍ക്കിടയില്‍ ചാതുര്‍വര്‍ണ്യം എന്നു ചങ്ങല പൊട്ടിച്ച് പാവങ്ങളെ ഉദ്ധരിക്കുവാന്‍ അവതരിച്ച നാരായണഗുരുവിന്റെ അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠ എന്റെ ജനനത്തിനു മൂന്നു കൊല്ലം മുമ്പായിരുന്നു” എന്ന് സി. കേശവന്‍.
ഒരു ‘Hyperactive” ആയ ബാലനായിരുന്നു കേശവന്‍. പഠിക്കുവാന്‍ താല്പര്യമെടുക്കാത്ത കുരുത്തക്കേടുകള്‍ ചെയ്യുന്ന കുട്ടിക്ക് മൂത്ത ജ്യേഷ്ഠന്‍ തല്ലു കൊടുക്കുമായിരുന്നു. പക്ഷേ കേശവന്‍ ഇളംപ്രായത്തില്‍ തന്നെ താര് ചുറ്റാനും കമ്പു നീക്കാനും നൂലു നനയ്ക്കാനും സമര്‍ത്ഥനായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ പാട്ടില്‍ കമ്പക്കാരനായിരുന്നു. ചേച്ചിയ്‌ക്കൊപ്പം സംഗീതത്തിന്റെ ശാസ്ത്രീയ വശങ്ങളും പഠിച്ചു. നാടകം ജീവിതത്തിന്റെ ഭാഗമായി.
ബാലനായിരിക്കുമ്പോള്‍ അന്നത്തെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കേശവന്‍ കീഴ്‌പ്പെട്ടിരുന്നു. രണ്ടു പ്രാവശ്യം കൊടുങ്ങല്ലൂര്‍ പൂരഭരണിക്കു പോയ കേശവന്‍, തറവാട്ടില്‍ നടന്ന കെട്ടുകല്യാണത്തില്‍ വരന്റെ വേഷവും കെട്ടി. പക്ഷേ കാലക്രമേണ തികഞ്ഞ നിരീശ്വരവാദിയായിത്തീര്‍ന്ന കേശവന്‍ സി.വി.യ്‌ക്കൊപ്പം അനാചാരങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ തുടങ്ങി.
കേശവന്റെ വിദ്യാഭ്യാസ കാലഘട്ടം ജാതി വിവേചനത്തിന്റെ നേര്‍ അനുഭവമായിരുന്നു. ”ഈഴവനായ ഞാന്‍ പഞ്ചമനും മ്ലേച്ഛനുമാണെന്നും എനിക്ക് തലയുയര്‍ത്തി നടക്കാനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്തു നിഷേധിച്ചിരിക്കുകയാണെന്നും ‘പഞ്ചവിംശതി ദണ്ഡാന്തേ’യാണു എനിക്കു തീണ്ടാമുറ കല്പിച്ചിരിക്കുന്നതെന്നും ഉള്ള കരളുരുക്കുന്ന കഥ ഞാന്‍ പൂര്‍ണമായി ഗ്രഹിച്ചത് കൊല്ലം ഹൈസ്‌കൂളില്‍ വെച്ചും ജാതിയുടെ നെടുംകോട്ടയായ പെരുപടപ്പില്‍ (കൊച്ചിയില്‍) എറണാകുളം കോളേജില്‍ വച്ചും ആണ്. ‘കൊട്ടി’, ‘ചിലന്തി’ വിളികളില്‍ അടിഞ്ഞു കിടന്ന അഹങ്കാരത്തിന്റെയും ജാതി നിന്ദയുടെയും ചേറ് അന്നൊക്കെയാണു എന്റെ മേലിലും തെറിച്ചു തുടങ്ങിയത്. അത് എന്നെ വെകിളി പിടിപ്പിച്ചിരുന്നു”
ഇന്റര്‍മീഡിയറ്റ് പാസായതിനു ശേഷം, 1917ല്‍ പാലക്കാട് ഒരു മിഷന്‍ സ്‌കൂളില്‍ ബോട്ടണി അദ്ധ്യാപകനായി. പിന്നീട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നു ബി.എ. ബിരുദം. അതിനിടെ വാസന്തിയുമായുള്ള (സി.വി. കുഞ്ഞുരാമന്റെ മകള്‍) വിവാഹം. മാവേലിക്കര ഇംഗ്ലീഷ് സ്‌കൂളില്‍ അദ്ധ്യാപകനായെങ്കിലും വ്യവസായ സംരംഭത്തില്‍ ഏര്‍പ്പെടുവാനായി മയ്യനാട്ടെത്തി സാദ്ധ്യതകള്‍ തേടി. നെയ്ത്തുകാരെക്കൊണ്ട് ലുങ്കിയും മറ്റും നെയ്യിപ്പിച്ചു ബര്‍മ്മയ്ക്കു കയറ്റി അയച്ചു. മൂലധനത്തിന്റെ കുറവ് വ്യവസായത്തില്‍ ശോഭിക്കുവാന്‍ കേശവനെ അനുവദിച്ചില്ല.
നിവര്‍ത്തന പ്രക്ഷോഭണം
1932-ലെ തിരുവിതാംകൂര്‍ നിയമസഭാ പരിഷ്‌കാരങ്ങള്‍ ശ്രീമൂലം അസംബ്ലിയെന്നും, ശ്രിചിത്രാ സ്റ്റേറ്റ് കൗണ്‍സില്‍ എന്നും വിളിക്കപ്പെട്ട രണ്ടു സഭകള്‍ ഉള്ളതായിരുന്നു. ഈ സഭകളുടെ പ്രവര്‍ത്തന വ്യാപ്തി പുതിയ പരിഷ്‌കാരത്തിന്റെ ഫലമായി വര്‍ദ്ധിച്ചു. പക്ഷേ പ്രതിലോമകരവും ജനാധിപത്യ വിരുദ്ധവുമായ തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ ഇരുസഭകളിലും സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന സമുദായങ്ങളുടെ പ്രാതിനിധ്യമോ അവരുടെ ശബ്ദമോ പൂര്‍ണമായും നിരാകരിക്കുന്നതായിരുന്നു.
പ്രായപൂര്‍ത്തിവോട്ടവകാശമോ, അതല്ല എങ്കില്‍ മതിയായ പ്രാതിനിധ്യത്തിനുവേണ്ടി, നിയോജകമണ്ഡലങ്ങള്‍ സംവരണം ചെയ്തു കിട്ടുകയോ വേണമെന്ന ആവശ്യം ഈഴവര്‍ ഉന്നയിച്ചെങ്കിലും തിരുവിതാംകൂര്‍ സര്‍ക്കാര്‍ അനുകൂല നിലപാടു സ്വീകരിച്ചില്ല. 1932-ലെ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കരുതെന്നു യോഗം നേതാക്കള്‍ ശക്തമായി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അതിനു വഴങ്ങിയില്ല. പൊതുമണ്ഡലങ്ങളില്‍ നിന്നും ഈഴവര്‍ക്കു ജയിച്ചു വരാന്‍ കഴിഞ്ഞില്ലാ എങ്കില്‍ അവര്‍ക്ക് അസംബ്ലിയില്‍ നാലു സീറ്റുവരെ നോമിനേറ്റു ചെയ്തുകൊടുക്കാമെന്ന ദിവാന്റെ ന്യായം ഈഴവ നേതാക്കല്‍ സ്വീകരിച്ചില്ല.
1933-ലെ തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കുവാന്‍ ഈഴവര്‍ തീരുമാനിച്ചു. സമദുഃഖിതരായ ക്രിസ്ത്യന്‍- മുസ്ലീം സമുദായങ്ങളും ഒപ്പം ചേര്‍ന്നു. 1933-ലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിച്ച് ‘നിവര്‍ത്തന പ്രക്ഷോഭണം’ എന്ന ഒരു സംയുക്ത രാഷ്ട്രീയ പ്രക്ഷോഭണത്തിനു സി. കേശവന്‍ നേതൃത്വം നല്‍കി. 1933-ലെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരിക്കുവാനും വോട്ടു ചെയ്യാതിരിക്കുവാനുമുള്ള തീരുമാനം അവര്‍ സമുദായങ്ങളുടെ ഇടയില്‍ നടപ്പിലാക്കുകയും ചെയ്തു. യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന സി. കേശവന്‍ നാട്ടിലുടനീളം ജനങ്ങളെ ബോധവല്‍ക്കരിച്ചു. പ്രക്ഷോഭണം അതിന്റെ ഉച്ചകോടിയിലെത്തിയപ്പോഴായിരുന്നു കോഴഞ്ചേരി പ്രസംഗവും തുടര്‍ന്നുള്ള രണ്ടുവര്‍ഷത്തെ ജയില്‍വാസവും.
നിവര്‍ത്തന പ്രക്ഷോഭണം വമ്പിച്ച വിജയമായിരുന്നു. കേശവന്‍ ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കുവേണ്ടി ജയിലില്‍ കഴിയുമ്പോള്‍ പുറത്ത് അവര്‍ണരുടെ ശാക്തീകരണത്തിനും മത സ്വാതന്ത്ര്യത്തിനുമുള്ള വിളംബരങ്ങള്‍ വന്നു തുടങ്ങി, ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 1935-ല്‍ നിലവില്‍ വന്നു. 1936 നവംബര്‍ 12ന് ക്ഷേത്രങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കും തുറന്നു കൊടുത്തുകൊണ്ടുള്ള പ്രഖ്യാപനമുണ്ടായി. അതേ വര്‍ഷം തന്നെ നിവര്‍ത്തന പ്രക്ഷോഭകര്‍ക്ക് നിയമസഭയില്‍ സീറ്റുകള്‍ സംവരണം ചെയ്തുകൊണ്ട് ഉത്തരവായി. അതുപ്രകാരം ഈഴവര്‍ക്ക് അസംബ്ലിയില്‍ എട്ടു സീറ്റും കൗണ്‍സിലില്‍ രണ്ടുസീറ്റും നല്‍കപ്പെട്ടു. 1937-ലെ തിരഞ്ഞെടുപ്പില്‍ ഈഴവ-ക്രിസ്ത്യന്‍-മുസ്ലീം സമുദായങ്ങള്‍ കൈവരിച്ച തെരഞ്ഞെടുപ്പു ധാരണയും അവരെ ഒരുമിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട് വന്‍ വിജയം കരസ്ഥമാക്കിയതും കേരള രാഷ്ട്രീയത്തിലെ പുതിയ ഒരനുഭവമായി. എല്ലാ മാറ്റങ്ങളും കാരാഗൃഹത്തില്‍ കഴിഞ്ഞിരുന്ന കേശവൻ അറിഞ്ഞ് അഭിമാനഭരിതനായി.
ഉത്തരവാദ പ്രക്ഷോഭണം
1937 ആഗസ്റ്റ് 24ന് ജയില്‍ മോചിതനായ സി. കേശവന്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരണത്തോടെ 1938-മുതല്‍ ഉത്തരവാദഭരണ പ്രക്ഷോഭണങ്ങളില്‍ പങ്കെടുക്കുവാന്‍ തുടങ്ങി. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സമരങ്ങളെ ദിവാന്‍ സര്‍.സി.പി. രാമസ്വാമിഅയ്യര്‍ അടിച്ചമര്‍ത്താന്‍ തുടങ്ങി. സി. കേശവനെ നിരന്തരം വേട്ടയാടുന്ന നയമാണു സര്‍ക്കാര്‍ സ്വീകരിച്ചത്. നിരോധനാജ്ഞ ലംഘിച്ചു എന്നാരോപിച്ച് 1938 സെപ്തംബര്‍ 10-ാം തീയതി അദ്ദേഹത്തെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. 1939-ല്‍ ട്രാന്‍സ്‌പോര്‍ട്ടു ബസ് കത്തിച്ചു എന്നുള്ള കള്ളക്കേസുണ്ടാക്കി അദ്ദേഹത്തിനു നാലുവര്‍ഷം കഠിനതടവു നല്‍കി. മൂന്നു വര്‍ഷത്തിനു ശേഷം വിട്ടയച്ചുവെങ്കിലും 1942-ല്‍ കോണ്‍ഗ്രസ് ആരംഭിച്ച നിസ്സഹകരണ സമരത്തില്‍ പങ്കെടുത്ത കേശവനെ വീണ്ടും ജയിലില്‍ അടച്ചു മാസങ്ങള്‍ക്കു ശേഷം വിട്ടയച്ചു.



ത്യാഗിയായ മഹാത്മാവ്
അവര്‍ണരുടെ പൗരാവകാശങ്ങള്‍ക്കും അവരുടെ ആത്മാഭിമാനം സംരക്ഷിക്കുവാനുമായി ഇത്രയേറെ ത്യാഗങ്ങള്‍ അനുഭവിച്ച മറ്റൊരു ഈഴവനേതാവില്ല. സ്വാതന്ത്ര്യത്തിനു ശേഷം 1948-ല്‍ പ്രായപൂര്‍ത്തി വോട്ടവകാശ പ്രകാരം നടന്ന തിരുവിതാംകൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് യോഗത്തിന്റെ സഹകരണത്തോടെ തൊണ്ണൂറ്റിഏഴു സീറ്റുകള്‍ നേടി. ആദ്യ ജനാധിപത്യ മന്ത്രിസഭയില്‍ സി. കേശവന്‍ മന്ത്രിയായി ചുമതലയേറ്റു. പട്ടംതാണുപിള്ളയായിരുന്നു പ്രധാനമന്ത്രി. 1951 മാര്‍ച്ചില്‍ തിരു-കൊച്ചി സംസ്ഥാനത്ത് സി. കേശവന്‍ ആദ്യമുഖ്യമന്ത്രിയായി. 1952-ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം ഫെബ്രുവരി പത്താംതീയതി അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞു. ആ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ജയിച്ചെങ്കിലും പാര്‍ട്ടിക്കുള്ളിലെ അധികാര വടംവലികളും കുതന്ത്രങ്ങളും വര്‍ഗീയതയും മറ്റം കക്ഷി രാഷ്ട്രീയത്തില്‍ നിന്നും അദ്ദേഹത്തെ അകറ്റി.
ബുദ്ധ-ശ്രീനാരായണദര്‍ശനങ്ങളും ലിബറല്‍ സോഷ്യലിസ്റ്റു സിദ്ധാന്തങ്ങളും കേശവനില്‍ സന്നിവേശിപ്പിച്ച ഭാവനാപരമായ ഉള്‍ക്കാഴ്ച ഉച്ചനീചത്വങ്ങളില്ലാത്ത ഒരു പൊതുസമൂഹത്തെ ലക്ഷ്യമിടുന്നതായിരുന്നു. ഓരോ വ്യക്തിക്കും അന്തസ്സും, മാന്യമായ ജീവിതവും സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്ന ഒരു സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ക്രമത്തെയാണു ഭരണാധികാരി എന്ന നിലയില്‍ ചുരുങ്ങിയ കാലം പ്രവര്‍ത്തിച്ച അദ്ദേഹം ലക്ഷ്യമിട്ടത്. തൊഴിലാളികള്‍ക്കു മിനിമം വേതനം ഉറപ്പാക്കുന്ന ബില്ല് പാസ്സാക്കിയതു കൂടാതെ ഒരു ഭൂപരിഷ്‌കരണ ബില്ലിനു തുടക്കമിടാനും അദ്ദേഹത്തിനു കഴിഞ്ഞു. സി. കേശവന്റെ കാലത്താണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചത്.
”സാമൂഹികമായ അനാചാരങ്ങള്‍, സാംസ്‌കാരിക രംഗത്തെ അന്ധവിശ്വാസങ്ങള്‍, രാഷ്ട്രീയ മണ്ഡലത്തിലെ അടിമത്തവും സ്വേച്ഛാധിപത്യവും- ഇവയ്‌ക്കെല്ലാമെതിരായ സമരങ്ങളെ വേറെ വേറെ കാണാതെ കൂട്ടിയിണക്കാന്‍ കഴിഞ്ഞ പ്രതിഭാശാലിയായ വീരസേനാനിയായിരുന്നു സി. കേശവന്‍” എന്നു ഇ.എം.എസ്. വിലയിരുത്തി.
ആധുനിക ശാസ്ത്രീയ വീക്ഷണം, യുക്തിവാദം, നിരീശ്വരത്വം, സോഷ്യലിസം, കമ്യൂണിസം, മാര്‍ക്‌സിസം മുതലായ ആശയങ്ങളോടു ആഭിമുഖ്യം പുലര്‍ത്തിയ കേശവന്‍ സമ്പൂര്‍ണ മാനവികതയുടെ പ്രതിരൂപമായിരുന്നു. ”വിശ്വസിക്കുന്നതു മുഴുവന്‍ പറയുക, പറയുന്നതു മുഴുവന്‍ പ്രവര്‍ത്തിക്കുക, പ്രവര്‍ത്തിച്ചതിന്റെ ഫലം മുഴുവന്‍ സസന്തോഷം വരിക്കുക ഇതാണു സി. കേശവന്റെ മഹത്വത്തിന്റെ അടിസ്ഥാനം”
”ജീവിതത്തെ അച്ഛന്‍ നോക്കുന്നത് ക്രിയാത്മകമായ വളര്‍ച്ചയിലൂടെയാണ്. മനുഷ്യജീവിതത്തെ നൂറ്റാണ്ടു നൂറ്റാണ്ടുകളായിക്കൊണ്ടിരിക്കുന്ന തകര്‍ച്ചകളില്‍ നശിക്കാതെ മുന്നോട്ടു തള്ളി നീക്കുന്ന അത്ഭുതകരമായ ഒരു ശക്തിവിശേഷമുണ്ട്. നിതാന്തവും അനശ്വരവുമായ മനുഷ്യസ്‌നേഹം. അച്ഛന്റെ വിശ്വാസപ്രമാണങ്ങളുടെ ആകെത്തുക രണ്ടുവാക്കില്‍ ഒതുക്കാവുന്നതേയുള്ളു- സത്യവും സ്‌നേഹവും” അച്ഛനെക്കുറിച്ച് മകന്‍ കെ. ബാലകൃഷ്ണന്‍
സി. കേശവന്റെ ഭാര്യ സി.വി. കുഞ്ഞുരാമന്റെ മകള്‍ വാസന്തിയായിരുന്നു. മക്കള്‍, കെ. രവീന്ദ്രനാഥ്, കെ. ബാലകൃഷ്ണന്‍, കെ. രാമഭദ്രന്‍, കെ.ഇന്ദിരകുട്ടി, അയിഷരാജന്‍,
1969 ജൂലൈ 7-ാം തീയതി ”പരുഷമായ രാഷ്ട്രീയ സമരരംഗത്തു സിംഹവിക്രമനായി നിന്നിരുന്ന, ‘അകളങ്കിതയശസ്സോടു കൂടെ തന്റെ ജനത്തെയും രാജ്യത്തെയും സേവിച്ചു നിത്യയശസ്സു നേടിയ ശ്രീ. കേശവന്‍ നിര്യാതനായി.
അവലംബം: ”ജീവിത സമരം” സി. കേശവന്‍, എസ്.എന്‍. സദാശിവന്‍, ‘സോഷ്യല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യ, മലയാളമനോരമ, മാതൃഭൂമി, ദേശാഭിമാനി മുഖപ്രസംഗങ്ങള്‍.






